• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

ഡേവിഡ് ഗോഡ്മാൻ A pilgirm's progress

Sep 20, 2020, 09:54 AM IST
A A A

നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഓക്സ്‌ഫഡ് സർവകലാശാലയിലെ പഠനമുപേക്ഷിച്ച് രമണമഹർഷിയുടെ ആശ്രമംതേടി തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്ക് വന്നതാണ് അദ്ദേഹം.

# ശ്രീകാന്ത് കോട്ടക്കൽ
david godman
X

ഡേവിഡ് ഗോഡ്മാൻ | ഫോട്ടോ : മധുരാജ് \ മാതൃഭൂമി

വിധി എങ്ങനെയാണ് മനുഷ്യനിൽ പ്രവർത്തിക്കുന്നത്‌? ഏതോ ദേശത്തു പിറന്ന, തീർത്തും ഭിന്നമായ സംസ്കാരത്തിൽ വളർന്ന ഒരു മനുഷ്യൻ എങ്ങനെയാണ് എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ ഒരു ദേശത്തിന്റെയും സംസ്കൃതിയുടെയും വിളികേട്ട് അവിടെയെത്തി ജീവിതം സമർപ്പിക്കുന്നത്? എല്ലാം കണ്ടുപിടിച്ചു എന്ന് അഹങ്കരിക്കുന്ന ശാസ്ത്രത്തിനും മനുഷ്യന്റെ വിധിയെക്കുറിച്ചുള്ള ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. ഈ മനുഷ്യാവസ്ഥയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഡേവിഡ് ഗോഡ്മാൻ എന്നബ്രിട്ടീഷുകാരൻ. നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ഓക്സ്‌ഫഡ് സർവകലാശാലയിലെ പഠനമുപേക്ഷിച്ച് രമണമഹർഷിയുടെ ആശ്രമംതേടി തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്ക് വന്നതാണ് അദ്ദേഹം. പിന്നീട്‌ ഗോഡ്മാൻ, അരുണാചലത്തിന്റെ താഴ്‌വരയിലെ 
ഈ ഗ്രാമം വിട്ടുപോയില്ല. മഹർഷിയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്പോഴും നിശ്ശബ്ദം ഇവിടെ വസിക്കുന്നു. ഗോഡ്മാനുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗമാണിത്‌

 

‘fate is the only real certainty’ -Jose saramago


ഇങ്ങനെയൊക്കെയായിരിക്കാം സംഭവിക്കേണ്ടിയിരുന്നത്’ 

തിരുവണ്ണാമലയിൽ, അരുണാചലത്തിന്റെ അടിവാരത്തുള്ള രമണമഹർഷിയുടെ ആശ്രമത്തിലെ ധ്യാനമുറിയുടെ പിറകിലുള്ള മരച്ചാർത്തുകൾക്ക് ചുവടെനിന്ന് ഇതു പറയുമ്പോൾ ഡേവിഡ് ഗോഡ്മാൻ എന്ന ബ്രിട്ടീഷുകാരന്റെ മുഖത്ത് തെളിഞ്ഞിരുന്നത് അനാസക്തമായ ഒരു നിസ്സംഗതയായിരുന്നു. ‘ഒരു ബ്രിട്ടീഷുകാരനായി ജനിച്ച്, ഓക്സ്‌ഫഡ് സർവകലാശാലയിൽ പഠിച്ചുവളർന്ന താങ്കൾ ജീവിതത്തിന്റെ മുഖ്യപങ്കും ഈ അരുണാചലത്തിന്റെയും  രമണാശ്രമത്തിന്റെയും ചുറ്റുവട്ടത്ത് മഹർഷിയെപ്പോലെ കഴിച്ചുകൂട്ടുന്നത് എന്തുകൊണ്ടാണ്?’ എന്ന എന്റെ ഉപചാരങ്ങളേതുമില്ലാത്ത ചോദ്യത്തിനാണ് ഗോഡ്മാൻ ഒരുപാട് മാനങ്ങളുള്ള ഈ മറുപടിതന്നത്. നീല ടീഷർട്ടും ചാരനിറത്തിലുള്ള പാന്റ്‌സും ധരിച്ച്, പുറത്ത് നൈക്കിയുടെ ഒരു ബാക്ക് പാക്ക് തൂക്കി, നാരുകൾ പിഞ്ഞിയ ഒരു പച്ചക്കറിസഞ്ചിയുമായി നിൽക്കുന്ന ആ മനുഷ്യൻ വിരുദ്ധമായ ഏതൊക്കെയോ സംസ്കാരങ്ങളുടെ ഏകകമെന്നപോലെ തോന്നിച്ചു.
   മലയിറങ്ങിവന്ന തണുത്തകാറ്റിൽ ഗോഡ്മാന്റെ നരച്ചമുടികൾ പാറി. സ്വന്തം ഉള്ളിലേക്ക്‌ നോക്കിയൊതുക്കാൻ ധൃതിപ്പെടുന്ന കണ്ണുകൾ കൂടുതൽ ശാന്തമായി.
   ‘‘വിശദമായി നമുക്ക് നാളെ സംസാരിക്കാം. രാവിലെ എട്ടുമണിക്ക്‌ ഞാൻ ആശ്രമമുറ്റത്തു വരാം’’ -ഇതുപറഞ്ഞ് ഗോഡ്മാൻ മലകയറിപ്പോയി. വെയിലുചാഞ്ഞപ്പോൾ, ഇളംകാടുകൾക്ക് നടുവിലൂടെ മലയുടെ മുകളിലെസ്കന്ദാശ്രമത്തിലേക്ക് നടക്കവേ ഗോഡ്മാൻ മുകളിൽപ്പോയി തിരിച്ചുവരുന്നതു കണ്ടു. നേരത്തേ കണ്ട പരിചിതഭാവമോ ചിരിയോ ഒന്നുമില്ല. സ്വന്തം കാലടിപ്പാടുകൾ നോക്കി, അറുപത്തിയേഴുകാരനായ ആ മനുഷ്യൻ ദൂരേക്ക്‌ ദൂരേക്ക്‌ നടന്നുമറഞ്ഞു. അപ്പോഴും എന്റെയുള്ളിൽ ഒരുമണിക്കൂർമുമ്പ് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞവാക്കുകൾ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു:

