"വാക്സിനേഷൻ നൽകുന്നതും കോവിഡ് പോസിറ്റീവ് കണക്കുകളെടുക്കുന്നതും മാത്രമാകരുത് നമ്മുടെ ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ. കോവിഡ് പ്രതിരോധത്തിൽ കേരളം ഇനി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുന്ന പരമ്പര തുടങ്ങുന്നു"

കോവിഡ് വാക്‌സിനേഷന് ശേഷം ഉണ്ടാകുന്ന ബ്രേക്ക്ത്രൂ അണുബാധയെക്കുറിച്ച് ഡോക്ടര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പൊതുജനാരോഗ്യ തല്‍പരരായ പ്രോഫഷണലുകളുടെ ഫേസ്ബുക്ക് പ്രോഫൈലുകളിലും വലിയ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ചും വാക്‌സിനേഷന്‍ സ്ട്രാറ്റജികളെക്കുറിച്ചും പലതരം അഭിപ്രായങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നുണ്ട്. 

കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്‌സിനേഷനാണെന്ന് വിദഗ്ദ്ധന്മാര്‍ ഒറ്റസ്വരത്തില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം എല്ലാവരിലും വാക്‌സിനേഷന്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ അതിനായി സര്‍വ്വ പിന്തുണയും പ്രചരണവും നല്‍കി വരുന്നു.  ഈ പ്രചരണം ഒരു പടികൂടി കടന്ന് വാക്‌സിനേഷന്‍ മാത്രമാണ് മുന്നിലുള്ള ഒരേയൊരു പോംവഴി എന്നും ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.  ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഇത് വാക്‌സിനേഷന്റെ ഡിമാന്റ് വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. വാക്‌സിനേഷനോടുള്ള മടി, ഭയം, വിമുഖത എന്നിവ കുറെപ്പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്‍കാലങ്ങളെ ആപേക്ഷിച്ച് അവ എത്രയോ കുറവാണ്! വാക്‌സിനേഷന്‍ കാമ്പയിനെ പരാജയപ്പെടുത്തുന്ന വിധത്തില്‍ വാക്‌സിന്‍ വിമുഖത ഇന്ന് എവിടെയും നിലനില്‍ക്കുന്നില്ല.  വാക്‌സിനേഷന് ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരു സന്ദര്‍ഭവും കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് മുന്‍പ് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇങ്ങനെ ദ്രുതഗതിയില്‍ വാക്‌സിനേഷന്‍ മുന്നേറുന്നതിനിടയിലാണ് ബ്രേക്ക്ത്രൂ അണുബാധ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.  ബ്രേക്ക് ത്രൂ അണുബാധ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോവിഡ് വാക്‌സിനേഷന് ശേഷമുണ്ടാക്കുന്ന കോവിഡ് രോഗബാധയെയാണ്. 

ആശയക്കുഴപ്പം 

covid
കോവിഡ് പോരാളികൾക്ക് ഐക്യദാർഡ്യം
പ്രഖ്യാപിച്ചുകൊണ്ട് ചെയ്ത
ഇൻസ്റ്റലേഷൻ ആർട്ട് |PTI

കൊവിഡ് ഒന്നാം തരംഗത്തില്‍ ഉണ്ടായ രോഗബാധയുടെ നിരക്ക് കുറവായിരുന്നാല്‍ പോലും ഈ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ തുടരുന്ന ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി (TPR) ന്റെ അടിസ്ഥാനത്തില്‍, കേരളീയ സമൂഹത്തില്‍ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും കാര്യമായ അളവില്‍ രോഗബാധയുണ്ടായി കഴിഞ്ഞതായി കരുതാം.  അതിന്റെയര്‍ത്ഥം രോഗബാധയുണ്ടായ ജനങ്ങളുടെ ശരീരത്തില്‍ ആന്റിബോഡിയുണ്ടാവുകയും രോഗത്തിനെതിരെ അവര്‍ പ്രതിരോധശക്തി ആര്‍ജ്ജിക്കുകയും ചെയ്തു എന്നാണ്.  ഇതോടൊപ്പം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ കാമ്പയിനിലൂടെ 18 വയസിന് മുകളിലുള്ള ഏതാണ്ട് 88% ത്തോളം പേര്‍ക്ക് ഒരു ഡോസ്  വാക്‌സിനും 40% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിരിക്കുന്നു.  അങ്ങനെയെങ്കില്‍  കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകേണ്ടതാണ്. പക്ഷെ പ്രതീക്ഷയ്ക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) ക്കും കേസുകളുടെ എണ്ണവും എന്തുകൊണ്ട് കുറയുന്നില്ല എന്നതാണ് ഒരു വിഭാഗം പൊതുജനാരോഗ്യ തല്പരര്‍ ഉയര്‍ത്തുന്ന ചോദ്യം. 

