:ആർ.എസ്.എസിനെ നിരോധിച്ച സർദാർ വല്ലഭ് ഭായ്‌ പട്ടേലിനെ വിൽപ്പനച്ചരക്കാക്കിയതുപോലെ ഗാന്ധിജിയെയും ഇപ്പോൾ വിൽപ്പനച്ചരക്കാക്കുകയാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ നക്കിക്കൊല്ലാൻ ശ്രമിക്കുന്നത്.
നരേന്ദ്ര മോദിയും അമിത്ഷായും എത്ര സാബർമതിയാത്ര നടത്തിയാലും ഗാന്ധിജിയെ വധിച്ചതിന്റെ രക്തക്കറ അവരുടെ കൈകളിൽനിന്ന്‌ മായില്ല. ഗാന്ധി അവരുടെ ഉറക്കം കെടുത്തുന്ന ഓർമമാത്രമാണ്. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടെങ്കിലും അത് ശാരീരികമായ ഇല്ലാതാക്കൽ മാത്രമാണ്. എന്നാൽ, വർത്തമാന ഇന്ത്യയിൽ സംഘപരിവാറും ആർ.എസ്.എസും ഗാന്ധിജിയെ ഓരോ നിമിഷവും വധിച്ചുകൊണ്ടിരിക്കുകയാണ്.