സെൽഫികളുടെ കാലത്ത്, ഗാന്ധിയോടൊപ്പം ചേർന്നുനിൽക്കാൻ സംഘപരിവാറും മാർക്‌സിസ്റ്റുകളും കാട്ടുന്ന വ്യഗ്രതയിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്,  ഒരു സെൽഫിയെടുത്തുവെന്നതുകൊണ്ട് ഗാന്ധിജി ഗാന്ധിജിയല്ലാതാകുന്നില്ലല്ലോ. എന്താണ് ഗാന്ധിജി, എന്തായിരുന്നു ഗാന്ധിജി എന്ന് രേഖപ്പെടുത്തിയത് ലോകമാണ്. അങ്ങനെയൊരു വിശ്വപൗരന്റെ പ്രസക്തി ഒരു രാജ്യം വിചാരിച്ചാൽ മാറ്റാനാവുകയുമില്ല

മഹാത്മാഗാന്ധിയെ തങ്ങളിലൊരാളാക്കാൻ സംഘപരിവാറും ബി.ജെ.പി.യും നടത്തുന്ന ശ്രമങ്ങൾ കണ്ട് അരിശമോ, അദ്‌ഭുതമോ തോന്നേണ്ട കാര്യമില്ല. കാരണം, ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയ്ക്ക് ഒരു അപരനാമമേയുള്ളൂ. അത് ഗാന്ധിജിയാണ്.

ഇന്ത്യ ലോകത്തിനു സംഭാവനചെയ്ത ഏറ്റവും വലിയ ബ്രാൻഡ്. ആ ബ്രാൻഡുമായി പങ്കാളിത്തം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാനാവാത്ത രാഷ്ട്രീയസാധൂകരണവും. ഇക്കാര്യത്തിൽ സംഘപരിവാർ ഒറ്റയ്ക്കല്ല, ഗാന്ധിജിയുടെ ആദർശത്തിനോടോ, സമരരീതികളോടോ, രാഷ്ട്രീയ -സാമൂഹിക ദർശനങ്ങളോടോ പുലബന്ധം പോലുമില്ലാത്ത മാർക്‌സിസ്റ്റുകാരും ചെയ്യുന്നത് ഇതുതന്നെയാണ്. കാരണം, ഗാന്ധിജിയുടെ ഇന്ത്യയിൽ രാഷ്ട്രീയ അന്തസ്സ് നേടാൻ ഈ ബ്രാൻഡ്‌ സഹവർത്തിത്വം (brand association) കൂടിയേതീരൂ.

അവർക്കുവേണ്ടത് ലോകം ഗാന്ധിജിക്കുനൽകുന്ന ആദരം

ശ്രീബുദ്ധനുശേഷം ലോകം ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ഗാന്ധിജിയിലൂടെയാണ്, അദ്ദേഹത്തിന്റെ മാഹാത്മ്യത്തിലൂടെയാണ്. ലോകത്തിന്റെ ഏതുമൂലയിൽ ചെന്നാലും കാണാം ഗാന്ധിജിയുടെപേരിൽ ഒരു മഹാവീഥി, അല്ലെങ്കിൽ ഒരു പ്രതിമ, ഒരു പാർക്ക്. എണ്ണമറ്റ എത്രയോ സ്ഥാപനങ്ങൾക്ക് ഇട്ടിരിക്കുന്ന പേര് അദ്ദേഹത്തിന്റേതാണ്. ഇവിടങ്ങളിലെല്ലാം അധ്വാനിക്കുന്ന, പാർശ്വവത്കരിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ധാരാളം ജനവിഭാഗങ്ങൾക്കും പൗരാവകാശ പ്രവർത്തകർക്കും ഇന്നും വഴികാട്ടിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരു ബിംബത്തെ കൂടെനിർത്തുക, കഴിയുമെങ്കിൽ സ്വന്തമെന്നു സ്ഥാപിക്കുക എന്നത് അവസരവാദപരമായ ഒരനിവാര്യതയാണ്.

