താനും വര്‍ഷം മുന്‍പുവരെ നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളാണ് കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനംചെയ്തിരുന്നത്. തങ്ങളാഗ്രഹിക്കുന്ന ലിംഗസ്വത്വത്തില്‍ ജീവിക്കാ നാവാതെ വീട്ടുകാരാലും നാട്ടുകാരാലും തിരസകരിക്കപ്പെട്ട് ഓടിപ്പോയവരാണവര്‍. പരിഹാസങ്ങളേറ്റ് പഠനം ഉപേക്ഷിച്ചവര്‍, സമൂഹം പ്രതീക്ഷിക്കുന്നതില്‍നിന്ന് വിഭിന്നമായ അംഗചലനങ്ങളുള്ളവരായതിനാല്‍ തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍... അതായിരുന്നു കേരളത്തിലെ ട്രാന്‍സ് ജെന്‍ഡറുകളിലെ 99 ശതമാനത്തിന്റെയും ഒരുകാലത്തെ അവസ്ഥ. ഇന്നതില്‍ മാറ്റം വന്നുതുടങ്ങി. ഇന്ന് കേരളത്തിനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സംവരണമുണ്ട്. അവര്‍ക്കായി പല പദ്ധതികളുണ്ട്. ഈ മുന്നേറ്റത്തില്‍ കവിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ചിത്രകാരിയും അഭിനേതാവുമായ കല്‍ക്കി സുബ്രഹ്‌മണ്യം വഹിച്ച പങ്ക് വലുതാണ്. തമിഴ്നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായുള്ള അവകാശപോരാട്ടങ്ഹളില്‍ തൊണ്ണൂറുകള്‍ മുതല്‍ കല്‍ക്കിയുണ്ട്. അവര്‍ സ്ഥാപിച്ച സഹോദരി ഫൌഈണ്ടേഷനിലൂടെ വിഷാദത്തില്‍നിന്നും ആത്മഹത്യകളില്‍നിന്നും ജീവിതത്തിലേ ക്ക് തിരിച്ചുകയറിയ നൂറുകണക്കിന് ട്രാന്‍ സ്‌ജെന്‍ഡറുകളാണുള്ളത്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സെന്‍സിറ്റൈസ് ചെയ്ത, ക്വീര്‍ മുവ്‌മെന്റിലെ ഒഴിച്ചുകൂടാനാവാത്ത കണ്ണിയാണ് തമിഴ്നാട് സ്വദേശിയായ കല്‍ക്കി സുബ്രഹ്‌മണ്യം നിലീന അത്തോളിക്ക് നൽകിയ അഭിമുഖം

നിലീന: മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലൂുടെയാണ് കല്‍ക്കി കടന്നുപോകുന്നത്. അത് കല്‍ക്കി സമൂഹവുമായി പോരാടി ആര്‍ജിച്ചെടുത്തതുമാണ്. എന്നിരുന്നാലും എങ്ങനെയാണ് ഈ കോവിഡ് കാലത്തെ അതിജീവിച്ചത്? 

