ല കാലങ്ങളില്‍ ജീവിച്ചിരുന്നവരെങ്കിലും ഇംഗ്ലീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെലും ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ രവീഷ്‌കുമാറും തമ്മില്‍ സാമ്യങ്ങള്‍ ഏറെയാണ്. ഇരുവരും ജനിച്ചത് ബിഹാറിലെ മോത്തിഹാരിയിലാണ് എന്നതില്‍ ഈ ചേരുംപടി അവസാനിക്കുന്നില്ല. അധികാരത്തിന്റെ സമസ്യകളെ വിചാരണചെയ്ത രചനകളായ '1984'-ഉം 'അനിമല്‍ ഫാമും' ഓര്‍വെലിനെ അടയാളപ്പെടുത്തുമ്പോള്‍, ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭയരഹിതനായി വിമര്‍ശിച്ചും ആശയപരമായി ആക്രമിച്ചും വിലയിരുത്തിയുമാണ് രവീഷ്‌കുമാര്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരന്റെ യാത്ര.

കറുപ്പ് വ്യവസായിയായിരുന്ന പിതാവ് റിച്ചാര്‍ഡ് വാമെസ്ലി ബ്ലെയര്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ ബിഹാറിലെ കറുപ്പ് പാടങ്ങളെ ലക്ഷ്യമിട്ടപ്പോഴാണ് ഓര്‍വെലിന്റെ കുടുംബം മോത്തിഹാരിയില്‍ എത്തിയത്. 1903-ന് മോത്തിഹാരിയില്‍ ജനിച്ച എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന ജോര്‍ജ് ഓര്‍വെല്‍ ഒരു വയസ്സായപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് വണ്ടികയറി. എഴുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം മോത്തിഹാരിയില്‍ ജനിച്ച രവീഷ്‌കുമാറാകട്ടെ, ഉപരിപഠനാര്‍ഥം ഡല്‍ഹിയിലേക്ക് കുടിയേറുകയും എന്‍.ഡി.ടി.വി.യുടെ ഹിന്ദി പതിപ്പില്‍ സാധാരണ റിപ്പോര്‍ട്ടറുടെ തസ്തികയില്‍ നിന്ന് മാനേജിങ് എഡിറ്റര്‍ പദവിയിലേക്ക് നടന്നുകയറുകയും ചെയ്തു.

രവീഷ് ഹിന്ദിഹൃദയഭൂമിയിലെ സാധാരണക്കാരന്റെ ശബ്ദമാണ്. അതുകൊണ്ടാണ്, ഉത്തര്‍പ്രദേശിലെ  പി.എസ്.സി. പരീക്ഷാഫലം നാലുവര്‍ഷമായി പുറത്തുവരാതിരുന്നതിനെക്കുറിച്ച് രവീഷ് കി റിപ്പോര്‍ട്ട് എന്ന ടെലിവിഷന്‍ ഷോയില്‍ രവീഷ് പറഞ്ഞപ്പോള്‍ ഫലംകണ്ടത്. അതുവഴി അയ്യായിരം യുവാക്കള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ ജോലിലഭിച്ചു. ഒരാഴ്ചകൊണ്ട് അയ്യായിരം യുവാക്കളുടെ നന്ദിസന്ദേശം രവീഷിന്റെ വാട്സാപ്പില്‍ നിറഞ്ഞു. ''പത്രപ്രവര്‍ത്തകന്‍ എന്നനിലയില്‍ എനിക്ക് ഇതിനപ്പുറം എന്താണ് വേണ്ടത്?'' -നിറഞ്ഞ ചിരിയോടെ രവീഷ് ചോദിക്കുന്നു.

ഇന്ത്യയിലെ പുതിയ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകനായ രവീഷ് ഭീഷണികള്‍ക്കിടയിലും ഭയരഹിതനാണ്. പത്രപ്രവര്‍ത്തനത്തിനുള്ള രമണ്‍ മഗ്സസെ പുരസ്‌കാരം മനിലയില്‍ ഏറ്റുവാങ്ങിയശേഷം ഡല്‍ഹിയില്‍വെച്ചുനടത്തിയ ഈ സംഭാഷണത്തില്‍ സമകാലിക പത്രപ്രവര്‍ത്തനം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ രവീഷ് ആര്‍ജവത്തോടെ പങ്കുവെച്ചു.