  ‘‘ഇങ്ങനെയൊക്കെയായിരിക്കാം സംഭവിക്കേണ്ടിയിരുന്നത്’’ 
 ***    ***    ***
പിറ്റേന്ന്, പറഞ്ഞ സമയത്തിനും അഞ്ചുമിനിറ്റുമുമ്പേ, തന്റെ മോപ്പഡ് സ്കൂട്ടറിൽ ഗോഡ്മാൻ രമണാശ്രമമുറ്റത്തെത്തി. പച്ച ടീഷർട്ടും ഇളംവെള്ള പാന്റ്‌സും പുറത്തുതൂക്കിയ പതിവ് ബാഗും. ആശ്രമം ഓഫീസിന്റെ പുറംവരാന്തയിലിരുന്ന് ഗോഡ്മാൻ സംസാരിച്ചുതുടങ്ങിയത് തലേന്ന് പറഞ്ഞുവെച്ചതിന്റെ തുടർച്ചയായിരുന്നു:
  ‘‘ബർമിങ്ങാമിനും മാഞ്ചെസ്റ്ററിനുമിടിയിലുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റ് എന്ന ബ്രിട്ടീഷ് നഗരത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ സ്കൂൾ അധ്യാപകനായിരുന്നു; അമ്മ ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സിക്കുന്ന ഫിസിയോ തെറാപ്പിസ്റ്റും. രണ്ടുപേരും ഇപ്പോഴില്ല. രണ്ടു സഹോദരിമാരടക്കം ഞങ്ങൾ മൂന്നു മക്കളായിരുന്നു. സാധാരണ സ്കൂളുകളിൽ പഠിച്ചുവളർന്ന എനിക്ക്‌ 1972-ൽ ഓക്സ്‌ഫഡ് സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. എല്ലാവരെയുംപോലെ അവിടെ ഞാൻ ആഘോഷിച്ച് ജീവിച്ചു. ഓക്സ്‌ഫഡ് പഠനത്തിന്റെ രണ്ടാംവർഷംമുതലാണ് പൗരസ്ത്യ ആത്മീയപാതകളിൽ എനിക്ക്‌ താത്‌പര്യം തുടങ്ങിയത്. കൈയിലുള്ള പണമെല്ലാം ഇതുസംബന്ധിച്ചുള്ള പുസ്തകങ്ങൾ വാങ്ങാൻ മാത്രമായി. വായിച്ചിട്ടും വായിച്ചിട്ടും തൃപ്തിവന്നില്ല. ഈ വായനയ്ക്കിടയിലാണ് ആർതർ ഓസ്‌ബോൺ എഴുതിയ ‘THE TEACHING OF RAMANA MAHARSHI IN HIS OWN WORDS’ എന്ന പുസ്തകം എന്റെ കൈയിലെത്തിയത്. ആദ്യമായി വായിച്ച മഹർഷിയുടെ വാക്കുകൾ എന്നെ ഒറ്റയടിക്ക്‌ മൗനിയാക്കി. എന്റെ മനസ്സിലെ ചോദ്യപ്പെരുമഴ നിലച്ചു. ആത്മീയമായ അറിവുശേഖരണത്തെ മനസ്സ് ഉപേക്ഷിച്ചു. ആശയങ്ങളിലേക്കോ അറിവുകളിലേക്കോ ആയിരുന്നില്ല സവിശേഷമായ ആന്തരികഭാവത്തിലേക്കായിരുന്നു രമണമഹർഷിയുടെ വാക്കുകൾ എന്നെ എത്തിച്ചത്. ആ അവസ്ഥതന്നെ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു. ഞാനെന്റെ അവസാനവർഷ ഓക്സ്‌ഫഡ് പരീക്ഷ ഉപേക്ഷിച്ചു. രമണമഹർഷിയുടെ മറ്റനേകം പുസ്തകങ്ങളുമായി ഞാൻ അയർലൻഡിലേക്കുപോയി. മുത്തശ്ശിയിൽനിന്നും ഓഹരിയായിക്കിട്ടിയ ചെറിയ തുകമാത്രമായിരുന്നു എന്റെ മൂലധനം. ഗ്രാമപ്രദേശത്ത് ഒരു ചെറിയ വീട് വാടകയ്ക്കെടുത്തു. അവിടെ മഹർഷിയുടെ പുസ്തകങ്ങൾ വായിച്ചും അതിനനുസരിച്ച് മനസ്സിനെ പരിശീലിപ്പിച്ചും ആറുമാസം കഴിഞ്ഞു. 1975-ലായിരുന്നു ഇത്.
    ആ വർഷത്തിന്റെ അവസാനം എന്റെ വീട്ടുടമ വീടൊഴിയാൻ പറഞ്ഞു. അടുത്ത വസന്തകാലത്ത് തിരിച്ചുവരാം എന്നു തീരുമാനിച്ച് ഞാൻ ഇസ്രയേലിലേക്കുപോയി. ചാവുകടലിന്റെ തീരത്തുള്ള കർഷകവിഭാഗമായ കിബുട്‌സിൽ ജോലിചെയ്തുകൊണ്ട് രമണമഹർഷിയിലേക്കും ധ്യാനപരിശീലനത്തിലേക്കും ആഴ്ന്നിറങ്ങി...’’

