അന്നൊരു ഞായറാഴ്ചയായിരുന്നു. 2016 മാര്‍ച്ച് 13. സമയം ഉച്ചയ്ക്ക് രണ്ടുമണി. ഉദുമല്‍പേട്ടയിലെ വീട്ടില്‍നിന്ന് അത്യാവശ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു ശങ്കറും കൗസല്യയും. ഒരുമിച്ചുള്ള അവരുടെ അവസാനയാത്രയായി അത്. എട്ടുമാസംമുമ്പ് മറ്റൊരു ഞായറാഴ്ചയാണ് കൗസല്യ, ശങ്കറിനെ വിവാഹംചെയ്യുന്നത്. 2015 ജൂലായ് 12-ന്. അതൊരു സാധാരണ കല്യാണമായിരുന്നില്ല. നീണ്ടനാള്‍ കൗസല്യ വീട്ടുകാരുമായി നടത്തിയ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്. ദളിതനായ ശങ്കറിനെ വിവാഹം ചെയ്യുന്നതിനെ കൗസല്യയുടെ വീട്ടുകാര്‍ അടിമുടി എതിര്‍ത്തു. പക്ഷേ, കൗസല്യ ഉറച്ചുനിന്നു. 2015 ജൂലായ് 12-ന് അവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. അന്ന് അവന് പ്രായം 22, അവള്‍ക്ക് 19 .
പൊള്ളാച്ചിയില്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് സീനിയറും മെക്കാനിക്കല്‍ വിദ്യാര്‍ഥിയുമായ ശങ്കറിനെ അവള്‍ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറാന്‍ അധികം സമയമെടുത്തില്ല. പക്ഷേ, എന്തുവന്നാലും അവരെ ഒരുമിച്ച് ജീവിക്കാന്‍ വിടില്ലെന്ന വാശിയിലായിരുന്നു അവളുടെ അച്ഛന്‍ ചിന്നസാമിയും അമ്മയും ബന്ധുക്കളും. വിവാഹശേഷം രണ്ടുതവണ അവളെ അവര്‍ തട്ടിക്കൊണ്ടുവന്നു. വീട്ടില്‍ അമ്മയുടെ കരച്ചില്‍, അച്ഛന്റെ സ്‌നേഹപ്രകടനം, വിരട്ടല്‍, ദണ്ഡനം, ബന്ധുക്കളുടെ സമ്മര്‍ദം. മനസ്സുമാറാന്‍ മന്ത്രവാദികളുടെയും സിദ്ധന്‍മാരുടെയും അടുത്തേക്കുള്ള യാത്രകള്‍. ഒടുവില്‍ ശങ്കറിന് പത്തുലക്ഷം വാഗ്ദാനം, കൗസല്യയെ ഉപേക്ഷിക്കുന്നതിന്. അവനത് ചിരിച്ചുകൊണ്ട് പുച്ഛിച്ചുതള്ളി. വിട്ടുകൊടുക്കാന്‍ കൗസല്യയും ഒരുക്കമായിരുന്നില്ല. അവള്‍ ഉറച്ചുനിന്നു. ഒരു തവണ അഞ്ചു ദിവസം വരെ പട്ടിണി കിടന്നു. രണ്ടുതവണയും ശങ്കര്‍ പോലീസില്‍ പരാതി കൊടുത്ത് അവളെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, ജാതിക്ക് ചോരയെക്കാള്‍ കട്ടിയുണ്ടെന്ന് വിശ്വസിച്ച അച്ഛന്‍ പൊറുക്കാന്‍ ഒരുക്കമായിരുന്നില്ല. അണിയറയില്‍ അയാള്‍ കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു.
അന്ന് ഉദുമല്‍പേട്ടയില്‍ റോഡ് മുറിച്ചുകടക്കാനായി കാത്തുനില്‍ക്കുകയായിരുന്നു ശങ്കറും കൗസല്യയും. പെട്ടെന്നാണ് രണ്ട് ബൈക്കിലായി ആറ് വാടകക്കൊലയാളികളെത്തി ശങ്കറിനെ കൊന്നുകളഞ്ഞത്. പട്ടാപ്പകല്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആ അരുംകൊല. പേടിച്ചുപോയ നാട്ടുകാരാരും അടുത്തില്ല. കൗസല്യയെയും കൊല്ലാനായിരുന്നു പരിപാടി. തലയ്ക്ക് വെട്ടുകൊണ്ട് നിരത്തില്‍വീണ കൗസല്യയെ മരിച്ചെന്നുകരുതി അവര്‍ ഉപേക്ഷിച്ചുപോയി.