 ചരിത്രത്തില്‍ ഇടംപിടിച്ച പ്രദേശമാണ് മോത്തിഹാരി. ജോര്‍ജ് ഓര്‍വെല്‍ എന്ന വിഖ്യാത എഴുത്തുകാരന്റെ ജന്‍മസ്ഥലം, നീലം കര്‍ഷകര്‍ക്കായി ഗാന്ധിജി സത്യാഗ്രഹമിരുന്ന ചമ്പാരന്‍ മേഖല... ഇതൊക്കെ രവീഷിനെ സ്വാധീനിച്ചിട്ടുണ്ടോ...

1940-കളില്‍ ജീവിച്ച്, വരാനിരിക്കുന്ന ലോകത്തെ ഈ രീതിയില്‍ വീക്ഷിച്ച ഒരെഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വലിനെപ്പോലെ വേറെയുണ്ടെന്ന് തോന്നുന്നില്ല. '1984' എന്ന നോവലില്‍ പറയുന്നതെല്ലാം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ പദാനുപദം സത്യമാണ്. വല്യേട്ടന്‍ നിങ്ങളെ നിരീക്ഷിക്കുന്നു എന്ന് പറയുമ്പോലെ, നമ്മള്‍ എല്ലായിടത്തും നിരീക്ഷിക്കപ്പെടുന്നു. സ്‌നേഹമന്ത്രാലയം (ministry of love), ചിന്താ പോലീസ് (thought police) തുടങ്ങിയ സങ്കല്പങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമാണ്. സ്‌നേഹമന്ത്രാലയം യഥാര്‍ഥത്തില്‍ വെറുപ്പിന്റെ മന്ത്രാലയമാണ്. ജോര്‍ജ് ഓര്‍വെല്‍ ഭാവിപ്രവചനക്കാരനൊന്നുമായിരുന്നില്ല, എന്നിട്ടും പറഞ്ഞതെല്ലാം ഭാവിയില്‍ സംഭവിച്ചിരിക്കുന്നു. ജനങ്ങള്‍ '1984'-ഉം അനിമല്‍ ഫാമും വായിക്കണം. എങ്കില്‍, ഇന്നത്തെ രാഷ്ട്രീയം കുറെക്കൂടി വ്യക്തമായി മനസ്സിലാകും.

ഞങ്ങള്‍ രണ്ടുപേരും മോത്തിഹാരിയില്‍ ജനിച്ചു എന്നത് കേവലം യാദൃച്ഛികം. അദ്ദേഹത്തിന്റെ മുന്നില്‍ ഞാനാര്? ആരുമല്ല. മോത്തിഹാരിയില്‍ വളരെ കുറച്ച് ആളുകള്‍ക്കുമാത്രമേ ജോര്‍ജ് ഓര്‍വെലിനെക്കുറിച്ച് അറിയൂ. ജോര്‍ജ് ഓര്‍വെലിനെക്കുറിച്ച് അറിയാവുന്ന രാഷ്ട്രീയനേതാക്കള്‍ ആരെങ്കിലും ബിഹാറിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. '1984' വായിച്ച രാഷ്ട്രീയനേതാക്കളുണ്ടെന്നും തോന്നുന്നില്ല. മോത്തിഹാരിയില്‍ മഹാത്മാഗാന്ധി വന്നിട്ടുണ്ട്, നീലം കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാന്‍. എന്നാല്‍, ഈ കാലഘട്ടത്തിനുശേഷം ബിഹാറിലെമ്പാടുമെന്നതുപോലെ മോത്തിഹാരിയിലും ജാതിവാദം വേരൂന്നാന്‍ തുടങ്ങി. ഉയര്‍ന്ന സമുദായക്കാര്‍ ജന്‍മികളായി. അവരുടെ കീഴിലായി പ്രദേശങ്ങള്‍. പിന്നീട് ഈ ജന്‍മിമാരുടെ ജാതിഘടനയില്‍ മാറ്റങ്ങളുണ്ടായി.

ravish kumar ഉള്‍ഗ്രാമത്തില്‍നിന്ന് ദേശീയ പത്രപ്രവര്‍ത്തനരംഗത്തേക്ക് എങ്ങനെയാണ് എത്തിയത്...

 രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും പോലെയാണ് മോത്തിഹാരി. വ്യത്യാസമൊന്നുമില്ല. തികച്ചും അവികസിതം. 2015-ലാണ് എന്റെ ഗ്രാമത്തില്‍ വൈദ്യുതിവന്നത്! 1990-നുമുമ്പ് ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും തകര്‍ച്ചയിലായിരുന്നു. അതിനാല്‍ ഉപരിപഠനത്തിനായി പലരും മുംബൈയിലോ ഡല്‍ഹിയിലോ ആണ് പോയിരുന്നത്. ഡല്‍ഹിയിലെ ദേശബന്ധു കോളേജിലാണ് ഞാന്‍ പഠനത്തിനായി ചേര്‍ന്നത്. ഹിസ്റ്ററിയായിരുന്നു വിഷയം. അക്കാലത്ത് ഞാന്‍ ധാരാളം എഴുതുമായിരുന്നു. അതുകണ്ട എന്റെ അധ്യാപകന്‍ സുനില്‍ സേഥി, പത്രപ്രവര്‍ത്തനം പഠിക്കാന്‍ നിര്‍ദേശിച്ചു. ഞാനെങ്ങനെ പത്രപ്രവര്‍ത്തകനാകും? ഇംഗ്ലീഷ് അത്ര വശമില്ലല്ലോ എന്നതായിരുന്നു എന്റെ ചിന്ത. അതുമൂലം ഞാന്‍ ഹിന്ദി ജേണലിസം പഠിക്കാന്‍ ചേര്‍ന്നു. അതിനിടയില്‍ എന്‍.ഡി.ടി.വി.യില്‍ ചെറിയ ജോലിക്കും കയറി. പ്രഭാതപരിപാടിയിലേക്ക് പ്രേക്ഷകരയക്കുന്ന കത്തുകള്‍ തരംതിരിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയുമായിരുന്നു ജോലി. അതിന് ചെറിയ വേതനവും കിട്ടി. പിന്നെ അവിടെത്തന്നെ ഞാന്‍ പരിഭാഷകനായി, ഗവേഷകനായി, അവതാരകനായി, മാനേജിങ് എഡിറ്റര്‍വരെയായി.

 ഓര്‍വെലിന്റെ നോവലില്‍ ചിത്രീകരിക്കുന്ന രാഷ്ട്രീയാവസ്ഥ ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്ന് താങ്കള്‍ പറഞ്ഞു. എന്തൊക്കെയാണ് അവ...

 ചിന്താ പോലീസ് (thought police) എന്നത് അദ്ദേഹത്തിന്റെ  നോവലിലെ ഭാവനയാണ്. അല്ലെങ്കില്‍ സ്‌നേഹമന്ത്രാലയം എന്നത്. പേര് സ്‌നേഹമന്ത്രാലയമെന്നാണ്. എന്നാല്‍, പീഡനത്തിന്റെ കേന്ദ്രമായിരുന്നു ഈ മന്ത്രാലയം. ഇന്നും അതെ. ഇന്ത്യയുടെ മഹത്ത്വത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പലതും ചെയ്യുന്നത്. എന്നാല്‍, മനുഷ്യര്‍ ദുരിതത്തിലാണ്. പറയുന്നതിന് വിപരീതമാണ് ജനങ്ങളുടെ അനുഭവം. യുവാക്കള്‍ക്ക് ജോലിയില്ല. സാമ്പത്തികാവസ്ഥ തകര്‍ന്നു. എന്നാല്‍, മാധ്യമങ്ങളില്‍ മറിച്ചാണ് പ്രചാരണം. ഇത് യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്. വഴിതെറ്റിക്കുന്നതിനൊപ്പം, '1984'-ല്‍ ജോര്‍ജ് ഓര്‍വെല്‍ പറയുന്നതുപോലെ, ജനങ്ങളെ പരുവപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജനാധിപത്യ താത്പര്യങ്ങള്‍ മുഴുവന്‍ നശിപ്പിച്ചുകളയുന്നു. ഭയം ജനങ്ങളുടെ സ്ഥിരവികാരമായിരിക്കുന്നു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ കടുത്ത ഭയത്തിലാണ്. പലരും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രാഷ്ട്രീയം പറയുന്നത് അവസാനിപ്പിച്ചുകഴിഞ്ഞു. കാരണം രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് പലവിധ ആക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ ദുരവസ്ഥ നേരിടേണ്ടിവരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും വിതരണം ചെയ്യുന്ന കാര്യം റിപ്പോര്‍ട്ടുചെയ്ത പത്രക്കാരനെതിരേ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നു. സമൂഹം എന്നിട്ടും പ്രതികരിച്ചില്ല എന്നതിലാണദ്ഭുതം.

