ണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിയെന്നനിലയില്‍ രൂപപ്പെടുത്തി, 2013-ല്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാനിയമം സെപ്റ്റംബര്‍ 10-ന് ഏഴാംവര്‍ഷത്തിലേക്ക് കടക്കുന്നു. 2009-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഭക്ഷ്യസുരക്ഷ.

ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിലെ  ശക്തമായ വ്യവസ്ഥകള്‍മൂലമാണ് കോവിഡ് മഹാമാരിക്കിടയില്‍ രാജ്യം പൂട്ടിയിട്ടപ്പോള്‍ ജനങ്ങളെ പട്ടിണിക്കിടാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും മുട്ടില്ലാതെ അന്നം കൊടുക്കാന്‍  കഴിഞ്ഞത്. 

ലോകത്തൊരിടത്തും ഭക്ഷണം നിയമംമൂലം പൗരന്റെ ജന്മാവകാശമായി നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടില്ല.  ഒരു രാജ്യവും ഈ വഴിക്ക് ചിന്തിച്ചിട്ടില്ല. ആരോഗ്യമുള്ള സമൂഹത്തെ വളര്‍ത്തിയെടുത്ത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം.  പോഷകസമൃദ്ധമായ ഭക്ഷണം സര്‍ക്കാരുകളുടെ ഔദാര്യം എന്നതില്‍നിന്ന് ജനങ്ങളുടെ അവകാശമാക്കി മാറ്റാന്‍ നിയമത്തിലൂടെ കഴിഞ്ഞു.

പ്രതിവര്‍ഷം 312.3 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായും ഒന്നേകാല്‍ലക്ഷം കോടി രൂപയുടേത് സബ്സിഡിയുമാണ് അന്ന് കണക്കാക്കിയിരുന്നത് . വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇതില്‍ മാറ്റംവന്നു. പട്ടിണിരഹിതമായ ജനതയെന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഒരുക്കിയ ഭക്ഷ്യസുരക്ഷാനിയമം ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.  

• ബി.പി.എല്‍. കാര്‍ഡുകളില്‍, ഒരാള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യങ്ങള്‍, അരി കിലോഗ്രാമിന് മൂന്നുരൂപ, ഗോതമ്പ് രണ്ടുരൂപ, മറ്റുധാന്യങ്ങള്‍ ഒരു രൂപ നിരക്കില്‍. 
• ഭക്ഷ്യസുരക്ഷാനിയമത്തിന്‍കീഴില്‍ ഗ്രാമപ്രദേശത്തെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങള്‍ ഉള്‍പ്പെട്ടു. (ഗ്രാമങ്ങളില്‍ 63 കോടി, നഗരങ്ങളില്‍ 18 കോടി ജനങ്ങള്‍).
• അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യം.
• ഗര്‍ഭിണികള്‍ക്ക് പ്രതിമാസം 1000 രൂപവീതം ആറുമാസം സഹായധനം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക ഭക്ഷണം.
• ആറുമാസംമുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടിവഴി പോഷകമൂല്യമുള്ള സൗജന്യഭക്ഷണം.
• മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ലഘു പ്രഭാതഭക്ഷണവും പോഷകമൂല്യമുള്ള ഉച്ചഭക്ഷണവും.
• ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം.
• കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ റേഷന്‍കാര്‍ഡിലെ ആദ്യ പേരുകാരി.
• പൊതുവിതരണമേഖലയില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കരണം.
• ഭക്ഷ്യധാന്യവിതരണത്തിന് കുറ്റമറ്റസംവിധാനം.

2008 ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ജനക്ഷേമപദ്ധതിക്ക് രൂപംനല്‍കി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള കഠിനപരിശ്രമത്തിന് എനിക്ക് പ്രേരണയായത്
   'അന്നവസ്ത്രാദി മുട്ടാതെ 
   തന്നു രക്ഷിച്ചു ഞങ്ങളെ
   ധന്യരാക്കുന്ന നീയൊന്നു-
   തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍'

എന്ന ശ്രീ നാരായണഗുരു സൂക്തമായിരുന്നു