ജനസംഖ്യാനുപാതത്തില്‍ ഒരു പ്രത്യേക പ്രദേശത്ത് ഉണ്ടാകുന്ന മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണമാണ് TPR ആയി കരുതുന്നത് എന്ന് അറിയാമല്ലോ. ഇത് രോഗവ്യാപനത്തിന്റെ തീഷ്ണതയെ സൂചിപ്പിക്കുന്ന അളവുകോലായി കണക്കാക്കപ്പെടുന്നു. അതിപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.      

എന്നാല്‍, മേല്‍പ്പറഞ്ഞ രീതിയില്‍ രോഗബാധയും കുത്തിവെയ്പ്പും ഒത്തുചേരുമ്പോള്‍ സമൂഹത്തില്‍ പ്രതിരോധത്തിന്റെ മികച്ച ഒരു കവചം രൂപപ്പെട്ട് കഴിഞ്ഞുവെന്നും ഇപ്പോഴുണ്ടാകുന്ന അണുബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റു ചില വിദഗ്ധര്‍ പറയുന്നു.  കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പോലും ഐ.സി.യുവും വെന്റിലേറ്ററും ആവശ്യമായി വരുന്നവരുടെ എണ്ണത്തില്‍ കുറവ് കണ്ടുതുടങ്ങുന്നത് മാസ് വാക്‌സിനേഷന്റെ നല്ല ഫലമായി ഇവര്‍ വിലയിരുത്തുന്നു.

അതിനിടയിലാണ് മറ്റൊരു കണക്ക് കടന്നുവരുന്നത്.  വാക്‌സിനേഷന്‍ ഉയര്‍ന്ന തോതില്‍ നല്‍കി കഴിഞ്ഞിട്ടും കൊവിഡ് മൂലം മരണമടയുന്നവരില്‍ ഭൂരിപക്ഷം ഇപ്പോഴും ഒരു ഡോസ് വാക്‌സിനേഷന്‍ പോലും കിട്ടാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ തന്നെ ഭൂരിപക്ഷം 60 വയസിന് മുകളില്‍ പ്രയമുള്ളവര്‍! ഇതെങ്ങനെ സംഭവിക്കുന്നു? കോവിഡ് വാക്‌സിനേഷന്റെ തുടക്കം മുതല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചിരിക്കുന്നത്.  

ഈ പുതിയ കണക്കിന്റെ അടിസ്ഥാനത്തില്‍ രണ്ട് നിഗമനങ്ങളാണ് പൊതുജനാരോഗ്യ തല്പരര്‍ മുന്നോട്ട് വെയ്ക്കുന്നത്.

(a) മരണമടയുന്നത് പ്രധാനമായും വാക്‌സിനേഷന്‍ ചെയ്യാത്തവരായത് കൊണ്ട് എല്ലാവര്‍ക്കും അതിവേഗം കുത്തിവെയ്പ്പ് നല്‍കുക എന്നതാണ് മുന്നിലുള്ള ഏകമാര്‍ഗ്ഗം 

(b) വാക്‌സിനേഷനോട് ജനങ്ങള്‍ക്കുള്ള വിമുഖതയാണ് കുത്തിവെയ്പ്പ് ലഭിക്കാതെ പോയതിന്റെ കാരണം. അതിനാല്‍ കുത്തിവെയ്ക്കാന്‍ മടിയുള്ളവരെ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കണം.

നമ്മുടെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ ഇവയാണ് 

(a) പോസിറ്റീവ് കേസുകളും മരണങ്ങളും കുറഞ്ഞ്, മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് ഏതാണ്ട് അവസാനിച്ച മട്ടിലാണ് പുറമേ കാണുന്നത്. പക്ഷെ കേരളത്തിലെ സ്ഥിതി നേരെ വിപരീതമാണ്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദിവസവും നൂറില്‍ കൂടുതല്‍ മരണം. 

(b) TPR കൂടുതലാണെങ്കിലും വാക്‌സിനേഷന്റെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. പക്ഷെ അത് TPR കുറയുന്നതായി പ്രതിഫലിക്കുന്നില്ല.   