അങ്ങനെയെങ്കില്‍ ഭരണകൂടം മാത്രമല്ല, പൊതുസമൂഹവും തെറ്റുകാരല്ലേ...

 അതെ. ഇത്രയും പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടും ഉത്തര്‍പ്രദേശ് സമൂഹം പ്രതികരിക്കുന്നതേയില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണത്. എത്രയോ പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത സംസ്ഥാനം. നിലവിലെ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തയച്ച  സംസ്ഥാനം. ആ സമൂഹമാണ് പ്രതികരിക്കാതിരിക്കുന്നത്. രാജ്യത്ത് സര്‍വകലാശാലാ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടുകഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഗൈഡ് ബുക്ക് നോക്കി എന്തൊക്കെയോ പഠിച്ച് പരീക്ഷ പാസാകുന്നു. വാട്സാപ്പ് സര്‍വകലാശാലയാണ് അവരുടെ വിദ്യാഭ്യാസ സ്ഥാപനം. വാട്സാപ്പ് സര്‍വകലാശാലയില്‍ ഒരു വിഷയം വന്നാല്‍, അത് അവര്‍ ഏറ്റെടുക്കും. ആദ്യമായി കിട്ടുന്ന അറിവ് വാട്സാപ്പിലൂടെയാണ്. ഇതിലൂടെ ലഭിക്കുന്നത് പലപ്പോഴും വ്യാജ അറിവുകളായിരിക്കും. ഈ  വ്യാജ അറിവ് അവരെ ശാക്തീകരിക്കും! എന്നിട്ട് അതിനുമേല്‍ മിഥ്യാബോധം ഉണ്ടാക്കും. അങ്ങനെ കെണിയില്‍ വീഴുകയാണ്. അവരെ തിരിച്ചുകൊണ്ടുവരല്‍ എളുപ്പമല്ല. എല്ലാ സംസ്ഥാനങ്ങളിലും വിവിധഭാഷകളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. സമൂഹം പെട്ടെന്നിടപെട്ടില്ലെങ്കില്‍, മാധ്യമങ്ങള്‍ അവസാനിക്കും. മാധ്യമങ്ങള്‍ അവസാനിച്ചാല്‍, സമൂഹവും അവസാനിക്കും. ലോകം വ്യത്യസ്തശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു പാര്‍ട്ടിയുടെ അടിമയായിമാറും. ആശയം, അഭിപ്രായം, വിവരങ്ങള്‍ എന്നിവയുടെ വൈവിധ്യം അവസാനിക്കും. അതോടെ നമ്മള്‍ അടിമകളെപ്പോലെയാകും. ചോദ്യംചോദിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

 അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഒരു വിഭാഗം ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്. അതില്‍ വാസ്തവമുണ്ടോ

 അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തും മാധ്യമലോകത്തും നിലവിലുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. ഭരണകൂടങ്ങള്‍ ശത്രുക്കളെ മനഃപൂര്‍വം സൃഷ്ടിക്കുമെന്ന് ഓര്‍വെല്‍ പറയുന്നുണ്ട്. എതിര്‍ക്കുന്നവരെ ഇന്ത്യാവിരുദ്ധരായി ചിത്രീകരിക്കും. അധികാരകേന്ദ്രങ്ങള്‍ക്ക് സ്ഥിരം ശത്രുക്കള്‍ വേണമെന്നാണ്  ഓര്‍വെല്‍ പറയുന്നത്. പാകിസ്താന്‍ നിത്യശത്രുവാണ്. ശത്രു ഒരു ദിവസം രാജ്യത്തെ വിഴുങ്ങും എന്ന നിത്യഭീഷണി നിലനിര്‍ത്തുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ ചോദന, അവകാശങ്ങള്‍, സ്വാഭാവിക സ്വഭാവങ്ങള്‍ എല്ലാം ഭരണകൂടത്തിന് അടിയറവെക്കപ്പെടുന്നു. സമൂഹം ശവസമാനമാവുകയാണ്. ഇതാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നു, ജനപ്രിയരായിമാറുന്നു. തിരഞ്ഞെടുപ്പിനുശേഷം മുഴുവന്‍ കഥയും അവസാനിക്കുന്നു. ജനപ്രിയത എവിടെപ്പോയി? ആര്‍ക്കും അറിയില്ല. ജനപ്രിയ നേതാവിനെ തിരഞ്ഞ് ജനം നടക്കുകയാണ്. സാമ്പത്തികാവസ്ഥയില്‍ എന്ത് സംഭവിക്കുന്നു? തൊഴില്‍ എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് പറഞ്ഞ് നേതാവ് സ്ഥലംവിടുന്നു! നിരാശരായ ജനങ്ങളോടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. സത്യത്തിനുമേല്‍ പടുതയിട്ട് മൂടുകയാണ്. ഇങ്ങനെ മാധ്യമങ്ങളെ സ്വാധീനിച്ച്, നിയന്ത്രിച്ച് ജനങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കിയിരിക്കുകയാണ്. ഈ കുത്തിവെപ്പ് അവരുടെ ജനാധിപത്യത്തെ കൊല്ലുന്നു. ഇവന്റുകളുടെ സര്‍ക്കാരാണിത്. ഡെമോക്രസിയല്ല, രാജ്യത്ത് നടക്കുന്നത് ഇവന്റോക്രസിയാണ്. രാവും പകലും ഇവന്റുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇവന്റുകളില്‍ പങ്കെടുക്കുന്നതാണ് ജനാധിപത്യപ്രക്രിയ എന്നായിരിക്കുന്നു.

ഇന്ത്യയിലെ ബുദ്ധിജീവികളോടുള്ള ഭരണകൂടത്തിന്റെ സമീപനം എന്താണ്...

 ബുദ്ധിജീവികളെയും വലതുപക്ഷ സംഘടനകള്‍ നോട്ടമിടുന്നുണ്ട്. പ്രശസ്ത ചരിത്രകാരി റൊമീല ഥാപ്പറുടെ ബയോഡേറ്റ ആവശ്യപ്പെടുന്നത് ഇതിന്റെ ഭാഗമായാണ്. അപമാനിക്കുന്നതിനുവേണ്ടിയാണ്. ഒന്നോര്‍ക്കണം, റൊമീല ഥാപ്പറിനെപ്പോലെയുള്ളവര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചവരല്ല. കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അവരെ ഇപ്പോള്‍ ദേശവിരുദ്ധയായാണ് പുതിയ സര്‍ക്കാര്‍ കാണുന്നത്. ബുദ്ധിജീവികളെ ശത്രുക്കളാക്കുകയാണ്. എന്നാല്‍, ഈ ബുദ്ധിജീവികളാരും രാഷ്ട്രീയക്കാരോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരോ അല്ല. അവര്‍ ഒരു നഗരസഭാ തിരഞ്ഞെടുപ്പില്‍പ്പോലും മത്സരിക്കുന്നില്ല. റൊമീലാ ഥാപ്പറുടെ പുസ്തകം പഠിച്ച് എത്രയോപേര്‍ ചരിത്രകാരന്‍മാരായിരിക്കുന്നു. എത്രയോപേര്‍ ഐ.എ.എസുകാരായിരിക്കുന്നു. അവര്‍ ഈ സര്‍ക്കാരില്‍ തന്നെ സെക്രട്ടറിമാരായി ജോലിചെയ്യുന്നില്ലേ? അവര്‍ക്കെന്താണ് പറയാനുള്ളത്? റൊമീലയുടെ ഏതെങ്കിലും പുസ്തകം അവരെ ദേശവിരുദ്ധരാക്കിയോ?

 ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ചെറുത്തുനില്‍ക്കാന്‍ കുല്‍ദീപ് നയ്യാരെപ്പോലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. മാധ്യമങ്ങളെ വീണ്ടും ഭരണകൂടം നേരിടുമ്പോള്‍ മാധ്യമലോകത്തുനിന്നല്ലേ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകേണ്ടത്...

