: മഹാകവി ടാഗോർ മന്ദ്രഗംഭീരസ്വരത്തിൽ ഇങ്ങനെ പാടി, ‘‘ഒറ്റയ്ക്കു പോകൂ, ഒറ്റയ്ക്ക്‌, ആരും വരാനില്ല കൂടെ-ഹേ, ഭാഗ്യഹീനനായ മനുഷ്യാ, ഒറ്റയ്ക്കു നടക്കുക. അവരെല്ലാം പേടിച്ച്‌ ചുവരിൽ മുഖമമർത്തി ചൂളിക്കൂടിയിരിക്കുകയാണ്‌. ആരുംവരികയില്ലാ ആ മുള്ളുനിറഞ്ഞ വഴിയിലൂടെ നടക്കാൻ. ഒറ്റയ്ക്കുപോകൂ. ആ വഴിയിലെങ്ങും നിന്റെ പാദങ്ങളുടെ ചോരപ്പാടുകൾ പതിഞ്ഞുകിടക്കും, ഒറ്റയ്ക്കു നടക്കുന്നവനേ, അവർ രാത്രിയിൽ വാതിലെല്ലാം അടച്ചുകളയും. വിളക്കുകൾ കെടുത്തിക്കളയും. ഇരുട്ടാണ്‌, ശൂന്യതയാണ്‌, ഭാഗ്യംകെട്ട മനുഷ്യാ, നിന്റെ ഉൾച്ചൂടിന്റെ തീമിന്നൽവെളിച്ചത്തിൽ ഒറ്റയ്ക്ക്‌ നടന്നുപോകൂ’’.
ഇതിനപ്പുറം എന്തുണ്ടുപറയാൻ ഗാന്ധിജി നടന്ന ക്ലിഷ്ടമാർഗത്തെപ്പറ്റി? പിന്നോട്ടു പിന്നോട്ടു നോക്കിയാൽ ഇതിലപ്പുറം എന്തുണ്ടുപറയാൻ ക്രിസ്തുമാർഗത്തെപ്പറ്റി? ഓരോ വിശ്വഗുരുവും തനിച്ചായിരുന്നു. ഏതു ജനമഹാസാഗരത്തിലും അവർ ഏകാന്തതയിലായിരുന്നു; ദുഃഖിതർ, നിർഭയർ, കഷ്ടപ്പാടിലും ത്യാഗത്തിലും മനംതളരാത്തവർ, ഈശ്വരനിൽ സർവവും സമർപ്പിച്ചവർ, നിത്യതപസ്വികൾ. അവരുടെ തീക്ഷ്ണദൃഷ്ടികൾ വർത്തമാനകാലത്തെ വ്യഥയോടെ വീക്ഷിച്ചു; ഭാവികാലത്തേക്ക്‌ ആശങ്കയോടെ നീണ്ടുചെന്നു. അവർ പറഞ്ഞു: ‘അരുത്‌, വിദ്വേഷമരുത്‌, സ്നേഹമാകട്ടേ നിങ്ങളുടെ മാർഗം’. ഗാന്ധിജി പറഞ്ഞു: ‘‘അരുത്‌, ഹിംസ അരുത്‌, പ്രവൃത്തിയിൽ മാത്രമല്ല വാക്കിലും ചിന്തയിലും അഹിംസ പാലിക്കുവിൻ. അരുത്‌, വർഗീയത അരുത്‌, ജാതിചിന്ത അരുത്‌, എല്ലാവരും ഈശ്വരന്റെ സന്താനങ്ങളാണ്‌. ഏതുകർമവും ഫലേച്ഛകൂടാതെ ചെയ്യുക. ഈശ്വരൻ സത്യമാണ്‌. സത്യമത്രെ ഈശ്വരൻ’’.
