വിദ്യാഭ്യാസമേഖലയെ അടിമുടി ഉടച്ചുവാര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. അതിവിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഇടകൊടുക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും വെക്കാതെയുമാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന വലിയ ആരോപണമാണ് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം, ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുന്ന കേന്ദ്രീകൃത സ്വഭാവം എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍  പുതിയ നയം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും അത് മൂലമുണ്ടാകാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എംഎ ബേബി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

  വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്. പല സംസ്ഥാനങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് ഒരു കേന്ദ്രീകൃത സ്വഭാവം വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരുന്നു എന്നുള്ളതാണോ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സിപിഎമ്മിന്റെ പ്രധാന എതിര്‍പ്പിന് കാരണം

വിദ്യാഭ്യാസ രംഗം ഏതാണ്ട് സമ്പൂര്‍ണ്ണമായി മോദി ഭരണത്തിന്റെ കൈപ്പിടിയിലൊതുങ്ങുന്നു എന്നത് വലിയൊരു അപകടം തന്നെയാണ്. ഇതാകട്ടെ എല്ലാ മേഖലയിലും ഉള്ള അമിത കേന്ദ്രീകരണത്തിന്റെ ഭാഗമാണ്. അതി പ്രഗത്ഭര്‍ ചേര്‍ന്ന് ഭരണഘടനാനിര്‍മ്മാണസഭയില്‍ അതിവിശദമായ ചര്‍ച്ച നടത്തിയാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. പോരായ്മകള്‍ ചിലതുണ്ടായിരുന്നെങ്കിലും ശ്രദ്ധേയമായ മികവുകള്‍ ഭരണഘടനയില്‍ ആദ്യഘട്ടത്തില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്ത്യയുടെ വൈവിധ്യം പ്രശസ്തമാണ്. മതം, ഭാഷ, സംസ്‌കാരം, ജാതി, ഉപജാതി, ഗോത്രസംസ്‌കാരം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യം കണക്കിലെടുത്താണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഭരണ വകുപ്പുകളെ സംസ്ഥാനങ്ങള്‍ക്ക് മാത്രം നിയമനിര്‍മ്മാണ അവകാശമുള്ളവ, കേന്ദ്രപാര്‍ലമെന്റിന് മാത്രം നിയമ നിര്‍മ്മാണ അവകാശമുള്ളവ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമ നിര്‍മ്മാണ അവകാശമുള്ളവ എന്നിങ്ങനെ മൂന്ന് പട്ടികകളിലായി സംശയരഹിതമാം വിധം വേര്‍തിരിച്ച് എഴുതിവെച്ചത് അതുകൊണ്ടാണ്. അത് പ്രകാരം വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ആയിരുന്നു എന്നത് എത്രപേര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും. ആഭ്യന്തര അടിയന്തരാവസ്ഥകാലത്തെ ഭരണഘടനാ ഭേദഗതി വഴി അത് കണ്‍കറന്റ് ലിസ്റ്റില്‍ ആണിപ്പോള്‍. ഇവിടെ ഒരു പ്രശ്‌നമുണ്ട്. പാര്‍ലമെന്റും അസംബ്ലിയും കണ്‍കറന്റ് ലിസ്റ്റിലെ ഒരു വിഷയത്തെ കുറിച്ച് പരസ്പരം പൊരുത്തമില്ലാത്ത നിയമം പാസ്സാക്കി എന്ന് സങ്കല്‍പിക്കുക. അങ്ങനെ വന്നാല്‍ അസംബ്ലി പാസ്സാക്കിയത് ചവറ്റുകുട്ടയിലേക്ക് പോകും. കേന്ദ്രനിയമമാകും പ്രാബല്യം നേടുക. എന്നു വെച്ചാല്‍ കണ്‍കറന്റ് ലിസ്റ്റ് ഫലത്തില്‍ കേന്ദ്രലിസ്റ്റ് എന്നു തന്നെ അര്‍ഥം. വിദ്യാഭ്യാസം ആര്‍എസ് എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഭയാനകം. ഒപ്പം വര്‍ഗ്ഗീയ വത്കരണവും വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമാകും.

കരട് പൊതുജന മധ്യത്തില്‍ എത്തിയപ്പോള്‍ ഒരുപാട് നിര്‍ദേശങ്ങള്‍ അധ്യാപക സമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും വിദഗ്ധരും മുന്നോട്ടു വെച്ചിരുന്നു. അതില്‍ പരിഗണിക്കപ്പെടാതെ പോയ സുപ്രധാന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്.

