ലോകപ്രസിദ്ധ യോഗിയായ പരമഹംസയോഗാനന്ദന്‍ വാര്‍ധയിലെ ആശ്രമത്തില്‍വെച്ചാണ് ഗാന്ധിയെ കണ്ടത്. അവിടെ താമസിച്ച ദിനങ്ങളില്‍ അതീവ ലാളിത്യമുള്ള ഒരു മനുഷ്യനുമായാണ്അദ്ദേഹം ഇടപെട്ടത്. അത്രതന്നെ ലളിതമായ ആശ്രമ ജീവിതവും ഈ കുറിപ്പില്‍ തെളിഞ്ഞുകാണാം


'വാര്‍ധയിലേക്ക് സ്വാഗതം'! ഹൃദയംഗമമായ ഈ പദങ്ങള്‍കൊണ്ടും ഖദര്‍ഹാരങ്ങള്‍ സമ്മാനിച്ചുകൊണ്ടും മഹാത്മാഗാന്ധിയുടെ സെക്രട്ടറി മാധവ് ദേശായി മിസ് ബ്ലെട്ചിനെയും മിസ്റ്റര്‍ റൈറ്റിനെയും എന്നെയും എതിരേറ്റു. ട്രെയിനിലെ പൊടിയും ചൂടും വിട്ടൊഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരായി. ഓഗസ്റ്റിലെ ഒരു വെളുപ്പാന്‍കാലത്ത് ഞങ്ങളുടെ ചെറുസംഘം വര്‍ധാസ്റ്റേഷനില്‍ അപ്പോള്‍ വന്നിറങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ സാധനങ്ങള്‍ ഒരു കാളവണ്ടിയില്‍ കയറ്റിയയച്ചിട്ട് ദേശായിയോടും അദ്ദേഹത്തിന്റെ സഹചാരികളായ ബാബാസാഹബ് ദേശ്മുഖിനോടും  ഡോ. പിംഗളെയോടുമൊപ്പം ഞങ്ങള്‍ ഒരു തുറന്ന മോട്ടോര്‍ക്കാറില്‍ കയറി. ചെളിപുരണ്ട നാട്ടുവഴികളിലൂടെയുള്ള ഒരു ഹ്രസ്വസവാരി ഞങ്ങളെ ഇന്ത്യയുടെ രാഷ്ട്രീയസാധുവിന്റെ ആശ്രമമായ മഗന്‍വാഡിയിലെത്തിച്ചു.

ദേശായി ഉടന്‍തന്നെ ഞങ്ങളെ എഴുത്തുമുറിയിലേക്ക് നയിച്ചു. അവിടെ മഹാത്മാഗാന്ധി ചമ്രംപടിഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഒരു കൈയില്‍ പേന. മറ്റേകൈയില്‍ കടലാസുതുണ്ടുകള്‍. മുഖത്ത് വിശാലവും ആകര്‍ഷകവും സ്‌നേഹോഷ്മളവുമായ മന്ദഹാസം.'സ്വാഗതം'! അദ്ദേഹം ഹിന്ദിയില്‍ എഴുതി. അന്ന് തിങ്കളാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിവാര മൗനാചരണദിനം. അത് ഞങ്ങളുടെ ആദ്യ സമാഗമമായിരുന്നുവെങ്കിലും ഞങ്ങള്‍ അന്യോന്യം സ്‌നേഹപൂര്‍വം പുഞ്ചിരിച്ചു. 1925-ല്‍ മഹാത്മാഗാന്ധി ഒരു സന്ദര്‍ശനത്താല്‍ റാഞ്ചി സ്‌കൂളിന് യശസ്സേകിയിരുന്നു. അദ്ദേഹം അവിടത്തെ സന്ദര്‍ശക പുസ്തകത്തില്‍ ആദരപൂര്‍വം സ്‌കുതിവാക്യങ്ങള്‍ കുറിക്കുകയും ചെയ്തു. 'ആശ്രമവാസികളെല്ലാവരും നിങ്ങളുടെ സഹായത്തിന് സജ്ജരാണ്. ഏതു സേവനത്തിനും അവരെ ദയവായി വിളിച്ചുകൊള്ളൂ'. എഴുത്തുമുറിയില്‍നിന്നും അതിഥിമന്ദിരത്തിലേക്ക് ദേശായി ഞങ്ങളെ നയിക്കുമ്പോള്‍ ധൃതിവെച്ചെഴുതിയ ഈ കുറിപ്പ് മഹാത്മ എനിക്ക് കൈമാറി.