 എപ്പോഴാണ് ഇന്ത്യ വിളിച്ചത്...

= ഇസ്രയേലിൽ താമസിക്കുന്ന കാലത്താണ്. ഇന്ത്യയിൽവന്ന് രമണാശ്രമം കണ്ട് മടങ്ങുക എന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. അധികം ദിവസം ഇവിടെ തങ്ങാനുള്ള സാമ്പത്തികവാസ്ഥയിലായിരുന്നില്ല ഞാൻ. അല്പംകൂടി പണം കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിക്കുകയും ചെയ്തിരുന്നു. ഒരു വഴിയുമില്ല. മനസ്സിൽ വിചാരിച്ചു: ‘ഞാൻ ഇന്ത്യയിൽ എത്തണമെന്ന് മഹർഷി ആഗ്രഹിക്കുന്നെങ്കിൽ പണവും വരും.’ പണം വന്നു എന്നതാണദ്‌ഭുതം. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ മുത്തശ്ശിയുടെ അഭിഭാഷകന്റെ കത്ത് എനിക്കുകിട്ടി. മുത്തശ്ശിയുടെ ഓഹരിയിൽനിന്നും ഇരുനൂറ് പൗണ്ട് എനിക്കായി മാറ്റിവെച്ചിട്ടുണ്ട് എന്നായിരുന്നു കത്തിൽ. അത് ധാരാളം മതിയായിരുന്നു ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക്.

ramana maharshi
രമണ മഹർഷി

‘ഗോഡ്മാൻ’ എന്ന ഈ പേരിൽത്തന്നെയുണ്ട് ഒരു ദൈവസ്പർശം..

