ദേശീയസ്വാതന്ത്ര്യസമരകാലത്ത്   കോണ്‍ഗ്രസിന്റെ ആസ്ഥാനമായിരുന്നു കോഴിക്കോട് പന്നിയങ്കരയിലെ പത്മാലയം. എ.വി.കുട്ടിമാളുഅമ്മയുടെ വസതിയായിരുന്നു അന്ന് ഈ വീട്. ഇതേ വീട്ടില്‍നിന്ന് ദേശീയരാഷ്ട്രീയത്തിലേക്ക് കുതിച്ചുയര്‍ന്ന മുന്‍കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണനിലൂടെ ഇപ്പോഴും പത്മാലയത്തിന്റെ പ്രൗഡി മങ്ങലേല്‍ക്കാതെ തുടരുന്നു. ഡല്‍ഹിയില്‍നിന്ന് ഉണ്ണികൃഷ്ണന്‍ കോഴിക്കോട്ടെത്തുമ്പോഴെല്ലാം പത്മാലയത്തില്‍ ഉത്സവപ്രതീതിയാണ്. അതുവരെ ആളൊഴിഞ്ഞ വീടിനുമുന്നില്‍ ആള്‍കൂട്ടമായി. കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ നേതാക്കള്‍,മന്ത്രിമാര്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍,ബന്ധുക്കള്‍,അടുത്ത സുഹൃത്തുക്കള്‍  തുടങ്ങി ഉണ്ണികൃഷ്ണനെ കാണാന്‍ ആളുകള്‍ രാത്രി വൈകിവരെ എത്തും. രാഷ്ട്രപതിയായിരുന്ന ശങ്കര്‍ദയാല്‍ശര്‍മ്മ മുതല്‍ ഒടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വരെ ഉണ്ണികൃഷ്ണനെ കാണാന്‍ പത്മാലയത്തിലെത്തിയിട്ടുള്ള  പ്രമുഖരുടെ പട്ടിക നീളും. മുഖ്യമന്ത്രി പിണറായിവിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  മാസങ്ങള്‍ക്ക് മുന്‍പ് സൗഹൃദം പുതുക്കാന്‍ ഇവിടെ എത്തിയിരുന്നു.
ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നകാലത്ത് വര്‍ഷത്തില്‍ മൂന്നോ,നാലോ തവണമാത്രമേ ഉണ്ണികൃഷ്ണന്‍ കോഴിക്കോട്ടെ വീട്ടില്‍ എത്തിയിരുന്നുള്ളു.  ഇപ്പോള്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി. കഴിഞ്ഞ എട്ടുമാസമായി കോഴിക്കോട്ടുതന്നെയാണ് താമസം. ഉണ്ണികൃഷ്ണന്റെ ജന്മദിനങ്ങള്‍ പത്മാലയത്തില്‍ ആഘോഷമായി നടത്താറുണ്ട്. ഇത്തവണ ശതാഭിഷേകമായിട്ടും കോവിഡ് കാരണം വലിയ ആഘോഷങ്ങളൊന്നുമില്ല. ഭാര്യ അമൃതാഉണ്ണികൃഷ്ണനും മകള്‍ സുലക്ഷണയും കൂടെയുണ്ട്.  ആയിരം പൂര്‍ണചന്ദ്രന്‍മാരെക്കണ്ട് ശതാഭിഷിക്തനാവുന്ന അവസരത്തില്‍ ഉണ്ണികൃഷ്ണന്‍ മനസ് തുറക്കുന്നു.

 ആറുപതിറ്റാണ്ടിലേറെ ഡല്‍ഹിരാഷ്ടീയത്തില്‍ നിറഞ്ഞുനിന്നശേഷം ഇപ്പോള്‍ നാട്ടില്‍ കഴിയുമ്പോള്‍ എന്തുതോന്നുന്നു?

വടകരയില്‍നിന്ന് 1971ല്‍ ലോകസഭാംഗമാവുന്നതിനുംമുന്‍പ് പത്രപ്രവര്‍ത്തകനായാണ് ഡല്‍ഹിയില്‍ എത്തിയത്.പതിറ്റാണ്ടുകളായി ഡല്‍ഹിയിലാണ് സ്ഥിരതാമസമെങ്കിലും നാടും നാട്ടുകാരുമായുള്ള ബന്ധം എന്നും തുടര്‍ന്നു. ഇപ്പോഴും വിവിധജില്ലകളില്‍നിന്ന് പഴയ സുഹൃത്തുക്കളും പ്രവര്‍ത്തകരും സൗഹൃദം പുതുക്കാന്‍ വരാറുണ്ട്. അവരുമായുള്ള ആശയവിനിമയം വളരെ ഹൃദ്യമായ അനുഭവമാണ്.

KP Unnikrishnan
കെ. പി ഉണ്ണിക്കൃഷ്ണനും കുടുംബവും 

 വിദ്യാര്‍ഥിയായിരിക്കെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ആറ് പതിറ്റാണ്ടിലേറെയുള്ള പൊതുപ്രവര്‍ത്തനത്തില്‍ സംതൃപ്തനാണോ. അര്‍ഹിക്കുന്ന പദവികള്‍ ലഭിച്ചു എന്ന് കരുതുന്നുണ്ടോ ?

