മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുധ്യമാണെന്നും അവര്‍ പറയുന്നു. പ്രതികരണങ്ങള്‍ ഇവിടെ 

ആര്‍.എസ്.എസിന്റേത് നാടകം-എ.കെ. ആന്റണി (കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം)

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വ്യക്തിയെന്ന നിലയില്‍ പുണ്യവാനാണെന്ന് പറയുകയും അദ്ദേഹത്തെ ആദര്‍ശതലത്തില്‍ താഴ്ത്തിക്കെട്ടുന്നതുമായ സമീപനമാണ് ആര്‍.എസ്.എസ്. എക്കാലവും സ്വീകരിച്ചുപോരുന്നത്. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഈ പ്രവണത വര്‍ധിച്ചുവരുകയാണ്. ആര്‍.എസ്.എസിന്റെ അജന്‍ഡയനുസരിച്ച് രാജ്യത്തിന്റെ ഭരണഘടനതന്നെ പൊളിച്ചെഴുതുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. അങ്ങനെയുള്ളവര്‍ക്ക് ഗാന്ധിജിയെ അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആര്‍.എസ്.എസിന്റേതിന് വിരുദ്ധമാണല്ലോ.

ഗാന്ധിജിയെ ഇന്ത്യയും ലോകമാകെത്തന്നെയും ആദരിക്കുകയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് മൂല്യംകല്പിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തെ ഒറ്റയടിക്ക് തള്ളിപ്പറയാന്‍ സംഘപരിവാറിനാകില്ല. അതിനൊരു നാടകം കളിക്കുകയാണവര്‍. ഗാന്ധിജിയെന്ന വ്യക്തിയെ പുണ്യാത്മാവായി വിശേഷിപ്പിക്കും. മറുവശത്തുകൂടി ഗാന്ധിജിയെ താഴ്ത്തിക്കെട്ടും. ഇതുകൊണ്ടും തീര്‍ന്നില്ല. ജനസംഘം നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ ഗാന്ധിജിക്കൊപ്പം പ്രതിഷ്ഠിക്കും. അതികൗശലപരമായ ഒരു അജന്‍ഡയാണിതിനുപിന്നിലുള്ളത്. രാഷ്ട്രത്തോടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഗാന്ധിജിക്കൊപ്പം ഉപാധ്യായയും ശ്ലാഘിക്കപ്പെട്ടത് യാദൃച്ഛികമല്ല.

ആര്‍.എസ്.എസിന് ഗാന്ധിജിയോടുള്ള മനോഭാവത്തില്‍ മാറ്റംവന്നിട്ടുണ്ടെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. രാഷ്ട്രപിതാവിനൊപ്പം ജനസംഘം നേതാവായ ഉപാധ്യായയെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണ്? ഗാന്ധിജിയെ ഇകഴ്ത്തുകയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് കടകവിരുദ്ധമായ ചിന്താധാരയുള്ളവര്‍ക്ക് അദ്ദേഹത്തിനൊപ്പം സ്ഥാനം നല്‍കുകയുമല്ലേ ഇതിന്റെ ലക്ഷ്യം? മഹാത്മാവിന്റെ നേര്‍ക്ക് വെടിയുതിര്‍ത്ത ഗോഡ്സെയ്ക്ക് ബി.ജെ.പി.യുടെ അഞ്ചരവര്‍ഷത്തെ ഭരണത്തിനിടയില്‍ എത്ര ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു? രാഷ്ട്രപിതാവിന്റെ ഘാതകന്റെപേരില്‍ ക്ഷേത്രം പണിയാന്‍ ഇന്ത്യയിലല്ലാതെ വേറെ ഏതെങ്കിലും രാജ്യത്ത് കഴിയുമോ ? ഇത്ര നീചമായ കാര്യം ചെയ്തവര്‍ക്കെതിരേ കാര്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല. ഗാന്ധിഘാതകരോടൊപ്പമാണ് സംഘപരിവാര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. ഗാന്ധിനിന്ദ കര്‍ശനശിക്ഷ ലഭിക്കുന്ന കുറ്റമാക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ?