ഗോഡ്മാൻ എന്നത് ഞങ്ങളുടെ കുടുംബപ്പേരാണ്. ഞാൻ അത് മാറ്റിയില്ല; മാറ്റണമെന്നു തോന്നിയില്ല.
രമണമഹർഷിയുടെ സമാധിക്കുശേഷം ഇന്ത്യയിൽ അദ്ദേഹത്തിന്റെ ആശ്രമം നിലനിൽക്കുന്നുണ്ടോ എന്ന കാര്യംപോലും തീർച്ചയില്ലാതെയാണ് ഗോഡ്മാൻ തന്റെ യാത്ര തുടങ്ങുന്നത്. മഹർഷിയുടെ പുസ്തകങ്ങൾ വാങ്ങുന്ന പുസ്തകശാലവഴി അന്വേഷിച്ചപ്പോൾ, ആശ്രമത്തിൽനിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. സമാധിക്കുശേഷം ആശ്രമം പിരിഞ്ഞുപോയി എന്നു വിശ്വസിച്ചു.

 എങ്ങനെയായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര...

 1972-ൽ ഹ്രസ്വകാല സന്ദർശനത്തിനായി ഞാൻ ഇന്ത്യയിൽ എത്തിയിരുന്നു. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത യാത്രയായിരുന്നു അത്. എന്നാൽ, ഇത്തവണത്തെ യാത്രയ്ക്ക് ലക്ഷ്യമുണ്ടായിരുന്നു; ആരോ എന്നെ വിളിക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച ചെന്നൈയിലേക്ക് ട്രെയിനുകൾ ഒന്നുമില്ല എന്നകാര്യം ഡൽഹിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. മധ്യവേനലവധിയായതിനാൽ അവയെല്ലാം മുൻകൂർ ബുക്കുചെയ്തുപോയിരുന്നു. അസഹ്യമായ ഉഷ്ണത്തിൽ ഡൽഹിയിൽ തുടരുക അസാധ്യമായിരുന്നു. ഞാൻ നേരെ ഓൾഡ് ഡൽഹിയിലെ മോട്ടിലാൽ ബനാർസിദാസ് പുസ്തകശാലയിൽച്ചെന്ന് മഹർഷിയെക്കുറിച്ചുള്ള പത്തിലധികം പുസ്തകങ്ങൾ വാങ്ങി. TALKS WITH RAMANA MAHARSHI, DAY BY DAY WITH BHAGVAN, LETTERS FROM SREE RAMANASRAMAM എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു. ആ പുസ്തകങ്ങളുമായി ഞാൻ ഹിമാലയത്തിലെ മണാലിയിലേക്കുപോയി. അവിടെ ഒരു മുറി വാടകയ്ക്കെടുത്ത് വായനമാത്രമായി പന്ത്രണ്ടു ദിവസം കഴിഞ്ഞു. മണാലിയിൽവെച്ച് പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇന്ത്യയിലേക്കുവന്നത് എന്ന്. തിരുവണ്ണാമലയിൽ രമണാശ്രമത്തിലേക്കുള്ള തീർഥാടനത്തിലാണ് എന്ന് പറയുമ്പോൾ അവരാരും അങ്ങനെയൊരു സ്ഥലത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലായിരുന്നു.
   രണ്ടാഴ്ചകഴിഞ്ഞ്, പൊള്ളുന്ന ചൂടിൽ തീവണ്ടിയുടെ മുകൾബർത്തിൽ വിയർത്തുകുളിച്ച് കിടന്ന് ഞാൻ ചെന്നെയിലെത്തി. ആ ഉഷ്ണത്തിലും എനിക്ക്‌ കുളിർമതന്നത് മഹർഷിയുടെ വാക്കുകൾതന്നെയായിരുന്നു. ചെ​െന്നെയിൽ ഞാൻ പലപ്പോഴും ബീച്ചിൽ ചെന്നിരിക്കും. വായിക്കും. അവിടെവെച്ച് പരിചയപ്പെട്ട ഒരാളാണ് എനിക്ക്‌ രമണാശ്രമത്തിലേക്കുള്ള വഴി പറഞ്ഞുതന്നത്. അയാൾ കുറച്ച് ദിവസങ്ങൾക്കുമുമ്പ് അവിടെ പോയിരുന്നു. ആശ്രമം ഇപ്പോഴുമുണ്ട്! അത് കേട്ടപ്പോൾ എനിക്കാശ്വാസമായി. പിറ്റേന്ന് ഞാൻ ബസിൽ തിരുവണ്ണാമലയിലേക്ക് പുറപ്പെട്ടു. റോഡിലെ മൈൽക്കുറ്റികളിൽ കിലോമീറ്ററുകൾ 35, 28, 24 എന്നിങ്ങനെ കുറയുന്നതിനനുസരിച്ച് എന്റെ മനസ്സ് പറഞ്ഞറിയിക്കാനാവത്ത ഒരു വികാരത്താൽ പ്രകമ്പിതമായി. ഒടുവിൽ, ദൂരം ഒറ്റയക്കത്തിലെത്തിയപ്പോൾ ഞാൻ ദൂരെ അരുണാചലം കണ്ടു; കൺനിറയെ. 1976 ജൂൺ 17-നായിരുന്നു അത്.

