എല്ലാ ആശയങ്ങളും കേൾക്കുകയും അതിന് അവസരം കൊടുക്കുകയും ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന ആർ.എസ്‌.എസ്‌. സർസംഘചാലക് മോഹൻ ഭഗവതിന്റെ ലേഖനത്തെത്തുടർന്ന് നടക്കുന്ന വിമർശന സംവാദത്തിൽ ഒരു ചോദ്യം അവശേഷിക്കുന്നു. എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? ഭയം ഗാന്ധിജിയുടെ വീക്ഷണമല്ലല്ലോ? ആചാര്യ വിനോഭ ഭാവെ, കെ.എം. മുൻഷി, ജയപ്രകാശ് നാരായൺ, സർദാർ പട്ടേൽ, വിത്തൽഭായ് പട്ടേൽ, ജമൻലാൽ, കെ. കേളപ്പൻ, എം.പി. മന്മഥൻ, കെ.ജി. കുമാരപ്പിള്ള, എം.വി. കോറാത്ത് തുടങ്ങി എത്രയോ യഥാർഥ ഗാന്ധിശിഷ്യർ ആർ.
എസ്‌.എസുമായി സഹകരിച്ചു. ചിലർ ആർ.എസ്‌.എസിൽ ആകൃഷ്ടരായി ചുമതലയേറ്റു. ആർ.എസ്‌.എസ്‌. ഫാസിസ്റ്റ് ആണെങ്കിൽ ഞാനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായൺ പ്രഖ്യാപിച്ചു. ആർ.എസ്‌.എസ്‌.  രാജ്യസ്നേഹികളുടെ പ്രസ്ഥാനമാണെന്ന് പറഞ്ഞുകൊണ്ടല്ലേ 1962-ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ ആർ.എസ്‌.എസിനെ നെഹ്രു ക്ഷണിച്ച് പങ്കെടുപ്പിച്ചത്. ഗാന്ധിജിയുടെ 100-ാം ജന്മവർഷത്തിൽ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പ്രസിദ്ധ ഗാന്ധിയർ പങ്കെടുത്ത പരിപാടിയിൽ ഗാന്ധിജിയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത് ഗുരുജി ഗോൾവാൾക്കറായിരുന്നു. അന്നൊന്നും കാണിക്കാത്ത വേവലാതിയും ഉത്കണ്ഠയും ഇന്ന് പ്രകടിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാണ്. 

ഗാന്ധിജിയെ തിരസ്കരിച്ചതാര്?

ഗാന്ധിജിയുടെ പേരും തൊപ്പിയും വടിയും സ്വീകരിച്ച് ഗാന്ധിവിരുദ്ധ ആശയങ്ങൾ നടപ്പാക്കുക എന്ന അപരാധം ചെയ്തത് കോൺഗ്രസാണ്.  1963-ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ആദ്യ ഗവണ്മെൻറിന്റെ നയങ്ങൾ ഗാന്ധിജിയുടെ ദർശനങ്ങളിൽനിന്നും വ്യതിചലിച്ചുപോയത് തെറ്റായിരുന്നു എന്ന് നെഹ്രു പശ്ചാത്തപിക്കുന്നുണ്ട്. കോൺഗ്രസ് ഭരണകാലത്ത് ഗ്രാമീണജനതയ്ക്ക് ശൗചാലയങ്ങൾ പണിതിരുന്നെങ്കിൽ വെള്ളം കൊടുക്കേണ്ട ദൗത്യം മാത്രം നരേന്ദ്രമോദി നിർവഹിച്ചാൽ മതിയായിരുന്നു എന്ന് മോദി പണിത ശൗചാലയങ്ങളെ പരിഹസിച്ച ശശി തരൂർ മനസ്സിലാക്കണമായിരുന്നു. 