ഫലോദ്യാനങ്ങളിലൂടെയും പുഷ്പസമൃദ്ധമായ വിളഭൂമികളിലൂടെയും വഴികാട്ടി ജാലകവാതിലുകളുള്ള ഒരു ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മുന്നിലെ മുറ്റത്ത് ഇരുപത്തിയഞ്ചടി വിസ്താരമുള്ള ഒരു ജലാശയം കന്നുകാലികളെ കുളിപ്പിക്കാനുപയോഗിക്കുന്നതാണെന്ന് ദേശായി പറഞ്ഞു. നെല്ല് മെതിക്കാനുള്ള ഒരു തിരിയുന്ന സിമന്റ് ചക്രം തൊട്ടടുത്തായി കുത്തനെ വെച്ചിരുന്നു. ഞങ്ങുടെ ഓരോ കിടപ്പുമുറിയും ചുരുക്കിക്കൂടാനാവാത്തത്ര കുറച്ചുകാര്യങ്ങള്‍ -കൈകൊണ്ടുണ്ടാക്കിയ ഒരു കയറ്റുകട്ടില്‍-മാത്രമടങ്ങുന്നതാണെന്ന് തെളിയിച്ചു. വെള്ളപൂശിയ അടുക്കളയ്ക്ക് അഭിമാനിക്കാനായി ഒരു മൂലയില്‍ ഒരു വീപ്പക്കുഴലും പാചകം ചെയ്യാനായി ഒരു അടുപ്പ് മറ്റൊരു മൂലയിലും ഉണ്ടായിരുന്നു. ലളിതമായ ഗ്രാമ്യശബ്ദങ്ങള്‍ ഞങ്ങളുടെ കാതുകളില്‍ പതിച്ചു. കാക്കകളുടെയും കുരുവികളുടെയും കരച്ചില്‍, കന്നുകാലികളുടെ അമറല്‍, കല്ലുചെത്താന്‍ ഉപയോഗിക്കുന്ന ഉളിയിലെ തട്ടും മുട്ടും...

രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെയും കൂട്ടുകാരെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തന്റെ പഠനമുറിയില്‍നിന്നുമിറങ്ങി മുറ്റം മുറിച്ചുകടന്ന് ആശ്രമവരാന്തയിലെ കമാനത്തിന്‍ചുവട്ടില്‍ മഹാത്മാ ഇതിനകംതന്നെ ഇരുന്നുകഴിഞ്ഞിരുന്നു. പിച്ചളകൊണ്ടുള്ള  കോപ്പകളുടെയും കിണ്ണങ്ങളുടെയും മുന്നില്‍ നഗ്‌നപാദരായ ഇരുപത്തിയഞ്ചോളം സത്യാഗ്രഹികള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു സമൂഹപ്രാര്‍ഥന, തുടര്‍ന്ന് വലിയ ഓട്ടുപാത്രങ്ങളില്‍ നെയ്യ് തളിച്ച ചപ്പാത്തിയും പച്ചക്കറികള്‍ വേവിച്ചരിഞ്ഞുണ്ടാക്കിയ തല്‍സരിയും നാരങ്ങാജാമും വിളമ്പി.