(c)  ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവ ആവശ്യമുള്ളവരുടെ എണ്ണം കുറയുന്നത് വാക്‌സിനേഷന്റെ ഫലമാണെന്ന് പറയുമ്പോഴും മരണസംഖ്യയില്‍ വലിയ തോതിലുള്ള മാറ്റം കാണുന്നില്ല. 

(d) ആഗസ്റ്റ് മാസം 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ണ്ണമായി എന്ന് അവകാശപ്പെടുമ്പോഴും മരണമടയുന്നവരില്‍ ഭൂരിപക്ഷം ഒറ്റ ഡോസ് വാക്‌സിന്‍ പോലും കിട്ടാത്ത 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ്. 

ഇങ്ങനെ അടിമുടി വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ കൊവിഡ് പ്രതിരോധം. ചോദ്യങ്ങള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഉത്തരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് വിദഗ്ധപഠനം ആവശ്യമാണെന്ന തീരുമാനത്തില്‍ എല്ലാവരും എത്തിയിരിക്കുന്നു. 

രോഗനിയന്ത്രണം: ഒരു ബഹുമുഖ പ്രക്രിയ

covid

ഏതൊരു മഹാമാരിയുടെയും നിയന്ത്രണം ഒരൊറ്റ മാര്‍ഗ്ഗത്തിലൂടെ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയല്ല. ഒരു രാജ്യത്തോ, പ്രദേശത്തോ 80-85% വാക്‌സിനേഷനിലൂടെ കൊവിഡ് പകര്‍ച്ചയും മരണവും നിയന്ത്രണവിധേയമായി എന്നത് അതേപടി വേറൊരിടത്ത് ആവര്‍ത്തിക്കണമെന്നില്ല. അത് വാക്‌സിനേഷന്‍ പദ്ധതി എങ്ങനെ നടപ്പിലാക്കുന്നു എന്നതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.  

ഇന്നത്തെ സാഹചര്യത്തില്‍ ഒരു സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത് കൊണ്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം സുതാര്യമില്ലായ്മയും ഡാറ്റ മറച്ചുപിടിക്കലും സ്വതന്ത്രമായ ന്യൂസ് റിപ്പോര്‍ട്ടിംഗ് സാധ്യമല്ലാത്ത വിധം പല തലങ്ങളിലുള്ള അപ്രഖ്യാപിത സെന്‍സറിംഗും നിറഞ്ഞതാണ് ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗം. കേരളവും ഇതില്‍ നിന്ന് ഒട്ടും മുക്തമല്ല.  അതുകൊണ്ട് താരതമ്യപഠനങ്ങളിലൂടെ എന്തെങ്കിലും സത്യം മനസിലാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കെണ്ടതില്ല. നമുക്ക് കഴിയുന്നത് മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് / ഫീല്‍ഡില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുക എന്നതാണ്. 

covidകേരളത്തിലെ കോവിഡ് സംക്രമണം നിയന്ത്രണ വിധേയമാക്കാന്‍ ആദ്യം വേണ്ടത്, വാക്‌സിനേഷനാണ് നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി എന്ന തരത്തിലുള്ള പ്രസ്താവനകള്‍  അവസാനിപ്പിക്കുകയാണ്. ഒന്നാമതായി, ഇത്തരം പ്രസ്താവനകള്‍ ശരിയല്ല. അവ ആവര്‍ത്തിക്കുന്നതിലൂടെ സുരക്ഷയെക്കുറിച്ച് ഒരു മിഥ്യാബോധമാണ് നാം സൃഷ്ടിക്കുന്നത്. അത് വിപരീതഫലമുണ്ടാക്കും.  

എന്തായാലും ഇന്നത്തെ സാഹചര്യത്തില്‍ വാക്‌സിനേഷനിലൂടെ മാത്രമായി അവസാനിപ്പിക്കാന്‍ പറ്റുന്ന ഒരു രോഗസംക്രമണമല്ല കൊവിഡ്-19 എന്ന് നാം തിരിച്ചറിയണം. 

അതിന്റെയര്‍ത്ഥം വാക്‌സിനേഷന് കോവിഡ് നിയന്ത്രണത്തില്‍ പങ്കില്ല എന്നല്ല. തീര്‍ച്ചയായും വാക്‌സിനേഷന്‍ ആവശ്യമാണ്. വാക്‌സിനേഷന് തന്നെയാണ് മുന്‍ഗണന. പക്ഷെ, മറ്റു നിരവധി ഘടകങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുന്ന യുക്തിപരമായതും, ശാസ്ത്രീയതത്വങ്ങളെ അടിസ്ഥാന മാക്കിയുള്ളതുമായ വാക്‌സിനേഷന്‍ എന്ന് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു.    