കല്‍ക്കി: ഒറ്റവാക്കില്‍ ചിത്രകലയെന്നു പറയാം. പെയിന്റിങ് കുട്ടിക്കാലം മുതല്‍ ഞാന്‍ ചെയ്യുന്നതാണ്. അതിലാണ് ഞാനെന്റെ സ്വപ്നങ്ങളെ വിഷ്വലൈസ് ചെയ്തത്. നല്ല നീണ്ട മുടിയിഴകളുള്ള സുന്ദരിയായ പെണ്‍കുട്ടിയാവുകയെന്നതായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. ആ രംഗം ഞാനെത്രകാലം മനസ്സിലേറ്റി നടന്നെന്നോ. ബാക്കിയുള്ളതെല്ലാം അനിശ്ചിതമായിരുന്നു. ആണ്‍കുട്ടിയായി ജനിച്ച എന്നെ സംബന്ധിച്ച് പെണ്ണായി നടക്കുകയെന്നത് അന്നത്തെ സാമൂഹികസാഹചര്യമനുസരിച്ച് പ്രാപ്യമായ കാര്യമായിരുന്നില്ല. അതുകൊണ്ടാണ് ആ ആഗ്രഹം ഞാന്‍ ചിത്രകലയിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത്. ഒരുങ്ങിനടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളായിരുന്നു അന്നേറെയും ഞാന്‍ വരച്ചത്. പിന്നീട് വീടുവിട്ട്, നാടുവിട്ട് പല സ്ഥലങ്ങളിലായി അലഞ്ഞുനടന്നു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തൊണ്ണൂറുകള്‍ ക്വീര്‍ മേഖലയിലെ ആക്ടിവിസ്റ്റായുള്ള എന്റെ ഇടപെടല്‍കാലമായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളെ പൊതുധാരയില്‍ ചര്‍ച്ചയാക്കി, അതുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ മുഴുകിനടന്നിരുന്ന സമയം. പിന്നീട് 2015-ല്‍ ഞാന്‍ എന്റെ കവിതാസമാഹാരം പുറത്തിറക്കി. അതില്‍ വരച്ചത് ഞാന്‍തന്നെയായിരുന്നു. ടി.കെ. രാജീവ്കുമാറിന്റെ ഭാര്യ ലത രാജീവ് എന്റെ ചില ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രദര്‍ശനം നടത്താന്‍ പറഞ്ഞു. അങ്ങനെ എന്റെ ചിത്രകലാ കരിയര്‍ തുടങ്ങുന്നത് കേരളത്തിലാണ്. അതും തിരുവനന്തപുരത്ത്. മൂന്നടി നീളമുള്ള അക്രിലിക് പെയിന്റിങ്ങുകളാണ് ഞാന്‍ ഉപയോഗിക്കാറ്. ക്വീറിലെ റെയിന്‍ബോ കളറിനോടുള്ള ഒബ്‌സഷന്‍ എന്റെ ചിത്രകലയിലും പ്രതിഫലിക്കാറുണ്ട്. ഒരു റോസ് ഞാന്‍ വരക്കുകയാണെങ്കില്‍പോലും അതില്‍ റെയിന്‍ ബോയിലെ എല്ലാ നിറങ്ങളുമുണ്ടാവും. 

kalkki mathrubhumi weekly cover page"എന്റെ കവിതകള്‍ പ്രതിഫലിപ്പിച്ചത് എന്റെ ജീവിതപോരാട്ടങ്ങളും ഞങ്ങാൾ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി അനുഭവിച്ച

ദുരിതങ്ങളുമാണെങ്കില്‍ ഞങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാണ് എന്റെ ചിത്രകലയില്‍ പ്രതിഫലിച്ചത്". 

ഞങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍, ഞങ്ങള്‍ അഡ്‌മൈര്‍ ചെയ്യുന്ന ആളുകള്‍, ഞങ്ങളുടെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന സറീയലിസം എല്ലാമതിലുണ്ട്. ഇന്ത്യയില്‍ കേരള, തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലും വിദേശത്ത് ആംസ്റ്റര്‍ഡാം നെതര്‍ ലന്‍ഡ്സ്, കാനഡ, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജീവിതവരുമാനവും ഇപ്പോള്‍ ചിത്രകലയില്‍ നിന്നാണോ?

സാമ്പത്തികമായും മാനസികമായും ആത്മീയമായുമെല്ലാമുള്ള പ്രതിഫലം എനിക്കിതു വഴി ലഭിക്കുന്നുണ്ട്. കോവിഡ് കാലത്ത് എന്റെ കൈയില്‍ ഒരുതരി കാശുണ്ടായിരുന്നില്ല. കരുതിവെച്ചിരുന്ന പണമെല്ലാം നിലനില്‍പ്പിനായി ഉപയോഗിച്ചുതീര്‍ന്നു. വസ്ത്രവും ഭക്ഷണവും വാങ്ങാനും കോവിഡ് കാലത്ത് കഷ്ടപ്പെട്ടിരുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ചെറിയ ചില സഹായങ്ങള്‍ നല്‍കാനും ചിത്രകല എന്നെ സഹായിച്ചു.

