കോവിഡ് പ്രതിരോധം: ചില ചോദ്യങ്ങള്‍/ഭാഗം 3 -ശരിയായ ആസൂത്രണം (മൈക്രോ പ്ലാനിംഗ്) ഒരു വാക്‌സിനേഷന്‍ പരിപാടിയുടെ വിജയത്തിന് എത്രമാത്രം പ്രധാനമാണെന്നാണ് പരമ്പരയുടെ മൂന്നാം ഭാഗമായ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്. 
 

രു ഡോസ് വാക്‌സിനേഷന്‍ 90% വും രണ്ട് ഡോസ് 40% വും പൂര്‍ത്തീകരിച്ചിട്ടും കൊവിഡ് മരണങ്ങളില്‍ ഭൂരിപക്ഷവും ഒരു ഡോസ് വാക്‌സിനേഷന്‍ പോലും ലഭിക്കാത്ത 60 വയസിന് മുകളിലുള്ളവരാകുന്നതും ലോക്കല്‍ ഔട്ട്ബ്രേക്കുകളിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും, വാക്‌സിനേഷന്റെ ആസൂത്രണമില്ലായ്മയുമായി ചേര്‍ത്ത് വായിക്കേണ്ടതാണെന്ന് വിലയിരുത്തുന്നു. ഇത് പരിഹരിക്കാന്‍ ശാസ്ത്രീയമായ മൈക്രോപ്ലാനിംഗില്‍ അധിഷ്ടിതമായ തുടര്‍ വാക്‌സിനേഷന്‍ പരിപാടി ആവശ്യമാണെന്നാണ് ഈ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്.    

ഇത് വായിക്കുന്നതിന് മുമ്പ് ഒരു കാര്യം പറയട്ടെ. ഇത് ദീര്‍ഘമായ ഒരു ലേഖനമാണ്. ഇതില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ ചെറുതായി പറയാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്. ദയവായി ക്ഷമിക്കുക. താല്പര്യമുള്ളവര്‍ തുടര്‍ന്നു വായിക്കുക.    

മൈക്രോപ്ലാനിങ് എന്ന വിജയമന്ത്രം 

നമ്മുടെ ശരീരത്തിന്റെ ഘടനയെ നിര്‍ണ്ണയിക്കുന്നത് അസ്ഥിപഞ്ജരമാണ് എന്നും പറയും പോലെയാണ് ഒരു വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ മൈക്രോപ്ലാനിംഗ്. ഒരു വാക്‌സിനേഷന്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ വിശദമായ ഡോക്കുമെന്റാണത്. ശരിയായും ശാസ്ത്രീയമായും തയ്യാറാക്കിയ ഒരു മൈക്രോപ്ലാന്‍ ഏതൊരു വാക്‌സിനേഷന്‍ പരിപാടിയുടെയും വിജയകരമായ നടത്തിപ്പിന്റെ മുന്നുപാധിയാണ്.     

വാക്‌സിനേഷന്‍ ചെയ്യേണ്ട സമൂഹം, വാക്‌സിനേഷന്‍ ചെയ്യേണ്ട മൊത്തം പ്രദേശങ്ങള്‍, വാക്‌സിനേഷന്‍ ശരിയായ അളവില്‍ സുരക്ഷിതമായി കുത്തിവെയ്ക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍,  അതിനായി വേണ്ടിവരുന്ന സംഘാടന രീതികള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കുന്നത്.    

ആകെ എത്ര വാക്‌സിനേഷന്‍ സൈറ്റുകള്‍ വേണ്ടിവരും? ഓരോന്നിലും എത്ര പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടിവരും? അതിനായി എത്ര ഡോസ് വാക്‌സിന്‍ ആവശ്യമാണ്?  വാക്‌സിന്‍ ലഭ്യതയും വിതരണവും  എങ്ങനെയായിരിക്കും? എത്ര ദിവസം, എത്ര സെഷനുകലായി വാക്‌സിനേഷന്‍ സംഘടിപ്പിക്കണം? അതിനായി എത്ര ജീവനക്കാര്‍ വേണ്ടിവരും? വാക്‌സിനേഷന്‍ ഒറ്റ ദിവസം കൊണ്ടു തീര്‍ക്കണമെങ്കില്‍ എത്ര ജീവനക്കാര്‍? പല മാസങ്ങള്‍  കൊണ്ട് തീര്‍ക്കണമെങ്കില്‍ എത്ര ജീവനക്കാര്‍? എന്തായിരിക്കണം കമ്മ്യൂണിക്കേഷന്‍ പ്ലാന്‍? സോഷ്യല്‍ മൊബിലൈസേഷന്‍  എങ്ങനെ നടത്തണം? വാക്‌സിനേഷന്‍ പരിപാടിയിലെ പങ്കാളികള്‍ ആരൊക്കെയായിരിക്കും? വാക്‌സിനെഷന് എതിരായ പ്രചരണം, വാക്‌സിനേഷന്‍ വിമുഖത എന്നിവയെ എങ്ങനെ നേരിടണം?  എന്നീ കാര്യങ്ങളുടെ ആസൂത്രണവും മൈക്രോപ്ലാനില്‍ ഉണ്ടായിരിക്കും. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ മറ്റു ചിലതുകൂടി ശ്രദ്ധിക്കാനുണ്ട്. 

മുന്‍ഗണന ക്രമത്തില്‍ ആദ്യമാദ്യം ആര്‍ക്കൊക്കെയാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത് എന്ന് കണക്കെടുത്ത് തിട്ടപ്പെടുത്തണം. 60 വയസിന് മുകളിലുള്ളവര്‍, ജീവിത ശൈലീരോഗങ്ങളുള്ളവര്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍, അമിതവണ്ണമുള്ളവര്‍ എന്നിങ്ങനെ  രോഗം ഗുരുതരമായിത്തീരാന്‍ സാധ്യതയുള്ള വ്യക്തികള്‍, നിത്യവും തെരുവുകളില്‍ ജോലിചെയ്യേണ്ടിവരുന്ന മുതിര്‍ന്നവര്‍, പൊതു വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്ന പ്രായമുള്ളവര്‍, ടാക്‌സി/ ഓട്ടോ/ലോറി ഡ്രൈവര്‍മാര്‍,  ക്വാറന്റ്‌റീന്‍ ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍, ചേരികളില്‍ കഴിയുന്നവര്‍, കൂലിതൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ രോഗസാധ്യത കൂടിയവരും രോഗം പിടിപെടാന്‍ സാധതകൂടിയ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും കണ്ടെത്തി അവരെയൊക്കെ ഒന്നൊന്നായി വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികള്‍ പ്ലാന്‍ ചെയ്യണം. 

മുൻഗണനാക്രമത്തിൽ വാക്സിൻ നൽകുന്നത് അവരെ രോഗബാധയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, രോഗാണു അതിവേഗം പിടികൂടാന്‍ സാധ്യതയുള്ള ഈ വിഭാഗത്തിലുള്ളവരെ ആദ്യം വാക്‌സിനേറ്റ് ചെയ്യുന്നതിലൂടെ രോഗാണുവിന് വന്‍തോതില്‍ സമൂഹത്തിലേക്ക് പ്രവേശിക്കാനുള്ള വഴി അടയ്ക്കുക കൂടിയാണ്. 


ഇങ്ങനെ നിരവധി കാര്യങ്ങളുടെ രൂപരേഖയായ മൈക്രോ പ്ലാന്‍ സംസ്ഥാന തലത്തില്‍ മാത്രമല്ല, ജില്ലാ തലത്തിലും ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ്, വാക്ക്‌സിനേഷന്‍ ചെയ്യുന്ന ബൂത്ത് തലങ്ങളിലും തയ്യാറാക്കേണ്ടതുണ്ട്. പണ്ടത്തെ വസൂരി വാക്‌സിനേഷന്‍ മുതല്‍ ഇന്നുവരെയുള്ള എല്ലാ വാക്‌സിനേഷനുകളും ഇങ്ങനെ ഒരു ആസൂത്രണത്തോടു കൂടിയാണ് നാം ചെയ്തിട്ടുള്ളത്. 

covidആരോഗ്യവകുപ്പിലെ പബ്ലിക്ക് ഹെല്‍ത്ത് ടീമിന്റെ പ്രാധാന്യം  

ആരോഗ്യ സംവിധാനത്തിന് പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് ഇതൊരു ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍  ആരോഗ്യവകുപ്പിലെ ടെക്‌നിക്കല്‍ അസ്സിസ്റ്റന്‍ഡുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ലേഡി സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സുമാര്‍, എന്നിവരടങ്ങുന്ന കേരളത്തിലെ പബ്ലിക് ഹെല്‍ത്ത് ടീമിനെ സംബന്ധിച്ച് അത് അങ്ങനെയല്ല.  ഇവരോടൊപ്പം സമൂഹത്തിന്റെ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍മാര്‍.    

എത്രയോ നാളായി വിവിധ വാക്‌സിനേഷന്‍ പരിപാടികളും മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങളും  സംഘടിപ്പിച്ചും നടപ്പിലാക്കിയും വളരെ പ്രൊഫഷണലായി സജ്ജമായ, മികച്ച നൈപുണ്യവും പരിചയസമ്പത്തും ആര്‍ജ്ജിച്ച ഒരു പൊതുജനാരോഗ്യ സൈന്യമാണ് ജില്ല ടെക്‌നിക്കല്‍ അസിസ്റ്റന്റ് മുതല്‍ ആശാവര്‍ക്കര്‍മാര്‍ വരെയുള്ള ഈ പബ്ലിക്ക് ഹെല്‍ത്ത് ടീം. നമ്മുടെ എല്ലാ ഇമ്യൂണൈസേഷന്‍ പരിപാടികളും പ്രശസ്തമായ എന്‍.സി.ഡി പ്രോഗാം എന്ന ജീവിതശൈലീ നിയന്ത്രണ പരിപാടി ഉള്‍പ്പെടെയുള്ള ദേശീയവും പ്രാദേശികവുമായ നിരവധി രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍ വ്യക്തമായ ആസൂത്രണത്തോടെയും  പ്രൊഫഷണല്‍ കൃത്യതയോടെയും ഈ ടീം നിര്‍വ്വഹിച്ചു വരുന്നു. അതുകൊണ്ട് തന്നെ ഒരു വാര്‍ഡിലെയോ/ പഞ്ചായത്തിലെയോ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ ഒരു പബ്ലിക് ഹെല്‍ത്ത് ടീമിന്റെ കൈയ്യില്‍ ഉണ്ടാവും. അല്ലെങ്കില്‍ കുറഞ്ഞസമയം കൊണ്ട് അവര്‍ക്ക് അത് ശേഖരിക്കാനും സമാഹരിക്കാനും കഴിയും.  

മിക്കവര്‍ക്കും, ആരോഗ്യവകുപ്പിന് പുറത്തുള്ള ഡോക്ടര്‍മാര്‍ക്ക് പോലും, ഈ ടീമിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചോ, ശക്തിയെക്കുറിച്ചോ അറിയില്ല എന്നതാണ് വാസ്തവം. ഈ ടീം നമ്മുടെ ആരോഗ്യവകുപ്പിന്റെ ശരിക്കുള്ള  രക്തഞരമ്പുകളാണ്. അവരില്ലെങ്കില്‍ ആരോഗ്യവകുപ്പും ഇല്ല.  

ഈ പ്രൊഫഷണല്‍ പബ്ലിക് ഹെല്‍ത്ത് ടീമിനെ മാറ്റിനിർത്തിയിട്ടാണ് കേരള സര്‍ക്കാര്‍ ഇവരുടെ പണികള്‍ പോലീസിനെ ഏല്‍പ്പിച്ചത് എന്ന് ഈയവസരത്തില്‍ ഓര്‍ക്കുക. പോലീസിന് കുത്തിവെയ്ക്കാന്‍ കൂടി അറിയാമായിരുന്നെങ്കില്‍ ഈ പബ്ലിക് ഹെല്‍ത്ത് ടീം കൊവിഡ് പ്രതിരോധത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായിപ്പോകുമായിരുന്നു.

കഴിഞ്ഞ 2 വര്‍ഷത്തോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ഈ ടീമിന് പ്രൈമറി കെയര്‍ ഡോക്ടറുടെയും പഞ്ചായത്ത് അധികാരികളുടെയും പിന്തുണയോടെ കോവിഡ് വാക്‌സിനേഷന് വേണ്ടി ചുരുങ്ങിയ ദിവസം കൊണ്ട് (രണ്ടോ മൂന്നോ ദിവസം കൊണ്ട്) വാര്‍ഡ് തലം മുതല്‍ മുകളിലേക്ക് ഒരു കൊവിഡ് വാക്‌സിനേഷന്‍ മൈക്രോപ്ലാന്‍ തയാറാക്കാന്‍ കഴിയും. അത്തരം ഒരു തയ്യാറെടുപ്പോടുകൂടിയാണോ ഇത്രയും പ്രധാനപ്പെട്ട ഒരു വാക്‌സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കപ്പെട്ടത്? 

തീര്‍ച്ചയായും അല്ല എന്നാണ് ഉത്തരം.

Read more റെക്കോഡ് കുത്തിവെപ്പ് തിരിച്ചടിക്കുന്നുവോ, വാക്‌സിന്‍ വേസ്‌റ്റേജ് കുറയ്ക്കുന്നത് മേന്‍മയോ?......

പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും തമ്മില്‍ സംഘര്‍ഷം  

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കോ,  പ്രൈമറി കെയര്‍ ഡോക്ടര്‍ക്കോ, വാര്‍ഡ് മെമ്പര്‍മാര്‍ക്കോ, പഞ്ചായത്ത് അധികാരികള്‍ക്കോ അതിനുള്ള അവസരം നല്‍കിയില്ല എന്നോ,  അല്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷന് വേണ്ടി ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കേണ്ടതാണ് എന്ന നിര്‍ദ്ദേശം ആരും അവര്‍ക്ക് നല്‍കിയില്ല എന്നോ പറയുന്നതാവും ശരി. പകരം തികച്ചും വ്യത്യസ്തമായി കോവിഡ് പ്രതിരോധം രാഷ്ടീയവത്ക്കരിക്കപ്പെടുന്നതും അധികാര വികേന്ദ്രീകൃത സമീപനം അട്ടിമറിക്കപ്പെടുന്നതുമാണ് നാം കാണുന്നത്. ഇത് താഴെ തട്ടില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പത്തിന് കാരണമായിത്തീര്‍ന്നു. 

ഒരു വശത്ത്, ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകരും, പ്രാഥമികാരോഗ്യ കേന്ദ്ര (PHC)ത്തിലെ ഡോക്ടറും,  മറുവശത്ത്, വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്ത് അധികാരികളും നിന്നുകൊണ്ട് കൊവിഡ് വാക്‌സിനേഷന്‍ സംഘാടനം, മുന്‍ഗണന എന്നിവയെക്കുറിച്ച് വ്യക്തത വരുത്താത്ത നിരവധി കാര്യങ്ങളെ ചൊല്ലി സംഘര്‍ഷവും വിദ്വേഷവും ഉണ്ടാകുന്നതാണ് പിന്നീട് നാം കാണുന്നത്.  എത്രയോ കാലമായി ജനകീയ ആസൂത്രണത്തിന്റെയും സമഗ്ര ആരോഗ്യശുചിത്വ നയത്തിന്റെയും ഭാഗമായി പഞ്ചായത്തും പ്രാദേശിക ആരോഗ്യകേന്ദ്രവും (PHC) സംയുക്തമായാണ് ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

സാങ്കേതികവും ശാസ്ത്രീയവുമായ കാര്യങ്ങള്‍ PHCയും,  അനുബന്ധ വകുപ്പുകളെ ഏകോപിപ്പിച്ച് അവ  നടപ്പില്‍ വരുത്തുന്ന ചുമതല പഞ്ചായത്തിനും എന്ന നിലയില്‍ വലിയതോതില്‍ 'കണ്‍വെര്‍ജന്‍സ്' അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി നടന്ന ഒരു സംസ്ഥാനമാണ് കേരളം. കൊവിഡ് പ്രതിരോധത്തില്‍ നമ്മെ മുന്‍നിരയില്‍ എത്തിച്ചത് ഈ തദ്ദേശീയ വികേന്ദ്രീകൃത ഭരണസംവിധാനമാണ്. 

എന്നാല്‍ നിലവിലെ കൊവിഡ് വാക്‌സിനേഷന്‍ സമീപനം, പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും അതുവരെ ഒത്തൊരുമയോടെ നടത്തി വന്നിരുന്ന കോവിഡ് പ്രതിരോധത്തിന്റെ ഏകോപന സ്വഭാവം നഷ്ടമാവുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു 

ഇപ്പോള്‍ ചോദിക്കാനുള്ളത്

ഒന്നാം വേവില്‍ മികച്ച രീതിയില്‍ താഴെത്തട്ടില്‍ കൊവിഡിനെ പ്രതിരോധിച്ച പൊതുജനാരോഗ്യ ടീം രണ്ടാം വേവിന്റെ സമയത്ത് എവിടെപ്പോയി ? അവര്‍ എങ്ങനെ ഫീല്‍ഡില്‍ നിന്ന് അപ്രത്യഷരായി? ആ സ്ഥാനത്തേക്ക് എങ്ങനെയാണ് പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്ററന്മാരും കടന്നുവന്നത്?   

കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായപ്പോള്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുകയും രോഗപ്പകര്‍ച്ച നിയന്ത്രിക്കാനാവാത്ത രീതിയില്‍ ഉയരുകയും ചെയ്തത് ഈ പശ്ചാത്തലത്തില്‍ വേണം കാണേണ്ടത്.   

modi pinarayi

കേന്ദ്രത്തിന്റെ വാക്‌സിനേഷന്‍ നയത്തോടുള്ള കേരളത്തിന്റെ പ്രതികരണം 

കേന്ദ്ര ഗവണ്‍മെന്റിന്റെ കൊവിഡ് വാക്‌സിന്‍ നയം തുടക്കത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയും വിനാശവും നമുക്കറിയാം. രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മാണം വന്‍തോതില്‍ പിന്നാക്കം പോയി. വലിയ തോതില്‍  വാക്‌സിന്‍ ക്ഷാമമുണ്ടായി. തങ്ങള്‍ക്കുണ്ടായ പരാജയം മൂടിവെയ്ക്കാന്‍ രാഷ്ട്രീയ പ്രസ്താവനകളിലും സാധുതയില്ലാത്ത അവകാശവാദങ്ങളിലും കേന്ദ്രം അഭയം തേടി. മറുവശത്ത്,  ഉത്തരേന്ത്യയില്‍ വന്‍തോതില്‍ ഉണ്ടായ കൊവിഡ് മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍  വാക്‌സിന് വേണ്ടിയുള്ള ഡിമാന്റ് വര്‍ധിപ്പിച്ചു. പക്ഷെ ആവശ്യത്തിനുള്ള വാക്‌സിന്‍ സപ്ലൈയില്ല. കിട്ടുന്ന വാക്‌സിന്‍ തീരെ കുറവ്. അതും കൃത്യമായ ഇടവേളകളില്‍ വരുന്നതുമില്ല. ഇത് സംസ്ഥാനങ്ങള്‍ക്കും  കേന്ദ്രത്തിനും ഇടയിലുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമായി തീര്‍ന്നു. ഇതിനെ മറികടക്കാന്‍ കേന്ദ്രം കുറ്റം സംസ്ഥാനങ്ങളുടെ മേല്‍ കേട്ടിവെയ്ക്കാന്‍ ശ്രമിച്ചു. ഉദാഹരണമായി കേരളം വാക്‌സിന്‍ ഇല്ലായ്മയെക്കുറിച്ച് പരാതി പറയുമ്പോള്‍ കേന്ദ്രം 2  ലക്ഷം വാക്‌സിന്‍ ഡോസുകള്‍  ഇവിടേക്ക് അയച്ചതായി കരുതുക.  അത് വിതരണം ചെയ്യാന്‍ സമയം കൊടുക്കുന്നതിന് മുന്നേ അവര്‍ ഒരു പ്രസ്താവനയുമിറക്കും. ''ഞങ്ങള്‍ അയച്ച 2 ലക്ഷം വാക്‌സിന്‍ പോലും സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കുന്നില്ല.'' 

ഇതിനെതിരെ കേരളം എങ്ങനെയാണ് പ്രതികരിച്ചത്? 

അക്കാര്യം പറയുംമുമ്പ്, തീരെ അപര്യാപ്തമായിരുന്നെങ്കിലും, ഇങ്ങനെ കിട്ടിക്കൊണ്ടിരുന്ന വാക്‌സിന്‍ എങ്ങനെയാണ് ആദ്യ കാലത്ത് താഴെ തട്ടില്‍ വിതരണം ചെയ്യപ്പെട്ടത് എന്ന് നോക്കാം.  

സുത്യര്‍ഹമായ രീതിയില്‍, പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരും പ്രാദേശിക ഡോക്ടര്‍മാരും പൊതുജനാരോഗ്യ ഫീല്‍ഡ് തല പ്രവര്‍ത്തകരും ആശയും ആര്‍.ആര്‍.ടി മെമ്പര്‍മാരും അത്യാവശ്യം പ്ലാനിംഗോടെയും പരസ്പര ധാരണയോടെയും ഒത്തൊരുമയോടെയും ജനങ്ങളുടെ മുന്‍ഗണനക്രമം നോക്കി, വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക്  ദിവസം 100 -150 കുത്തിവെയ്പ്പ് എന്ന രീതിയില്‍ ഒച്ചയും ബഹളവും തിരക്കും പരാതിയുമില്ലാതെ വാക്‌സിനേഷന്‍ നടത്തുകയാണ് ഉണ്ടായത്. മുന്‍കാലങ്ങളില്‍ നടന്നു വന്നിരുന്ന വാക്‌സിനേഷന്‍ പരിപാടികളുടെ രീതിയിലാണ് ഇത് നിര്‍വ്വഹിച്ചിരുന്നത്. വാക്‌സിന്‍ കുറവായിരുന്നിട്ടുപോലും ജനങ്ങള്‍ ഇതിന് പൂര്‍ണ്ണ സഹകരണമാണ് നല്‍കിയത്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ചില പരാതികള്‍ ഉണ്ടായി എന്നതും സത്യമാണ്. ഇതിനെ ഒരു മാതൃകയാക്കി വിപുലീകരിച്ചുകൊണ്ടും, വേഗതയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനും കഴിയുന്ന തരത്തില്‍,  നേരത്തെ പറഞ്ഞ വിധം വിശദമായ ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കാന്‍ വേണ്ടിയായിരുന്നു കേരളം അന്ന് ശ്രമിക്കേണ്ടിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വിവരങ്ങള്‍ സുതാര്യമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ സംസ്ഥാന സര്‍ക്കാരിന് ജനകീയ സമ്മര്‍ദ്ദം സൃഷ്ടിക്കാമായിരുന്നു. 

ഇത്തരം ഒരു തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കില്‍, വാക്‌സിന്‍ ഇടതടവില്ലാതെ ലഭ്യമാകുന്ന അവസരത്തില്‍ താഴെ തട്ടില്‍ ആശയക്കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിയുമായിരുന്നു. നമ്മുടെ ആരോഗ്യവകുപ്പിന് യാതൊരു ബുദ്ധിമുട്ടും തടസ്സവുമില്ലാതെ ചെയ്യാനാവുന്ന ഒരു കാര്യമായിരുന്നു അത്. എന്നാല്‍ അതിന് വേണ്ടി എന്തെങ്കിലും നീക്കം നടത്താനോ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വാക്‌സിനേഷന്റെ നടത്തിപ്പിനായി  ഇന്റര്‍-സെക്ടറല്‍ മീറ്റിംഗുകള്‍ ഓഫ്-ലൈനായോ ഓണ്‍ലൈനായോ സംഘടിപ്പിക്കാനുള്ള ശ്രമമോ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.    

Read more at: വാക്‌സിനേഷനില്‍ മുന്നില്‍, പക്ഷെ ടിപിആര്‍ കുറയുന്നില്ല; ഇനി മുന്നോട്ടെങ്ങനെ?, കണ്ണു തുറക്കൂ കേരളമേ......

പകരം എന്താണ് സംഭവിച്ചത്? 

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന് മറുപടിയായി, അതേയളവില്‍ മറ്റൊരു തരം വാക്‌സിനേഷന്‍ രാഷ്ട്രീയം കളിക്കാന്‍ കേരളം തീരുമാനിച്ചു. ഉദാഹരണമായി, കേന്ദ്രത്തില്‍ നിന്ന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കിട്ടിയെന്ന് വിചാരിക്കുക. അത് നിര്‍ബന്ധമായും ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുക്കും. വാക്‌സിന്‍ കൊടുക്കുന്ന അന്ന് തന്നെ ദേശീയ പോര്‍ട്ടലില്‍ വിവരം അപ്ലോഡ് ചെയ്യാന്‍ ഫീല്‍ഡ് ജീവനക്കാരെ നിര്‍ബന്ധിക്കും. എന്നിട്ട് അടുത്ത ഡോസിന് ആവശ്യം ഉന്നയിക്കും. അത് ലഭിക്കുമ്പോള്‍ ഇതേ പരിപാടി വീണ്ടും ആവര്‍ത്തിക്കും. കേട്ടാല്‍, 'ആഹാ' ഇതൊരു ഗംഭീര കാര്യമാണെന്ന് തോന്നും. അമ്പട, നമ്മളോടാണ് കേന്ദ്രത്തിന്റെ കളി ! എന്നാരും പറഞ്ഞു പോവും. 

എന്നാല്‍  താഴെത്തട്ടില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?  