അന്താരാഷ്ട്രസമൂഹത്തിനുമുന്നിൽ രാഷ്ട്രീയാദരം നേടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് ബി.ജെ.പി.ക്ക് ഗാന്ധിജി. അവർക്ക് ഗാന്ധിജിയെ വേണ്ടത് ഇന്ത്യയിലല്ല. ഇവിടത്തെ, ചരിത്രമറിയാത്ത അഥവാ വികലമായ ചരിത്രം മാത്രമറിയുന്ന ഒരു ഭൂരിപക്ഷത്തിനിടയിൽ ഗാന്ധിജിയുടെ ബിംബപ്രതിഷ്ഠകൊണ്ട് അവർക്കൊന്നും നേടാനുമില്ല. വളരെവേഗം അപനിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ പുനർനിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ ഒരുപക്ഷേ, ഗാന്ധിജിയും പെട്ടുപോകും. ഇവിടെ ഗാന്ധിജിക്കുപകരം പുതിയ പ്രതിബിംബങ്ങളെ സൃഷ്ടിക്കുകയാണ് പലരും. നിർഭാഗ്യവശാൽ അതാവും പുതിയ ഇന്ത്യ പഠിക്കുന്ന ചരിത്രം. ഗാന്ധിജിയുടെ നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും രാജ്യത്തിന്റെ പലഭാഗത്തുനിന്നും വരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. ഒരുവിഭാഗം രാഷ്ട്രീയനേതാക്കൾക്കും പ്രവർത്തകർക്കും ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ തള്ളിപ്പറയേണ്ട കാര്യമില്ലെന്ന്‌ തോന്നുന്നതും ചില സമയങ്ങളിൽ അയാളോട് വീരാരാധന തോന്നുന്നതും അതുകൊണ്ടാണ്.

ഗാന്ധിജിയൊരു രാഷ്ട്രീയസാമഗ്രിയല്ല, ഒരാശയമാണ്

വിരോധാഭാസമെന്നുതന്നെ പറയട്ടെ,  ലോകസമൂഹത്തിനുമുന്നിൽ ഗാന്ധിജിയുടെ സർവസ്വീകാര്യതയുടെ തിളക്കം വർധിക്കുകയേയുള്ളൂ. കാരണം വിശ്വവേദിയിൽ അദ്ദേഹം ഒരു രാഷ്ട്രീയ സാമഗ്രിയല്ല, മറിച്ച് എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ഒരാശയമാണ്. മാർട്ടിൻ ലൂഥർ കിങ്, ഹോചിമിൻ, നെൽസൺ മണ്ടേല, ദലൈലാമ, ആങ് സാൻ സ്യൂചി തുടങ്ങിയ ധർമനിഷ്ഠയുള്ള ധീരസമരനേതാക്കൾക്ക് ഗാന്ധിജി വഴികാട്ടിയായതും അതുകൊണ്ടാണ്. ആത്മീയബോധത്തിലൂന്നിയ, സമാധാന സമരതന്ത്രം അവർ സ്വാംശീകരിച്ചത് ഗാന്ധിജിയിൽനിന്നാണ്. അതിനുമുമ്പ് ഇങ്ങനെയൊരു ദർശനം, ആത്മത്യാഗാധിഷ്ഠിതമായ സമരമുറ, അതിഭീകരമായ ഭരണവർഗ അടിച്ചമർത്തലിനു  മുന്നിൽപ്പോലും പതറാത്ത നിർഭയത്വം എന്നിവ സാധ്യമാണെന്നുപോലും ആരും കരുതിയിരുന്നില്ല. മാർട്ടിൻ ലൂഥർ കിങ് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എങ്ങനെ സമരം ചെയ്യണമെന്നറിയാതെ ഉഴലുന്ന സമയത്താണ് മാർട്ടിൻ ലൂഥർ കിങ്ങിന് ഗാന്ധിജി ഒരു വെളിപാടാകുന്നത്. ‘അഹിംസയിലും സ്‌നേഹത്തിലും ഊന്നിയ ഗാന്ധിജിയുടെ വിശ്വാസപ്രമാണമാണ് എന്റെ സാമൂഹികസമരത്തിന് വഴികാട്ടിയായത്’ -അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതി. 1950-ൽ, ഹോവാർഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഫിലാഡൽഫിയയിൽ നടത്തിയ ക്രിസ്ത്യൻമത പ്രസംഗത്തിൽ ഗാന്ധിജിയെക്കുറിച്ചു പരാമർശിച്ചത് കേട്ടപ്പോഴാണ് മാർട്ടിൻ ലൂഥർ കിങ്ങിന് ആദ്യമായി തന്റെ മാർഗം തെളിയുന്നുവെന്ന തോന്നലുണ്ടാകുന്നത്. പ്രഭാഷണം തീരുന്നതിനുമുമ്പുതന്നെ ഹാൾ വിട്ടിറങ്ങി, ആവേശപൂർവം ഗാന്ധിജിയെക്കുറിച്ചുകിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങിക്കൂട്ടിയതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അടിയുറച്ച ക്രിസ്ത്യൻ ആത്മീയവാദിയായ മാർട്ടിൻ ലൂഥർ കിങ്ങിന് ഗാന്ധിജിയുടെ ഹിന്ദു ആത്മീയതയിൽ അധിഷ്ഠിതമായ ആത്മീയ സമരമാർഗം സ്വന്തം സാമൂഹികപ്രക്ഷോഭ തന്ത്രങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കാൻ അല്പംപോലും ചിന്തിക്കേണ്ടിവന്നില്ല. ഗാന്ധിജിയുടെ ഹിന്ദു ആത്മീയത എത്രത്തോളം മതനിരപേക്ഷമായിരുന്നുവെന്നതിന് തെളിവാണ് ഈ പ്രബോധോദയം. അദ്ദേഹമെഴുതി: ‘യേശുവിന്റെ സ്‌നേഹാദർശം ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കുപരി സാമൂഹിക പരിഷ്‌കരണത്തിന് ഉപയോഗിക്കാനാവുമെന്നു ആദ്യമായി ലോകത്തിനു കാട്ടിക്കൊടുത്തത് ഒരുപക്ഷേ, ഗാന്ധിജിയായിരുന്നു’.