കോവിഡ് കാലത്ത് കമ്യുണിറ്റിയിലെ മറ്റുള്ളവരുടെ അവസ്ഥ എങ്ങനെയായിരുന്നു? ഇക്കാലത്ത് ജീവിതം ഏറ്റവും ദുഷ്‌കരമായ വിഭാഗം കൂലിത്തൊഴിലാളികളും ഭിക്ഷാടകരും ട്രാന്‍സ്‌ജെന്‍ഡറുകളുമായിരിക്കും അല്ലേ? 

എന്നെ സംബന്ധിച്ച് മറ്റുള്ളവരുടെയത്ര കഷ്ടപ്പാടുകളില്ലായിരുന്നു. എനിക്കൊരു വീടുണ്ട്, അമ്മയുണ്ട്, ബാങ്കില്‍ കുറച്ച് പണവും കരുതിയിരുന്നു. മറ്റ് ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിതം ഒട്ടും സുഖമായിരുന്നില്ല. അവര്‍ പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള കഷ്ടതകള്‍ ആകാലത്ത് അനുഭവിച്ചു. ഭിക്ഷാടനമായിരുന്നു പല ട്രാന്‍സ്‌ജെന്‍ഡറുകളുടെയും വരുമാനമാര്‍ഗം. തീവണ്ടിയില്‍ ഭിക്ഷതേടുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. തീവണ്ടികള്‍ നിര്‍ത്തിയതോടെ അവരുടെ ജീവിതമാര്‍ഗം അടഞ്ഞു. ഭാഗ്യവശാല്‍ ഒരുപാട് നന്മയുള്ള മനുഷ്യര്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങളാല്‍ അവരില്‍ പലരും ഉഴറി. മരുന്ന് അവര്‍ക്കൊരു പ്രശ്ശമമായിരുന്നു.

പഴയ തലമുറയില്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡറുകളില്‍ ഭൂരിഭാഗവും സ്‌കൂള്‍ ഡ്രോപ്പൗട്ട്സ് ആയതുകൊണ്ട് പ്രാഥമികവിദ്യാഭ്യാസം പലര്‍ക്കും പൂര്‍ത്തിയാക്കാനായിരുന്നില്ല. വിദ്യാഭ്യാസം അവശ്യം വേണ്ടാത്ത ദിവസവേതനത്തൊഴിലെടുക്കാന്‍, അവരുടെ ശരീരഘടനയും തടസ്സമായി. ഒരുവലിയ വിഭാഗത്തിന്  ലൈംഗികത്തൊഴില്‍ മാത്രമായിരുന്നു ജീവനോപാധി. അതും കോവിഡ് കാലത്ത് നിലച്ചില്ലേ?

സാമൂഹിക അകലം നിര്‍ബന്ധമായിരുന്നില്ലോ. അത് ശരിക്കും അവരെ ബാധിച്ചു. മാത്രമല്ല, കോവിഡ് വ്യാപന സാധ്യതയും കൂടുതലാണല്ലോ. കോവിഡ് വ്യാപനഭയം മൂലം ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നവരും ആ കാലഘട്ടത്തില്‍ കുറവായിരുന്നു.
 

പലരും മറ്റു പോംവഴിയില്ലാതെ സമാന്തരമായി ഫോണ്‍സെക്‌സിലുടെയും വെര്‍ച്ചല്‍ സെക്‌സിലുടെയും ജീവനോപാധി കണ്ടെത്തിയതായി കേട്ടിരുന്നു?