ഒരു പഞ്ചായത്തില്‍ ഈ പരിപാടിയുടെ ഭാഗമായി ഒരു ദിവസം വൈകുന്നേരമായിരിക്കും 1000 ഡോസ് വാക്‌സിന്‍ എത്തുക. അത് പിറ്റേന്ന് തന്നെ തീര്‍ക്കണം എന്നായിരിക്കും മുകളില്‍ നിന്ന് ഉത്തരവ്. ഒറ്റ രാത്രി കൊണ്ട് മുന്‍ഗണന ക്രമം നോക്കി, രോഗസാധ്യത കൂടിയവര്‍ക്ക് പ്രാധാന്യം നല്‍കി വാക്‌സിനേഷന്‍ പ്ലാന്‍ ചെയ്യാന്‍ കഴിയില്ല. പിന്നെ ഒറ്റ വഴിയേയുള്ളൂ. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പരമാവധി പേരെ അറിയിക്കുക. രാവിലെ വാക്‌സിനേഷന്‍ സൈറ്റില്‍ വരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കുത്തിവെയ്പ്പ് നല്‍കുക. മുന്‍ഗണനകളോ, മറ്റു മാനദണ്ഡങ്ങളോ ഇല്ലാതെ കുത്തിവെയ്പ്പ് സൈറ്റുകളില്‍ വലിയ ആള്‍കൂട്ടം ഉണ്ടാകുന്നത് അങ്ങനെയാണ്. കേരളത്തിലെ വാക്‌സിനേഷന്‍ പരിപാടികളുടെ വിജയമന്ത്രമായിരുന്ന മൈക്രോപ്ലാനിംഗ് അങ്ങനെ മൃതിയടഞ്ഞു. 

ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടി സംഭവിച്ചു. വാക്‌സിനേഷന്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്തിനും പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും ഉണ്ടായിരുന്ന കൂട്ടുത്തരവാദിത്തം അവസാനിപ്പിച്ചു. വാക്‌സിനേഷന്‍ സംഘാടനം പൂര്‍ണ്ണമായും പഞ്ചായത്തിനെ ഏല്‍പ്പിച്ചു. അന്നുവരെയുണ്ടായിരുന്ന സമഗ്ര ആരോഗ്യ സമീപനത്തില്‍ നിന്ന് ഒരു വ്യതിയാനമാണിത്.  

covid

കൊവിഡ് പ്രതിരോധത്തിലെ ഏകോപനം തകരാറിലാവുന്നു   

കേരളത്തിലെ  കൊവിഡ് പ്രതിരോധത്തിന്റെ സവിശേഷത പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ ഏറ്റവും താഴെ തട്ടില്‍ ഏകോപനത്തോടെ നടന്ന പ്രവര്‍ത്തനമായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. പുതിയ തീരുമാനം ഈ ഏകോപനത്തെ തടസ്സപ്പെടുത്തുന്ന  നടപടിയായി കലാശിച്ചു.  ഫലത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ വികേന്ദ്രീകൃത സ്വഭാവത്തെ അത് അട്ടിമറിമറിക്കുകയാണ് ചെയ്തത്.  പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണലുകളായ പ്രൈമറി കെയര്‍ ഡോക്ടര്‍മാരും ഫീല്‍ഡ് ജീവനക്കാരും വാക്‌സിനേഷന്‍ സംഘാടനത്തില്‍ നിന്ന് പുറത്തായി. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായി. 

വാക്‌സിനേഷന്‍ നല്‍കേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്ത് തയ്യാറാക്കും. ഡോക്ടറുടെയും ഫീല്‍ഡ് ജീവനക്കാരുടെയും ജോലി ആ ലിസ്റ്റ് അനുസരിച്ച് കുത്തിവെയ്പ്പ് നടത്തുക മാത്രം. പഞ്ചായത്ത് ലിസ്റ്റ് കൊവിഡിന്റെ പൊതുജനാരോഗ്യ മാനദണ്ധങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നില്ല. അങ്ങനെയാവണം എന്ന് ഒരു പഞ്ചായത്ത് മെമ്പറെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ മെമ്പര്‍ ബാധ്യസ്ഥനുമല്ല. എന്തെന്നാല്‍ അദ്ദേഹം ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ല. എന്താണ് അതിന്റെ തകരാറ്? വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും കൊവിഡ് രോഗബാധയുടെ എപ്പിഡമിയോളജിയെ അടിസ്ഥാനമാക്കിയല്ലാതെ വന്നു. പഞ്ചായത്തിലെ ഭരണാധികാരികള്‍ക്ക് അത്  അത് അറിയില്ല.  കിട്ടുന്ന വാക്‌സിന്‍ വേഗം തീര്‍ക്കുക എന്നതാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. അങ്ങനെ കോവിഡ് വൈറസ് ഒരു വഴിക്കും വാക്‌സിനേഷന്‍ മറ്റൊരു വഴിക്കും മുന്നേറി. രോഗപകര്‍ച്ചയിലും വാക്‌സിനേഷനിലും കേരളം ഒരേ സമയം മുന്നില്‍ എന്ന അത്ഭുതക്കാഴ്ച നാം കാണാന്‍ തുടങ്ങി. വാക്‌സിനേഷനില്‍ മുന്‍ഗണന കിട്ടേണ്ടവര്‍ പോലും വാക്‌സിനേഷനന്‍ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ വാര്‍ഡ് മെമ്പര്‍മാരുടെ വീടിനു മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കേണ്ടി വന്നു.   

എന്നാല്‍, പുതിയ തീരുമാനം പഞ്ചായത്ത് അധികാരികളെ യഥാര്‍ത്ഥത്തില്‍ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ രാഷ്ടീയസ്വാധീനം വര്‍ധിപ്പിക്കാനും അധികാരം ഉറപ്പിക്കാനും അവര്‍ക്ക് കൊവിഡ് വാക്‌സിന്‍ എന്ന  ഒരു പുതിയ ആയുധം കിട്ടി. അവര്‍ അത് നന്നായി ഉപയോഗിക്കുകയും ചെയ്തു.

അങ്ങനെ  ഒരു ആരോഗ്യരക്ഷ സങ്കേതം എന്നതില്‍ നിന്ന് മാറി വാക്‌സിന്‍, രാഷ്ട്രീയാധികാര പ്രയോഗത്തിന്റെ ഒരു  ഉപകരണമായി തീര്‍ന്നു. 

വാക്സിനേഷൻ സംഘാടനം പ‍ഞ്ചായത്തിന് മാത്രം അതുവഴി രാഷ്ട്രീയാധികാരം വിപുലപ്പെടുത്തലും

പഞ്ചായത്തിനെ മാത്രമായി വാക്‌സിനേഷന്‍ സംഘാടനം ഏല്‍പ്പിക്കാന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയ 'അതിബുദ്ധിമാന്മാര്‍' ഉദ്ദേശിച്ചതും അതുതന്നെയായിരിക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇഴപിരിഞ്ഞു കിടക്കുന്ന കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ ഈ അവസരത്തെ പഞ്ചായത്ത് മെമ്പര്‍മാര്‍ രാഷ്ട്രീയധികാരം വിപുലീകരിക്കാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുമെന്ന് അവര്‍ക്കറിയാം. 

ഇത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിക്ക് വേണ്ടി ചെയ്തതല്ല. പാര്‍ട്ടി ഏതായാലും ഓരോ ദിവസവും കഴിയുന്നതിന്റെ പരമാവധി വാക്‌സിനേഷന്‍ നടക്കണം. പഞ്ചായത്ത് അധികാരികള്‍ ആവേശപൂര്‍വ്വം അത് ചെയ്യും. വാക്‌സിനേഷന്‍ കണക്ക് കുതിച്ചുയരും. അങ്ങനെ രാജ്യത്ത്, വാക്‌സിനേഷനില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഏളുപ്പവഴി വാക്‌സിനേഷന്‍ തത്വങ്ങളെക്കുറിച്ച് ധാരണയില്ലാത്ത, അതിനെക്കുറിച്ച് ആശങ്കള്‍ ഇല്ലാത്ത പഞ്ചായത്ത് ഭരണകര്‍ത്താക്കളേയും വാര്‍ഡ് മെമ്പര്‍മാരേയും വാക്‌സിനേഷന്‍ സംഘാടനം ഏല്‍പ്പിക്കുന്നതാണ് നല്ലത് എന്ന സൂത്രം ഫലിച്ചു.  PHC യിലെ ഡോക്ടറെയും ഫീല്‍ഡ് സ്റ്റാഫിനെയും അതില്‍ ഉള്‍പെടുത്തിയാല്‍ കുത്തിവെയ്പ്പിന്റെ വേഗത കുറയും. അവര്‍ വാക്‌സിനേഷന്റെ മുന്‍ഗണനകളെക്കുറിച്ച് ആലോചിച്ച് സമയം കളയും. ഓരോ ദിവസത്തേയും  അച്ചീവ്‌മെന്റ് കുറയും. മാത്രമല്ല, ഡോക്ടറെയും ഫീല്‍ഡ് സ്റ്റാഫിനേയും പഞ്ചായത്ത് വിരട്ടി പണിയെടുപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ ഗ്രാഫ് കുതിച്ചുയരും. 