അതിന് പകരമായി, വാക്‌സിനേഷന് മാത്രം മുഴുവന്‍ ഊന്നലും കൊടുക്കുന്ന ഇന്നത്തെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തന രീതിയിലൂടെ കൊവിഡ് രോഗപകര്‍ച്ചയെ നിയന്ത്രിക്കാന്‍ ആവശ്യമായ സാമൂഹിക രോഗപ്രതിരോധം അഥവ ഹേര്‍ഡ് ഇമ്മ്യുണിറ്റി സൃഷ്ടിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്.  

ഈ വിഷയം മനസിലാക്കാന്‍ ഹേര്‍ഡ് ഇമ്മ്യുണിറ്റി എന്താണെന്ന് അല്പം വിശദീകരിക്കേണ്ടതുണ്ട്.   

vaccinationഹേര്‍ഡ് ഇമ്മ്യൂണിറ്റി

ഹേര്‍ഡ് ഇമ്മൂണിറ്റി എന്നത് ഒരു സമൂഹം ഒന്നായി ഒരു പ്രത്യേക രോഗത്തിനെതിരായി ആര്‍ജ്ജിക്കുന്ന രോഗപ്രതിരോധ ശക്തിയാണ്. 

രണ്ട് രീതിയിലൂടെയാണ് സമൂഹത്തിന് ഈ ശേഷിയുണ്ടാവുന്നത്. 

(a) സമൂഹത്തിലെ നല്ലൊരു ശതമാനം വ്യക്തികള്‍ക്ക് രോഗബാധയുണ്ടാവുകയും അങ്ങനെ രോഗത്തിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കുകയും ചെയ്യുക. 
(b) സമൂഹത്തിനുള്ളിലെ വ്യക്തികള്‍ക്ക് വ്യാപകമായ തോതില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നതിലൂടെ രോഗത്തിനെതിരെ സമൂഹം രോഗപ്രതിരോധ ശേഷി നേടുക.

ആദ്യത്തെ രീതിയുടെ പ്രശ്‌നം ഇതാണ്- രോഗബാധയുണ്ടാകുന്നവരില്‍ 3% പേര്‍ മരിച്ചുപോകും എന്ന് വിചാരിക്കുക. അതായത് 100 പേര്‍ക്ക് രോഗബാധയുണ്ടാവുമ്പോള്‍ 3 പേര്‍ മരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 97 പേര്‍ക്ക് രോഗപ്രതിരോധ ശക്തിയുണ്ടാവാന്‍ 3 പേര്‍ മരിക്കണം. കൊവിഡിന്റെ കാര്യത്തില്‍ ഈ 3% അത്ര ചെറിയ സംഖ്യയല്ല. കൊവിഡിന്റെ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വകഭേദങ്ങള്‍ അതിവേഗം പകരുന്നവയാണ്. അവ പടര്‍ന്നുപിടിച്ച 5 ലക്ഷം പേര്‍ താമസിക്കുന്ന ഒരു നഗരത്തെക്കുറിച്ച് സങ്കല്പിക്കുക. ഈ നഗരത്തില്‍ ഹേര്‍ഡ് ഇമ്മൂണിറ്റി വഴി രോഗപ്രതിരോധം ഉണ്ടാകാന്‍ 15,000 പേര്‍ മരണമടയേണ്ടിവരും. 

രണ്ടാമത്തെ രീതി, വ്യക്തികളെ മരണത്തിന് വിട്ടുകൊടുക്കാതെ ഒരു രോഗത്തിനെതിരെ പ്രതിരോധം നേടാനുള്ള ആധുനിക വിദ്യയാണ്. 

ചിലപ്പോള്‍ വാക്‌സിനേഷനിലൂടെ രോഗത്തെ പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും മരണനിരക്കിനെ വലിയതോതില്‍ കുറയ്ക്കാന്‍ അത് സഹായിക്കും. 3% ത്തില്‍ നിന്നും 0.1% ആയോ അല്ലെങ്കില്‍ വീണ്ടും താഴേയ്‌ക്കോ. അതായത്  15,000 ന്റെ സ്ഥാനത്ത് 500 അല്ലെങ്കില്‍ 50 മരണം.  