താങ്ക്‌സ് ടു ദ ടെക്‌നോളജി. ലൈംഗികസേവനം ഫോണിലൂടെ അവര്‍ നല്‍കി. എനിക്കതിലൊരു പ്രശനവും തോന്നുന്നില്ല; തെറ്റും തോന്നുന്നില്ല. കോവിഡ് കാലത്ത് ഞങ്ങളുടെ കമ്യൂണിറ്റി സൂം വീഡിയോ വഴിയും വാട്സാപ്പ് വഴിയും കണ്ടെത്തിയ ആ സമാന്തര ലൈംഗികസേവനമേഖല എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ആദ്യം കാശ് ഗൂഗിള്‍ പേ വഴിയോ ആമസോണ്‍ പേ വഴിയോ മറ്റ് അക്കാണ്ട് വഴിയോ ലഭിച്ചശേഷമേ അവര്‍ സേവനം നല്‍കിയിരുന്നുള്ളു.

ഒരു ചിത്രകാരിയായാണോ ആക്ടിവിസ്റ്റായാണോ അതോ കവയിത്രിയായാണോ സ്വയം വിളിക്കപ്പെടാനാഗ്രഹിക്കുന്നത്? 

ഏതുസമയം ഞാന്‍ ഏതു സംഘത്തോടൊപ്പമാണോ ഉള്ളത്, അതായിരിക്കും അപ്പോള്‍ ഞാന്‍. കലാകാരന്‍മാരോടൊപ്പമോ ഫൈന്‍ ആര്‍ട്സ് അക്കാദമിയിലോ ആണ് ഞാനെങ്കില്‍ അവിടെ ഞാനൊരു കലാകാരിയാണ്. എന്റെ കമ്യുണിറ്റിക്കൊപ്പമുള്ള സന്ദര്‍ഭങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്. കവികള്‍ക്കൊപ്പമുള്ളപ്പോള്‍ കവയിത്രി. ചിലസമയങ്ങളില്‍ അഭിനേത്രി. ഇതെല്ലാം ഞാനാണ്. ഓരോ റോളിലേ ക്കും എനിക്ക് എളുപ്പം പരകായവ്രവേശം നടത്താനാവും.

ഏതിനോടാണ് കുടുതല്‍ സ്‌നേഹം?

എനിക്ക് തോന്നുന്നു ആര്‍ട്ടിസ്റ്റ് എന്ന സ്വത്വത്തോടാണ് എനിക്ക് കൂടുതല്‍ താത്പര്യമെന്ന്. അവിടെയാണ് എന്റെ ആഘോഷഭാവമുള്ളത്. എന്നെയും പ്രകൃതിയെയും മറ്റെല്ലാറ്റിനെയും ഞാനാഘോഷിക്കുന്നത് അവിടെയാണ്.

ട്രാന്‍സ് സമുഹത്തിനായി കല്‍ക്കി ആരംഭിച്ചതാണ് സഹോദരി ഫണ്ടേഷന്‍. അവര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സഹോദരി ഫൗണ്ടേഷനില്‍നിന്നുള്ള പുതിയ വാര്‍ത്തയെന്താണ്? 

കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതത്തില്‍പ്പെട്ട് ഉഴറിയിരുന്ന സഹോദരി ഫണ്ടേഷനിലെ 25 കലാകാര്‍(കലാകാരന്‍മാരും കലാകാരികളും) ചേര്‍ന്ന് ഒരു ആര്‍ട്ട് ഷോ ബെംഗളുരുവില്‍ കുറച്ചുനാള്‍ മുമ്പ് സംഘടിപ്പിച്ചിരുന്നു. നല്ല പ്രതികരണമാണുണ്ടായത്. അക്രിലിക് വാട്ടര്‍ കളര്‍ പെയിന്റിങ്ങുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, പോര്‍ട്രെയിറ്റുകള്‍, എല്ലാം വില്‍ക്കപ്പെട്ടു. ആ തുക മുഴുവന്‍ ആ കലാകാരര്‍ക്ക് കൈമാറുകയും ചെയ്തു. ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ച് സര്‍വൈവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മേഖലയൊന്നുമല്ല ചിത്രകല. എത്രത്തോളം വിസിബിലിറ്റി നിങ്ങള്‍ക്ക് കിട്ടുമോ, അത്രത്തോളം നിങ്ങളുടെ കലയുടെ മൂല്യവും കൂടും. എനിക്ക് കിട്ടുന്ന വിസിബിലിറ്റി ഞങ്ങളുടെ കമ്യൂണിറ്റിക്കും ഉപകാരപ്പെടുകയാണ്.