ഇതിനര്‍ത്ഥം പഞ്ചായത്തിലുള്ളവരെല്ലാം മോശക്കാരാണ് എന്നല്ല. ഒരിക്കലുമല്ല. ഈ വാര്‍ഡ്  മെമ്പര്‍മാരാണ് ജനങ്ങളെ ക്വാറന്റ്‌റൈന്‍ ചെയ്യാനും താല്ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കാനും രോഗികളുള്ള വീട്ടുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അങ്ങനെ നൂറുനൂറായിരം കാര്യങ്ങള്‍ക്ക് ഓടിനടന്നത്. നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പ്രധാനപെട്ട മുന്നണി പോരാളികള്‍, ഒരു പക്ഷെ ഡോക്ടര്‍മാരേക്കാള്‍, ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ രോഗപ്രതിരോധത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നവര്‍ അവരായിരുന്നു. എന്നാല്‍  വാക്‌സിനേഷന്റെ കടന്നുവരവോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.  

നടക്കുന്നത് പൊതുജനാരോഗ്യ തന്ത്രം എന്നല്ല,  പൊതുജനാരോഗ്യ ഉപജാപം

പ്രാദേശിക ഭരണകര്‍ത്താക്കളുടെ രാഷ്ടീയ ജീവിതത്തെ വാക്‌സിനേഷന്‍ കാമ്പയിന് വേണ്ടി ദുരുപയോഗം ചെയ്യാം, സമൂഹത്തിന്റെ താഴെ തട്ടിലെ രാഷ്ടീയ ഘടനയെ ആ തരത്തില്‍ മാനിപ്പുലേറ്റ് ചെയ്ത് കാര്യം സാധിക്കാം എന്ന് കണ്ടെത്തി സര്‍ക്കാരിന് ഉപദേശം നല്‍കിയ അതിബുദ്ധിമാന്മാരും സൂത്രശാലികളുമായ കോവിഡ് വിദഗ്ദ്ധന്മാരാണ് ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്മാര്‍. അവരുടെ ഉപദേശത്തെ പൊതുജനാരോഗ്യ തന്ത്രം എന്നല്ല,  പൊതുജനാരോഗ്യ ഉപജാപം എന്നാണ് വിശേഷിപ്പിക്കേണ്ടത്. അവര്‍ നമ്മുടെ വാക്‌സിനേഷന്‍ ചരിത്രത്തെ 50 കൊല്ലം പുറകിലേക്ക് കൊണ്ടുപോവുകയും കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ല് തകര്‍ക്കുകയും ചെയ്തു . അതാരായാലും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളാണ് അവര്‍. 

covidസൃഷ്ടിച്ച പ്രത്യാഘാതങ്ങളെന്ത് 

കോവിഡ് വാക്‌സിനേഷന്‍ അടിമുടി കക്ഷിരാഷ്ട്രീയവത്ക്കരിക്കപ്പെട്ടു. അതും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍. വ്യാപകമായും നിര്‍ലജ്ജമായും. പൊതുജനാരോഗ്യ മുന്‍ഗണനകളുടെ സ്ഥാനത്ത് കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവന്നു. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്കും രാഷ്ട്രീയ ബന്ധമുള്ളവര്‍ക്കും ആദ്യം കുത്തിവെപ്പ് എന്ന രീതിയില്‍ വാക്‌സിനേഷന്‍ നടന്നു. ഇതൊരു പ്രത്യേക പാര്‍ട്ടിയെക്കുറിച്ചല്ല. എല്ലാ കക്ഷിരാഷ്ട്രീയക്കാരും അവര്‍ക്കാവുന്ന വിധത്തില്‍ അത് ചെയ്തിട്ടുണ്ട്. 

60 വയസ്സു കഴിഞ്ഞ ഒരാള്‍ കാത്തുനില്‍ക്കുമ്പോള്‍ പഞ്ചായത്ത് മെമ്പറുടെ സ്വന്തം രാഷ്ട്രീയ കക്ഷിയിലെ ചെറുപ്പക്കാര്‍ കുത്തിവെയ്പ്പ് കഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായി. വാക്‌സിനേഷന്‍ നല്‍കേണ്ടവരുടെ  ലിസ്റ്റ് ചിട്ടയോടെ തയ്യാറാക്കാത്തതിനാല്‍ ആര്‍ക്കൊക്കെയാണ് കുത്തിവെയ്പ്പ് ലഭിച്ചത്, ആര്‍ക്ക് കിട്ടിയില്ല എന്നീ കാര്യങ്ങളില്‍  വ്യക്തതയില്ലാതായി. പഞ്ചായത്തിന്റെ കുത്തിവെയ്പ്പ് കണക്കും  PHC യുടെ കണക്കും പൊരുത്തപ്പെടാതെ വന്നു. ഇതിന്റെയൊക്കെ ഫലമായി ജനങ്ങളില്‍ നിന്ന് പരാതികളും വാക്കുതര്‍ക്കങ്ങളും ഉണ്ടായി. പഞ്ചായത്ത് മെമ്പര്‍മാരും ഡോക്ടര്‍മാരും പരസ്പരം തല്ലുന്ന അവസ്ഥ വരെ എത്തി.  

എന്നാല്‍ ആദ്യം മുതല്‍ പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിച്ച നിരവധി സ്ഥലങ്ങളുമുണ്ട് എന്നതും സത്യമാണ്. ആദ്യം ആശയക്കുഴപ്പങ്ങളില്‍ പതറുകയും പിന്നീട് ശരിയായ ദിശയിലേക്ക് വന്ന പഞ്ചായത്തുകളുണ്ട്.  വലിയ കൂട്ടക്കുഴപ്പങ്ങളില്‍ നിന്നും തുടങ്ങിയ ചില പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ഡോക്ടര്‍ക്കും ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമങ്ങളും നടന്നു.  

ഇത്തരത്തില്‍ ഈ തര്‍ക്കം ക്രമേണ 'ഒത്തുതീര്‍പ്പുകളില്‍' എത്തുകയുണ്ടായി. പഞ്ചായത്ത് ഒരു ലിസ്റ്റ് തയ്യാറാക്കുക, PHC മറ്റൊരു ലിസ്റ്റ് തയ്യാറാക്കുക, പിന്നീട് രണ്ടും കൂട്ടിച്ചേര്‍ക്കുക എന്നിങ്ങനെ വാക്‌സിനേഷനെ വീതം വെയ്ക്കുന്ന രീതിയിലാണ് പല സ്ഥലങ്ങളിലും ഒത്തുതീര്‍പ്പുകള്‍ നടന്നതെങ്കിലും  ഒരുമിച്ചുള്ള പ്രവര്‍ത്തനം ക്രമേണ തിരിച്ചുവന്നു.  

താഴെ തട്ടില്‍ ദീര്‍ഘകാലമായി  തുടരുന്ന വികേന്ദ്രീകൃത രാഷ്ടീയത്തിന്റെ പശ്ചാത്തലവും സംസ്‌കാരവുമുള്ളത് കൊണ്ട് പ്രശ്‌നങ്ങള്‍ ഇങ്ങനെയൊക്കെ പരിഹരിക്കപ്പെട്ടത്. പഞ്ചായത്ത് ഭരണാധികാരികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നേടിയ വ്യക്തിബന്ധങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ട്.  മുകളില്‍ നിന്ന് തെറ്റായ ഇടപെടലുകള്‍ ഉണ്ടായാലും സ്വയം തിരുത്താനുള്ള സാധ്യത താഴെ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇത് കഴിയുന്നത്.  കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ യഥാര്‍ത്ഥത്തില്‍ രക്ഷിച്ചു നിർത്തുന്നത് ഈ സാഹചര്യമാണ്.  അല്ലായിരുന്നെങ്കില്‍ അതിബുദ്ധിമാന്മാരുടെ ചെയ്തികള്‍ വലിയ പൊതുജനാരോഗ്യ ദുരന്തത്തിന് കാരണമാകുമായിരുന്നു. 

നമ്മുടെ വാക്‌സിന്‍ കുത്തിവെയ്പ്പ് അസമമാണ്

എല്ലാ സ്ഥലങ്ങളിലും തുല്യമായ തോതില്‍ വാക്‌സിനേഷന്‍ പ്രസരണം ചെയ്യുന്നതില്‍ തടസ്സമുണ്ടായി. പല പ്രദേശങ്ങളില്‍ പല രീതികളിലും തോതുകളിലുമാണ് വാക്‌സിനേഷന്‍ നടന്നത്. ചില സ്ഥലങ്ങളില്‍ ഏറി ചില സ്ഥലങ്ങളില്‍  കുറഞ്ഞു.  ഫീല്‍ഡില്‍ വലിയ ഗ്യാപ്പുകള്‍ ഉണ്ടായി. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. നമ്മുടെ വാക്‌സിന്‍ കുത്തിവെയ്പ്പ് അസമമാണ്. 

