പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള കല്യാണം, ഗര്‍ഭധാരണം,  രക്ഷകര്‍ത്താക്കളുടെകൂടെ തൊഴിലിനുപോകേണ്ട അവസ്ഥ, ഗാര്‍ഹികജോലികളുടെ അധികസമ്മര്‍ദം, ഗാര്‍ഹികപീഡനങ്ങളുടെ വര്‍ധന എന്നിങ്ങനെ ലോകത്താകമാനമുള്ള വിദ്യാഭ്യാസംചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ദുരിതപര്‍വമായിരുന്നു കോവിഡ് കാലഘട്ടമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.


രോഗ്യമേഖല കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസമേഖലയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ട് ഏതാണ്ട് ഒന്നരവര്‍ഷമാകുന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് 160 കോടി കുട്ടികള്‍ക്ക് സ്‌കൂളില്‍പ്പോയി പഠനംനടത്താന്‍ സാധിക്കുന്നില്ല. കേരളത്തിലാവട്ടെ  37,16,897 കുട്ടികളാണ് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലായി പഠിക്കുന്നതെന്നാണ് സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നല്‍കുന്ന കണക്ക്. വിദൂരവിദ്യാഭ്യാസത്തിലൂടെ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ഇത് എല്ലാ കുട്ടികളിലേക്കും ഒരുപോലെ എത്തുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്.  പെണ്‍കുട്ടികളുടെ കാര്യമെടുക്കാം. യൂണിസെഫ്, വേള്‍ഡ് ബാങ്ക്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, യുണൈറ്റഡ് നേഷന്‍ ഹയര്‍ കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് എന്നിവ സംയുക്തമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ഓണ്‍ലൈന്‍ പഠനത്തിന്റെ ഏറ്റവും ദോഷവശം ഏറ്റുവാങ്ങിയത് പെണ്‍കുട്ടികളാണ് എന്നാണ്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള കല്യാണം, ഗര്‍ഭധാരണം,  രക്ഷകര്‍ത്താക്കളുടെകൂടെ തൊഴിലിനുപോകേണ്ട അവസ്ഥ, ഗാര്‍ഹികജോലികളുടെ അധികസമ്മര്‍ദം, ഗാര്‍ഹികപീഡനങ്ങളുടെ വര്‍ധന എന്നിങ്ങനെ ലോകത്താകമാനമുള്ള വിദ്യാഭ്യാസം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ദുരിതപര്‍വമായിരുന്നു കോവിഡ് കാലഘട്ടം എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഇതുപോലെ സാമൂഹികവും സാമ്പത്തികവും സ്ഥലപരവുമായ പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ പാര്‍ശ്വവത്കരിക്കയാണ് ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചെയ്തത്. 

സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കിനുള്ള ഏറ്റവും നല്ല പ്രതിവിധിയായാണ് പ്രീസ്‌കൂള്‍തലത്തെ ആഗോളതലത്തില്‍ത്തന്നെ കാണുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രീസ്‌കൂള്‍തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അനുഭവങ്ങള്‍ സമ്പൂര്‍ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു

ബോധനപ്രക്രിയ ക്രമീകരിക്കണം

സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതുമൂലം ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് പ്രൈമറിതലത്തിലും ഹയര്‍ സെക്കന്‍ഡറിതലത്തിലുമുള്ള വിദ്യാര്‍ഥികളാണ്. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കിനുള്ള ഏറ്റവും നല്ല പ്രതിവിധിയായാണ് പ്രീസ്‌കൂള്‍തലത്തെ ആഗോളതലത്തില്‍ത്തന്നെ കാണുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രീസ്‌കൂള്‍തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അനുഭവങ്ങള്‍ സമ്പൂര്‍ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. കളികളില്‍ ഊന്നിയുള്ള ബോധനപ്രക്രിയയിലൂടെ വിദ്യാര്‍ഥികളുടെ വൈജ്ഞാനികവും വൈകാരികവും സാമൂഹികവുമായ വികസനത്തിന് അടിത്തറപാകുകയാണ് പ്രീസ്‌കൂള്‍ കാലഘട്ടങ്ങളില്‍ ചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാമ്പ്രദായികരീതി വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വവും പ്രീസ്‌കൂളുകള്‍ നിര്‍വഹിക്കുന്നുണ്ട്. ഇതെല്ലാംതന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് എത്തുമ്പോള്‍ സ്‌കൂളിന്റെ ദൈനംദിനപ്രക്രിയയെ അവര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ മാറ്റിയെടുക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠനപ്രക്രിയ ഘടനാപരമായിത്തന്നെ പുനഃക്രമീകരിക്കണം. പ്രീസ്‌കൂളിനെ ഉള്‍ക്കൊള്ളുന്ന പ്രൈമറി സ്‌കൂളുകള്‍ എന്നരീതിയില്‍ പ്രൈമറി വിദ്യാഭ്യാസ പഠനപ്രവര്‍ത്തനങ്ങളെ പുനഃക്രമീകരിച്ചില്ലെങ്കില്‍ വരുംകാലങ്ങളില്‍ സ്‌കൂള്‍തലത്തിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിക്കും.