ബന്ധപ്പെട്ടവരുമായി ജനാധിപത്യസംവാദം നടത്തണമെന്നതായിരുന്നു പ്രധാന നിര്‍ദേശങ്ങളിലൊന്ന്. അത് തിരസ്‌കരിച്ചു. ഇന്ത്യയുടെ വൈവിധ്യം കണക്കിലെടുത്ത് സര്‍വ്വതും കേന്ദ്രവത്കരിക്കരുതെന്ന് പറഞ്ഞു. അതു തള്ളിക്കളഞ്ഞു. കച്ചവടവത്കരിക്കാനുള്ളതല്ല വിദ്യാഭ്യാസം എന്നു പറഞ്ഞു. നേരെ വിപരീതമാണ് ചെയ്തത്. വിദേശ സര്‍വ്വകലാശാലകളെ തുറന്നു വിടരുതെന്ന് പറഞ്ഞു. അംഗീകരിച്ചില്ല. അങ്ങനെ അസംഖ്യം നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു.

വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം അതീവ ഗുരുതരമായ ആപത്താണ്. ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള ഇത്തരം മാറ്റങ്ങളെ മുഴുവന്‍ ഈ നയരേഖയിലൂടെ സ്ഥാപനവത്കരിക്കുന്നു എന്നത് വലിയ പ്രശ്നമാണ്. പൊതു സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍ ചില അനുകൂല പ്രതികരണങ്ങള്‍ ചിലരില്‍ നിന്ന് നേടി എടുക്കുന്നതിനായി ചില വാചകകസര്‍ത്തുകള്‍ കൗശലപൂര്‍വ്വം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഡോ. ശശിതരൂരിന്റെ അനുകൂല പ്രതികരണം ഉദാഹരണം. എന്നാല്‍ സൂക്ഷ വായനയില്‍ കള്ളിവെളിച്ചത്താകും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശം വിദ്യാഭ്യാസത്തിന്റെ കമ്പോള വത്കരണത്തിലേക്കുള്ള കൃത്യമായ സൂചനയാണ്. നാല് വര്‍ഷ ഡിഗ്രി കോഴ്‌സ് സമ്പന്നര്‍ക്കും വരേണ്യര്‍ക്കും വേണ്ടിയുള്ളതാണ്.

നിര്‍ധനരും അരികുവത്കരിക്കപ്പെട്ടവനും ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റോ(ഒന്നാംവര്‍ഷം) ഡിപ്ലോമയോ(രണ്ടാംവര്‍ഷം)കക്ഷത്തില്‍ പിടിച്ച് തൊഴില്‍ അന്വേഷകനായി പുറത്തു പോകണം. എന്ത് മൂല്യങ്ങളാണ് ഈ വിദ്യാഭ്യാസ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഒരുവാചകം രേഖയിലുണ്ട്. അത് അടിവരയിടേണ്ടതാണ് - "ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ രൂഡമൂലമാക്കുക" എന്നതാണത്.എന്ന് വെച്ചാൽ അത് വേഷം മാറിയ മനുസ്മൃതി ആകുമെന്നുറപ്പ്. അമിത കേന്ദ്രീകരണത്തിന് തുടക്കം കുറിച്ചത് അടിയന്തരാവസ്ഥ കാലത്തെ സ്വേഛാധിപത്യപരമായ ഒരു ഭരണഘടന ഭേദഗതി ആയിരുന്നു . 42ാം ഭരണഘടന ഭേദഗതിയാണ് സംസ്ഥാന പട്ടികയില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. അതുപയോഗപ്പെടുത്തിയാണ് മോദി ഇപ്പോള്‍ അമിത കേന്ദ്രീകരണത്തിലേക്ക് നീങ്ങുന്നത്.

ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുന്ന വിദ്യാഭ്യാസ നയം ആണെന്നതാണല്ലോ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ നിന്ന് പോയി കേന്ദ്രീകൃത സ്വഭാവം കൈവരിക്കുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാവുന്ന പ്രധാന ദോഷങ്ങള്‍ എന്തൊക്കെയാണ്. 

വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികവ് കൈവരിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്റെ പരിഗണനയില്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്കാണ് ആദ്യം ശ്രദ്ധ നല്‍കുന്നത്. അതുമായി ബന്ധപ്പെട്ട് സമീപനപരവും പ്രായോഗികവുമായ ഒരുപാട് പ്രശ്‌നങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഉയര്‍ന്നു വരും. 

സ്വകാര്യവത്കരണമാണ് എന്‍ഇപി ഉയര്‍ത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി. സ്വകാര്യവത്കരണം വഴി പൊതു സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറ്റം ചെയ്യാന്‍ ഈ നയം ഇടയാക്കുമെന്ന് സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആ സാധ്യത ഒന്നു വിശദീകരിക്കാമോ.

തന്ത്രപ്രധാന മേഖലകളായ ഡിഫന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ ഗവേഷണം തുടങ്ങിയവയെല്ലാം സ്വകാര്യവത്കരിക്കുകയും ബഹുരാഷ്ട്രകുത്തകവത്കരിക്കുകയും ചെയ്യുന്ന വിനാശകരമായ നയമാണ് മോദി സര്‍ക്കാരിന്റേത്. ഇതിന്റെ ഭാഗമാണ് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം. മൂല്യബോധവും തൊഴില്‍ നൈപുണ്യവുമുള്ള പുതിയതലമുറയെയും അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെയും കരുപിടിപ്പിക്കാനുള്ളതാണ് വിദ്യാഭ്യാസം. അത് ഇന്ത്യയിലും പുറത്തുമുള്ള സമ്പന്ന ചൂഷക ശക്തികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള മേഖലയായി തുറന്നിട്ട് കൊടുക്കുന്നത് വലിയ വഞ്ചനയും രാഷ്ട്രവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രവര്‍ത്തിയാണ്.

പുതിയ നയത്തിന്റെ വരവോടെ നവ്വോത്ഥാന കാലം മുതല്‍ കേരളം ആര്‍ജ്ജിച്ച വിദ്യാഭ്യാസ നേട്ടങ്ങളും സാമൂഹിക ഉന്നതിയും നിലനിര്‍ത്തുക അസാധ്യമാവുമെന്ന് എകെപിസിടിഎ ആരോപിക്കുന്നു. അല്‍പം അതിശയോക്തി നിറഞ്ഞ ഒരു ആരോപണമല്ലേ ഇത്.

ഒട്ടുമല്ല. വിദ്യാഭ്യാസ നിയമം പല പരിമിതികളുമുണ്ടെങ്കിലും അത് അപ്പാടെ ഉപേക്ഷിക്കുന്ന മോദി നയം കേരളത്തിലും ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. വിദ്യാര്‍ഥികള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കുറവാണെങ്കില്‍ ഫലത്തില്‍ സ്‌കൂളുകള്‍ പൂട്ടുകയും അതിനെ ഒരു ക്ലസ്റ്ററിന്റെ ഭാഗമാക്കുകയും ചെയ്യുമെന്ന പരിപാടി നിര്‍ധനരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയുമാണ് ബാധിക്കുക. കേരളത്തില്‍ പ്ലസ്ടുവരെ സാര്‍വ്വത്രിക വിദ്യാഭ്യാസം നല്‍കുകയും ഉന്നത വിദ്യാഭ്യാസവും സാങ്കേതിക പഠനവും സാമൂഹിക നീതിയും കാത്തു സൂക്ഷിച്ചു ലഭ്യമാക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. വരേണ്യ സമ്പന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സഹായകമായ വിധത്തില്‍ ദേശീയ പ്രവേശന നിയന്ത്രണ സംവിധാനം കേരളത്തില്‍ ബാധകമാക്കിയാല്‍ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) അത് അത്യന്തം വിഭാഗീയവും സമ്പന്നാനുകൂലവുമായിരിക്കും. നവ്വോത്ഥാന മൂല്യങ്ങള്‍ സൂക്ഷിച്ചസൃഷ്ടിച്ച വിദ്യാഭ്യാസ മേഖലയിലെ ശ്രദധേയമായ നേട്ടങ്ങളായ -സാമൂഹിക നീതിയും തുല്യതയും താങ്ങാന്‍ കഴിയുന്ന ഫീസ് ഘടനയും മറ്റും അട്ടിമറിക്കപ്പെടും.

അഭിമുഖം തുടരും

Interview second part പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കുന്നത് Catch them Young എന്ന തന്ത്രം- എം.എ. ബേബി

content highlights: MA Baby Interview part one, on National education policy 2020