kalki

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്കായി സ്ഥാപിച്ച സഹോദരി ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച പടിപടിയായുള്ള സ്ട്രാറ്റജി എന്തെല്ലാമായിരുന്നു? ആ ലക്ഷ്യങ്ങള്‍ കൈവരിക്കാനായോ?

ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിദ്യാഭ്യാസം, അവരുടെ മാനസികസംഘര്‍ഷം കുറയ്ക്കാനുള്ള കൗണ്‍സലിങ്, അവരനുഭവിക്കുന്ന നിയമപ്രശ്ശങ്ങള്‍, ഇങ്ങനെ എല്ലാ പ്രശ്‌നത്തിലും സഹോദരി ഫൗണ്ടേഷന്‍ ഒരുകാലത്ത് ഇടപെട്ടിരുന്നു. ആദ്യകാലത്ത് മീഡിയ സെന്‍സിറ്റൈസേഷന്‍, അക്കാദമിക ആവശ്യങ്ങള്‍, കാണ്‍സലിങ് എന്നിങ്ങനെ പലകാര്യങ്ങളും നിര്‍വഹിച്ചിരുന്നു. ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവനോപാധിയുമായും(ലൈവ്‌ലിഹുഡ്) പേഴ്സണല്‍ ഹീലിങ്ങുമായും ബന്ധപ്പെട്ടുള്ള മേഖലയില്‍ മാത്രമാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പ്രതിഭയുള്ളവരാണ് അവരില്‍ പലരും. അതിനാല്‍ത്തന്നെ അവരുടെ പ്രതിഭയെ അവരുടെ ജീവനോപാധികൂടിയാക്കാനുള്ള പരിശ്രമത്തിലാണ് ഞാന്‍. ചിലര്‍ വരയില്‍ മികച്ചവരാകില്ല. പക്ഷേ, അവരുടെ കളര്‍ സെന്‍സില്‍ ഒരു ജീനിയസ്സിനെ നമുക്ക് കാണാനാകും. അവരെക്കൊണ്ട് അബ്‌സ്ട്രാക്ട് പെയിന്റിങ് ചെയ്യിക്കും. ചിലര്‍ അമെച്ചര്‍; ചിലര്‍ പ്രൊഫഷണലുകളാണ്.

അപ്പോള്‍ ഇഷ്ടമുള്ള മേഖല തൊഴില്‍മേഖലകൂടിയായി തിരഞ്ഞെടുക്കാന്‍ ട്രാന്‍സ് ജെന്‍ഡറുകളെ പ്രാപ്തരാക്കി, അതിലുടെ അവര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തിക്കൊടുക്കുകയാണ് കല്‍ക്കി ചെയ്യുന്നത്.സാമ്പത്തികമായി ശക്തരായാല്‍ സാമുഹികമായും ശക്തരാകാന്‍ പറ്റുമെന്ന പോല്‍?