ഞാനൊരു ഹിന്ദുവാണ്, മുസ്‌ലിമാണ്, ക്രിസ്ത്യാനിയാണ്, പാഴ്‌സിയാണ്, ഒരു ജൂതനുമാണ് എന്ന ഗാന്ധിജിയുടെ വാക്യം സൂചിപ്പിച്ച ശശി തരൂർ വിട്ടുകളഞ്ഞത് അദ്ദേഹത്തിന്റെ സന്ദേശത്തെയാണ്. എല്ലാ മതങ്ങളും ഒരേ സത്യത്തിന്റെ ഭാഗവും ഈശ്വരസാക്ഷാത്കാരത്തിന്റെ വഴികളുമാണെന്ന ഭാരതീയകാഴ്ചപ്പാടാണ് ഗാന്ധിജിയുടെ സന്ദേശത്തിന്റെ കാതൽ. ഞാൻ മാത്രം ശരി എന്റേത് മാത്രം വഴി എന്ന സമീപനത്തെ ഗാന്ധിജി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 1935 നവംബർ 5-ാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി: ‘‘എനിക്ക് നിയമനിർമാണത്തിന് കഴിവുണ്ടായിരുന്നെങ്കിൽ എന്റേത് മാത്രം ശരി എന്ന് പറഞ്ഞുനടക്കുന്ന എല്ലാ മതപരിവർത്തനങ്ങളെയും ഞാൻ തടസ്സപ്പെടുത്തിയേനെ.’’

ആർ.എസ്‌.എസിന്റെ നിരപരാധിത്വം

ആർ.എസ്‌.എസിന്റെയും ഗോഡ്‌സെയുടെയും വഴികൾ ഒന്നാണെങ്കിൽ പിന്നെ എന്തിന് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നു എന്ന കാരശ്ശേരി മാഷുടെ ചോദ്യം പ്രസക്തമാണ്. ഗാന്ധിവധവുമായി നടന്ന അന്വേഷണത്തിൽ തുഗ്ലക് പോലീസ്‌സ്റ്റേഷനിലെ എഫ്‌.ഐ.ആറിലോ ചാർജ്‌ഷീറ്റിലോ ആർ.എസ്‌.എസിനെ പ്രതിയാക്കുകയോ ആർ.എസ്‌.എസിന്റെ പേര് പരാമർശിക്കപ്പെടുകയോ ചെയ്തിട്ടില്ല. 149 സാക്ഷികളും 404 രേഖകളും 80 തൊണ്ടിമുതലുകളുമായിരുന്നു കോടതി മുമ്പാകെ അന്വേഷണസംഘം ഹാജരാക്കിയത്. സാക്ഷിവിസ്താരത്തിൽ ഒരിടത്തും ആർ.എസ്‌.എസിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടില്ല. ഒരു സാക്ഷിയും ആർ.എസ്‌.എസിനെതിരേ പറഞ്ഞിട്ടില്ല. പ്രതികളെ ശിക്ഷിച്ചുകൊണ്ടു പറഞ്ഞ വിധിന്യായത്തിലും ആർ.എസ്‌.എസിന്റെ പേര് സൂചിപ്പിച്ചിട്ടില്ല. ആർ.എസ്‌.എസിനെ പ്രതിയാക്കണമെന്ന ഉദ്ദേശ്യത്തോടെ പിന്നീട് നിയോഗിച്ച രണ്ട് കമ്മിഷനുകളുടെയും റിപ്പോർട്ടിൽ ആർ.എസ്‌.എസിന്‌ ഗാന്ധിവധവുമായി ബന്ധമില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. 1965-ലെ കപൂർ കമ്മിഷൻ എല്ലാ സാക്ഷികളെയും വീണ്ടും വിസ്തരിച്ചാണ് തെളിവെടുപ്പ്‌ നടത്തിയത്. ആർ.എസ്‌.എസിന് ഗാന്ധിവധവുമായി ബന്ധമില്ലെന്ന് അർഥശങ്കയില്ലാതെ കപൂർ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിനോയ് വിശ്വത്തിന്റെ ലേഖനം കൗതുകമുണർത്തി. മഹാത്മാ ഗാന്ധി മഹാത്മാവല്ല, വാർധയിലെ കള്ളദൈവമാണെന്നും ഇന്ത്യയെ മാന്തിപുണ്ണാക്കിയ കുരുടൻ മിശിഹയാണെന്നും വിളിച്ചു പരിഹസിച്ചവരാണ് കമ്യൂണിസ്റ്റുകാർ. 1942- ൽ ക്വിറ്റ് ഇന്ത്യ സമരത്തെ പിന്നിൽനിന്നു കുത്തിയശേഷം നെഹ്രുവും ഗാന്ധിജിയും തമ്മിൽ ആശയസംഘർഷം ഉണ്ടാക്കി ഗാന്ധിയൻസമരത്തെ ദുർബലപ്പെടുത്താൻ അവർ ശ്രമിച്ചു. ഉപ്പ്‌ നികുതി പിൻവലിക്കാൻ ഗാന്ധിജി നടത്തിയ സമരം വിലകുറഞ്ഞ വിലപേശൽ മാത്രമായിരുന്നുവെന്ന് കമ്യൂണിസ്റ്റുകാർ പരിഹസിച്ചത് ബിനോയ്‌ വിശ്വത്തിന് ഓർമയില്ലെങ്കിൽ ബി.ടി. രെണദി​െവയുടെ ‘നെഹ്രു ഒരു വിലയിരുത്തൽ’ എന്ന ചിന്ത പബ്ലിക്കേഷന്റെ പുസ്തകം പരിശോധിച്ചാൽ മനസ്സിലാകും. മാർഗം ലക്ഷ്യത്തെ സാധൂകരിക്കില്ല എന്ന ഒറ്റവാക്കിലൂടെയാണ് കമ്യൂണിസ്റ്റ് വിപ്ലവസിദ്ധാന്തത്തെ ഗാന്ധിജി എതിർത്തത്. ഗാന്ധിശിഷ്യന്മാരിൽ ഒരാൾ പോലും കമ്യൂണിസത്തിൽ ആകൃഷ്ടരാകുകയോ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച കാലത്ത് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നത് കമ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റർജിയുടെ അച്ഛൻ നിർമൽ ചാറ്റർജിയായിരുന്നു. നിർമൽ ചാറ്റർജി ഗോഡ്‌സെയെ എതിർത്തിട്ടില്ലെന്ന് മാത്രമല്ല, നിർമൽ ചാറ്റർജിയെ സ്വതന്ത്ര എം.പി.യാക്കി വിജയിപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. 