 ആറായിരത്തിലധികം കിലോമീറ്ററുകളാണ് താങ്കൾ താണ്ടിയത്. ആരാണ് താങ്കളെ തിരുവണ്ണാമലയിലേക്ക്‌ വിളിച്ചത്, മലയോ മഹർഷിയോ...

ഉത്തരംതരാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണിത്. രമണമഹർഷിയോടും ഇതേ ചോദ്യം ചോദിക്കപ്പെട്ടിട്ടുണ്ട്. മധുരയ്ക്കടുത്തുള്ള തിരുച്ചുഴി ഗ്രാമത്തിൽനിന്നും തന്നെ ഇവിടെ എത്തിച്ചത് അരുണാചലമാണ് എന്നാണ് മഹർഷി പറഞ്ഞത്. ഇവിടെ താമസിച്ചുകൊണ്ട് ഞാൻ ഇന്ത്യയിലെ പലയിടങ്ങളിലേക്കും പോയിവന്നുകൊണ്ടിരുന്നു; മുംബൈയിൽ നിസർഗദത്തമഹാരാജിന്റെയടുത്ത്, ആന്ധ്രാപ്രദേശിൽ ലക്ഷ്മണസ്വാമിയുടെ അടുത്ത്, ലഖ്‌നൗവിൽ പാപ്പാജിയുടെയടുത്ത്... എല്ലായിടത്തുനിന്നും എല്ലാ തവണയും അരുണാചലം എന്നെ തിരിച്ചുവിളിച്ച് ഇവിടെയെത്തിക്കും. ഇരുപതു വർഷങ്ങൾക്കുമുമ്പ് ഒരിക്കൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ ലണ്ടൻ മൃഗശാലയിൽ സന്ദർശകർ ഉപേക്ഷിക്കുന്ന വസ്തുക്കൾ എടുത്ത് വൃത്തിയാക്കുന്ന ജോലിക്കുള്ള ഇന്റർവ്യൂവിന് ഹാജരായി. ആ സമയത്താണ് രമണമഹർഷിയെക്കുറിച്ചുള്ള പുസ്തകം എഴുതുന്നതിനെക്കുറിച്ച് എനിക്ക്‌ ഒരു തോന്നലുണ്ടായത്. അതുവരെ ഒരു വരി ഞാൻ എഴുതിയിട്ടില്ലായിരുന്നു. ഇന്റർവ്യൂവിന്റെ ഫലം കാത്തുനിൽക്കാതെ ഞാൻ തിരിച്ചുപോന്നു. BE AS YOU ARE: THE TEACHINGS OF RAMANA MAHARSHI എന്ന പുസ്തകം അങ്ങനെയാണുണ്ടാവുന്നത്. (​പോൾ ബ്രണ്ടന്റെയും ആർതർ ഓസ്‌ബോണിന്റെയും രചനകൾക്കുശേഷം രമണമഹർഷിയെും അദ്ദേഹത്തിന്റെ സന്ദേശങ്ങളെയും വിദേശജനതയ്ക്ക്‌ പരിചിതമാക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു.) ഒരു ദിവസം രമണമഹർഷിയുടെ സമാധിയെ പ്രദക്ഷിണംവെക്കുകയായിരുന്നു ഞാൻ. അപ്പോൾ എന്റെയുള്ളിൽ ഒരു ഉദയമുണ്ടായി. ഉള്ളം പറഞ്ഞു: എനിക്കിനി വീട്ടിലേക്ക് പോകേണ്ട. ഇതാണ് എന്റെ വീട്‌. ഒരിടത്തേക്കും എനിക്കിനി പോവാനില്ല.

 ആശ്രമത്തിലെ ആദ്യദിനങ്ങൾ എങ്ങനെയായിരുന്നു...