മഹാത്മാ ചപ്പാത്തിയും വേവിച്ച ബീറ്റ്റൂട്ടും വേവിക്കാത്ത കുറച്ച് പച്ചക്കറികളും ഓറഞ്ചും കഴിച്ചു. അദ്ദേഹത്തിന്റെ പിഞ്ഞാണത്തില്‍ ഒരു വശത്ത്, രക്തശുദ്ധിക്ക് പ്രസിദ്ധമായ, വേപ്പിലകളുടെ ഒരു കൂമ്പാരം കിടപ്പുണ്ട്. ഒരു തവികൊണ്ട് അതിലൊരുഭാഗം അടര്‍ത്തിമാറ്റിയിട്ട് അദ്ദേഹം എന്റെ പാത്രത്തിലിട്ടു. മരുന്നുകഴിക്കാന്‍ കൂട്ടാക്കാത്ത എന്നെ അമ്മ അത് വിഴുങ്ങാന്‍ നിര്‍ബന്ധിക്കുന്ന കുട്ടിക്കാലമോര്‍മിച്ചുകൊണ്ട്  ഞാന്‍ അവ ചവയ്ക്കാതെ വെള്ളവും ചേര്‍ത്തു വിഴുങ്ങി. ഗാന്ധി, വേപ്പിലയരച്ചത് അല്പാല്പമായി യാതൊരു അരുചിയും കൂടാതെ കഴിക്കുന്നുണ്ടായിരുന്നു.
ബാബാസാഹബ് ദേശ്മുഖിന്റെ അതിഥികളായി ഞങ്ങള്‍ മൂവര്‍സംഘം വൈകീട്ട് ആറുമണിക്ക് അത്താഴംകഴിച്ചു. ഏഴുമണിക്ക് പ്രാര്‍ഥനാവേളയായപ്പോഴേക്കും ഞങ്ങള്‍ മഗന്‍വാഡി ആശ്രമത്തിലെ മേല്‍പ്പുരയുടെ പടികയറിച്ചെല്ലുമ്പോള്‍ ഗാന്ധിക്കുചുറ്റും മുപ്പത് സത്യാഗ്രഹികള്‍ അര്‍ധവൃത്താകൃതിയില്‍ സംഘടിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പുല്‍പ്പായയില്‍ ഇരിക്കുന്നു; പുരാതനമായൊരു പോക്കറ്റ് വാച്ച് അദ്ദേഹത്തിന്റെമുന്നില്‍ ചാരിവെച്ചിരിക്കുന്നു. അസ്തമയസൂര്യന്‍ പനകള്‍ക്കും ആല്‍മരങ്ങള്‍ക്കും മുകളിലൂടെ അവസാനത്തെ രശ്മികള്‍ ചൊരിയുന്നുണ്ടായിരുന്നു; രാത്രിയുടെയും ചീവിടുകളുടെയും മൂളല്‍ശബ്ദങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തെളിഞ്ഞ സ്വച്ഛമായ അന്തരീക്ഷം; ഞാന്‍ ഹര്‍ഷോന്മത്തനായി. 

ദേശായിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ മന്ത്രാലാപനം; സംഘാംഗങ്ങളുടെ ഏറ്റുചൊല്ലല്‍, തുടര്‍ന്ന് ഗീതാപാരായണം. സമാപനപ്രാര്‍ഥന ചൊല്ലാന്‍ മഹാത്മ എന്നോട് ആഗ്യം കാട്ടി. ചിന്തയുടെയും ഉത്കര്‍ഷേച്ഛയുടെയും ദിവ്യമേളനം! ഒരു ശാശ്വതസ്മൃതി; സന്ധ്യയ്ക്കുദിച്ച നക്ഷത്രങ്ങള്‍ക്കുകീഴില്‍ വര്‍ധയിലെ മേല്‍പ്പുരധ്യാനം. കൃത്യം എട്ടുമണിയായപ്പോള്‍ ഗാന്ധി മൗനമവസാനിപ്പിച്ചു. തന്റെ സമയത്തെ സൂക്ഷ്മമായി വിഭജിക്കാന്‍ അദ്ദേഹത്തിന്റെ ഭഗീരഥയത്‌നങ്ങള്‍ ആവശ്യപ്പെടുന്നു. 

''സ്വാഗതം സ്വാമിജീ'', ഇത്തവണ മഹാത്മാവിന്റെ അഭിവാദ്യം കടലാസിലൂടെയായിരുന്നില്ല. മേല്‍പ്പുരയില്‍നിന്നും എഴുത്തുമുറിയിലേക്ക് ഞങ്ങള്‍ അപ്പോള്‍ ഇറങ്ങിവന്നതേയുള്ളൂ. ചതുരാകൃതിയിലുള്ള പായകള്‍ (കസേരകളില്ല), പുസ്തകങ്ങളും കടലാസുകളും ഏതാനും സാധാരണ പേനകളും (ഫൗണ്ടേന്‍ പേനകളില്ല) വെച്ചിട്ടുള്ള ഒരു ഉയരംകുറഞ്ഞ മേശ എന്നിവയാല്‍ ലളിതമായി സജ്ജീകരിച്ചതായിരുന്നു എഴുത്തുമുറി. സവിശേഷതകളൊന്നുമില്ലാത്ത ഒരു ക്ലോക്ക് മൂലയില്‍ ശബ്ദിച്ചുകൊണ്ടിരുന്നു. സ്വച്ഛന്ദതയുടെയും ഭക്തിയുടെയും സര്‍വവ്യാപിയായ ഒരു പരിവേഷമാണവിടെ. ഗാന്ധി തന്റെ വശ്യവും വിശാലവും പല്ലില്ലാത്തതുമായ പുഞ്ചിരികളിലൊന്ന് സമ്മാനിക്കുകയായിരുന്നു. 