പക്ഷേ, പെട്ടെന്ന് കീഴടങ്ങുന്നതായിരുന്നില്ല അവളിലെ പോരാളി. ഏറെനാളത്തെ ആസ്പത്രിവാസത്തിനുശേഷം അവള്‍ ജീവന്‍ തിരിച്ചുപിടിച്ചു. ഗുരുതരമായി പരിക്കേറ്റ തലയ്ക്ക് 32 തുന്നലുകള്‍ വേണ്ടിവന്നു. ശങ്കര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
വിവരിക്കാനാവാത്ത ദുരിതത്തിന്റേതായിരുന്നു പിന്നീടുള്ള നാളുകള്‍. ശങ്കറിനെക്കുറിച്ചുള്ള ഓര്‍മകളില്‍ അവളുടെ മനസ്സിന് പലപ്പോഴും അടിതെറ്റി. ശങ്കറിന്റെ അച്ഛന്‍ വേലുച്ചാമിയും രണ്ട് ആണ്‍മക്കളും മരുമകള്‍ക്കും ഏട്ടത്തിയമ്മയ്ക്കും പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. സ്വന്തം അച്ഛന്‍ ജീവനെടുത്ത പ്രിയപ്പെട്ടവന്റെ വീട്ടില്‍ത്തന്നെ താമസം തുടരാനായിരുന്നു കൗസല്യയുടെ തീരുമാനം. പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓര്‍മകള്‍ അവളെ നിരന്തരം വേട്ടയാടി. അധികം വൈകാതെ വിഷാദരോഗത്തിലേക്ക് അവള്‍ വീണുപോയി. രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ, ഉപേക്ഷിച്ചുപോകാന്‍ ജീവന്‍ വിസമ്മതിച്ചു.
പോരാടാനുള്ള വീര്യം മുഴുവന്‍ ചോര്‍ന്നിരുന്നില്ല. മെല്ലെ അവള്‍ ജീവിതത്തിലേക്ക് പിടിച്ചുകയറി. ചാരത്തില്‍ നിന്നുയരുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ. ജാതിക്കെതിരേയുള്ള പോരാട്ടമെന്ന ശപഥവുമായി കര്‍മരംഗത്താണിപ്പോള്‍ കൗസല്യ. അതിനുമുമ്പ് വേറെ ചില ദൃഢപ്രതിജ്ഞകള്‍ അവളെടുത്തിരുന്നു. വിടരുംമുമ്പ് തന്റെ ജീവിതം നുള്ളിയെടുത്ത എല്ലാവര്‍ക്കും വധശിക്ഷ ലഭിക്കണമെന്നതായിരുന്നു അതിലൊന്ന്. അച്ഛനുള്‍പ്പെടെയുള്ള എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷതന്നെ നല്‍കണമെന്ന് അവള്‍ പരസ്യമായി ആവശ്യപ്പെട്ടു. ഉദുമല്‍പേട്ടയിലെ ശങ്കറിന്റെ ചെറിയ മണ്‍ചുമരുള്ള വീട് ടെറസ് വീടാക്കി പുതുക്കിപ്പണിയുക, ശങ്കറിന്റെ സഹോദരന്‍മാരെ പഠിപ്പിക്കുക തുടങ്ങിയ മറ്റു സ്വപ്നങ്ങളും ഉണ്ടായിരുന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ ഏഴരലക്ഷം രൂപയില്‍നിന്ന് അതിനുള്ള തുക കണ്ടെത്തി. കേസില്‍ ദൃക്സാക്ഷികളുണ്ടായിരുന്നെങ്കിലും ശക്തയായ സാക്ഷി കൗസല്യതന്നെയായിരുന്നു. 'നീ അവന്റെകൂടെ ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണ്' എന്ന് അമ്മ അന്നലക്ഷ്മി പലതവണ പറഞ്ഞ കാര്യം അവള്‍ കോടതിയില്‍ പറഞ്ഞു. അച്ഛന്‍ ചിന്നസാമി വാടകക്കൊലയാളികള്‍ക്ക് 50,000 രൂപ കൊടുത്തകാര്യം തെളിയിക്കാന്‍ അയാള്‍ ആ തുക ബാങ്കില്‍ നിന്ന് പിന്‍വലിച്ചു എന്നത് ധാരാളമായിരുന്നു പ്രോസിക്യൂഷന്. കൊലയാളികളുമായി സംസാരിക്കാന്‍ അയാള്‍ ഹോട്ടലില്‍ മുറിയെടുത്തതും തെളിവായി.