ഗാന്ധിജി ഇന്ത്യയുടെ പൊതുസ്വത്ത്

ഗാന്ധിജി ഇന്ത്യയുടെ പൊതുസ്വത്താണ്. ഗാന്ധിജിയുടെ പൈതൃകം എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. അത് ഏതെങ്കിലും ഒരു സംഘടനയുടെയോ ചില ആളുകളുടെയോ സ്വന്തമല്ല. ഗാന്ധിയൻ ആദർശങ്ങൾ ഇന്ത്യൻ ജനതയുടെ ഹൃദയവികാരമാണ്. കാപട്യം ജനങ്ങൾ പെട്ടെന്ന് തിരിച്ചറിയും. ഗാന്ധിജി പണ്ടുതന്നെ തിരിച്ചറിഞ്ഞിരുന്നു.  ആർ.എസ്‌.എസ്‌.  ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളും. തള്ളേണ്ടതിനെ തള്ളും.   
ഗാന്ധിജിയുടെ 150-ാം ജന്മവർഷത്തിൽ വിദ്വേഷവും അകൽച്ചയും മാറ്റി ഗാന്ധിജിയുമായി താദാത്‌മ്യം പ്രാപിക്കാൻ ആര് ശ്രമിച്ചാലും അത് സ്വാഗതാർഹമാണെന്ന് പറയാൻ നമുക്ക് കഴിയണം. 

 (ബി.ജെ.പി. സംസ്ഥാന വക്താവാണ്‌ ലേഖകൻ)