''വര്‍ഷങ്ങള്‍ക്കുമുമ്പ്'', അദ്ദേഹം വിശദീകരിച്ചു, ''എന്റെ കത്തിടപാടുകള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നതിനുവേണ്ടി ആഴ്ചയിലൊരു ദിവസം മൗനവ്രതമനുഷ്ഠിക്കാന്‍ തുടങ്ങി. എന്നാലിപ്പോള്‍ ആ ഇരുപത്തിനാലു മണിക്കൂര്‍ മൗനവ്രതം എനിക്ക് ഒഴിവാക്കാനാവാത്ത ആത്മീയാവശ്യമായിത്തീര്‍ന്നിരിക്കുന്നു. മൗനത്തിന്റെ നിത്യമായ ശാസനം ഒരു പീഡനമല്ല, മറിച്ച് ഒരനുഗ്രഹമാണ്.'' 

ഞാന്‍ സര്‍വാത്മനാ യോജിച്ചു. മഹാത്മാ എന്നോട് അമേരിക്കയെയും യൂറോപ്പിനെയുംകുറിച്ച് അന്വേഷിച്ചു, ഇന്ത്യയെക്കുറിച്ചും ലോകാവസ്ഥയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്തു.
ദേശായി മുറിയിലേക്കു കടന്നുവന്നപ്പോള്‍ ഗാന്ധി പറഞ്ഞു: ''മഹാദേവ്, യോഗയെക്കുറിച്ച് നാളെ രാത്രി പ്രഭാഷണം നടത്തുന്നതിനായി ടൗണ്‍ഹാളില്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യൂ.''
മഹാത്മാവിന് ശുഭരാത്രിനേരാന്‍ ഞാന്‍ ഒരുങ്ങവേ, അദ്ദേഹം ശ്രദ്ധാപൂര്‍വം ഒരു കുപ്പി പുല്‍ത്തൈലം എനിക്കു വെച്ചുനീട്ടി.

''വര്‍ധയിലെ കൊതുകുകള്‍ക്ക് അഹിംസയെക്കുറിച്ച് ഒരു വസ്തുവുമറിഞ്ഞുകൂടാ സ്വാമിജീ,'' -അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

***  ***  ***
പിറ്റേദിവസം രാവിലെ ഞങ്ങള്‍ പതിവിലും നേരത്തേ പ്രാതല്‍ കഴിച്ചു -തവിടുകളയാത്ത ഗോതമ്പുകൊണ്ടുണ്ടാക്കിയ കഞ്ഞിയും പതിയന്‍ ശര്‍ക്കരയും പാലും. പത്തരയായപ്പോള്‍ ഗാന്ധിയോടും സത്യാഗ്രഹികളോടുമൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ആശ്രമവരാന്തയിലേക്കു ക്ഷണിക്കപ്പെട്ടു. തവിടുകളയാത്ത അരിയുടെ ചോറ്, പ്രത്യേകം തിരഞ്ഞെടുത്ത പച്ചക്കറികള്‍, ഏലക്കായ എന്നിവയാണ് ഇന്ന് വിഭവങ്ങള്‍. 

ഉച്ചയ്ക്ക് ഞാന്‍ ആശ്രമമൈതാനത്തിലൂടെ, ശാന്തരായ ഏതാനും പശുക്കളുടെ മേച്ചില്‍പ്പറമ്പില്‍  ഉലാത്തി. ഗോസംരക്ഷണം ഗാന്ധിക്ക് വലിയ ആവേശമായിരുന്നു. 
അതിഥിമന്ദിരത്തിലേക്കു തിരികെപ്പോകവേ, ശുദ്ധലാളിത്യവും ആത്മത്യാഗത്തിന്റെ സാക്ഷ്യങ്ങളും സകലയിടത്തും സന്നിഹിതമായിരിക്കുന്നതുകണ്ട് ഞാന്‍ വീണ്ടും ഇളകാതെ നിന്നുപോയി. അപരിഗ്രഹമെന്ന ഗാന്ധിയുടെ നിഷ്ഠ അദ്ദേഹത്തിന്റെ വിവാഹജീവിതത്തില്‍ നേരത്തേതന്നെ വന്നുകഴിഞ്ഞിരുന്നു. അറുപതിനായിരം രൂപയിലേറെ വാര്‍ഷികവരുമാനം നേടിക്കൊടുത്തിരുന്ന വിപുലമായ അഭിഭാഷകവൃത്തി വേണ്ടെന്നുവെച്ചുകൊണ്ട് മഹാത്മാ തന്റെ സകലസ്വത്തും പാവങ്ങള്‍ക്ക് വിതരണം ചെയ്തു. 