ഏതൊരു  ആധുനിക സമൂഹവും സ്വീകരിക്കുക രണ്ടാമത്തെ മാര്‍ഗ്ഗമായിരിക്കും. 

എന്താണ് ഈ ഹേര്‍ഡ് ഇമ്മൂണിറ്റിക്ക് കാരണം? 

വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഉദ്ദേശം വൈറസ് ഒരു വ്യക്തിയെ പിടികൂടുന്നതിന് മുന്‍പ് തന്നെ ആ വ്യക്തിയുടെ ശരീരത്തില്‍ വൈറസിനെതിരെ പ്രതിവസ്തു (ആന്റിബോഡി) സൃഷിക്കുക എന്നതാണ്. ഇങ്ങനെ ആന്റിബോഡിയുള്ളവരുടെ ശരീരത്തില്‍  വൈറസിന് കയറാനും വളര്‍ന്നു പെരുകാനും കഴിയില്ല. വ്യക്തികള്‍ക്ക് വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ ഒരാളിന്റെ ശരീരത്തില്‍ നിന്ന് മറ്റൊരാളിന്റെ ശരീരീരത്തിലേയ്ക്കുള്ള വൈറസിന്റെ പകര്‍ച്ചക്ക് തടസ്സമുണ്ടാകുന്നു. സമൂഹത്തിനുള്ളില്‍ വൈറസിന്റെ സുഗമമായ സഞ്ചാരം അങ്ങനെ അവസാനിക്കുന്നു. വൈറസിന് ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക് യഥേഷ്ടം സഞ്ചരിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നതാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുടെ അടിസ്ഥാനം. ഇതിന്റെ ഫലമായി രോഗപകര്‍ച്ച കുറയുന്നു. ഓരോ വ്യക്തികളുടെയും ശരീരത്തിനുള്ളില്‍ പഴയതുപോലെ വളര്‍ന്നു പെരുകി വംശവര്‍ധന നടത്താന്‍ വൈറസിന് കഴിയില്ല. അങ്ങനെ സമൂഹത്തില്‍ സഞ്ചരിക്കുന്ന മൊത്തം വൈറസിന്റെ എണ്ണം കുറയുന്നു. ഇതിനെ 'വൈറസ് ലോഡ്' കുറയുക എന്ന് പറയും. വൈറസ് ലോഡ് കുറയുമ്പോള്‍ രോഗമുണ്ടാക്കാനുള്ള വൈറസിന്റെ ശക്തിയും ക്ഷയിക്കും. കുറേകൂടി കൃത്യമായി പറഞ്ഞാല്‍ മനുഷ്യ സമൂഹത്തിനുള്ളില്‍ വൈറസ് ദുര്‍ബ്ബലമാകുന്നു. രോഗബാധ കെട്ടടങ്ങുന്നു.  

എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഉദ്ദേശം ഇതാണ്. വ്യക്തികളെ സംരക്ഷിക്കുക എന്നതിനേക്കാള്‍ സമൂഹത്തെ ഒന്നടങ്കം സംരക്ഷിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

vaccine

നമ്മുടെ കൈയ്യിലുള്ള ഒരൊറ്റ വാക്‌സിന്‍ പോലും അതാത് രോഗങ്ങള്‍ക്കെതിരെ 100% ഫലപ്രദമമാണെന്ന് പറയാന്‍ കഴിയില്ല. ശരാശരി 85-95% മാണ് മിക്ക വാക്‌സിനുകളുടെയും രോഗപ്രതിരോധ ശേഷി. അതുകൊണ്ട് ഒരു വ്യക്തിക്ക് മാത്രമായി നല്‍കുന്നതിലൂടെ ഒരു രോഗത്തില്‍ നിന്ന് 100% സംരക്ഷണം ഒരു വാക്‌സിനും ആര്‍ക്കും നല്‍കില്ല. അതികഠിനമായ തോതില്‍ രോഗം പടര്‍ന്നു കൊണ്ടിരിക്കുകയും വലിയ തോതില്‍ വൈറസ് ലോഡ്  നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ആ രോഗത്തിനെതിരെ വാക്‌സിന്‍ എടുത്തിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ഒരു വ്യക്തി പൂര്‍ണ്ണ സുരക്ഷിതനാണെന്ന് പറയാന്‍ കഴിയില്ല. രോഗം പിടിപെടാതിരിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടി ആ വ്യക്തി സ്വീകരിക്കേണ്ടി വരും. 

