അഹിംസാമാർഗത്തിലൂന്നിയുള്ള സമരസങ്കല്പങ്ങൾ ഗാന്ധിജിയുടെ മനസ്സിലേക്കെത്തിക്കുന്നതിൽ ലിയോ ടോൾസ്റ്റോയിക്ക് വലിയ പങ്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും കാഴ്ചപ്പാടുകളും ‘ദൈവരാജ്യം നിങ്ങളിൽത്തന്നെ’ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഗാന്ധിജിയെ സ്വാധീനിച്ചു. എല്ലാത്തിനും തുടക്കം ഒരു കത്തിൽനിന്നായിരുന്നു. 1908 ഡിസംബർ 14-ന് ടോൾസ്റ്റോയി താരകാനാഥ് ദാസിനെഴുതിയ കത്ത്.  ‘ഹിന്ദുവിന് ഒരു കത്ത്’ എന്നായിരുന്നു അതിന്റെ പേര്. ബംഗാളി വിപ്ലവകാരിയും ബുദ്ധിജീവിയുമായ ദാസ് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നുള്ള വിടുതലിനായി ആചാര്യനായ ടോൾസ്റ്റോയിക്കെഴുതിയ രണ്ടുകത്തിനുള്ള മറുപടിയായിരുന്നു അത്‌. കത്ത് ‘ഫ്രീ ഹിന്ദുസ്ഥാൻ’ എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. സ്നേഹത്തിന്റെ വഴിയിലൂടെമാത്രമേ ഇന്ത്യക്ക്‌ സ്വതന്ത്രയാവാൻ പറ്റൂ എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഇത് യുവാവായ ഗാന്ധിയിൽ വലിയ ചലനങ്ങളുണ്ടാക്കി. താൻ ദക്ഷിണാഫ്രിക്കയിൽ നടത്തുന്ന  ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രത്തിൽ ഈ കത്ത് പ്രസിദ്ധീകരിക്കാൻ അനുവാദമാവശ്യപ്പെട്ട്‌ അദ്ദേഹം ടോൾസ്റ്റോയിക്ക് എഴുതി.  ടോൾസ്റ്റോയിയുടെ ദീർഘമായ കത്തിൽ സ്വാമി വിവേകാനന്ദനെയും ശ്രീകൃഷ്ണനെയുംപറ്റി  പരാമർശങ്ങളുണ്ടായിരുന്നു. തമിഴ്‌ സംഗസംസ്കാരത്തിൽ പിറവികൊണ്ട തിരുക്കുറലിനെപ്പറ്റി ആ  കത്തിലൂടെയാണ് ഗാന്ധിജി അറിയുന്നത്.
1910-ൽ തന്റെ ഹോം റൂൾ എന്ന പുസ്തകം ലിേയാ ടോൾസ്റ്റോയിക്ക്‌ ഗാന്ധിജി അയച്ചുകൊടുത്തു. അതുസംബന്ധിച്ച കത്തും  ടോൾസ്റ്റോയിയുടെ മറുപടിയും
****
കൗണ്ട് ലിയോ ടോൾസ്റ്റോയ്‌
യാസ്‌നയ പോല്യാന, റഷ്യ

പ്രിയപ്പെട്ട സർ,
ലണ്ടനിലായിരിക്കുമ്പോൾ ഞാൻ നടത്തിയ കത്തിടപാടുകൾ ഓർമയിലുണ്ടാവുമെന്ന്‌ കരുതട്ടെ.  അങ്ങയുെട എളിയ ശിഷ്യനെന്ന നിലയിൽ, ഞാനെഴുതിയ ഒരു ചെറിയ പുസ്തകം ഇതോടൊപ്പം സമർപ്പിക്കുകയാണ്. എന്റെ മാതൃഭാഷയായ ഗുജറാത്തിയിൽനിന്ന് ഞാൻതന്നെ പരിഭാഷപ്പെടുത്തിയതാണിത്. യാഥാർഥ പ്രതി ഇന്ത്യൻ സർക്കാർ കണ്ടുകെട്ടിയിരിക്കയാണ്. അതിനാൽ തിരക്കിട്ടുചെയ്ത പരിഭാഷയാണിത്.
അങ്ങേക്ക് ഒട്ടും ബുദ്ധിമുട്ടാവില്ലെങ്കിൽ, അങ്ങയുടെ ആരോഗ്യം അനുവദിക്കുമെങ്കിൽ, സമയമുണ്ടാവുമെങ്കിൽ അങ്ങ് ഇത് വായിച്ചുനോക്കി അഭിപ്രായം പറഞ്ഞാൽ ഞാൻ കൃതാർഥനായേനെ.
ഇതോടൊപ്പം എനിക്ക്  പുനഃപ്രസിദ്ധീകരിക്കാൻ അങ്ങ് അനുവാദംതന്ന കത്ത് ‘എ ലെറ്റർ ടു ഹിന്ദു’വിന്റെ  ചില കോപ്പികളും അയക്കുന്നു. ഞാനത് ഇന്ത്യൻ ഭാഷകളിലൊന്നായ ഗുജറാത്തിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുമുണ്ട്.

എന്നും അങ്ങയുടെ വിനീതവിധേയൻ 
എം.കെ. ഗാന്ധി ജോഹന്നാസ്ബർഗ്. 
4 ഏപ്രിൽ 1910
****
യാസ്‌നയ പോല്യാന, 8 മേയ്, 1910

പ്രിയ സുഹൃത്തേ
താങ്കളുെട കത്തും  താങ്കളുടെ ‘ഇന്ത്യൻ ഹോം റൂൾ’ എന്ന പുസ്തകവും ഇന്നുകിട്ടി. വലിയ താത്‌പര്യത്തോടെയാണ് ഞാനത് വായിച്ചത്. താങ്കളതിൽ ഉന്നയിച്ച അഹിംസാത്മകമായ പ്രതിരോധം എന്ന ചോദ്യം അതിപ്രാധാന്യമർഹിക്കുന്ന ഒന്നാണ്; ഇന്ത്യക്കുമാത്രമല്ല ലോകത്തിനുതന്നെയും.
 താങ്കൾ ലണ്ടനിൽനിന്ന്‌ എനിക്കയച്ച കത്തുകൾ കാണാൻപറ്റിയിട്ടില്ല, പക്ഷേ, ജെ. ദാസ് എഴുതിയ താങ്കളുടെ ജീവചരിത്രക്കുറിപ്പ് എനിക്ക്  താത്‌പര്യപൂർവം വായിക്കാൻ പറ്റി. അത് താങ്കളെക്കുറിച്ചും താങ്കളുടെ കത്തുകളെക്കുറിച്ചും അറിയാൻ കൂടുതൽ സഹായിച്ചു. എനിക്കിപ്പോൾ അത്ര സുഖമില്ലാത്തതിനാൽ ദീർഘിപ്പിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ പ്രവൃത്തിയെയും നിങ്ങളുടെ പുസ്തകത്തെയും ഞാൻ ഏറെ മാനിക്കുന്നു. സുഖമാവുമ്പോൾ തീർച്ചയായും കൂടുതൽ എഴുതാം.
താങ്കളുടെ സുഹൃത്തും സഹോദരനും
ലിയോ ടോൾസ്റ്റോയ്‌