സ്വന്തം പത്‌നിയില്‍നിന്നും ഒരു നിതാന്തശിഷ്യയെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച-അത്യപൂര്‍വമായ അദ്ഭുതം! ദിവ്യാത്മാവിന്റെ എഴുത്തുമുറിയിലേക്ക് മുന്‍നിശ്ചയപ്രകാരം അന്നുച്ചകഴിഞ്ഞ് മൂന്നുമണിയായപ്പോള്‍ ഞാന്‍ തനിയേ പോയി. മറക്കാനാവാത്ത ചിരിയോടെ ഗാന്ധി മുകളിലേക്കു നോക്കി. 
''മഹാത്മജീ'', അദ്ദേഹത്തിന്റെ സമീപത്തായി മെത്തയില്ലാത്തൊരു പായയില്‍ പടിഞ്ഞിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു: ''അഹിംസയെക്കുറിച്ചുള്ള അങ്ങയുടെ നിര്‍വചനം ദയവായി പറഞ്ഞുതരൂ.''

''ഏതൊരു ജീവിയോടും ചിന്തയിലൂടെയോ, പ്രവൃത്തിയിലൂടെയോ ഉള്ള ദ്രോഹത്തിന്റെ വര്‍ജനം''.
''മനോഹരമായ സങ്കല്പം! പക്ഷേ, സ്വന്തം കുട്ടിയെ രക്ഷിക്കാനോ അല്ലെങ്കില്‍ സ്വയം രക്ഷപ്പെടാനോ ഒരാള്‍ക്ക് ഒരു മൂര്‍ഖന്‍പാമ്പിനെ കൊല്ലാന്‍ പാടില്ലേ എന്ന് മാലോകര്‍ എപ്പോഴും ചോദിക്കും.''

''നിര്‍ഭയത്വം, അഹിംസ എന്നീ രണ്ടു പ്രതിജ്ഞകള്‍ ലംഘിക്കാതെ എനിക്ക് ഒരു മൂര്‍ഖന്‍പാമ്പിനെ കൊല്ലാന്‍ കഴിയില്ല. നേരെമറിച്ച്, സ്‌നേഹസ്പന്ദനങ്ങള്‍കൊണ്ട് ഞാന്‍ മനസ്സില്‍ രഹസ്യമായി അതിനെ ശാന്തമാക്കാന്‍ ശ്രമിച്ചെന്നിരിക്കും. എന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമാകുംമട്ടില്‍ ഞാന്‍ ധാര്‍മികനിലവാരം താഴ്ത്താന്‍ സാധ്യതയില്ല.'' തന്റെ വിസ്മയജനകമായ ആര്‍ജവത്തോടെ ഗാന്ധി കൂട്ടിച്ചേര്‍ത്തു: ''ഞാനൊരു മൂര്‍ഖന്‍പാമ്പിനെ നേരിടുകയായിരുന്നെങ്കില്‍ ഈ സംഭാഷണം സ്ഥിരചിത്തതയോടെ തുടരാന്‍ എനിക്കും കഴിയില്ലെന്ന് ഞാന്‍ തീര്‍ച്ചയായും ഏറ്റുപറയേണ്ടതാണ്.''
ലാഹിരി മഹാശയന്റെ ക്രിയായോഗ സ്വായത്തമാക്കിയാല്‍ കൊള്ളാമെന്നൊരാഗ്രഹം തലേദിവസം രാത്രിയില്‍ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. മഹാത്മാവിന്റെ മുന്‍വിധിയില്ലാത്ത തുറന്ന മനഃസ്ഥിതിയും അന്വേഷണമനോഭാവവും എന്നെ സ്പര്‍ശിച്ചു. 'സ്വര്‍ഗരാജ്യം അങ്ങനെയുള്ളവരുടേതാണ്' എന്ന് കുട്ടികളില്‍ കണ്ട് യേശു പ്രശംസിച്ച ആ ഗ്രഹണക്ഷമത വെളിവാക്കിക്കൊണ്ട് അദ്ദേഹം തന്റെ ഈശ്വരാന്വേഷണത്തില്‍ ശിശുതുല്യനാവുന്നു.