ബാപ്പുജി, ഇങ്ങനെയൊക്കെ പറഞ്ഞുതരുന്ന ഒരാളെ ഞങ്ങൾ,  മേമണിന്റെ (ധനദുർദേവത) സേവകർ, എങ്ങനെയാണ്‌ സർവാത്മനാ സ്വീകരിക്കുക? സ്വീകരിക്കാതിരിക്കാനുമാവില്ലല്ലോ. അതിബുദ്ധിമാൻമാരായ ഞങ്ങൾ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു മാർഗം കണ്ടെത്തി. നിഷ്കളങ്കമായി ചിരിക്കുന്ന രാഷ്ട്രപിതാവിന്റെ മുഖം ഞങ്ങളുടെ നോട്ടുകെട്ടുകളിലെ ചിഹ്നമാക്കിത്തീർത്തു! ഹാ! എത്ര എളുപ്പത്തിൽ നാം ആ സങ്കീർണപ്രശ്നം പരിഹരിച്ച്‌ ഗാന്ധിജിയെ ആദരിച്ചു.
ബാപ്പുജി, ഞങ്ങളറിയുന്നു ഗോഡ്‌സെയുടെ വെടിയുണ്ടകളാൽ ആ വിരിമാറിടം പിളരുന്നതിന്‌ മുൻപുതന്നെ ഭാരതത്തെ വെട്ടിപ്പിളർന്നത്‌ കാണേണ്ടിവന്നപ്പോൾ ‘ഈശ്വര്‌ അള്ളാ തേരേ നാം’ എന്ന്‌ നിരന്തരമായി പാടിപ്പഠിപ്പിച്ച, അഹിംസാമന്ത്രം നിത്യവും ഓതിക്കൊടുത്ത, ലക്ഷക്കണക്കിന്‌ മക്കൾ തമ്മിൽ വെട്ടിയും കുത്തിയും തീവെച്ചും പിടഞ്ഞുചാവുന്നത്‌ കാണേണ്ടിവന്നപ്പോൾതന്നെ ആ ധീരഹൃദയം തകർന്നുപോയി എന്ന്‌. 
ഗുരോ, ഈ 150-ാം സ്മൃതിദിനത്തിൽ ഞങ്ങൾ ആ പ്രിയപ്പെട്ട പാദങ്ങളിൽ ശിരസ്സണയ്ക്കുന്നു, മാപ്പുചോദിക്കുന്നു. അങ്ങു പഠിപ്പിച്ചതൊന്നും ഞങ്ങൾ പഠിച്ചില്ല. ഓരോ പദ്ധതി ആവിഷ്കരിക്കുന്നതിനും മുമ്പ്‌ ഭാരതത്തിലെ പരമദരിദ്ര കർഷകന്റെ പരിക്ഷീണിത മുഖം മുന്നിലേക്ക്‌ ആവാഹിച്ചുവരുത്തിയില്ല, എളിമയെ സ്വീകരിച്ചില്ല. വർഗീയത ഞങ്ങൾക്കു ശക്തിയായി, ഹരിജനങ്ങൾ എന്ന നാമം ഞങ്ങൾക്കു നിഷിദ്ധമായി. ഓരോ നഗരവും ഞങ്ങൾക്ക്‌ വൻ കമ്പോളമായി.
ബാപ്പു, ഇങ്ങനെയുള്ള ഞങ്ങൾക്കുവേണ്ടി കഠിനഭാരം ചുമന്ന്‌ ചോരപുരണ്ട പാദങ്ങളുമായി ഏറെയേറെ ദൂരങ്ങൾ നടന്നവനേ, ആരോപണങ്ങളും നിന്ദയും അവഗണനയും ഇന്നും ഏറ്റുവാങ്ങുന്നവനേ, ഞങ്ങൾക്കുവേണ്ടി കുരിശേറി ചോരചിന്തി വീണവനേ, കഠിനമായ ആക്രോശങ്ങൾക്കും ആർത്തനാദങ്ങൾക്കും വെടിയൊച്ചകൾക്കുമിടയിൽ ‘ഹേ റാം’ എന്നൊരു ശാന്തിമന്ത്രം ആരോ പതുക്കെ തീരെപ്പതുക്കെ ഉരുവിടുന്നു. ബാപ്പു, ആകുലമായ കുറെ ഹൃദയങ്ങൾ ഇന്നും ആ പുണ്യശബ്ദങ്ങൾ ആദരത്തോടെ ഏറ്റുവാങ്ങുന്നു- കണ്ണീരോടെ നമസ്കരിക്കുന്നു.