തേടിയ ആശ്രമം നിലനിൽക്കുന്നു എന്നറിഞ്ഞതിന്റെ ആഹ്ലാദത്തിൽ ഞാൻ എല്ലായിടത്തും നടന്നു. ആശ്രമം ഓഫീസിൽച്ചെന്ന് താമസസ്ഥലം അനുവദിക്കാൻ അപേക്ഷിച്ചു. അവർ ചോദിച്ചു: എത്രനാളത്തേക്കാണ്? ഞാൻ പറഞ്ഞു: കുറച്ച് ആഴ്ചകളിലേക്ക്‌. ഇതുകേട്ട്്് അവർ ചിരിച്ചു. മൂന്നു ദിവസത്തിലധികം രമണാശ്രമത്തിൽ താമസസൗകര്യം നൽകില്ല എന്ന കാര്യം ഇന്നെനിക്കറിയാം. അവർ നിയമപ്രകാരം മൂന്നു ദിവസത്തേക്ക്് താമസസൗകര്യം തന്നു. ആ ദിവസങ്ങളിൽ ഞാൻ കൂടുതൽ സമയങ്ങളിലും ധ്യാനത്തിലും അരുണാചലത്തിന്റെ വഴികളിലൂടെയുള്ള അലച്ചിലിലുമായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ആശ്രമത്തിന്റെ പുറത്തേക്ക്‌ താമസംമാറ്റി.

ആരുടെ പുസ്തകം വായിച്ചിട്ടാണോ ഗോഡ്മാൻ രമണമഹർഷിയെ അറിഞ്ഞത് ആ മനുഷ്യന്റെ വീട്ടിൽത്തന്നെ അദ്ദേഹം എത്തി എന്നതാണ് ഏറെ ആശ്ചര്യകരം. ആർതർ ഓസ്‌ബോൺ അപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലൂസിയ ഓസ്‌ബോൺ അവിടെ താമസിച്ചിരുന്നു. അവർ വീടിന്റെ പിൻവശം ഗോഡ്മാന് താമസിക്കാനായി നൽകി -പ്രതിമാസം മുപ്പതു രൂപ വാടകയ്ക്ക്.

 ഇന്നത്തെ തിരുവണ്ണാമല ബഹളംനിറഞ്ഞ ഒരു താഴ്‌വാരപട്ടണമാണ്. താങ്കൾ എത്തുമ്പോൾ എങ്ങനെയായിരുന്നു ഇവിടം

അതിശാന്തമായ ഒരു തമിഴ് ഗ്രാമമായിരുന്നു അക്കാലത്ത് ഇത്. സൈക്കിൾ റിക്ഷകളോ കുതിരകൾ വലിക്കുന്ന ടോംഗകളോ മാത്രമായിരുന്നു വാഹനങ്ങളായിട്ടുണ്ടായിരുന്നത്. ഭൂരിഭാഗം ആളുകളും നടക്കുകയായിരുന്നു പതിവ്. ഞാൻ വരുന്നതിനും പത്തുവർഷംമുമ്പ് ഇവിടെയെത്തിയ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു: അക്കാലത്ത്, ഉച്ചയ്ക്ക്, ഇവിടത്തെ റോഡുകളിൽ തണൽമരങ്ങൾക്കു താഴെ കിടന്നുറങ്ങാമായിരുന്നു! ഒരു വാഹനവും വരാനില്ല, ആളനക്കമില്ല. ഏകാന്തമായ മൺവഴികളുള്ള ഒരു ഗ്രാമം. അതായിരുന്നു തിരുവണ്ണാമല.

david godman

 താങ്കൾ ഇവിടെ എത്തുമ്പോഴേക്കും രമണമഹർഷി സമാധിയായി ഇരുപതു വർഷം കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെയൊപ്പം ജീവിച്ചിരുന്നവർ ശേഷിച്ചിരിക്കുമല്ലോ

ധാരാളമുണ്ടായിരുന്നു. അവരിൽപ്പലരുമായും വളരെ അടുത്ത് ഇടപഴകാനും മഹർഷിക്കൊപ്പമുള്ള അവരുടെ ജീവിതത്തിന്റെ ഓർമകൾ രേഖപ്പെടുത്താനും എനിക്ക്‌ സാധിച്ചു. മഹർഷിയുടെ അടുക്കളക്കാര്യങ്ങൾ നോക്കിയിരുന്ന ശാന്തമ്മാളും സംപൂർണാമ്മയും ഉണ്ടായിരുന്നു. മറ്റൊരു പാചകക്കാരനായ നടേശ അയ്യർ, മഹർഷിയുടെ രണ്ടു സഹായികളായിരുന്ന 
കൃഷ്ണസ്വാമി, സത്യാനന്ദസ്വാമി, മലയാളികൂടിയായ കുഞ്ചുസ്വാമി എന്നിവരെല്ലാം ഉണ്ടായിരുന്നു. ഇവരോടെല്ലാം അടുത്തുപെരുമാറാനും മഹർഷിയെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. 