2020-ല്‍ പ്ലസ്വണ്ണില്‍ പ്രവേശിച്ച ഒരു വിദ്യാര്‍ഥി ഒരുദിവസംപോലും സ്‌കൂളില്‍ പോകാതെ പ്ലസ്ടു പാസായി പുറത്തുവരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ

ഇതുപോലെത്തന്നെ പ്രധാനമാണ് ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന പഠനാനുഭവങ്ങള്‍. എഴുതാനും വായിക്കാനും അടിസ്ഥാനഗണിതശേഷികള്‍ ആര്‍ജിക്കുന്നതിലും വളരെ ഗണ്യമായ പുരോഗതി വിദ്യാര്‍ഥികള്‍ നേടിയെടുക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുപ്പിക്കേണ്ടുന്ന പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളുടെ കാര്യത്തിലും ഇതേ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. 2020-ല്‍ പ്ലസ്വണ്ണില്‍ പ്രവേശിച്ച ഒരു വിദ്യാര്‍ഥി ഒരുദിവസംപോലും സ്‌കൂളില്‍ പോകാതെ പ്ലസ്ടു പാസായി പുറത്തുവരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ഡിഗ്രി തലത്തിലേക്കുള്ള പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിലുംമറ്റും വിദ്യാര്‍ഥികള്‍ക്ക് ഈ കാലഘട്ടത്തിലെ പഠനാനുഭവങ്ങള്‍ വലിയരീതിയില്‍ സഹായിക്കുന്നുണ്ട്. ഈ വിഷമസന്ധി കോവിഡ് കാലഘട്ടത്തിലെ വിദ്യാര്‍ഥികളുടെ അക്കാദമികവും വൈകാരികവും സാമൂഹികവുമായ ശേഷികളെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. ഇതിനൊക്കെയുള്ള ഒരേയൊരു പ്രതിവിധി അടിയന്തരമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി  തുറക്കാനുള്ള നടപടിയെടുക്കുക എന്നതാണ്.

ani
Image: ANI

ഇരുപതാംനൂറ്റാണ്ടില്‍ 50 മില്യണ്‍ മനുഷ്യരുടെ മരണത്തിനുകാരണമായ സ്പാനിഷ് ഫ്‌ളൂവിനുശേഷമുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിരന്തരമായി മെഡിക്കല്‍ സംഘങ്ങള്‍ വന്നുപോയിരുന്നതിനെക്കുറിച്ച് രേഖകളുണ്ട്


ആരോഗ്യപരമായ കാര്യങ്ങളില്‍  പാലിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച്  ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്.  എന്നാല്‍, സ്‌കൂളുകളുടെ തുറക്കലുമായി ബന്ധപ്പെട്ടുനടത്തേണ്ട ആരോഗ്യ മുന്നൊരുക്കങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ കാര്യമായി ഉണ്ടാകുന്നില്ല. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അധ്യാപകര്‍ക്കും മറ്റുജീവനക്കാര്‍ക്കും കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്‌കൂളിന്റെ സമീപപ്രദേശത്തുള്ള കടകളിലെ ആളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പ്രഥമപരിഗണന വേണം. ഇതൊരു നയമായി പ്രഖ്യാപിക്കണം. കോവിഡിനുശേഷം പുനരാരംഭിക്കുന്ന സ്‌കൂളുകളില്‍ നടപ്പാക്കേണ്ട ഒറ്റത്തവണ ആരോഗ്യപദ്ധതിയായി ഇത് ചുരുങ്ങാന്‍ പാടില്ല. ഇരുപതാംനൂറ്റാണ്ടില്‍ 50 മില്യണ്‍ മനുഷ്യരുടെ മരണത്തിനുകാരണമായ സ്പാനിഷ് ഫ്‌ളൂവിനുശേഷമുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിരന്തരമായി മെഡിക്കല്‍ സംഘങ്ങള്‍ വന്നുപോയിരുന്നതിനെക്കുറിച്ച് രേഖകളുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍ തമ്മിലുള്ള നിരന്തരമായ കൈകോര്‍ക്കല്‍ കോവിഡനന്തരവും ഉണ്ടാവണം. എന്നാല്‍, ഈ മുന്നൊരുക്കങ്ങള്‍ മാത്രമെടുത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചാല്‍ മതിയാവില്ല.