മഹാത്മാവിനെ രാഷ്ട്രപിതാവായി ആര്‍.എസ്.എസ്. അംഗീകരിച്ചിട്ടില്ല. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങള്‍ക്കു നേര്‍വിപരീതമാണ് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍. ഇന്ത്യ ഇവിടെയുള്ള എല്ലാവരുടേതുമാണെന്ന് ഗാന്ധിജി പറഞ്ഞു. നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യയുടെ ആത്മാവെന്നു വിശ്വസിക്കുകയും മതേതരത്വം മുറുകെപ്പിടിക്കുകയും മതാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്തു. സഹിഷ്ണുതയായിരുന്നു ഗാന്ധിജിയുടെ ശക്തി. എന്നാല്‍, ആര്‍.എസ്.എസ്. മതാധിഷ്ഠിത രാഷ്ട്രമാണ് മുന്നോട്ടുവെക്കുന്നത്. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ അവരെതിര്‍ത്തു. എന്നാല്‍, ഗാന്ധിനിന്ദ തിരിച്ചടിയാകുമെന്ന ഭയത്താല്‍ ഗാന്ധി നല്ലവ്യക്തിയാണെന്നുവരെ ഇപ്പോള്‍ സമ്മതിക്കും. മറുഭാഗത്ത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു.

ഗാന്ധിവധം പുനരാവിഷ്‌കരിച്ചയാള്‍ ഭരണകക്ഷിയിലെ എം.പി.യാണെന്നതുമാത്രം മതി ബി.ജെ.പി.യുടെ ഗാന്ധിവിരോധത്തിന്റെ ആഴമറിയാന്‍. പുതിയ തലമുറയ്ക്കുമുന്നില്‍ ഗാന്ധിജിയെ താഴ്ത്തിക്കെട്ടാനാണ് അവരുടെ ശ്രമം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍നിന്ന് ഗാന്ധിജി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. പകരം സവര്‍ക്കറും ദീന്‍ദയാല്‍ ഉപാധ്യായയും സിലബസുകളില്‍ ഇടംപിടിക്കുന്നു. ആര്‍.എസ്.എസ്. വിഭാവനം ചെയ്യുന്നനിലയില്‍ ഭരണഘടന മാറ്റിയെഴുതുകയാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി രാജ്യത്തെ പാകമാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. രാജ്യസഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ആര്‍.എസ്.എസും ഉപാധ്യായയും ലക്ഷ്യംവെക്കുന്ന ഭരണഘടന അവര്‍ പാസാക്കും. പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി ഇടയ്ക്കിടെ പറയുന്നത് ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.

ഗാന്ധിജി അവര്‍ക്ക് പല സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാള്‍ മാത്രമാണ്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവല്ല. അവര്‍ ഗാന്ധിജിയെ ഹൈജാക്ക് ചെയ്യുകയല്ല. അതിനാവുകയുമില്ല. ഗാന്ധിജിയെ ഇകഴ്ത്തുക. ക്രമേണ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ അടിസ്ഥാനശിലകള്‍ ഓരോന്നായി ഇളക്കുക. അതാണ് സംഘപരിവാറിന്റെ ലക്ഷ്യം.

ഗോഡ്സെ ദേശഭക്തനാണോ? സീതാറാം യെച്ചൂരി (സി.പി.എം. ജന. സെക്രട്ടറി)

ഗാന്ധിയെക്കൊന്ന ഗോഡ്‌സെയെ ആര്‍.എസ്.എസ്. ദേശഭക്തനെന്ന് വിളിക്കുമ്പോള്‍ ഇന്ത്യ മഹാത്മജിയെ പിന്തുടരണമെന്ന് മോഹന്‍ ഭാഗവത് പറയുന്നതില്‍ ഒരര്‍ഥവുമില്ല.

ദേശീയപ്രക്ഷോഭത്തില്‍ മുന്‍നിരക്കാരായ ഗുജറാത്തുകാരുണ്ടെങ്കില്‍ അവരെയെല്ലാം ആര്‍.എസ്.എസ്. ഹൈജാക്ക് ചെയ്യുകയാണ്. ഗോഡ്‌സെയെ ദേശഭക്തനായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ഭാഗവതിന്റെ നിലപാടെന്താണ്?

ഗാന്ധിജിയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ആര്‍.എസ്.എസിനെതിരേ പൊരുതിയവരാണ്. ഗാന്ധിവധത്തിനുശേഷം ആര്‍.എസ്.എസിനെ നിരോധിച്ചത് പട്ടേലായിരുന്നു.

'രാമന്റെ പേരുകൊണ്ടുനടക്കുന്നു, രാവണന്റെ പ്രവൃത്തി ചെയ്യുന്നു' -എന്നാണ് അവരെക്കുറിച്ച് ഗാന്ധിതന്നെ പറഞ്ഞത്. അങ്ങനെയുള്ളപ്പോള്‍ മോഹന്‍ ഭാഗവതിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനത്തില്‍ എന്താണ് പ്രസക്തി?

