രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വ്യക്തിയെന്ന നിലയിൽ പുണ്യവാനാണെന്ന് പറയുകയും അദ്ദേഹത്തെ ആദർശതലത്തിൽ താഴ്ത്തിക്കെട്ടുന്നതുമായ സമീപനമാണ് ആർ.എസ്.എസ്. എക്കാലവും സ്വീകരിച്ചുപോരുന്നത്. ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഈ പ്രവണത വർധിച്ചുവരുകയാണ്. ആർ.എസ്.എസിന്റെ അജൻഡയനുസരിച്ച് രാജ്യത്തിന്റെ ഭരണഘടനതന്നെ പൊളിച്ചെഴുതുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. അങ്ങനെയുള്ളവർക്ക് ഗാന്ധിജിയെ അംഗീകരിക്കാൻ കഴിയുന്നതെങ്ങനെയാണ്? ഗാന്ധിയൻ ആദർശങ്ങൾ ആർ.എസ്.എസിന്റേതിന് വിരുദ്ധമാണല്ലോ.

ഗാന്ധിജിയെ ഇന്ത്യയും ലോകമാകെത്തന്നെയും ആദരിക്കുകയും ഗാന്ധിയൻ ആദർശങ്ങൾക്ക് മൂല്യംകല്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ ഒറ്റയടിക്ക് തള്ളിപ്പറയാൻ സംഘപരിവാറിനാകില്ല. അതിനൊരു നാടകം കളിക്കുകയാണവർ. ഗാന്ധിജിയെന്ന വ്യക്തിയെ പുണ്യാത്മാവായി വിശേഷിപ്പിക്കും. മറുവശത്തുകൂടി ഗാന്ധിജിയെ താഴ്ത്തിക്കെട്ടും. ഇതുകൊണ്ടും തീർന്നില്ല. ജനസംഘം നേതാവായിരുന്ന ദീൻദയാൽ ഉപാധ്യായയെ ഗാന്ധിജിക്കൊപ്പം പ്രതിഷ്ഠിക്കും. അതികൗശലപരമായ ഒരു അജൻഡയാണിതിനുപിന്നിലുള്ളത്. രാഷ്ട്രത്തോടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഗാന്ധിജിക്കൊപ്പം ഉപാധ്യായയും ശ്ലാഘിക്കപ്പെട്ടത് യാദൃച്ഛികമല്ല.

ആർ.എസ്.എസിന് ഗാന്ധിജിയോടുള്ള മനോഭാവത്തിൽ മാറ്റംവന്നിട്ടുണ്ടെങ്കിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. രാഷ്ട്രപിതാവിനൊപ്പം ജനസംഘം നേതാവായ ഉപാധ്യായയെ ഉയർത്തിക്കൊണ്ടുവരുന്നത് എന്തിനാണ്? ഗാന്ധിജിയെ ഇകഴ്ത്തുകയും ഗാന്ധിയൻ ആദർശങ്ങൾക്ക് കടകവിരുദ്ധമായ ചിന്താധാരയുള്ളവർക്ക് അദ്ദേഹത്തിനൊപ്പം സ്ഥാനം നൽകുകയുമല്ലേ ഇതിന്റെ ലക്ഷ്യം? മഹാത്മാവിന്റെ നേർക്ക് വെടിയുതിർത്ത ഗോഡ്‌സെയ്ക്ക് ബി.ജെ.പി.യുടെ അഞ്ചരവർഷത്തെ ഭരണത്തിനിടയിൽ എത്ര ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടു? രാഷ്ട്രപിതാവിന്റെ ഘാതകന്റെപേരിൽ ക്ഷേത്രം പണിയാൻ ഇന്ത്യയിലല്ലാതെ വേറെ ഏതെങ്കിലും രാജ്യത്ത് കഴിയുമോ ? ഇത്ര നീചമായ കാര്യം ചെയ്തവർക്കെതിരേ കാര്യമായ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. ഗാന്ധിഘാതകരോടൊപ്പമാണ് സംഘപരിവാർ നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. ഗാന്ധിനിന്ദ കർശനശിക്ഷ ലഭിക്കുന്ന കുറ്റമാക്കാൻ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ തയ്യാറുണ്ടോ?