ഗാന്ധിജിയും ടോൾസ്റ്റോയിയും

ഈ മതനിരപേക്ഷ ആത്മീയ മനോബലം (spiritual strength) തന്നെയാണ് പല നാടുകളിൽ, പല സമയത്ത് ഗാന്ധിയൻ ആദർശങ്ങൾ പ്രയോഗിക്കപ്പെട്ടതിന്റെയും ഇന്നും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെയും പിന്നിലെ രഹസ്യം. അതാണ് ഗാന്ധിജിയുടെ സാർവലൗകികത. അതാണ് ഇന്ന് സംഘപരിവാറിനും മാർക്‌സിസ്റ്റുകാർക്കും വേണ്ട രാഷ്ട്രീയായുധവും. ഇവിടെയാണ് ഗാന്ധിജിയുടെ ഹിന്ദു ആത്മീയത വ്യത്യസ്തമാകുന്നത്. അതിനൊരു പ്രധാനകാരണം ഗാന്ധിജിയുടെ പ്രചോദനം ഇന്ത്യ മാത്രമായിരുന്നില്ല, മറിച്ച് വിശ്വലോകം തന്നെയായിരുന്നു എന്നതാണ്.

അധികമാരും ശ്രദ്ധിക്കാത്ത ഒരുകാര്യം ഗാന്ധിയൻ ആത്മീയത വെറും ഭാരതീയമായിരുന്നില്ല, വിശ്വജനീനമായിരുന്നു എന്നതാണ്.

ഭഗവദ്ഗീതയ്ക്കൊപ്പംതന്നെ വിശ്വസാഹിത്യകാരനും ക്രിസ്ത്യൻ ആത്മീയ ദർശകനുമായിരുന്ന ലിയോ ടോൾസ്റ്റോയിയുടെ ‘ദി കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു’ എന്ന പുസ്തകവും ഗാന്ധിജിയുടെ ആത്മീയചിന്തകളെ സ്വാധീനിച്ചിരുന്നു. ടോൾസ്റ്റോയ് തന്റെ ജീവിതത്തിൽ സ്വീകരിച്ച ശാന്തതയും ലൗകിക/ഭൗതിക ലോക നിരാകരണവുമായിരുന്നു ഗാന്ധിജിക്ക് പ്രചോദനവും മാർഗവുമായത്. ഗാന്ധിജി ആവേശപൂർവം ടോൾസ്റ്റോയിയുടെ ഉപദേശങ്ങൾക്കായി കത്തുകളെഴുതുമായിരുന്നു. ചെറുപ്പക്കാരനായിരുന്നു ഗാന്ധി, ടോൾസ്റ്റോയ്  മരണക്കിടക്കയിലും.

ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകൂടത്തിനെതിരേ ഗാന്ധിജി ആവിഷ്‌കരിച്ച  സമാധാനപരമായ ചെറുത്തുനിൽപ്പ് (passive resistance) ടോൾസ്റ്റോയിയെയും ആകർഷിച്ചിരുന്നു. ഇതിന് അദ്ദേഹത്തിന്റെ ക്രിസ്ത്യൻ ആത്മീയ, ജീവിത ദർശനങ്ങൾ വെള്ളവും വളവുമേകി. ദക്ഷിണാഫ്രിക്കയിൽ സ്വയംപര്യാപ്തതയും സമാധാന സമരപ്രാപ്തിയുമുള്ള ഒരു ജനസമൂഹത്തെ വാർത്തെടുക്കാനായി ഗാന്ധിജി ഇന്ത്യൻ-ആഫ്രിക്കൻ കൂട്ടാളികളോടൊപ്പം ഒരു കമ്യൂൺ സ്ഥാപിച്ചപ്പോൾ അതിനുനൽകിയ പേര് ടോൾസ്റ്റോയിയുടേതായിരുന്നു (ടോൾസ്റ്റോയ് ഫാം).

ഗാന്ധിയൻ മതനിരപേക്ഷതയ്ക്ക് ലോകം തെളിവ്
ഈ സാർവജനീന സ്വഭാവമാണ് ഗാന്ധിജിയുടെ ഹിന്ദു ആത്മീയതയ്ക്കുമുന്നിൽ ലോകം തലകുനിച്ചതിനു കാരണം. 1915-ൽ ഇന്ത്യയിൽ തിരിച്ചെത്തുന്നതിനുമുമ്പുതന്നെ ഗാന്ധിജിയുടെ ആത്മീയ സമാധാന സമരതന്ത്രം രൂപപ്പെട്ടിരുന്നു. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ക്രിസ്ത്യൻ വിശ്വാസത്തിലും ദലൈലാമയുടെ ബുദ്ധ വിശ്വാസത്തിലും ഗാന്ധിജിയുടെ സമാധാനത്തിലൂന്നിയ ചെറുത്തുനിൽപ്പ് പ്രചോദനമായെന്നതിൽ അതിശയമില്ല. ഗാന്ധിജി തീർത്തും മതനിരപേക്ഷനായിരുന്നുവെന്നതിന് ഇവരെപ്പോലെയുള്ള വിശ്വപൗരന്മാരാണ് തെളിവ്. ഈ ലോകമാണ് തെളിവ്. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഗാന്ധിജിയെന്ന ബിംബം ലോകചരിത്രത്തിൽനിന്ന്‌ മാഞ്ഞുപോകില്ല. അദ്ദേഹം യുഗപുരുഷനാണ്. സെൽഫികളുടെ കാലത്ത്, അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാൻ സംഘപരിവാറും മാർക്‌സിസ്റ്റുകളും കാട്ടുന്ന വ്യഗ്രതയിൽ ഒരുപക്ഷേ നാം സന്തോഷിക്കുകയാണ് വേണ്ടത്,  ഒരു സെൽഫിയെടുത്തുവെന്നതുകൊണ്ട് ഗാന്ധിജി ഗാന്ധിജിയല്ലാതാകുന്നില്ലല്ലോ. എന്താണ് ഗാന്ധിജി, എന്തായിരുന്നു ഗാന്ധിജി എന്ന് രേഖപ്പെടുത്തിയത് ലോകമാണ്. ആ വിശ്വപൗരന്റെ പ്രസക്തി ഒരു രാജ്യം വിചാരിച്ചാൽ മാറ്റാനാവുകയുമില്ല.

(മുൻ പത്രപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമാണ് ലേഖകൻ)