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നിട്ടും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. അമ്മയുടെ സഹോദരി എ.വി.കുട്ടിമാളുഅമ്മയോടൊപ്പം ആവഡി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് അംഗമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസിലെത്തി. എന്തെങ്കിലും പദവിയോ സ്ഥാനങ്ങളോ ആഗ്രഹിച്ചല്ല പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്.  പാര്‍ലമെന്റ് അംഗം, കേന്ദ്രമന്ത്രി തുടങ്ങിയ പല പദവികളും ലഭിച്ചു. നേടാന്‍ കഴിയാതെ പോയ പദവികളെ കുറിച്ചോര്‍ത്ത് ഒരിക്കലും പ്രയാസപ്പെട്ടിട്ടില്ല. ഇപ്പോഴും ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണ് ചിന്തിക്കുന്നത്. പാര്‍ട്ടിക്ക് ചില സന്ധിഗ്ദഘട്ടത്തില്‍ ആശയവ്യക്തത വരുത്താന്‍  ഉപദേശം നല്‍കാനും നിലപാടുകള്‍ രൂപപ്പെടുത്താനും സഹായിക്കാന്‍ ഇപ്പോഴും സാധിക്കുമെന്ന വിശ്വാസമുണ്ട്.

നെഹ്റു മുതലുള്ള കോണ്‍ഗ്രസില്‍ താങ്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ  പ്രതീക്ഷപകരുന്നതാണോ?

 സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നും ദേശീയരാഷ്ട്രീയത്തില്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് അധികാരത്തില്‍നിന്ന് പുറത്തായി. പരിമിതികള്‍ ഏറെയുണ്ടെങ്കിലും കോണ്‍ഗ്രസില്‍നിന്ന് രാജ്യം ഇനിയും ഒരുപാട് സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ കേവലം ഒരു മുന്നണിയുടെ തലപ്പത്തുള്ള കക്ഷിയായി ചുരുക്കികൂട. രാജ്യം പ്രതീക്ഷിക്കുന്ന രാഷ്ട്രീയദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ബി.ജെ.പിക്കും വര്‍ഗീയതക്കുമെതിരായ ജനകീയമുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം.ആര് എന്ത് ആക്ഷേപം ഉന്നയിച്ചാലും രാജ്യത്തിന്റെ മതേതരമനസ് കോണ്‍ഗ്രസിനൊപ്പമാണ്.
   കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ തിരിച്ചുവരുമോ എന്ന ചോദ്യം അപ്രസക്തമാണ്. ദേശീയരംഗത്ത് കോണ്‍ഗ്രസിനുള്ള സ്ഥാനം മറ്റൊരു പാര്‍ട്ടിക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ല. ചില സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് തിരിച്ചുവരാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ട്. 

 അഭിപ്രായം തുറന്നുപറയുന്നവരെ ഇപ്പോഴും കോണ്‍ഗ്രസ്നേതൃത്വം ശത്രുപക്ഷമായാണല്ലോ കാണുന്നത്. അടുത്തിടെ കോണ്‍ഗ്രസില്‍ 21 പേര്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയില്ലേ.  തുറന്ന ചര്‍ച്ചകളില്ലാതെ എങ്ങനെ മുന്നോട്ടുപോവാന്‍ കഴിയും?

  തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണ്. പലപ്പോഴും നിലപാട് തുറന്നുപറഞ്ഞതിന്റെ പേരില്‍ എനിക്ക് തിക്താനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്. അഭിപ്രായം പറയാനുള്ള പാര്‍ട്ടിവേദി ഉണ്ടാവണം. അവിടെയാണ് അഭിപ്രായം പറയേണ്ടത്. ഇവിടെ 21പേര്‍ അവരുടെ അഭിപ്രായം പരസ്യപ്പെടുത്തിയത്  ഒരു ഗ്രൂപ്പെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കാരണമായി. അത്തരം തെറ്റിദ്ധാരണക്ക് വഴിവെക്കരുതായിരുന്നു.

 പ്രണബ്മൂഖര്‍ജിയുമായി ആത്മബന്ധമാണെന്ന് കേട്ടിട്ടുണ്ട്.  ആ സൗഹൃദം വിവരിക്കാമോ?