ഗാന്ധിഘാതകര്‍ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു-പിണറായി വിജയന്‍

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം. സ്വന്തം ജീവിതംതന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാല്‍, രാജ്യത്തെ ഇന്ന് ഗാന്ധിജിയില്‍നിന്ന് പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഗാന്ധിഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഗാന്ധിജയന്തിദിനാഘോഷങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയെയും ആശയങ്ങളെയും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടത്.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്ന കാലം-കാനം രാജേന്ദ്രന്‍ (സി.പി.ഐ. സംസ്ഥാന സെക്രട്ടറി)

ഗാന്ധിജി പ്രതിനിധാനംചെയ്ത ആത്മീയതയെ ഗോഡ്സെ പ്രതിനിധാനംചെയ്ത കപട ആത്മീയത കീഴടക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്നതും അയാളുടെ വിഗ്രഹം ഉണ്ടാക്കിവെച്ച് പൂജിക്കാന്‍ ശ്രമിക്കുന്നതും.

കപട ആത്മീയത, അതിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയത, അത് വഷളായുണ്ടാകുന്ന ഭീകരത തുടങ്ങിയവയൊക്കെ ദേശീയതയുടെ മുഖാവരണമിട്ട് സമൂഹത്തില്‍ ഇന്ന് അഴിഞ്ഞാടുന്നു. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഞെരിച്ചുകൊല്ലാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കി അത് ശക്തിപ്രാപിക്കുന്നുണ്ട്. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അടിയുറച്ച വക്താവായിരുന്നു അദ്ദേഹം. ദേശീയതയെ ആദരിക്കുമ്പോള്‍ത്തന്നെ അതിന്റെ മറവില്‍ മനുഷ്യത്വരഹിതമായ ഏത് തത്ത്വശാസ്ത്രം തഴയ്ക്കുന്നതിനെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ ചെയ്യണമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. ഗാന്ധിജിക്കുനേരെ ഉയര്‍ന്ന തോക്കുകളെക്കാള്‍ നവീനമായ തോക്കുകളില്‍നിന്ന് ഇന്നും വെടിയുണ്ടകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

വെടിവെച്ചുകൊന്നവര്‍ നക്കിക്കൊല്ലുന്നു-മുല്ലപ്പള്ളി രാമചന്ദ്രന്‍(കെ.പി.സി.സി. അധ്യക്ഷന്‍)

ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ വില്‍പ്പനച്ചരക്കാക്കിയതുപോലെ ഗാന്ധിജിയെയും ഇപ്പോള്‍ വില്‍പ്പനച്ചരക്കാക്കുകയാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്നവരാണ് ഇപ്പോള്‍ മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദിയും അമിത്ഷായും എത്ര സാബര്‍മതിയാത്ര നടത്തിയാലും ഗാന്ധിജിയെ വധിച്ചതിന്റെ രക്തക്കറ അവരുടെ കൈകളില്‍നിന്ന് മായില്ല. ഗാന്ധി അവരുടെ ഉറക്കം കെടുത്തുന്ന ഓര്‍മമാത്രമാണ്. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടെങ്കിലും അത് ശാരീരികമായ ഇല്ലാതാക്കല്‍ മാത്രമാണ്. എന്നാല്‍, വര്‍ത്തമാന ഇന്ത്യയില്‍ സംഘപരിവാറും ആര്‍.എസ്.എസും ഗാന്ധിജിയെ ഓരോ നിമിഷവും വധിച്ചുകൊണ്ടിരിക്കുകയാണ്.

ഗാന്ധിജിയുടെ ഓര്‍മകളെപ്പോലും അവര്‍ ഭയക്കുന്നു-രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

ഗാന്ധിജിയുടെ ഓര്‍മകള്‍പോലും ഭരണത്തിലിരിക്കുന്നവരെ ഭയപ്പെടുത്തുകയാണ്. ഗാന്ധിജിയെ തിരസ്‌കരിച്ച് ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഒരുകാലത്ത് കമ്യൂണിസ്റ്റുകാര്‍ മഹാത്മജിയെ വാര്‍ധയിലെ കള്ളന്‍ എന്നാണ് വിളിച്ചിരുന്നത്. ആര്‍.എസ്.എസുകാരും കമ്യൂണിസ്റ്റുകാരും ഒരുപോലെ എതിര്‍ത്തിട്ടും ഗാന്ധിജിയുടെ ചിന്തകള്‍ ഇന്നും രാജ്യത്ത് അലയടിക്കുകയാണ്.