 പത്രപ്രവര്‍ത്തകസമൂഹം ഒന്നടങ്കം കീഴടങ്ങിയിരിക്കുകയാണ്, രണ്ടോ മൂന്നോ പേരൊഴികെ. ഞാന്‍ ജോലിചെയ്യുന്ന എന്‍.ഡി.ടി.വി.യുടെ അവസ്ഥനോക്കൂ. സാമ്പത്തിക പ്രതിസന്ധിയില്‍ സ്ഥാപനത്തെ കുടുക്കിയിരിക്കുകയാണ്. ആരോപണങ്ങളില്‍ കുടുക്കിയിരിക്കുന്നു. കോടതിയില്‍നിന്ന് ആശ്വാസം ലഭിച്ചില്ലെങ്കില്‍ ആരും രക്ഷിക്കുകയില്ല. എന്‍.ഡി.ടി.വി.ക്കെതിരേ സര്‍ക്കാര്‍ എല്ലാവിധ പീഡനങ്ങളും അഴിച്ചുവിടുകയാണ്. മാധ്യമസമൂഹം ഇതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. ആരും പിന്തുണയ്ക്കുന്നില്ല. മറ്റ് വാര്‍ത്താസ്ഥാപനങ്ങള്‍ക്ക് ഇതൊരു വിഷയംപോലുമല്ല. ഇത് അപകടകരമായ ചിഹ്നമാണ്. എനിക്ക് ചോദിക്കാനുള്ളത്, മോദിയുടെ പിന്തുണക്കാരോടാണ്. ഇവിടെ വേണ്ടത് മാധ്യമങ്ങളെയാണോ, അതോ മാധ്യമ അടിമകളെയാണോ? ഒരു അവതാരകന്‍ സര്‍ക്കാരിനെതിരേ ഒരു ചോദ്യം ചോദിച്ചാല്‍ അയാളുടെ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയാണ്. ഒരു അടിമരാജ്യമാണോ നിങ്ങള്‍ക്കുവേണ്ടത്? അതോ സ്വതന്ത്ര ഇന്ത്യയാണോ?

ഇന്ന് മാധ്യമങ്ങള്‍ സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷത്തിനെ ആക്രമിക്കുകയാണ്. ചിദംബരത്തിനെ അറസ്റ്റുചെയ്ത ദിവസം മാധ്യമങ്ങള്‍ എങ്ങനെയാണ്  പെരുമാറിയതെന്ന് നോക്കൂ. മുഴുവന്‍ ദിവസം ടി.വി. കവറേജ് ഉറപ്പാക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ വീട് ഒരു ടി.വി. ചാനല്‍ സെറ്റാക്കിമാറ്റി. അതിന് ഒരു സാധുതനല്‍കി. പുലര്‍ച്ചെ ആറു മണിമുതല്‍ രാത്രി 10 മണിവരെ ലൈവ് സംപ്രേഷണം നടത്തി. ഇങ്ങനെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സമൂഹത്തിന്റെ ചിന്താപദ്ധതികളെ മാറ്റിത്തീര്‍ക്കുകയാണ്. ജനങ്ങളുടെ ശബ്ദം നഷ്ടമായിരിക്കുന്നു. മാധ്യമങ്ങളെ ശക്തമായി വിലയിരുത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നാണ് എനിക്ക് പറയാനുള്ളത്. പണ്ട് പത്രങ്ങള്‍ വായിക്കുക എന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമായിരുന്നു. ചായയ്‌ക്കൊപ്പം നിങ്ങള്‍ നിശ്ശബ്ദമായിരുന്ന് പത്രങ്ങള്‍ വായിക്കുന്നു. എന്നാല്‍, ഇനി അലസവായന പാടില്ല. പത്രവായന ഒരു ഗൗരവപ്രവര്‍ത്തനമാകണം. കൃത്യമായ നിരീക്ഷണം നടക്കണം. വരികള്‍ക്കിടയില്‍ വായിക്കണം. രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യമുണ്ട്. എങ്ങനെയാണ് അത് മാധ്യമങ്ങള്‍ കവര്‍ചെയ്യുന്നത് എന്ന് പരിശോധിക്കണം. സര്‍ക്കാരിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാത്തതെന്തെന്ന് നിങ്ങള്‍ ആരായണം. നിങ്ങളുടെ പത്രം ഭയരഹിതമാണോ അല്ലയോ എന്ന് നിങ്ങള്‍ പരിശോധിക്കണം.