എന്നാല്‍ ആ സമൂഹത്തിലെ 80-90% പേര്‍ ആ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഓരോരുത്തരുടെയും വ്യക്തിഗത രോഗപ്രതിരോഗശേഷി പരിപൂര്‍ണ്ണമല്ലെങ്കില്‍ കൂടി, ആ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഓരോ വ്യക്തിയുടെയും പ്രതിരോധം 100% ആയിരിക്കും. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമല്ലാത്ത പ്രതിരോധശേഷിയുള്ള/വാക്‌സിനേറ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി,  ഭൂരിപക്ഷം പേര്‍ വാക്‌സിനേറ്റ് ചെയ്യപ്പെട്ട ഒരു സമൂഹത്തിനുള്ളില്‍ പൂര്‍ണ്ണ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിയായിത്തീരും.  മാത്രമല്ല, വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും  അവശേഷിക്കുന്ന 10% പേരുടെ രോഗപ്രതിരോധശേഷിയും ആ സമൂഹത്തിനുള്ളില്‍ പൂര്‍ണ്ണമായിരിക്കും. അവര്‍ക്ക് രോഗം പിടിപെടില്ല. ഇതാണ്  ഹേര്‍ഡ് ഇമ്മൂണിറ്റിയുടെ സവിശേഷത. വാക്‌സിനേഷന്‍ എടുക്കാത്ത ഒരു ചെറിയ ന്യൂനപക്ഷത്തെപ്പോലും രോഗബാധയില്‍ നിന്ന് സംരക്ഷിച്ചു നിറുത്തുന്ന ഒരു ഘടകമാണ് സാമൂഹ്യ രോഗപ്രതിരോധം. 

കോവിഡിന്റെ കാര്യത്തില്‍ വ്യാപകമായ വാക്‌സിനേഷനിലൂടെ സാമൂഹിക രോഗപ്രതിരോധം  നേടാനുള്ള ശ്രമമാണ് നാം ഇപ്പോള്‍ നടത്തുന്നത്. എത്രയും വേഗം സാമൂഹിക രോഗപ്രതിരോധം സൃഷ്ടിക്കാന്‍ വേഗത്തില്‍ വാക്‌സിനേഷന്‍ ചെയ്തുവരുന്നു. ആരോഗ്യവകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളും അവരുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഏതാണ്ട് മുഴുവന്‍ ഊര്‍ജ്ജവും ഈ ഒരൊറ്റ കാര്യത്തിലേക്ക് കേന്ദ്രീകരിച്ചു നിറുത്തിയിരിക്കുകയാണ്. ഈ രണ്ട് വകുപ്പുകളുടെയും കീഴില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും ഇക്കാര്യത്തില്‍ ജനങ്ങളുടെ ആദരവ് ആര്‍ഹിക്കുന്നു.    

ഈയവസരത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്  

(a) കൊവീഷീല്‍ഡായാലും കൊവാക്‌സിനായാലും, 70% ഫലപ്രാപ്തിയുള്ള ഒരു വാക്‌സിന്‍ മൊത്തം ജനസംഖ്യയുടെ 80% ത്തിന് നല്‍കിയാല്‍പ്പോലും ഹേര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാകില്ല. ഇപ്പോള്‍ 18 വയസ്സിന് മുകളിലുള്ളവരില്‍ ഉള്ളവരുടെ  88% ത്തിന് ഒരു ഡോസും 40% ത്തിന് 2 ഡോസ് വാക്‌സിനുമാണ് കേരളത്തില്‍ നല്‍കിയിരിക്കുന്നത്.  അതുകൊണ്ട് വാക്‌സിനേഷനിലൂടെ മാത്രം ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടാനുള്ള ശ്രമം ഇന്നത്തെ സാഹചര്യത്തില്‍ പരാജയപ്പെടാനാണ് സാധ്യത. 
 
 നേരത്തെ പറഞ്ഞത് പോലെ,  വാക്‌സിനേഷനെ സംബന്ധിച്ച് മറ്റൊരു രാജ്യത്ത്, വ്യത്യസ്തമായ ഒരു സന്ദര്‍ഭത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി ഇവിടെ ആവര്‍ത്തിക്കുന്നത് പ്രതീക്ഷിക്കുന്ന ഫലം ചെയ്യണം എന്നില്ല എന്നര്‍ത്ഥം.  