കൊവിഡ് വാക്‌സിനേഷനില്‍  പൊതുജനാരോഗ്യ  ഉപജാപകന്മാര്‍ നടത്തിയ ഇടപെടലുകലാണ് ഇത്തരം ഒരവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. 30,000 ത്തോളം ആശവര്‍ക്കര്‍മാര്‍, 10,000 ത്തോളം ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10,000 പൊതു ആരോഗ്യ സ്ഥാപനങ്ങള്‍,  5,000 ത്തോളം പ്രൈമറി ലെവല്‍ ഡോക്ടര്‍മാര്‍, ഇതിനെല്ലാം അനുബന്ധമായി ആയിരക്കണക്കിന് അംഗണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഇതിന്റെയെല്ലാം മുകളില്‍ പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റികള്‍, കൊര്‍പ്പൊറേഷനുകള്‍, അവിടെയുള്ള വാര്‍ഡ് മെമ്പര്‍മാര്‍, കൌണ്‍സിലര്‍മാര്‍ എന്നിങ്ങനെ വിശാലമായ നമ്മുടെ  പൊതുജനാരോഗ്യ വിഭവശേഷിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കൊവിഡ് പ്രതിരോധത്തില്‍ വരാന്‍ പാടില്ലാത്ത വിള്ളലാണിത്. 

കുത്തിവെയ്പ്പ് 90% മായിട്ടും എന്തുകൊണ് രോഗപ്പകര്‍ച്ച കുറയുന്നില്ല? 

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്.  കേരളത്തില്‍ 18 വയസ്സിന് മുകളിലുള്ള 90% പേര്‍ക്ക് ഒരു ഡോസ് കൊവിഡ് വാക്‌സിനും 40% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞു. എന്നിട്ടും TPR പ്രതീക്ഷിക്കുന്നപോലെ കുറയുന്നില്ല.  അത് സ്റ്റഡിയായി നില്‍ക്കുകയാണ്. എന്തുകൊണ്ട്? 

കൊവിഡ് രോഗപകര്‍ച്ച കുറയുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു

1. വാക്‌സിനേഷന്‍ 
2. കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍, അവയുടെ സ്വഭാവം 
3. രോഗപകര്‍ച്ചയെ തടയാന്‍ സഹായിക്കുന്ന ജനങ്ങളുടെ പെരുമാറ്റം 
4. കൊവിഡ് പ്രോട്ടോകോളുകളുടെ സ്വീകാര്യത 
5. ജനങ്ങളുടെ രോഗപ്രതിരോധശേഷി. 

വാക്‌സിനേഷന്റെ ലക്ഷ്യം പരമാവധി വ്യക്തികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നതിലൂടെ സാമൂഹ്യ രോഗപ്രതിരോധം സൃഷ്ടിക്കുക എന്നതാണ്. ഇതിനെയാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്. പരമ്പരയുടെ ഒന്നാം ഭാഗത്ത് അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. 

കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ നാം  മനസിലാക്കേണ്ട പ്രധാനകാര്യം കുത്തിവെയ്പ്പ്  സ്വീകരിച്ചവരുടെ എണ്ണം സമൂഹത്തില്‍ കൂടിയത് കൊണ്ട് മാത്രം സാമൂഹ്യരോഗപ്രതിരോധം ഉണ്ടാവില്ല എന്നും രോഗപകര്‍ച്ച കുറയില്ല എന്നുമാണ്. കാരണം കൊവിഡ് വാക്‌സിന്‍,  മീസില്‍സ് വാക്‌സിനെപ്പോലെയോ,  റുബെല്ല വാക്‌സിനെപ്പോലെയോ അല്ല. 70-75% ഫലപ്രാപ്തി മാത്രമാണ് നാം ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് ഇപ്പോള്‍ അവകാശപ്പെടാന്‍ കഴിയുന്നത്. അതുപോലെ, കൊവിഡ് വൈറസ് നമുക്ക് പരിചിതമായ മണ്ണനും വില്ലന്‍ചുമയും ഉണ്ടാക്കുന്ന രോഗാണുവിനെപ്പോലെയല്ല. കൊവിഡ് ഒരു പുതിയ വൈറസാണ്. വീണ്ടും സ്വഭാവം മാറാന്‍ സാധ്യതയുള്ള വൈറസ്. 70-75% എഫിക്കസിയുള്ള ഒരു വാക്‌സിന്‍ മൊത്തം ജനസംഖ്യയുടെ 80% ത്തിന് കൊടുത്താല്‍പ്പോലും പ്രതീക്ഷിക്കുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാകണമെന്നില്ല.  

അതിന്റെ അര്‍ത്ഥം ആ വാക്‌സിന്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല 

ഒരു ഉദാഹരണം കൊണ്ടു വ്യക്തമാക്കാം. നിങ്ങളുടെ തോട്ടത്തില്‍ രണ്ട് കാട്ടുപന്നികള്‍ സ്ഥിരമായി കയറി ശല്യം ചെയ്യുന്നതായി കരുതുക. കാട്ടുപന്നികളെ വേട്ടയാടാന്‍ നിങ്ങള്‍ക്ക് അനുവാദവുമുണ്ട്. അവയെ നേരിടാന്‍ നിങ്ങള്‍ക്ക് ഒരു തോക്കാണ് വേണ്ടത്. പക്ഷെ നിങ്ങളുടെ കൈയ്യിലുള്ളത് നീണ്ട ഒരു കുന്തമാണ്. എന്താണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്? നിങ്ങളുടെ കൈയ്യിലുള്ള ആയുധത്തെ പരമാവധി ശേഷിയില്‍ ഉപയോഗിക്കുക എന്നതാണ്.  അതിന്റെ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുകയും,  ഒടിഞ്ഞുപോവാതെ ബലപ്പെടുത്തുകയും, അത് ശരിയായി പ്രയോഗിക്കാന്‍ പരിശീലിക്കുകയും വേണം.  എങ്കില്‍ തോക്ക് കൊണ്ട് ഒരു ദിവസം ചെയ്യുന്ന ജോലി, കുന്തം ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാം. കോവിഡ് വാക്‌സിന്റെ കാര്യവും അതാണ്. ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്നത് സാമൂഹ്യ രോഗപ്രതിരോധ ത്തിലൂടെ രോഗപകര്‍ച്ച ഏതാണ്ട് നിശേഷം ഇല്ലാതാവുന്ന അവസ്ഥയാണ്.  ആ തലത്തില്‍ എത്താന്‍ നാം ബുദ്ധിമുട്ടിയാല്‍പ്പോലും രോഗവ്യാപനം കാര്യമായി കുറയ്ക്കാന്‍ കഴിയും. രോഗബാധിതര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നത് കുറയ്ക്കാം. കൊവിഡ് മരണങ്ങള്‍ തടയാം. 

ഇത് സാധ്യമാകണമെങ്കില്‍ നമ്മുടെ കൈയ്യിലുള്ള വാക്‌സിന്‍, അതിന് നല്‍കാന്‍ കഴിയുന്ന പരമാവധി ഫലപ്രാപ്തി ലഭിക്കും വണ്ണം ഉപയോഗിക്കണം എന്ന് പറയുന്നത്. അതിനായി വാക്‌സിന്‍ കുത്തിവെയ്ക്കുന്ന ടെക്‌നിക്ക് ശ്രദ്ധിക്കണം. കോള്‍ഡ് ചെയിന്‍ സൂക്ഷിക്കണം. ശരിയായ അസൂത്രണം വേണം.  

എന്നാല്‍ നാം എന്താണ് കാണുന്നത്? 

1. വാക്‌സിനേഷന്‍ വേഗത കൂട്ടുക എന്ന ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് വാക്‌സിന്റെ ഫലപ്രാപ്തിയെ ഉറപ്പാക്കുന്ന അടിസ്ഥാന തത്വങ്ങളെ അവഗണിക്കുന്നു. 

2. നേരത്തെ പറഞ്ഞത് പോലെ 18 വയസ്സിന് മുകളിലുള്ള 90% പേര്‍ക്ക് ഒരു ഡോസ് കൊവിഡ് വാക്‌സിനും 40% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞിട്ടും TPR ആനുപാതികമായി കുറയുന്നില്ല എന്ന് മാത്രമല്ല രോഗപകര്‍ച്ചയുടെ ഗ്രാഫ് ദിവസങ്ങളായി ഒരേ നിലയില്‍ തുടരുന്നു. 

