മഹാത്മ ചൂണ്ടിക്കാണിച്ച പെട്ടിമേൽ ഞാനിരുന്നു. മുട്ടുവരെയെത്തുന്ന അദ്ദേഹത്തിന്റെ മുണ്ടിലായിരുന്നു എന്റെ ശ്രദ്ധ. ഗാന്ധിജി പറഞ്ഞുതുടങ്ങി
“ഞങ്ങളുടെ വളർച്ച വളരെ പതിയെയാണ്. എന്നാൽ, ഞങ്ങളുടെ പ്രവൃത്തി അടുത്തകാലത്താണ് തുടങ്ങിയിട്ടുള്ളതെന്നും നിങ്ങളോർമിക്കണം. വിശ്വാസം മാത്രം കൈമുതലാക്കിയാണ് ഞങ്ങളാരംഭിച്ചത്. വിശ്വാസം മാത്രം!. ഇന്ന് അറിവുകൂടി ചേർക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ മൂന്നാമത്തെ ഘടകമായി പണം കൂടി ചേർക്കാം. ഈ അഭിമുഖം എഴുതുമ്പോൾ കിട്ടുന്ന പണത്തിൽ ഒരു ഭാഗം ഞങ്ങൾക്കു നൽകൂ”- വിഖ്യാതമായ പല്ലില്ലാത്ത, മോണകാട്ടിയുള്ള ചിരിയോടെ ഗാന്ധിജി പറഞ്ഞു. വിശ്വാസവും അറിവും കൊണ്ട് മാത്രം കാര്യങ്ങൾ സാധ്യമാകുമോയെന്നാണോ താങ്കൾ ചിന്തിക്കുന്നതെന്ന ചോദ്യത്തിന് വിശ്വാസത്തിനും അറിവിനുമൊപ്പം മൂലധനവും വേണമെന്നായിരുന്നു മറുപടി. ഗാന്ധിജിയുമായുള്ള അഭിമുഖത്തിനായി പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് സംഘടിപ്പിക്കണമെന്ന് ലണ്ടനിലെ യുണൈറ്റഡ് പ്രസ് മേധാവി വെബ് മില്ലർ എന്നെ ചട്ടംകെട്ടിയിരുന്നു, അതിനായി വാർധയിൽനിന്ന് ഒരണ കൊടുത്ത് വാങ്ങിയ ഒരു വെള്ളപ്പേപ്പറും ഞാൻ കരുതിയിരുന്നു. 20 മിനിറ്റ് നീണ്ട സംസാരത്തിനുശേഷം ആ പേപ്പറിൽ ഒപ്പിട്ടു നൽകാമോയെന്ന് ഞാൻ ഗാന്ധിജിയോടു ചോദിച്ചു. ജീവിതത്തിൽ ആദ്യവും അവസാനവുമായി ഞാൻ ഒരാളോട് ഓട്ടോഗ്രാഫ് ചോദിച്ച മുഹൂർത്തമായിരുന്നു അത്. എന്നാൽ, നിഷേധമായിരുന്നു മറുപടി. നാണത്തോടെ ഇല്ലെന്ന് തലയാട്ടി. ഇതിലും എന്നെ പ്രലോഭിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് പേപ്പർ തിരികെനീട്ടി. അതോടെ വീണ്ടും ദൃഢമായൊരു ഹസ്തദാനം നൽകി ഗാന്ധിയോട് ഞാൻ യാത്രപറഞ്ഞിറങ്ങി.