 നാലു പതിറ്റാണ്ടുകൾ കഴിഞ്ഞു താങ്കളീ ആശ്രമപരിസരത്ത് ജീവിക്കാൻ തുടങ്ങിയിട്ട്. ജീവിക്കാനുള്ള വക താങ്കൾ എങ്ങനെയാണ് കണ്ടെത്തുന്നത്

വെറും 500 പൗണ്ടുമായി (അന്നത്തെ 7,750രൂപ) 1976-ൽ ഇന്ത്യയിൽ എത്തിയതാണ് ഞാൻ. തുടർന്നുള്ള 20 വർഷത്തിനുള്ളിൽ എനിക്ക്‌ ധനാഗമമാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ഈ പ്രദേശത്തെ അത്രമേൽ ഇഷ്ടപ്പെട്ടതിനാൽ കഴിയുന്നത്രയും കാലം ഇവിടെ ജീവിക്കണം എന്നായിരുന്നു എന്റെ മോഹം. എന്നാൽ, എന്റെ കൈയിൽ പണമില്ലായിരുന്നു. ഒരുദിവസം ഞാൻ അരുണാചലം പ്രദക്ഷിണം വെക്കുകയായിരുന്നു. പെട്ടന്ന് ഒരു നിമിഷം, പണത്തെക്കുറിച്ചുള്ള എല്ലാ തോന്നലുകളും എന്നിൽനിന്ന് ഊർന്നുപോയി. ഞാൻ നടത്തം നിർത്തി മലയിലേക്ക് നോക്കി. അപ്പോൾ എനിക്കു മനസ്സിലായി, ഏത് ശക്തിയാണോ എന്നെ ഇവിടെ എത്തിച്ചത് എന്നെക്കൊണ്ടുള്ള കാര്യം കഴിയുന്നതുവരെ ആ ശക്തി കാത്തോളും. ആ നിമിഷംമുതൽ പണത്തെക്കുറിച്ച് ഞാൻ ആലോചിക്കാതായി.
ആവശ്യമുള്ളത്ര പണം എവിടെനിന്നൊക്കെയോ എനിക്ക് കിട്ടുമായിരുന്നു; തീർത്തും അപരിചിതരിൽനിന്നുപോലും. ഗുരുക്കന്മാർക്കുവേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ ദൈവം നിങ്ങളുടെ ബിൽ കൊടുത്തോളും. ഇതുവരെയുള്ള എന്റെ അനുഭവം അതാണ്.

 ഒരു ജീവിതം രമണമഹർഷിയിൽ സമർപ്പിച്ചയാളാണ് 
താങ്കൾ. എന്താണ് രമണമഹർഷി പഠിപ്പിച്ചത്...

മഹർഷി തന്നെ പറഞ്ഞിട്ടുണ്ട്, മൗനമാണ് അദ്ദേഹത്തിന്റെ പ്രധാനപാഠം എന്ന്. വാക്കുകൾക്കപ്പുറത്തെ മഹാശക്തിയുടെ തേജസ്സാണ് മഹർഷി എപ്പോഴും പ്രസരിപ്പിക്കുന്നത്. വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞതെല്ലാം ഈ മൗനത്തെ സ്പർശിക്കാൻ സാധിക്കാത്ത മനുഷ്യർക്കുവേണ്ടിയായിരുന്നു. ഞാൻ എന്ന ബോധം അല്ലെങ്കിൽ അഹം അലിഞ്ഞിട്ടില്ലാത്ത രണ്ടാം ശ്രേണിയിലുള്ളവർക്കാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങളെല്ലാം. മഹർഷി പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന്റെ സന്ദേശം എന്ന് കരുതിയവർക്ക് തെറ്റി. രമണമഹർഷിയെ നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നർഥം. തികഞ്ഞ ധ്യാനത്തിലൂടെയും നിറഞ്ഞ മൗനത്തിലൂടെയും മാത്രമേ രമണമഹർഷിയെ മനസ്സിലാക്കാൻ സാധിക്കൂ.

 മൗനത്തെ മഹർഷി എങ്ങനെയാണ് നിർവചിച്ചിട്ടുള്ളത്...