1
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ താപനില സ്‌കാനിംഗിന് വിധേയമാകുന്നു. PTI

'പൊതു' അല്ല, 'പുതു'വിദ്യാഭ്യാസ യജ്ഞം

പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ സ്ഥാനത്ത് പുതുവിദ്യാഭ്യാസയജ്ഞം നടപ്പാക്കേണ്ട സമയമായിരിക്കുന്നു. പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ എന്റോള്‍മെന്റില്‍ ഒരു ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍, കോവിഡ് കാലഘട്ടത്തില്‍ പഠനം മുടങ്ങിയ ഒരു വലിയവിഭാഗം വിദ്യാര്‍ഥികള്‍, പ്രത്യേകിച്ചും സാമൂഹികവും സാമ്പത്തികവും സ്ഥലപരവുമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍, സ്‌കൂളുകളിലേക്ക് തിരിച്ചെത്തുകയാണ്. അതിന് ഒരു പുതിയ വിദ്യാഭ്യാസയജ്ഞംതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.

ബ്രിഡ്ജ് കോഴ്സുകള്‍:  ഒന്നരവര്‍ഷത്തെ  ഇടവേളയിലാണ് കുട്ടികള്‍ ക്ലാസുകളിലേക്ക് എത്താന്‍പോകുന്നത്. അതുകൊണ്ടുതന്നെ നേരിട്ട് ക്ലാസുകള്‍ തുടങ്ങാതെ, ഏതുരീതിയിലാണ് വിദ്യാര്‍ഥികളെ സാധാരണ പഠനപ്രക്രിയയിലേക്ക് കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം. സ്‌കൂളുകള്‍ അടച്ചപ്പോള്‍ നിര്‍ത്തിയിടത്തുെവച്ച് തുടങ്ങുന്നതും ഓണ്‍ലൈന്‍വഴി പഠിപ്പിച്ചതുകൊണ്ട് ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ബാക്കി പഠിപ്പിക്കുന്നതും കുട്ടികള്‍ക്ക് വലിയ പഠനപ്രതിസന്ധിതന്നെ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച്, കോവിഡ് സമയത്ത് അടയ്ക്കുമ്പോള്‍ എല്‍.കെ.ജി.യിലും യു.കെ.ജി.യിലുമുള്ള കുട്ടികള്‍ ഒന്ന്, രണ്ട് ക്‌ളാസുകളിലേക്ക് എത്തുമ്പോള്‍, പത്താംക്‌ളാസില്‍നിന്ന് പ്‌ളസ്വണ്ണിലേക്ക് അഡ്മിഷന്‍കിട്ടി ഒരു വര്‍ഷംപോലും റെഗുലര്‍ ക്‌ളാസുകളില്‍ പഠിക്കാനാവാതെ പ്‌ളസ്ടുവിന്റെ പകുതിവരെയെത്തിയ കുട്ടികള്‍- ഇവരൊക്കെത്തന്നെ കാര്യമായ പരിഗണന ആവശ്യമുള്ള വിഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള സൗഹൃദം സൃഷ്ടിക്കല്‍, വിദ്യാര്‍ഥികള്‍ക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള സമയം, ഓണ്‍ലൈന്‍വഴി പഠിച്ച ആശയങ്ങള്‍ ഓരോകുട്ടിയും എത്രകണ്ട് മനസ്സിലാക്കി എന്നതിനെ സംബന്ധിക്കുന്ന വിലയിരുത്തല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ സാധാരണ പഠനപ്രക്രിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബ്രിഡ്ജ് മെറ്റീരിയലുകള്‍ തയ്യാറാക്കല്‍, അവയുടെ ശാസ്ത്രീയമായ പ്രയോഗം എന്നിവയൊക്കെ വളരെ പ്രധാനമാണ്.  

content highlights: How to change the education system during Covid Time

(കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകനാണ് ലേഖകന്‍)