എനിക്ക് നിര്‍ദേശിക്കപ്പെട്ട സമയമായിരിക്കുന്നു; ഒട്ടേറെ സത്യാഗ്രഹികള്‍ ഇപ്പോള്‍ മുറിയില്‍ പ്രവേശിച്ചു-ദേശായി, ഡോ. പിംഗളെ, ക്രിയായോഗവിദ്യ പഠിക്കാന്‍ താത്പര്യമുള്ള മറ്റു ചിലരും. കായികമായ യോഗവ്യായാമങ്ങളെക്കുറിച്ച് ഞാന്‍ ആദ്യം ഒരു ചെറിയ പ്രഭാഷണം നടത്തി. ശരീരത്തെ ഭാവനയില്‍ ചിത്രീകരിച്ച് ഇരുപത് ഭാഗങ്ങളായി വിഭജിച്ചു; ഈ ഓരോ ഭാഗത്തേക്കും മാറിമാറി ഊര്‍ജത്തെ നിയോഗിക്കും. പെട്ടെന്ന് ഏവരും ഒരു മനുഷ്യയന്ത്രത്തെപ്പോലെ എന്റെ മുന്നില്‍ വിറയ്ക്കാന്‍ തുടങ്ങി. മിക്കപ്പോഴും പൂര്‍ണമായി പ്രകടമാകുന്നവിധത്തില്‍ ഗാന്ധിയുടെ ഇരുപത് ശരീരഭാഗങ്ങളിലും അതിന്റെ അലയൊലികള്‍ നിരീക്ഷിക്കുക എളുപ്പമായിരുന്നു. വളരെ മെലിഞ്ഞതാണെങ്കിലും അദ്ദേഹം ഉത്സാഹരഹിതനായിരുന്നില്ല;  അദ്ദേഹത്തിന്റെ ചര്‍മം മിനുത്തതും ചുളിവുവീഴാത്തതുമായിരുന്നു. പിന്നീട്, ഈ സംഘത്തെ ക്രിയായോഗവിദ്യയുടെ ആശയങ്ങള്‍ പഠിപ്പിച്ചു.

***  ***  ***
വാര്‍ധയിലെ എന്റെ അവസാനത്തെ സായാഹ്നത്തില്‍ ദേശായി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച യോഗത്തെ ഞാന്‍ അഭിസംബോധന ചെയ്തു. യോഗയെക്കുറിച്ചുള്ള പ്രഭാഷണം ശ്രവിക്കാനായി ഏകദേശം നാനൂറുപേര്‍ ജനല്‍പ്പടിവരെ തിങ്ങിഞ്ഞെരുങ്ങി. ഞാന്‍ ആദ്യം ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. ശാന്തിയിലും സൗഹാര്‍ദത്തിലും പൊതിഞ്ഞ, ഒരു ശുഭരാത്രിയിലെ ക്ഷണദര്‍ശനത്തിനായി, ഗാന്ധിയെ കാണാനായി ഞങ്ങളുടെ ചെറുസംഘം യഥാസമയം ആശ്രമത്തിലേക്കു മടങ്ങി. പുലര്‍ച്ചെ അഞ്ചുമണിക്ക് ഞാന്‍ എഴുന്നേല്‍ക്കുമ്പോഴും രാത്രി പോവാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. ഗ്രാമജീവിതം ഇതിനകംതന്നെ ആവേശജനകമായിരുന്നു; ആദ്യം ആശ്രമവാതില്‍ക്കല്‍ ഒരു കാളവണ്ടി, പിന്നീട് ഒരു കൂറ്റന്‍ ചുമട് തലയിലേറ്റി ആപത്കരമായ വിധത്തില്‍ ഉറപ്പിച്ചുനില്‍ക്കുന്ന ഒരു കര്‍ഷകന്‍. പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങളുടെ സംഘം യാത്രാമംഗളം ചൊല്ലാനായി ഗാന്ധിയെ തിരഞ്ഞു. പ്രഭാതപ്രാര്‍ഥനകള്‍ക്കായി അദ്ദേഹം നാലുമണിക്ക് എഴുന്നേല്‍ക്കാറുള്ളതാണ്.

''മഹാത്മജീ, ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!'' അദ്ദേഹത്തിന്റെ പാദങ്ങള്‍ സ്പര്‍ശിക്കാനായി ഞാന്‍ കുനിഞ്ഞു. 'ഇന്ത്യ അങ്ങയുടെ സംരക്ഷണത്തില്‍ ഭദ്രമാണ്'.

Content Highlights: Paramhansa Yogananda, 'With Mahatma Gandhi in Wardha'