മനുഷ്യന്റെ സംഭാഷണങ്ങളെയും ചിന്തകളെയും മറികടന്നുപോവുന്നതാണ് മൗനം എന്നാണ് മഹർഷി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. മൗനത്തെ എങ്ങനെയാണ് വാക്കുകളിലൂടെ വിശദീകരിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഞാൻ എന്ന ഭാവം തീരെയില്ലാതാവുമ്പോൾ അരുൾ പ്രകാശിക്കുന്നു; മൗനവും. മൗനപൂർവമായ അരുളാണ് ദൈവം. മൗനാനുഭവമാണ് പരമമായ അറിവ്.

 താങ്കൾ വിവാഹിതനാണോ...

അതെ, മിറി എന്നാണ് എന്റെ ഭാര്യയുടെ പേര്. അവർ ഓസ്‌ട്രേലിയയിൽ അധ്യാപികയാണ്. ഞങ്ങൾ ഇടയ്ക്കൊക്കെ കാണാറുണ്ട്.

 താങ്കളുടെ ശിഷ്ടകാല ജീവിതവും ഇന്ത്യയിലാവുമോ...

 ചോദ്യത്തിന് മറുപടിയായി ഗോഡ്മാൻ മന്ദഹസിച്ചു. നേർത്ത വിഷാദം ആ ചിരിയിൽ സായാഹ്നവെയിൽപോലെ കലർന്നിരുന്നു. ഇക്കാലജീവിതമത്രയും ഏതോ അദൃശ്യശക്തിയാൽ നയിക്കപ്പെട്ട ഈ മനുഷ്യൻ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് ഇതിലും മനോഹരമായി എങ്ങനെയാണ് പ്രതികരിക്കുക?
***    ***    ***
പിറ്റേന്നു രാവിലെ തിരുവണ്ണാമലയിൽനിന്ന് തിരിച്ചുപോരുമ്പോൾ, ടൗണിലെവിടെയോവെച്ച് ഗോഡ്മാന്റെ മോപ്പഡ് ഞങ്ങളുടെ വാഹനത്തെ കടന്നുപോയി. ഇളംനീല ബനിയനിട്ട്, കഴുത്തിലൊരു തോർത്തുചുറ്റി ആശ്രമത്തിലേക്ക് പോവുകയാണ് അദ്ദേഹം. അന്ന് ഓക്സ്‌ഫഡ് സർവകലാശാലയിൽ തുടർന്ന് പഠിച്ചിരുന്നെങ്കിൽ വലിയ ജോലിയിൽ പ്രവേശിച്ച്, പിന്നീട് വിരമിച്ച്, ഇപ്പോൾ ലണ്ടനിലെ ഏതെങ്കിലും മനോഹരഭവനത്തിൽ കൊച്ചുമക്കളെയും മടിയിൽവെച്ച് ഫയർപ്ലേസിലേക്ക് കാലുനീട്ടിയിരിക്കേണ്ടയാളാണ് ആ പോയത്.

 എന്തുകൊണ്ടായിരിക്കാം വിധി മനുഷ്യജീവിതത്തെ നിഗൂഢമായി ഇത്രമാത്രം നിയന്ത്രിക്കുന്നത്?

  ആദ്യം കണ്ടപ്പോൾ ചോദിച്ച ചോദ്യത്തിന് ഗോഡ്മാൻ പറഞ്ഞ ഉത്തരംതന്നെയേ ഇതിനുമുണ്ടായിരുന്നുള്ളൂ:  ‘‘ഇങ്ങനെയൊക്കെയായിരിക്കാം സംഭവിക്കേണ്ടിയിരുന്നത്’’

PRINT
EMAIL
COMMENT

 
 
  • Tags :
    • David Godman
More from this section
vote
തദ്ദേശജനവിധിയുടെ മനശ്ശാസ്ത്രം
paul zacharia
മലയാളിവോട്ടറുടെ വളരുന്ന യാഥാര്‍ഥ്യബോധം- സക്കറിയയുടെ തിരഞ്ഞെടുപ്പ് വിശകലനം
KSFE chairman PEELIPOSE THOMAS
കെഎസ്എഫ്ഇയെ ഇരുട്ടില്‍ നിര്‍ത്തുന്നത് ആര്‍ക്കുവേണ്ടി; ചെയര്‍മാനുമായി പ്രത്യേക അഭിമുഖം
injustice
വിധികളെ സ്വാധീനിക്കുന്ന മുന്‍വിധികള്‍, അതിൽ നിഴലിക്കുന്ന സ്ത്രീ വിരുദ്ധത
still from documentary
നീലഗിരിയിലെ ചൈനക്കാര്‍; ആ ബന്ധം ചുരുളഴിയിച്ച് 'ദോസ് ഫോര്‍ ഇയേഴ്‌സ്‌'
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.