2016 ഡിസംബര്‍ 12, ചൊവ്വാഴ്ച. പതിവിന് വിരുദ്ധമായി തിങ്ങിനിറഞ്ഞിരുന്നു അന്ന് തിരുപ്പൂര്‍ കോടതി. അന്നായിരുന്നു ശങ്കര്‍വധക്കേസില്‍ വിധിപറയുന്നത്. കേസിലെ ഒമ്പതുപ്രതികളെയും പോലീസ് കോടതിയില്‍ കൊണ്ടുവന്നു. ചിന്നസാമിയെ കൂട്ടില്‍ക്കയറ്റി ജഡ്ജി അലമേലു നടരാജന്‍ ചോദിച്ചു, ''എന്തുശിക്ഷയാണ് വേണ്ടത്?'' തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്ന് ചിന്നസാമി പറഞ്ഞപ്പോള്‍ ശിക്ഷയെക്കുറിച്ചാണ് താന്‍ ചോദിക്കുന്നതെന്ന് ജഡ്ജി അസ്വസ്ഥതയോടെ ഓര്‍മിപ്പിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ എന്നായിരുന്നു മറുപടി ചിന്നസാമിക്ക്് വധശിക്ഷ പ്രഖ്യാപിച്ച കോടതി മറ്റ് അഞ്ചുപേര്‍ക്കും അതേശിക്ഷ വിധിച്ചു. അമ്മ അന്നലക്ഷ്മിയെ വെറുതേവിട്ടു.
'ശങ്കര്‍ സോഷ്യല്‍ ജസ്റ്റിസ് ട്രസ്റ്റ്' എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി ഊട്ടിക്കുസമീപം കൂനൂരില്‍ ജാതിചിന്തയ്‌ക്കെതിരേ പ്രവര്‍ത്തിച്ചുവരുകയാണ് കൗസല്യ ഇപ്പോള്‍. വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ പ്രണയവിവാഹം ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടവും കൗസല്യയുടെ സംഘടന വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിലേക്ക് വീണ്ടും പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് അവള്‍ ശക്തിയെ പരിചയപ്പെടുന്നത്. പറസംഗീത വായനക്കാരനാണ് ശക്തി. ദളിത്വിഭാഗത്തില്‍ പെടുന്ന ഒരു സമുദായത്തിന്റെ സംഗീത ഉപകരണമാണ് പറ. കുട്ടികളെ ഉപകരണം വായിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു ശക്തി. കുറച്ചുതവണ കണ്ടു കഴിഞ്ഞപ്പോള്‍ ശക്തി അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, കൗസല്യ നിരസിച്ചു. ഭയമായിരുന്നു അവള്‍ക്ക് എല്ലാവരെയും. തന്നെ കുരുക്കാന്‍ ബന്ധുക്കള്‍ ഒരുക്കുന്ന കെണിയാണിതെന്ന് അവള്‍ സംശയിച്ചു. പിന്‍മാറാന്‍ ശക്തി ഒരുക്കമായിരുന്നില്ല. മെല്ലെ സംശയം മാറി. ക്ഷണം സ്വീകരിച്ച കൗസല്യ 2018 ഡിസംബര്‍ ഒമ്പതിന് പറ കൊട്ടി കൊണ്ട് നടന്ന ചടങ്ങില്‍ ശക്തിയെ സ്വീകരിച്ചു. അന്നും ഒരു ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് ശങ്കറിന്റെ അച്ഛനും സഹോദരന്‍മാരും പൂര്‍ണപിന്തുണ നല്‍കി. കോയമ്പത്തൂരില്‍ പോത്തനൂരിനുസമീപം ശക്തിയുടെ വീട്ടിലെത്തിയ കൗസല്യയുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്:
ജാതിചിന്ത മാറാന്‍ എന്തുചെയ്യാന്‍ കഴിയും.