സര്‍ക്കാരിനെ നേരിടേണ്ട പ്രതിപക്ഷവും ഏറക്കുറെ മൗനത്തിലാണല്ലോ? പ്രതിപക്ഷത്തിന് സമൂഹത്തെ സംരക്ഷിക്കാന്‍ ബാധ്യതയില്ലേ? മാധ്യമങ്ങളെ സഹായിക്കേണ്ട ചുമതലയില്ലേ...

 പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയതാണ്. പ്രതിപക്ഷത്തിന്റെ ഘടന തകര്‍ത്തുകളഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളില്‍നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്നു. മഹാരാഷ്ട്രയില്‍ നിത്യവും ഇത് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഒരു പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് നേതാക്കള്‍ ബി.ജെ.പി.യില്‍ ചേക്കേറുന്നു. ബി.ജെ.പി.ക്ക് ഒരു ശതമാനംപോലും വോട്ടില്ലാത്ത സിക്കിമില്‍ 15-20 എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു! ഇതൊക്കെ സ്വാഭാവിക പ്രക്രിയകളാണോ? സ്വാഭാവികമായുണ്ടായ പരിണാമമാണോ? ഇന്ത്യന്‍ ജനാധിപത്യത്തില്‍ അധികാരത്തിലിരിക്കുന്നവരാണുള്ളത്. പൊതുസമൂഹമില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയണം.

 രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നോട്ട് പിന്‍വലിക്കലാണോ കാരണം...

 നോട്ട് പിന്‍വലിക്കലിനുശേഷം ഇന്ത്യയുടെ സാമ്പത്തികനില പൂര്‍ണമായി തകര്‍ന്നു. ബാങ്കിങ് മേഖലയും നിര്‍മാണമേഖലയും നോക്കൂ. സ്‌കില്‍ ഇന്ത്യയെക്കുറിച്ച് കേള്‍ക്കാന്‍ തന്നെയില്ല. മേക്കിങ് ഇന്ത്യയെക്കുറിച്ചും വിവരമൊന്നുമില്ല. സ്‌കില്‍ ഇന്ത്യയുടെ മന്ത്രിയാരാണെന്നുപോലും ആര്‍ക്കും അറിയാത്ത അവസ്ഥയായി.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാങ്കുകളുടെ സ്ഥിതി നിങ്ങള്‍ പരിശോധിക്കൂ. ഏതെങ്കിലും ഒരു മേഖല പറയൂ. ചില മേഖലകളില്‍ തളര്‍ച്ച, ചില മേഖലകളില്‍ വളര്‍ച്ച. ഇതൊക്കെ സ്വാഭാവികമാണ്.

അത് നമുക്ക് മനസ്സിലാകും. എന്നാല്‍, എല്ലാ മേഖലകളിലും തകര്‍ച്ച പടര്‍ന്നിരിക്കുന്നു. വ്യവസായികള്‍ക്ക് അവരുടെ ശബ്ദം നഷ്ടമായി. അവര്‍ സംസാരിക്കുകയില്ല. അവര്‍ക്ക് പേടിയാണ്. അവരുടെ ഫയലുകള്‍ പരിശോധിച്ച് എപ്പോഴാണ് ജയിലില്‍ അടയ്ക്കുക എന്ന് അവര്‍ക്ക് അറിയില്ല. കഴിഞ്ഞ അഞ്ചരവര്‍ഷമായി സര്‍ക്കാര്‍ വ്യാജ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഭാവിയിലും ഒന്നും സംഭവിക്കുകയില്ല. കാരണം ഇവര്‍ക്ക്്് സാമ്പത്തിക ആശയമില്ല. എല്ലാ രാജ്യങ്ങളും ഉപയോഗിച്ചുപേക്ഷിച്ച ആശയങ്ങളാണ് ഇവരുടെ കൈയിലുള്ളത്. സര്‍ഗാത്മകമായ ഒന്നുമില്ല.