മഹാത്മാവിനെ രാഷ്ട്രപിതാവായി ആർ.എസ്.എസ്. അംഗീകരിച്ചിട്ടില്ല. ആർ.എസ്.എസിന്റെ ആദർശങ്ങൾക്കു നേർവിപരീതമാണ് ഗാന്ധിയൻ ആദർശങ്ങൾ. ഇന്ത്യ ഇവിടെയുള്ള എല്ലാവരുടേതുമാണെന്ന് ഗാന്ധിജി പറഞ്ഞു. നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യയുടെ ആത്മാവെന്നു വിശ്വസിക്കുകയും മതേതരത്വം മുറുകെപ്പിടിക്കുകയും മതാധിഷ്ഠിത രാഷ്ട്രീയത്തെ എതിർക്കുകയും ചെയ്തു. സഹിഷ്ണുതയായിരുന്നു ഗാന്ധിജിയുടെ ശക്തി. എന്നാൽ, ആർ.എസ്.എസ്. മതാധിഷ്ഠിത രാഷ്ട്രമാണ് മുന്നോട്ടുവെക്കുന്നത്. ഗാന്ധിജി ജീവിച്ചിരുന്നപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ആദർശങ്ങളെ അവരെതിർത്തു. എന്നാൽ, ഗാന്ധിനിന്ദ തിരിച്ചടിയാകുമെന്ന ഭയത്താൽ ഗാന്ധി നല്ലവ്യക്തിയാണെന്നുവരെ ഇപ്പോൾ സമ്മതിക്കും. മറുഭാഗത്ത് അദ്ദേഹത്തിന്റെ ആദർശങ്ങളെ എതിർക്കുകയും ചെയ്യുന്നു.

ഗാന്ധിവധം പുനരാവിഷ്കരിച്ചയാൾ ഭരണകക്ഷിയിലെ എം.പി.യാണെന്നതുമാത്രം മതി ബി.ജെ.പി.യുടെ ഗാന്ധിവിരോധത്തിന്റെ ആഴമറിയാൻ. പുതിയ തലമുറയ്ക്കുമുന്നിൽ ഗാന്ധിജിയെ താഴ്ത്തിക്കെട്ടാനാണ് അവരുടെ ശ്രമം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിജി മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. പകരം സവർക്കറും ദീൻദയാൽ ഉപാധ്യായയും സിലബസുകളിൽ ഇടംപിടിക്കുന്നു. ആർ.എസ്.എസ്. വിഭാവനം ചെയ്യുന്നനിലയിൽ ഭരണഘടന മാറ്റിയെഴുതുകയാണ് ബി.ജെ.പി. സർക്കാരിന്റെ ലക്ഷ്യം. അതിനായി രാജ്യത്തെ പാകമാക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. രാജ്യസഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ആർ.എസ്.എസും ഉപാധ്യായയും ലക്ഷ്യംവെക്കുന്ന ഭരണഘടന അവർ പാസാക്കും. പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി ഇടയ്ക്കിടെ പറയുന്നത് ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്.

ഗാന്ധിജി അവർക്ക് പല സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാൾ മാത്രമാണ്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവല്ല. അവർ ഗാന്ധിജിയെ ഹൈജാക്ക് ചെയ്യുകയല്ല. അതിനാവുകയുമില്ല. ഗാന്ധിജിയെ ഇകഴ്ത്തുക. ക്രമേണ ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനശിലകൾ ഓരോന്നായി ഇളക്കുക. അതാണ് സംഘപരിവാറിന്റെ ലക്ഷ്യം.