സ്വന്തം കലാസൃഷ്ടി ജീവനോപാധിയാകുന്നതിലൂടെ സ്വയം ഇഷ്ടപ്പെടാനുംകൂടി അവര്‍ക്കാവും. സ്വന്തമായുള്ള മൂല്യം തിരിച്ചറിയാന്‍ അവരെ അത് പ്രേരിപ്പിക്കും. മാത്രവുമല്ല സാമൂഹിക സ്വീകാര്യതയും അവര്‍ക്കതിലൂടെ ലഭിക്കും. ആ മുല്യങ്ങള്‍ പ്രധാനമാണ്. മാത്രവുമല്ല ഒരു കലാസൃഷ്ടിക്കായി അവര്‍ ചെലവഴിക്കുന്ന സമയമത്രയും വര്‍ത്തമാനദുരിതങ്ങളില്‍നിന്നും ബാല്യവും ഭൂതകാലവും ഏല്‍പ്പിച്ച പരിക്കില്‍നിന്നും അവര്‍ക്ക് വിടുതല്‍ നേടിക്കൊടുക്കുന്ന സമയം കൂടിയാണ്. തങ്ങളുടെ സങ്കടങ്ങള്‍ മറക്കാന്‍ ഈ സമയത്തിലൂടെ കഴിഞ്ഞെന്ന് അവരില്‍ പലരും എന്നോടു പറഞ്ഞിട്ടുണ്ട്. മെഡിറ്റേഷന്‍ പോലെയാണത്. കല എന്നില്‍ അനുഭവിപ്പിച്ച കാര്യങ്ങള്‍ കൂടിയാണവ.

സഹോദരി ഫൗണ്ടേഷന്റെ കോവിഡ് കാല പ്രവര്‍ത്തനങ്ങളോ?

ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ മാത്രമല്ല, വയോധികരെയും ഞങ്ങള്‍ ആ കാലത്ത് സഹായിച്ചിരുന്നു. ദിവസവേതനത്തൊഴിലാളികളായ സ്ത്രരീകള്‍, വീട്ടുജോലിക്കാര്‍, ഇവര്‍ക്കെല്ലാം വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍, മാസ്‌കുകള്‍ എന്നിവയെല്ലാം ഞങ്ങള്‍ വിതരണം ചെയ്തു. അത്രമാത്രമേ ഞങ്ങളെക്കൊണ്ടാവുമായിരുന്നുള്ളു. 100 പേരെ സഹായിച്ചില്ലെങ്കിലും 25 പേരെയെങ്കിലും സഹായിക്കാനായത് വലിയ കാര്യമായാണ് ഞങ്ങള്‍ കാണുന്നത്.

മലയാളം എങ്ങനെയാണ് പഠിച്ചത്? കല്‍ക്കിയുടെ കേരളത്തിലേക്കുള്ള വരവുകളും ജീവിതപോരാട്ടങ്ങളും സംസ്ഥാനത്തെ ക്വീര്‍ മുവ് മെന്റിനെ സഹായിച്ചിട്ടുണ്ടെന്നു തോന്നിയിട്ടുണ്ട്.

Mohanlal

ഞാന്‍ മലയാളം സിനിമകളുടെ ആരാധികയാണ്. വളരെ റിയലിസ്റ്റിക് സിനിമകളായിരുന്നു അന്ന് ഞാന്‍ കണ്ടതത്രയും. താളവട്ടം, കിലുക്കം ദേവരാഗം തുടങ്ങിയ സിനിമകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണ്. സ്‌പൊണ്ടേനിയസ് ആക്ടറാണ്. മോഹന്‍ലാല്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. മോഹന്‍ലാല്‍ കാരണമാണ് മലയാളം പഠിച്ചത്. എന്റെ ആക്ടിവിസത്തിന്റെ തുടക്കകാലത്തെല്ലാം ഞാന്‍ കേരളത്തില്‍ വന്നും പോയുമിരുന്നു. കേരളത്തിലെ ക്വിര്‍ മൂവ്‌മെന്റിനെ ആക്ടിവേറ്റ് ചെയ്തതില്‍ എനിക്കും പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ അഭിമാന വും സന്തോഷവുമുണ്ടെനിക്ക്‌. കേരളത്തിലെ അഭിഭാഷകരെ യും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സെന്‍സിറ്റൈസ് ചെയ്യാന്‍ എനിക്കായിട്ടുണ്ട്.

 

തുടരും

( 2021 ഏപ്രില്‍ 11-17 ലെ മാതൃഭുമി ആഴുപ്പതിപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിൽ നിന്ന്)