 ഇടതുപാര്‍ട്ടികളുടെ തളര്‍ച്ച ഈ ചെറുത്തുനില്‍പ്പിനെ ബാധിച്ചിട്ടുണ്ടോ? ഇടതുപാര്‍ട്ടികള്‍ ശക്തമായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നോ...

 ഇടതുപാര്‍ട്ടികളും അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചരവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരെന്താണ് ചെയ്തത്? എന്ത് ആശയമാണ് മുന്നോട്ടുവെച്ചത്? ഇന്ത്യയിലെ സാധാരണക്കാര്‍ വളരെ സഹതാപപരമായി ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നേരത്തേ നിലയുറപ്പിച്ചിരുന്നു, അവരെ വീക്ഷിച്ചിരുന്നു. എന്നാല്‍, സ്വന്തം കാരണങ്ങള്‍കൊണ്ട് ഇടതുപാര്‍ട്ടികള്‍ നശിച്ചുപോയിരിക്കുന്നു. സംഘടന ദുര്‍ബലമായിപ്പോയി. അവര്‍ക്ക് വലതുപക്ഷരാഷ്ട്രീയത്തെ തടയാന്‍ കഴിയില്ല. കോണ്‍ഗ്രസിനോ ഇടതുപാര്‍ട്ടികള്‍ക്കോ കഴിയുന്നില്ല. ഇടതുപാര്‍ട്ടികളുടെ ഉള്ളില്‍ ആത്മാര്‍ഥതയുണ്ട്. കര്‍ഷകരുടെ, തൊഴിലാളികളുടെ ശബ്ദം ഉയര്‍ത്താന്‍ ഇടതുപാര്‍ട്ടികള്‍ വേണമെന്നാണ് ജനങ്ങള്‍ കരുതിയത്. അതല്ലെങ്കില്‍ അവരുടെ ശബ്ദം ആരുയര്‍ത്തും?

ബംഗാളില്‍ ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തനാനുഭവം മുന്നിലുണ്ട്. എന്നാല്‍, ഇന്നിപ്പോള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചകളില്‍ ഇടതുപാര്‍ട്ടികളില്ല. ഇടതുപാര്‍ട്ടികളുടെ അക്രമസ്വഭാവത്തെക്കുറിച്ച് ചര്‍ച്ചകളുയരുന്നുണ്ട്. ആ അക്രമരീതിയാണ് ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പിന്തുടരുന്നത്. സമൂഹത്തില്‍ ഇടതുപാര്‍ട്ടികളോട് ഒരു മൃദുസമീപനമുണ്ട്. എന്നാല്‍, ചെറുപാര്‍ട്ടികളായി ഇടതുപാര്‍ട്ടികള്‍ മാറിയിരിക്കുന്നു. ആവശ്യത്തിന് പ്രവര്‍ത്തകര്‍പോലും ഇടതുപാര്‍ട്ടികള്‍ക്കില്ല. പണ്ട് ഉണ്ടായിരുന്നു. വൈവിധ്യത്തിന് തീര്‍ച്ചയായും ഇന്ത്യയില്‍ ഇടതുപാര്‍ട്ടികള്‍ ആവശ്യമാണ്. ഇടത് സ്വാധീനകാലത്ത് വളര്‍ന്നുവന്ന ബുദ്ധിജീവികള്‍ പലരും സമയമായപ്പോള്‍ വലതുസംഘടനകള്‍ക്കൊപ്പം ചേര്‍ന്നു. ബംഗാളില്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഒരു പുതിയ നേതാവിനെ വളര്‍ത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സ്ഥിതി എനിക്കറിയില്ല. കേരളത്തില്‍നിന്ന് ഇടതുപാര്‍ട്ടികളുടെ ആക്രമണവാര്‍ത്തകളാണെത്തുന്നത്. ഇടതും വലതും ആക്രമണം ഉപയോഗിക്കുകയാണ്. എന്നാല്‍, സമൂഹത്തില്‍ പുതിയ ആശയങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍, നിങ്ങളുടെ രാഷ്ട്രീയം മുന്നോട്ടുപോകില്ല.

(ഇവിടെ എല്ലാവർക്കും ഭയമാണ് എന്ന തലക്കെട്ടിൽ 22 9 19 മാതൃഭൂമി വാരാന്തപ്പതിപ്പ് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്)

content highlights: magsaysay award winner ravish kumar speak against central government policies and right politics, NDTV