: ഗാന്ധിജി പ്രതിനിധാനംചെയ്ത ആത്മീയതയെ ഗോഡ്‌സെ പ്രതിനിധാനംചെയ്ത കപട ആത്മീയത കീഴടക്കാൻ ശ്രമിക്കുന്ന കാലമാണിത്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയുന്നതും അയാളുടെ വിഗ്രഹം ഉണ്ടാക്കിവെച്ച് പൂജിക്കാൻ ശ്രമിക്കുന്നതും.  
കപട ആത്മീയത, അതിന്റെ അടിസ്ഥാനത്തിലുള്ള വർഗീയത, അത് വഷളായുണ്ടാകുന്ന ഭീകരത തുടങ്ങിയവയൊക്കെ ദേശീയതയുടെ മുഖാവരണമിട്ട് സമൂഹത്തിൽ ഇന്ന് അഴിഞ്ഞാടുന്നു. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഞെരിച്ചുകൊല്ലാൻ സർവസന്നാഹങ്ങളുമൊരുക്കി അത്‌ ശക്തിപ്രാപിക്കുന്നുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അടിയുറച്ച വക്താവായിരുന്നു അദ്ദേഹം. ദേശീയതയെ ആദരിക്കുമ്പോൾത്തന്നെ അതിന്റെ മറവിൽ മനുഷ്യത്വരഹിതമായ ഏത് തത്ത്വശാസ്ത്രം തഴയ്ക്കുന്നതിനെയും നഖശിഖാന്തം എതിർക്കുകതന്നെ ചെയ്യണമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. ഗാന്ധിജിക്കുനേരെ ഉയർന്ന തോക്കുകളെക്കാൾ നവീനമായ തോക്കുകളിൽനിന്ന് ഇന്നും വെടിയുണ്ടകൾ വർഷിച്ചുകൊണ്ടിരിക്കുന്നു.