നിയമനിര്‍മാണമാണ് ഇതിനാവശ്യം. ദുരഭിമാനക്കൊല വിചാരണ ചെയ്യുന്നതിന് പ്രത്യേകം കോടതികള്‍ സ്ഥാപിക്കണം. കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് കഠിനശിക്ഷ ഉറപ്പുവരുത്തണം. ശിക്ഷ വൈകുന്നതോടെ ജനങ്ങള്‍ സംഭവം മറക്കുന്നു. അപ്പോള്‍ ലഭിക്കുന്ന ശിക്ഷ ഉദ്ദേശിച്ച ഫലം സമൂഹത്തില്‍ ഉണ്ടാക്കുന്നില്ല. അത് മാറണം. ശങ്കര്‍ ദളിതനായതുകൊണ്ടാണ് പെട്ടെന്ന് വിചാരണകഴിഞ്ഞതും കഠിനശിക്ഷ ലഭിച്ചതും. എനിക്കാണ് മരണം സംഭവിച്ചതെങ്കില്‍ ഈ ശിക്ഷ ഇത്ര വേഗത്തില്‍ ലഭിക്കുമെന്ന് കരുതുന്നില്ല. മരിക്കുന്നത് ദളിതനോ മറ്റാരായാലും ശരി, ദുരഭിമാനക്കൊല നടത്തുന്നവര്‍ക്ക് കഠിനശിക്ഷ എത്രയും വേഗം ലഭിക്കുകതന്നെ വേണം. എന്നാലേ ഇത്തരം കുറ്റവാളികള്‍ക്ക് ഭയമുണ്ടാവൂ. പൊതു സമൂഹത്തിലും മാറ്റം വരേണ്ടതുണ്ട്. ജാതിമാറി കല്യാണം കഴിച്ചവര്‍ ഭീഷണി ഭയന്ന് പോലീസിനെ സമീപിക്കുമ്പോള്‍ പലപ്പോഴും അവരില്‍നിന്ന് സഹായം ലഭിക്കാറില്ല.
വിദ്യാഭ്യാസത്തിന് ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും.
തമിഴ്നാട്ടിലെ ഹൈസ്‌കൂള്‍ ടെക്സ്റ്റ് പുസ്തകത്തിന്റെ പിന്‍കവറില്‍ അയിത്തം മനുഷ്യകുലത്തോടുള്ള കൊടും പാപമാണെന്ന പെരിയാറിന്റെ വാക്കുകള്‍ കാണാം. പക്ഷേ, ഇക്കാര്യം പാഠ്യപദ്ധതിയില്‍ പെടുത്തിയിട്ടില്ല. പിന്നെയെങ്ങനെ കുട്ടികള്‍ക്ക് ഇക്കാര്യം അറിയുന്നത്. ഹൈസ്‌കൂള്‍തലംമുതലല്ല ചെറിയ ക്ലാസുകളില്‍ത്തന്നെ കുട്ടികളെ ഇക്കാര്യം പഠിപ്പിക്കണം. ജാതിചിന്തയോട് പോരാടിയ നേതാക്കള്‍ ഏറെയുണ്ട് തമിഴ്നാട്ടില്‍. അവരെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. കേരളത്തില്‍ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട് പെരിയാര്‍. വൈക്കം ഭടന്‍ എന്ന പേരുമുണ്ട് അദ്ദേഹത്തിന്. പക്ഷേ, ആ കാര്യമൊന്നും കുട്ടികളെ പഠിപ്പിക്കുന്നില്ല. വളര്‍ന്നുവരുമ്പോള്‍ പിന്നെ അവരിലെങ്ങനെ ജാതിക്കെതിരായ ചിന്തയുണ്ടാവും?
അടുത്ത പരിപാടി എന്തൊക്കെയാണ്
അവശേഷിക്കുന്ന കാലം ജാതിയോടുള്ള പോരാട്ടം തുടരും. ഭീഷണിയുള്ള മിശ്രവിവാഹിതര്‍ക്ക് അഭയം നല്‍കും. അവര്‍ക്ക് ജീവസന്ധാരണത്തിനുള്ള വഴി കണ്ടെത്താന്‍ സഹായിക്കും. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നതുവരെ അവരെ സംരക്ഷിക്കും. അവര്‍ക്ക് മാനസികധൈര്യം പകരും. പോലീസ് സുരക്ഷ ലഭ്യമാക്കും. ഈ പോരാട്ടം തുടര്‍ന്നേ മതിയാവൂ. കൂടുതല്‍ ആളുകള്‍ പിന്തുണയുമായി അണിചേരുമെന്നുതന്നെയാണ് വിശ്വാസം.
(31 3 2019ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ 'കൗസല്യയുടെ ശപഥം' എന്ന തലക്കെട്ടോടു കൂടി പ്രസിദ്ധീകരിച്ചത്.)
content highlights: Kousalya Sankar sakthi and dishonour killing