വാക്‌സിനേഷനെ, കൊവിഡ് നിയന്ത്രണത്തിന് സഹായിക്കുന്ന മറ്റു ഘടകങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ മാത്രമേ നമുക്ക് ഹേര്‍ഡ് ഇമ്മ്യൂണിറ്റി സൃഷ്ടിക്കാന്‍ കഴിയു എന്ന യാഥാര്‍ത്ഥ്യം ഓരോ ദിവസവും വ്യക്തമായി വരികയാണ്. 

covidഈ ഘടകങ്ങളില്‍ വൈദ്യശാസ്ത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ ഇടപെടലുകള്‍ ഉണ്ടാവണം. ജനങ്ങളില്‍ കൊവിഡ് നിയന്ത്രണത്തിന് അനുയോജ്യമായ പെരുമാറ്റവികാസം സാധ്യമാക്കാന്‍ സഹായിക്കുന്ന സോഷ്യല്‍ മോബിലൈസേഷന്‍, ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ ഇടപെടലുകള്‍ ഉണ്ടാവണം.

അതായത് കൊവിഡ് പ്രതിരോധം കൂടുതല്‍ സമഗ്രമായി തീരണം. അതിന് സഹായകരമായ ഒരു പ്രവര്‍ത്തനപദ്ധതി ഇപ്പോള്‍ നമുക്കുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. 

(b) ജനസംഖ്യ മാതൃക, സാമ്പത്തിക വര്‍ഗീകരണം, ഒരേപോലെയുള്ള പാര്‍പ്പിടരീതികള്‍, കണ്‍സ്യൂമര്‍ സ്വഭാവം, സഞ്ചാരരീതികള്‍, ഭൂപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തെ ഒരൊറ്റ യൂണിറ്റായ സമൂഹമായി മാത്രമേ കാണാന്‍ കഴിയുക. ചുരുക്കം പ്രദേശങ്ങള്‍ ഒഴിച്ചാല്‍ രോഗാണുവിന്റെ സുഗമമായ സഞ്ചാരത്തെ ഇത് സഹായിക്കുന്നു. 

(c) കൂടുതല്‍ വേഗതയില്‍ പകരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് കേരളത്തില്‍ കാണുന്നത്. അത് സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളിലും മുക്കിലും മൂലയിലും, വിദൂരമായ ആദിവാസി കോളനികള്‍ മുതല്‍ വലിയ നഗരങ്ങളില്‍ വരെ വ്യാപിച്ചിരിക്കുന്നു. വാക്‌സിനേഷന്റെ ഫലപ്രാപ്തിയെ കുറയ്ക്കുന്ന കൊവിഡ് വകഭേദമാണ് ഡെല്‍റ്റ; പ്രത്യേകിച്ചും ഡെല്‍റ്റ ഫോര്‍ ഉപവകഭേദം.   

ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് നാം മനസിലാക്കേണ്ടത് ഇതാണ്.  

covid(a) കാര്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിയാല്‍, രോഗബാധ ഒരേപോലെ എല്ലാവരിലും എത്തിച്ചേരും. ഏതെങ്കിലും നഗരങ്ങളില്‍ മാത്രം കൂടിയ തോതില്‍,  അല്ലെങ്കില്‍ ചില ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങികൂടി അത് അവസാനിക്കില്ല.  

(b) വാക്‌സിനേഷനെ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്നത്തെ രീതി തുടരാനാണ് ശ്രമമെങ്കില്‍  ആവര്‍ത്തിച്ചുള്ള രോഗബാധയിലൂടെയോ, ആവര്‍ത്തിച്ചുള്ള വാക്‌സിനേഷനിലൂടെയോ (ബൂസ്റ്റര്‍ ഡോസുകള്‍), വാക്‌സിനേഷന് ശേഷമുള്ള രോഗബാധയിലൂടെയോ, അല്ലെങ്കില്‍ രോഗബാധയ്ക്ക് ശേഷമുള്ള വാക്‌സിനേഷനിലൂടെയോ മാത്രമായിരിക്കും രോഗനിയന്ത്രണത്തിന് ആവശ്യമായ രീതിയില്‍ നമുക്ക് ഹേര്‍ഡ് ഇമ്മ്യൂണിറ്റി ലഭ്യമാകുക.  
യഥാര്‍ത്ഥത്തില്‍ ഇതല്ലേ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്!  നിര്‍ഭാഗ്യവശാല്‍ ഇതിനെ ത്വരിതപ്പെടുത്തുന്ന കാര്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ നാം ചെയ്തുകൊണ്ടിരിക്കുന്നത്

