സി.എ.ജി., ലോക്കല്‍ഫണ്ട്, ആഭ്യന്തര ഓഡിറ്റുകള്‍ നടക്കുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. 35 ലക്ഷം ഇടപാടുകാരും 7000 ജീവനക്കാരുമുള്ള സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം. അതിന്റെ പ്രവര്‍ത്തനം വിജിലന്‍സ് പരിശോധിക്കുന്നതിന് ഒരു എതിര്‍പ്പും ആര്‍ക്കുമില്ല . തെറ്റുകളുണ്ടെങ്കില്‍ തിരുത്തും. മനുഷ്യസഹജമായ വീഴ്ചകള്‍ ജീവനക്കാര്‍ക്ക് സംഭവിക്കാം. അതുണ്ടായാലും നടപടി സ്വീകരിക്കാം. അതിന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ ചുരുക്കമെങ്കിലും കെ.എസ്.എഫ്.ഇ.യെ അറിയിക്കുകയെന്നത് സ്വാഭാവിക നീതിയാണ്. ആര്‍ക്കുവേണ്ടിയാണ് കെ.എസ്.എഫ്.ഇ.യെ ഇരുട്ടില്‍ നിര്‍ത്തുന്നത്. അതില്‍ വ്യക്തതവരുത്തേണ്ടത് വിജിലന്‍സ് വകുപ്പാണ്. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പീലിപ്പോസ് തോമസുമായി മാതൃഭൂമി പ്രതിനിധി ബിജു പരവത്ത് നടത്തിയ അഭിമുഖം.

ഒരു പരിശോധനയുടെ പേരില്‍ വിജിലന്‍സിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?

ഒരുപാട് പേരുടെ അധ്വാനത്തില്‍ വളര്‍ന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. നല്ലപേര് കളങ്കപ്പെടുത്തുന്നത് കേരളത്തിന് അംഗീകരിക്കാനാവില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാകാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ചു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈ സ്ഥാപനം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടട്ടെ തിരുത്താം. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ നടപടി സ്വീകരിക്കാം. വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് എന്താണെന്ന് അവര്‍ ജനങ്ങളെ അറിയിക്കട്ടെ. ഞങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ ആ കണ്ടെത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ അവസരം തരണം.

വിജിലന്‍സ് പരിശോധന എന്തിനായിരുന്നുവെന്നാണ് കരുതുന്നത്?

യഥാര്‍ഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. അത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. വിജിലന്‍സ് പരിശോധനയ്ക് ഞങ്ങള്‍ എതിരല്ല. എന്ത് വിവരങ്ങള്‍ ചോദിച്ചാലും നല്‍കുകയും ചെയ്യും. എന്നാല്‍, പരിശോധനയ്ക്ക് അവര്‍ ചൂണ്ടിക്കാട്ടിയതായി പുറത്തുവന്ന കാരണങ്ങളൊന്നും നിയമപരമായി മാത്രമല്ല, യുക്തിപരമായും നിലനില്‍ക്കുന്നതല്ല. ചിട്ടിയുടെ സല തുക ട്രഷറിയില്‍ അടച്ചില്ലെന്നതാണ് ഒരു ആരോപണം. ഇങ്ങനെ അടയ്ക്കാതെ കെ.എസ്.എഫ്.ഇ.ക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ചിട്ടി രജിസ്ട്രാര്‍ അനുമതി നല്‍കില്ല. ദിവസേനയുള്ള കളക്ഷന്‍ തുക ട്രഷറിയില്‍ നിക്ഷേപിച്ചില്ലെന്നതാണ് രണ്ടാമത്തേത്. ഇങ്ങനെയൊരു വ്യവസ്ഥ നിയമത്തിലെവിടെയുമില്ല. അത് സാധ്യവുമല്ല. ചിട്ടിവിളിച്ചയാള്‍ക്ക് എളുപ്പത്തില്‍ പണം കൊടുക്കാന്‍ ഏറ്റവും അടുത്ത ബാങ്ക് ശാഖയില്‍ നിക്ഷേപിക്കണം. അംഗീകൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നേ നിയമത്തില്‍ പറയുന്നുള്ളൂ. ചെക്ക് വെച്ച് ലേലത്തില്‍ പങ്കെടുക്കുന്നുവെന്നാണ് മൂന്നാമത്തെ ആരോപണം. ഇത് കെ.എസ്.എഫ്.ഇ.യുടെ ബിസിനസിന് അനിവാര്യമാണ്. സ്ഥിരമായി പണമടയ്ക്കുന്ന ഇടപാടുകാര്‍ ചെക്ക് നല്‍കിയാലും സ്വീകരിക്കും. ചെക്ക് മടങ്ങിയാല്‍ മാത്രമാണ് ഇത് അനുവദിക്കാത്ത നിലപാട് സാധാരണ സ്വീകരിക്കാറുള്ളത്. ചെക്ക് മടങ്ങിയാല്‍ അത് പലിശസഹിതം തിരിച്ചുപിടിക്കാറുണ്ട്.

കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടിയെ ഉപയോഗിക്കുന്നുവെന്നതടക്കം ഗുരുതരമായ കാര്യങ്ങളാണ് വിജിലന്‍സ് കണ്ടെത്തലായി പുറത്തുവന്നിട്ടുള്ളത്?

കള്ളപ്പണം വെളുപ്പിക്കാന്‍ കെ.എസ്.എഫ്.ഇ. ചിട്ടിയെ ഉപയോഗിക്കുന്നതിന് ഒരു സാധ്യതയുമില്ല. ചിട്ടി വിഹിതം അടയ്ക്കുന്നതിന് ആദായനികുതി നിര്‍ദേശിക്കുന്ന തുകമാത്രമാണ് പണമായി സ്വീകരിക്കുന്നത്. അതിനുപുറമേയുള്ളത് ബാങ്ക് അക്കൗണ്ടുവഴിയാണ് നല്‍കേണ്ടത്. ചിട്ടിവിളിച്ചാല്‍ മുഴുവന്‍ തുകയും ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. അതിനാല്‍, കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടിയെ ഉപയോഗിക്കാനാവില്ല. നോട്ട് നിരോധനത്തിനു ശേഷം പണമിടപാട് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഡിറ്റില്‍ ഉറപ്പുവരുത്തുന്നുമുണ്ട്.

പരിശോധനയ്ക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നത് എന്തുകൊണ്ടാണ്?

ചിട്ടിയിലും സ്വര്‍ണപ്പണയവായ്പയിലും കെ.എസ്.എഫ്.ഇ. അഭൂതപൂര്‍വമായ വളര്‍ച്ച നേടിയിട്ടുണ്ട്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടിയുടെ 80 ശതമാനവും കെ.എസ്.എഫ്.ഇ.യുടേതാണ്. ഈ മേധാവിത്വം സ്വകാര്യ ചിട്ടിക്കമ്പനികളെ അസ്വസ്ഥമാക്കുന്നുണ്ട്. മള്‍ട്ടി ഡിവിഷന്‍ ചിട്ടി എന്ന പേരില്‍ നടപ്പാക്കിയ പുതിയ പരിഷ്‌കാരം കാരണം സ്വകാര്യ ചിട്ടിക്കമ്പനികളെ പലരും ഉപേക്ഷിച്ചു. അവര്‍ക്ക് കെ.എസ്.എഫ്.ഇ.യെ ക്ഷീണിപ്പിക്കണമെന്ന് ആഗ്രഹമുണ്ടാകാം. കോവിഡ് കാലത്തുപോലും സ്വര്‍ണപ്പണയ വായ്പയുടെ തോത് വര്‍ധിച്ച സ്ഥാപനം കെ.എസ്.എഫ്.ഇ.യാണ്. സ്വര്‍ണവില കൂടിയപ്പോള്‍ വന്‍തോതില്‍ സ്വര്‍ണ ഉരുപ്പടി പിന്‍വലിച്ച് വില്‍ക്കുന്ന സ്ഥിതിയുണ്ടായി. കെ.എസ്.എഫ്.ഇ.യിലും ഇതുണ്ടായെങ്കിലും വായ്പയുടെ തോത് കുറഞ്ഞില്ല.

നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 550 കോടിയുടെ അധിക ബിസിനസുണ്ടായി. രാജ്യത്താകെ സ്വര്‍ണപ്പണയരംഗം കൈയടക്കിവെച്ചവര്‍ക്കാണ് കെ.എസ്.എഫ്.ഇ. കേരളത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. അതുകൊണ്ടാണ് സ്വകാര്യ ചിട്ടിക്കമ്പനികളുടെയും പണമിടപാട് സ്ഥാപനത്തിന്റെയും സ്വാധീനം ഈ റെയ്ഡിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നത്. ഇതിന്റെ വ്യക്തമായ തെളിവ് അടുത്തദിവസം വരും. അപ്പോള്‍ പരസ്യപ്പെടുത്തും. സ്വര്‍ണം സൂക്ഷിക്കുന്നതിന് വേണ്ടത്ര സുരക്ഷയില്ലെന്ന കണ്ടെത്തല്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. 600 ശാഖകളില്‍ സ്വര്‍ണപ്പണയവായ്പ നല്‍കുന്നുണ്ട്. ഒരിടത്തുനിന്നും സ്വര്‍ണം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. പണയസ്വര്‍ണ ഉരുപ്പടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. സ്ട്രോങ് റൂമുകള്‍ക്ക് സി.സി.ടി.വി. നിരീക്ഷണമുണ്ട്. സുരക്ഷ പോരെന്ന് വിജിലന്‍സ് കണ്ടെത്തി അറിയിച്ചാല്‍ അത് പരിഹരിക്കാന്‍ തയ്യാറാണ്. എന്നിട്ടും, സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ്. ഇപ്പോള്‍ മിതമായി പറഞ്ഞുവെന്നേയുള്ളൂ. പരിശോധനയിലെ കണ്ടെത്തല്‍ ഔദ്യോഗികമായി അറിയിക്കുന്നതുവരെ ഇത്രമാത്രമേ പറയുന്നുള്ളൂ. 7000 ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് 1200 പി.എസ്.സി. നിയമനം നടത്തി. അങ്ങനെയുള്ള സ്ഥാപനത്തെ ബിസിനസ് രംഗത്ത് ക്ഷീണിപ്പിക്കാന്‍ മറ്റ് പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിന് നല്ലതല്ല.

ഇടപാടുകാര്‍ക്ക് ആശങ്കയുണ്ടോ?

ഇത്ര വിവാദങ്ങളുണ്ടായിട്ടും കുറച്ചുപേര്‍മാത്രമാണ് ഞങ്ങളെ വിളിച്ച് സംശയം ചോദിച്ചത്. ഭൂരിഭാഗം ഇടപാടുകാര്‍ക്കും വിശ്വാസത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. അത് സന്തോഷകരമായ കാര്യമാണ്. 35 ലക്ഷത്തോളം വരുന്ന ഇടപാടുകാര്‍ക്ക് എന്നും ഈ സ്ഥാപനത്തെ ആശ്രയിക്കാം. അവര്‍ക്ക് ഒരുബുദ്ധിമുട്ടും ഒരിക്കലുമുണ്ടാകില്ല. അവരുടെ പണവും സ്വര്‍ണവും മറ്റ് ഇടപാടുകളും എല്ലാം സുരക്ഷിതമായിരിക്കുമെന്ന് ചെയര്‍മാന്‍ എന്ന നിലയില്‍ ഉറപ്പുനല്‍കുന്നു. അതില്‍ ഒരു ആശങ്കയും വേണ്ടാ.

content highlights: KSFE chairman PEELIPOSE THOMAS