ഞാനും പ്രണബും ഏതാണ്ട് ഒരേകാലത്താണ് പാര്‍ലമെന്റ് അംഗങ്ങളാവുന്നത്. ബംഗാള്‍ പി.സി.സി. അധ്യക്ഷനായിരുന്ന കെ.പി.മുഖര്‍ജിയുടെ മരുമകനായിരുന്ന പ്രണബ് ഇടതുപക്ഷ പിന്തുണയോടെയാണ് ആദ്യമായി രാജ്യസഭാംഗമായത്. സ്വന്തമായ കാഴ്ചപാടുള്ള അദ്ദേഹം താമസിയാതെ ഇന്ദിരയുമായി അടുത്തു. ബംഗ്ലാദേശ് സമരം തുടങ്ങിയപ്പോള്‍ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി ഇന്ദിരാഗാന്ധി ലോകരാജ്യങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു. ഇന്ത്യന്‍ നിലപാട് വിശദീകരിക്കുകയായിരുന്നു ദൂതന്‍മാരുടെ ദൗത്യം. പ്രണബ്മുഖര്‍ജി, ഇന്ദ്രജീത്ത് ഗുപ്ത, പി.എം.സെയ്ദ് എന്നിവരോടൊപ്പം ഞാനും ആ ദൗത്യത്തിന്റെ ഭാഗമായി. പ്രണബുമായി അടുക്കാന്‍ ഇത് സഹായകരമായി.  പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും അര്‍ഹനായിരുന്നു അദ്ദഹം.

ഇന്ദിരാഗാന്ധി വെടിയേറ്റ്മരിച്ച ദിവസം രാജീവ്ഗാന്ധിയോടൊപ്പം പ്രണബ്മുഖര്‍ജിയും കൊല്‍ക്കത്തയിലായിരുന്നു. രാജീവിനൊപ്പം അതേ വിമാനത്തിലാണ് പ്രണബും ഡല്‍ഹിക്ക് മടങ്ങിയത്. ഇടക്കാലപ്രധാനമന്ത്രിയായി ആറുമാസത്തേക്ക് പ്രണബിനെ നിശ്ചയിക്കണമെന്ന ആലോചന ഉണ്ടായി. പക്ഷേ പലകാരണങ്ങളാല്‍ നടന്നില്ല .  മന്ത്രിസഭയില്‍നിന്നും പുറത്തായത് പ്രണബിനെ വിഷമിപ്പിച്ചു. ഇതായിരുന്നു  പ്രണബ് കോണ്‍ഗ്രസ് വിടാനുള്ള കാരണം. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചുവന്നെങ്കിലും അദ്ദേഹം അര്‍ഹിച്ച പ്രധാനമന്ത്രിപദം ലഭിച്ചില്ല. സൗഹൃദത്തിന് വലിയ വിലകല്‍പിച്ച അദ്ദേഹം മറ്റെല്ലാ പരിഭവങ്ങളും ഉള്ളിലൊതുക്കി. രാഷ്ട്രീയത്തില്‍ രണ്ടുതട്ടിലായിരുന്നപ്പോഴും വ്യക്തിബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 

സംഭാഷണത്തിനിടെ അമൃതഉണ്ണികൃഷ്ണന്‍  മുറിയിലേക്ക് കടന്നുവന്നു. ഗൃഹനാഥനായ ഉണ്ണികൃഷ്ണനെ കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇങ്ങനെ .

'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. 1977ല്‍ വിവാഹം നടക്കുമ്പോള്‍ ഞാന്‍  ഡല്‍ഹി അശോകഹോട്ടലിലെ മാനേജരായിരുന്നു . രാഷ്ട്രീയത്തിരക്കിനിടയില്‍ വീട്ടുകാര്യം ശ്രദ്ധിക്കാനോ വേണ്ടത്ര ഇടപെടാനോ  ഒരിക്കലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. രണ്ടാമത്തെ മകളുടെ പ്രസവവേളയില്‍ ഉണ്ണികൃഷ്ണന്‍ കൊല്‍ക്കത്തയിലായിരുന്നു. ചില കോംപ്ലിക്കേഷന്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയകാരണങ്ങളാല്‍ അന്ന് കൊല്‍ക്കത്തക്ക് പേവേണ്ടിവന്നു. മൂന്നുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്.അപൂര്‍വ്വമായി ചില ദിവസങ്ങളില്‍ എന്നെ കൂട്ടാന്‍ വൈകുന്നേരം അശോക ഹോട്ടലിലെത്തും. 

രാഷ്ട്രീയകാര്യങ്ങളില്‍  വ്യക്തമായ അഭിപ്രായം ഉണ്ടെങ്കിലും  അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപാടില്‍ ഞാന്‍ ഒരിക്കലും  ഇടപെട്ടില്ല. സന്തോഷകരമായിരുന്നു പിന്നിട്ട വര്‍ഷങ്ങള്‍.  വിവാഹശേഷം വീട് എന്നും രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രശസ്തരുടെ സ്ഥിരം താവളമായിരുന്നു. തുറന്ന ചര്‍ച്ചകളും സംവാദങ്ങളുമായി വീട് പലരുടെയും സംഗമകേന്ദ്രമായിരുന്നു. വീട്ടിലെ ഉണ്ണിയേട്ടന്റെ വിപുലമായ സ്വകാര്യ ലൈബ്രറിയാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് മക്കളായ സുദക്ഷിണയെയും നിരഞ്ജനയെയും കൈപിടിച്ചുകൊണ്ടുപോയത്ത്. '