COVID death

ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സ്ത്രീപുരുഷന്മാര്‍ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയുടെ ഏതാണ്ട് 17% മനുഷ്യര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ മൊത്തം ജനങ്ങളില്‍ 27% പ്രമേഹരോഗികളാണ്. 37% രക്താതിമര്‍ദ്ദമുള്ളവര്‍. പ്രമേഹരോഗമുള്ളവരില്‍ 14% ത്തില്‍ മാത്രമാണ് ശരിയായ രോഗനിയന്ത്രമുള്ളത്. അതായത്, മൊത്തം പ്രമേഹരോഗികളില്‍ 86% രക്തത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹൈപ്പര്‍ ഗ്ലൈസീമിയ ഉള്ളവരാണ്. ഇത് വലിയ തോതില്‍ ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും കാരണമായിത്തീരുന്ന ഒരു ഘടകമാണ്. ഇത് കൊവിഡ് രോഗാതുരതയേയും മരണത്തേയും വര്‍ധിപ്പിക്കുന്നു.  

അതുകൊണ്ട്, 

covid(1) പകര്‍ച്ചേതരവ്യാധികളുടെ (പ്രധാനമായും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം) നിയന്ത്രണം നമ്മുടെ കൊവിഡ് പ്രതിരോധത്തിന്റെ അവിഭാജ്യഭാഗമാണ്. 
(2) ഈ വിഭാഗത്തിലുള്ളവരെ കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍, രോഗം സങ്കീര്‍ണ്ണമാകുന്നത് നേരത്തെ തിരിച്ചറിയാനും വൈകാതെ ചികിത്സിക്കാനും കഴിയണം. 
(3) ഇവരുടെ ആരോഗ്യാവസ്ഥ കൃത്യമായ ഇടവേളകളില്‍ മോണിട്ടര്‍ ചെയ്യാന്‍ കഴിയണം. ആശുപത്രികളില്‍ വരാതെ ചികിത്സിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലമായ ടെലിമെഡിസിന്‍ നെറ്റ്വര്‍ക്ക് സംവിധാനം അതിനായി ഒരുക്കേണ്ടതാണ്. 
(4) ഏറ്റവും പ്രധാനം വാക്‌സിനേഷനില്‍ ഈ വിഭാഗത്തിന് എല്ലാവിധത്തിലും മുന്‍ഗണന നല്‍കണം എന്നതാണ്. 

മുന്‍ഗണന ഉത്തരവുകളില്‍ മാത്രം പോര. ഉത്തരവുകള്‍ സ്വയം ഇറങ്ങിവന്ന് നിയമം നടപ്പിലാക്കില്ലല്ലോ.  അവ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കൊവിഡ് മരണങ്ങളില്‍ ഭൂരിപക്ഷവും ഒരു ഡോസ് വാക്‌സിനേഷന്‍ പോലും ലഭിക്കാത്ത 60 വയസിന് മുകളിലുള്ളവരാണെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. വിദഗ്ധര്‍ പറയുന്നത് വാക്‌സിനേഷനോടുള്ള വിമുഖതയാണ് കാരണം എന്നാണ്. അത് എത്രമാത്രം ശരിയാണ് എന്ന് അന്വേഷിക്കേണ്ടതാണ്.  

ശരിയാണെങ്കില്‍പ്പോലും വാക്‌സിനേഷന്‍ വിമുഖതയെ അഭിസംബോധന ചെയ്യാനുള്ള കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റെജി ഇപ്പോള്‍ നടന്നുവരുന്ന കൊവിഡ് വാക്‌സിനേഷന്‍ കാമ്പയിനില്‍ ഉള്‍പെടുത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. 

ചുരുക്കത്തില്‍ എത്രമാത്രം മികച്ചതാണെന്ന് വാഴ്ത്തപ്പെട്ടാലും കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് സമഗ്രത അവകാശപ്പെടാന്‍ കഴിയില്ല. പലവിധ താല്‍പര്യങ്ങളെ ഒരേസമയം തൃപ്തിപ്പെടുത്താനെന്ന വിധം വിപരീതദിശകളിലേക്ക് സഞ്ചരിക്കുന്ന വ്യത്യസ്ത സമീപനങ്ങളെ കൂട്ടിക്കെട്ടിയിരിക്കുന്ന ഒന്നാണത്. അതിനുള്ളിലെ വൈരുധ്യമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.  

തുടരും

(നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്നു ലേഖകന്‍)