3. വാക്‌സിനേഷന്‍ ഇത്രയേറെ മുന്നോട്ടുപോയിട്ടും, കോവിഡ് മരണങ്ങളില്‍ ഭൂരിപക്ഷം ഒരു ഡോസ് വാക്‌സിനേഷന്‍ പോലും ലഭിക്കാത്തവരാണ്. അതില്‍ ഭൂരിപക്ഷം 60 വയസിന് മുകളിലുള്ളവരുമാണ്. 

കാടടച്ചു വെടിവെയ്ക്കും പോലെ,  വാക്‌സിനേഷനിലൂടെ കുത്തിവെയ്പ്പ് ലഭിക്കുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതല്ല  പ്രധാന കാര്യം.  വാക്‌സിനേഷന്‍ നല്‍കുന്നതിന് ഒരു ഏകതാനത രീതി (Homogeneity)  ഉണ്ടായിരിക്കുക എന്നതാണ്.

വാക്‌സിനേഷന്‍ സമൂഹത്തില്‍ ഏതാണ്ട് സമമായ രീതിയില്‍ പ്രസരിച്ച് നില്‍ക്കണം. ചില ജില്ലകളില്‍ കൂടിയും, ചില ജില്ലകളില്‍ കുറഞ്ഞും, ഒരു ജില്ലയില്‍ തന്നെ ചില താലൂക്കുകളില്‍ കൂടിയും മറ്റു ചില താലൂക്കില്‍ കുറഞ്ഞും,  ഒരു താലൂക്കില്‍ തന്നെ ചില പഞ്ചായത്തുകളില്‍ കൂടിയും ചിലയിടത്ത് കുറഞ്ഞും, ഒരു പഞ്ചായത്തില്‍ തന്നെ പല വാര്‍ഡുകളില്‍ പല രീതിയിലും, ഒരു വാര്‍ഡില്‍ തന്നെ ചില സ്ഥലത്ത് കൂടിയും ചിലയിടത്ത് കുറഞ്ഞും,  തുല്യതയും സമാനതയും ഇല്ലാതെ നില്‍ക്കുന്നത് രോഗനിയന്ത്രണത്തെ സഹായിക്കില്ല എന്ന് മാത്രമല്ല, തടസ്സപ്പെടുത്തുകയും ചെയ്യും.     

വാക്‌സിനേഷന്‍ സാന്ദ്രത കുറഞ്ഞ സ്ഥലങ്ങള്‍ നമ്മുടെ പ്രതിരോധത്തിലെ വിള്ളലുകളാണ്. അവ രോഗം പൊട്ടിപ്പുറപെടാന്‍ സാധ്യത കൂടിയ സ്ഥലങ്ങളായി നില്‍ക്കും. ചെറിയ ചെറിയ ലോക്കല്‍ ഔട്ട്ബ്രേക്കുകള്‍ ഉണ്ടാക്കി TPR സ്ഥിരമായി ഉയര്‍ന്നു നില്ക്കാന്‍ ഇത് ഇടവരുത്തും. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. വാക്‌സിനേഷന്‍ സാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ രോഗാണു കൂടുതല്‍ സജീവമാകും. കൂടുതല്‍ പെരുകും.  പ്രതിരോധം കുറഞ്ഞ സ്‌പോട്ടിലുള്ള ഒരു  ഷോപ്പില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ അവിടെയുള്ള എല്ലാ ജോലിക്കാരും പോസിറ്റീവാകും. ഒരു വീട്ടില്‍  ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ വീടിലെ എല്ലാവരും പോസിറ്റീവാകും. ഇത് ഡെല്‍റ്റ വകഭേദത്തിന്റെ ഒരു സവിശേഷതയാണ്. പിന്നീട് അത് ഒരു  ക്ലസ്റ്റര്‍ ആകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള ഔട്ട്ബ്രേക്കുകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിരക്ക് കൂട്ടി വലിയ തോതില്‍ വാക്‌സിനേഷന്‍ ചെയ്തതിന്റെ ഗുണം നമുക്ക് കിട്ടുന്നില്ല എന്ന് മാത്രമല്ല,  മുകളില്‍ പറഞ്ഞതരത്തില്‍ ദുര്‍ബ്ബലമായ പ്രതിരോധമുള്ള ഇടങ്ങളില്‍ വൈറസ് കേന്ദ്രീകരിക്കാനുള്ള സാഹചര്യം അത് ഒരുക്കുകയും ചെയ്യുന്നു. ഇത് ദുര്‍ബ്ബലമായ പ്രതിരോധ ശക്തിയുള്ളവര്‍, രോഗ സാധ്യത കൂടിയവര്‍ എന്നിവരില്‍ ബ്രേക്ക്ത്രൂ അണുബാധയ്ക്ക് കൂടുതല്‍ വഴിയൊരുക്കുന്നു. വാക്‌സിനേഷന്‍ ലഭിക്കാതെ പോയവരില്‍ ഗുരുതരമായ രോഗബാധയ്ക്ക് ഇടവരുത്തുന്നു. 

ഇത്തരം ഒരു അവസ്ഥയ്ക്ക കാരണമായ ഘടകങ്ങള്‍ വളരെ വിശദമായി നേരത്തെ പറഞ്ഞിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല.  വാക്‌സിനേഷന്‍ ലഭിക്കുന്നവരുടെ എണ്ണം കൂട്ടുക, അന്നന്ന് വാക്‌സിന്‍ തീര്‍ക്കുക  എന്നതിനപ്പുറം ഒരു വാക്‌സിനേഷന്‍ പരിപാടിയുടെ അടിസ്ഥാന ആവശ്യകതയായ  ആസൂത്രണത്തിന്റെയും  മൈക്രോപ്ലാനിംഗിന്റെയും അഭാവം, വാക്‌സിനേഷന്‍ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമായി രോഗസാധ്യത കൂടിയവരുടെയും അത്തരം സാമൂഹിക വിഭാഗങ്ങളുടെയും മുന്‍ഗണന ക്രമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവ കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 

രണ്ടാമത്തെ കാര്യം, പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തു എന്ന് അവകാശവാദമുന്നയിക്കുന്ന സ്ഥലങ്ങളില്‍ ഒറ്റ ഡോസ് വാക്‌സിനേഷന്‍ പോലും ലഭിക്കാത്ത 60 വയസിന് മുകളിലുള്ളവരെ നമുക്ക് കണ്ടെത്താന്‍ കഴിയും. തെറ്റായ വാക്‌സിനേഷന്‍ രീതികളുടെ മറ്റൊരു ഫലമാണത്.  നേരത്തെ പറഞ്ഞത് പോലെ മൈക്രോ പ്ലാനിംഗിന്റെ അഭാവം, കിട്ടുന്ന വാക്‌സിന്‍ എത്രയും വേഗം കുത്തിവെച്ച് എണ്ണം കൂട്ടാനുള്ള ആവേശം, മുന്‍ഗണനക്രമം പാലിക്കാതിരിക്കല്‍, വാക്‌സിനേഷന്റെ കക്ഷി രാഷ്ട്രീയവത്കരണം എന്നിവയുടെ പരിണിതഫലം. ഇങ്ങനെ വാക്‌സിനേഷന്‍ കിട്ടാതെ പോയവരാണ് ഇപ്പോള്‍ പ്രാധാനമായും മരണമടയുന്നത്. വാക്‌സിനേഷന്‍ സാന്ദ്രതയിലുള്ള അസമമായ നില ഇതിനെ ത്വരിതപ്പെടുത്തുന്നു. 

മുഖ്യകാരണം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള വിമുഖതയാണെന്ന് പറയുന്നവര്‍ മറ്റേതോ ഗ്രഹത്തില്‍ കഴിയുന്നവരാണ്. വിമുഖതയുള്ളവര്‍ കണ്ടേക്കാം. പക്ഷെ അത് മൂന്നാമത്തേതോ നാലാമത്തേതോ ആയ കാരണമാണ്.  

ഇനി, വാക്‌സിനേഷന്‍ വിമുഖതയാണ് പ്രധാന കാരണം എന്ന് സമ്മതിച്ചാല്‍പ്പോലും അത് വാക്‌സിനേഷന്‍ ആസൂത്രണം ചെയ്തതിന്റെ പരിമിതിയാണ്. വാക്‌സിനേഷന്‍ വിമുഖതയെ നേരിടാനുള്ള കമ്മ്യൂണിക്കേഷന്‍/ സോഷ്യല്‍ മോബിലൈസേഷന്‍ സ്ട്രാറ്റജി ഏതൊരു വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെയും അവിഭാജ്യ ഘടകമായിരിക്കണം.  

പോലീസിന് വേണ്ടി പൊതുജനാരോഗ്യ പ്രവര്‍ത്തങ്ങളില്‍ നിന്ന് മാറ്റി നിർത്തപ്പെട്ട ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ പ്രധാനപണി വാക്‌സിനേഷന്‍ കിട്ടാതെ പോയവരെ തിരഞ്ഞു കണ്ടുപിടിക്കുക എന്നതാണ്. ലിസ്റ്റ് നോക്കി അത് അറിയാന്‍ ബുദ്ധിമുട്ടുണ്ട്. പഞ്ചായത്തിന്റെ ലിസ്റ്റും PHC ലിസ്റ്റും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.  വാക്‌സിന്‍ കിട്ടാത്തവരെ കണ്ടുപിടിക്കാന്‍ ഇനി ഓരോ വീട്ടിലും വിളിച്ചുചോദിക്കണം. അല്ലെങ്കില്‍  കയറിയിറങ്ങണം. അതിബുദ്ധിമാന്മാരായ പൊതുജനാരോഗ്യ ഉപജാപകന്മാര്‍ വരുത്തി വെയ്ക്കുന്ന വിനയാണിത്. പണിഞ്ഞു പണിഞ്ഞ് ഇരട്ടിപ്പണിയായി.   

എന്താണ് ഇതിന്റെയൊക്കെ കാരണം? ഒരു പ്രത്യേകതരം ഭൂതബാധ മൂലമുണ്ടാകുന്ന ഒരു രോഗമാണിത്. ഇതിനെ വിളിക്കുന്നത് 'ഒന്നാംസ്ഥാന ഭൂതബാധ' എന്നാണ്. അധികാരത്തിന്റെ മുകളറ്റം മുതല്‍ താഴെ വരെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഒന്നാണിത്. എപ്പോഴും എല്ലായിടത്തും നമുക്ക് ഒന്നാം സ്ഥാനം കിട്ടണം. അങ്ങനെ ലോകജേതാവായി തീരണം. 800 കുത്തിവെയ്പ്പ് നല്‍കുന്ന നേഴ്‌സും, വാക്‌സിനേഷനെക്കുറിച്ച് തിരിച്ചൊരു സംശയവും ചോദിക്കാന്‍ അവസരമില്ലാതെ 30 സെക്കന്റ് കൊണ്ട് കുത്തുകൊണ്ട് മടങ്ങുന്ന സാധാരണക്കാരനും, വാക്‌സിന്‍ കിട്ടാതെ മരണമടയുന്ന 60 വയസ്സുകാരനും ഈ ഭ്രാന്തിന്റെ ഇരകളാണ്. 

ചിലര്‍ പറയുന്നത് ഇതിനൊക്കെ വഴിവെച്ചത് കേന്ദ്രത്തിന്റെ വികലമായ വാക്‌സിന്‍ നയമാണെന്നാണ്. കേന്ദ്രം വാക്‌സിന്‍ വൈകിപ്പിച്ചു എന്നത് ശരിയാണ്.  പക്ഷെ കിട്ടിയ വാക്‌സിന്‍ എങ്ങനെ കുത്തിവെയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം മുഴുവന്‍ സംസ്ഥാനത്തിനായിരുന്നു. വാക്‌സിനേഷനില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും പഞ്ചായത്തായാലും പൊതുജനാരോഗ്യത്തിന്  അത് ദോഷകരമാണ്.

ബ്രേക്ക്ത്രൂ അണുബാധ ഒരു ആഗോളപ്രതിഭാസമാണെന്നാണ് ചിലരുടെ അഭിപ്രായം. യു.എസിലും യു.കെയിലും വാക്‌സിനേഷന് ശേഷം ബ്രേക്ക്ത്രൂ അണുബാധ ഉണ്ടാകുന്നുണ്ട് എന്നാണ് അവരുടെ വാദം. ഇത്തരം ന്യായങ്ങള്‍ കോവിഡ് കാലത്ത് തമാശയായി മാത്രമേ കാണാന്‍ കഴിയു. യു.എസിലെയും യു.കെയിലെയും റോഡ് അപകടങ്ങളുടെ ഡാറ്റ എടുത്തുകാട്ടിയിട്ട് അമേരിക്കയിലും യൂറോപ്പിലും കാറോടിച്ചാല്‍ അപകടമുണ്ടാവും അതുകൊണ്ട് നമ്മുടെ നാട്ടിലെ റോഡുകള്‍ നന്നാക്കേണ്ടതില്ല എന്ന് പറയുന്നതിന് സമാനമായ കോമാളിത്തമായി മാത്രമേ ഇത്തരം ന്യായങ്ങളെ കാണാന്‍ കാഴിയു. 

 എന്താണ് പരിഹാരം

നമ്മള്‍ അല്പം കുഴപ്പം പിടിച്ച ഒരു രോഗസംക്രമണത്തിന്റെ മുന്നിലാണ്. നമ്മുടെ കൈയ്യില്‍ അതിനെതിരെ പ്രയോഗിക്കാവുന്ന ഒരു  ആയുധവുമുണ്ട്.  കൊവിഡ് വാക്‌സിന്‍. അത് സര്‍വ്വ സംഹാരിയായ വജ്രായുധമൊന്നുമല്ല. പക്ഷെ ആശുപത്രി വാസത്തില്‍ നിന്നും മരണത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അതിന് കഴിവുണ്ട്. രോഗസംക്രമണത്തെ നിശ്ശേഷം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രോഗപകര്‍ച്ചയെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കാന്‍  അത് സഹായിക്കും. നാം ചെയ്യേണ്ടത് കൊവിഡ് വാക്‌സിന്‍ എന്ന ഈ ആയുധത്തിന് നല്‍കാന്‍ കഴിയുന്ന പരമാവധി എഫിഷ്യന്‍സിയില്‍ അതിനെ ഉപയോഗിക്കാന്‍ നാം ശ്രമിക്കുക എന്നതാണ്. അതിനായിട്ടാണ് കഴിഞ്ഞ ലേഖനത്തിലും (രണ്ടാം ഭാഗം) ഇതിലുമായി വാക്‌സിനേഷന്‍ പ്രയോഗത്തിന്റെ മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ വിശദമായി എഴുതിയത്. 

  1.  കുത്തിവെയ്ക്കുന്നത്തിലെ ശരിയായ ടെക്‌നിക്ക് - ഒരു നേഴ്‌സിന് നല്‍കാവുന്ന രീതിയില്‍ കുത്തിവെയ്പ്പും വാക്‌സിനേഷന്‍ സൈറ്റുകളും ക്രമീകരിക്കുക  
  2.  വാക്‌സിന്റെ പോട്ടന്‍സി നിലനിറുത്തുന്ന കോള്‍ഡ് ചെയിന്‍ നന്നായി പരിപാലിക്കുക 
  3.  മൈക്രോ പ്ലാനിംഗ്
  4.  തുടര്‍ പരിശീലനങ്ങളും സപ്പോര്‍ട്ടീവ് സൂപ്പര്‍ വിഷനും 

ഈ തത്വങ്ങളെ അടിസ്ഥാനമാക്കി കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയെ നാം ശരിയായ ദിശയിലേക്ക് നയിക്കണം. 

കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ ഫീല്‍ഡില്‍ നിലനില്‍ക്കുന്ന അസമാനത പരിഹരിക്കണം. അല്ലാതെ TPR കുറയില്ല. അതൊരു ബുദ്ധിമുട്ടുള്ള പണിയല്ല. ആശ-അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു വാര്‍ഡില്‍ വാക്‌സിനേഷന്‍ കിട്ടാത്തവരുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കാന്‍ കഴിയും. അത് പഞ്ചായത്തിലോ, ബ്ലോക്കിലോ സമാഹരിക്കാം. വീണ്ടും കാടടച്ച് വാക്‌സിനേഷന്‍ നല്‍കരുത്. കൃത്യമായ ആസൂത്രണത്തോടെ, രോഗസാധ്യത കൂടിയവരുടെ മുന്‍ഗണനക്രമങ്ങള്‍ നോക്കി തുടര്‍ വാക്‌സിനേഷന്‍ നടത്തുക. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നാം അടിയന്തിരമായി ചെയ്യേണ്ടത് അതാണ്. 

പഞ്ചായത്ത് അധികാരികളോട് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ തന്നെയാണ് കൊവിഡ് പ്രതിരോധ നയപരിപാടികള്‍ക്ക് രൂപം നല്‍കേണ്ടത്. പക്ഷെ അതിലെ പൊതുജനാരോഗ്യ ശാസ്ത്രപരമായ വസ്തുതകള്‍ക്ക് തീര്‍പ്പ് നല്‍കേണ്ടതും, വാക്‌സിനേഷന്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യേണ്ടതും കുത്തിവെയ്ക്കുന്നവരുടെ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതും PHC ഡോക്ടറും ഫീല്‍ഡ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന പബ്ലിക് ഹെല്‍ത്ത് ടീമാണ്. അത് അവര്‍ക്ക് വിട്ടുകൊടുക്കുക. 

(നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്നു ലേഖകന്‍)