പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കിയവരില്‍ ഒരാളുമായ ശശികുമാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസുമാണ്‌ ഹര്‍ജി നല്‍കിയിരുന്നത്. 

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. വിദഗ്ധ സമിതി തങ്ങള്‍ രൂപവത്കരിക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യവും സുപ്രീം കോടതി തള്ളിയിരിക്കുന്നു. എങ്ങനെ കാണുന്നു ഉത്തരവിനെ?  

cji nv ramana
ജസ്റ്റിസ് എൻ. വി രമണ | ANI

വളരെ സ്വാഗതാര്‍ഹമാണ് ഈ ഇടക്കാല ഉത്തരവ്.  പെഗാസസ് സ്‌പൈ വെയര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് വ്യക്തമാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാല്‍ ആണെന്നോ അല്ലെന്നോ ഉള്ള ഉത്തരം തന്നാലും അത് ദേശ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. പരിഹാസ്യാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ ഞങ്ങളുടെ ആവശ്യം  കോടതി അംഗീകരിച്ചിരിക്കുകയാണ് . ഉത്തരവ് തുടങ്ങുന്നത് തന്നെ ജോര്‍ജ്ജ് ഓര്‍വലിന്റെ '1984'ലെ വരി എടുത്തു പറഞ്ഞാണ്. ഒരു ഏകാധിപത്യ രാജ്യത്ത് പൗരസമൂഹം നിരന്തരം നിരീക്ഷിക്കപ്പെടുന്നതിനെക്കുറിച്ചാണ്‌ '1984' സംസാരിക്കുന്നത് തന്നെ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ തുടങ്ങിയത് ആ നോവലിലെ ഭാഗം ഉദ്ദരിച്ചുകൊണ്ടാണെന്നത് തന്നെ നിലപാട് വ്യക്തമാക്കുന്നതാണ്. അത് വായിച്ചു കൊണ്ടുള്ള തുടക്കം കേട്ടപ്പോള്‍ തന്നെ ഇടക്കാല ഉത്തരവിന്റെ ഏകദേശ രൂപം എനിക്കൂഹിക്കാന്‍ കഴിയുമായിരുന്നു.

ദേശസുരക്ഷയെ കൂട്ടുപിടിച്ച് സര്‍ക്കാരിന് എന്തുമാവാം എന്ന നില ഇനി തുടരാനാവില്ല എന്ന മുന്നറിയിപ്പു കൂടി കോടതി നല്‍കുന്നില്ലേ?

"State gets a free pass every time the spectre of 'national security' is raised. അത് പാടില്ല" എന്ന് കോടതി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അതിനര്‍ഥം ദേശ സുരക്ഷ എന്നത് മുഖ്യമാണെങ്കിലും ഒരു ഭരണകൂടത്തിന് ദേശസുരക്ഷയെ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനുള്ള ഫ്രീപാസായി ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് അതിക്രമിച്ചു കയറുമ്പോഴോ ജനാധിപത്യത്തെ ഹനിക്കുമ്പോഴോ  ഫ്രീ പാസായി ഉപയോഗിക്കേണ്ടതല്ല ദേശ സുരക്ഷ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു വ്യക്തമായ ഉത്തരം കിട്ടാന്‍ കോടതി എത്രത്തോളം ക്ഷമ കാണിച്ചെന്നും കോടതി വ്യക്തമാക്കി.  പക്ഷെ സര്‍ക്കാരിന്റെ നിലപാട് ചെറിയ സത്യവാങ്ങ്മൂലത്തിലൊതുങ്ങി. വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടെങ്കിലും അതും സോളിസിറ്റര്‍ ജനറല്‍ നല്‍കിയില്ല. അതിനാല്‍ വളരെ പോസിറ്റീവും ആത്മവിശ്വാസം നല്‍കുന്നതുമായ ഒരു ഇടക്കല ഉത്തരവായാണ് ഞാന്‍ ഇതിനെ കാണുന്നത്.

ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984ല്‍ നിന്നെടുത്തതടക്കമുള്ള  കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്തിയ ഉദ്ധരണികളെല്ലാം തന്നെ വിഷയത്തിലെ കോടതിയുടെ ശക്തമായ നിലപാടായി താങ്കള്‍ക്ക് തോന്നുന്നില്ലേ?

george orwell
ജോർജ്ജ് ഓർവെൽ | AP

തീര്‍ച്ചയായും. കോടതിയുടെ ആ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. Earl of Chatham  വില്യം പിറ്റ് 18ാം നൂറ്റാണ്ടിൽ നടത്തിയ പ്രസ്താവനയും കോടതി ഉദ്ധരിച്ചിട്ടുണ്ട്. "ഏറ്റവും ദരിദ്രനായ ഒരു മനുഷ്യന്‍ തന്റെ കുടിലില്‍ നിന്നുകൊണ്ട് അധികാരത്തോട് കലഹിച്ചേക്കാം. അയാള്‍ ദുര്‍ബലനായിരിക്കാം , അയാളുടെ വീടിന്റെ മേല്‍ക്കൂര ഇളകിയതാവാം, അതിലൂടെ കാറ്റ് വീശിയേക്കാം, കൊടുങ്കാറ്റും മഴയും വന്നേക്കാം എന്നാലും അവിടെ ഇംഗ്ലണ്ടിലെ രാജാവിന് പ്രവേശിക്കാന്‍ കഴിയില്ല. അധികാരത്തിന്റെ ഒരു ശക്തിക്കും ആ ഇടിഞ്ഞുപൊളിഞ്ഞ ഉമ്മറപ്പടി കടക്കാനുള്ള ധൈര്യമുണ്ടാവില്ല"  എന്ന ഉദ്ധരണിയും കോടതി ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം ഉദ്ധരിക്കുമ്പോള്‍ തന്നെ വളരെ ദീർഘവീക്ഷണത്തോടെ കോടതി സംസാരിച്ചുവെന്ന് വേണം കരുതാന്‍

പലതരത്തിലുള്ള നിയന്ത്രണങ്ങളും വെല്ലുവിളികളും ഭരണകൂട വേട്ടയാടലുകളും നേരിടുന്ന ഇന്ത്യന്‍ മാധ്യങ്ങളെ സംബന്ധിച്ച് എത്രത്തോളം പ്രതീക്ഷാ നിര്‍ഭരമാണീ വാക്കുകള്‍

ദേശ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ കടന്നു കയറ്റങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നു കോടതി പറഞ്ഞു.മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് ഈ പ്രവൃത്തികള്‍ എന്നാണ് കോടതി ആവർത്തിച്ചു പറഞ്ഞത്. ഇത്തരം ഇടപെടൽ മാധ്യമങ്ങള്‍ക്കു മേല്‍ ചില്ലിങ് എഫക്ട് ഉണ്ടാക്കുമെന്നും അത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. സെല്‍ഫ് സെന്‍സര്‍ഷിപ്പ് ആയ രീതിയിലേക്ക് മാധ്യമപ്രവര്‍ത്തനം മാറണം. 

കോടതി ഉത്തരവില്‍ പരിപൂര്‍ണ്ണമായും സംതൃപ്തനാണോ

സര്‍ക്കാര്‍ വിദഗ്ധ സമിതിയെ വെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിലര്‍ഥമില്ല എന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാരിനെതിരേയുള്ള ഹര്‍ജിയാണിത്. സര്‍ക്കാരിനെ സംശയ ദൃഷ്ടിയിലാക്കുന്നതാണ് ഹര്‍ജി. അതില്‍ സര്‍ക്കാര്‍ തന്നെ സമിതിയെ നിയോഗിച്ചാല്‍ ശരിയാകുമോ. കോടതി സമിതിയെ നിയോഗിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. അത് കോടതി ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ സംതൃപ്തിയുണ്ട്. ഇനി കമ്മിറ്റി എങ്ങനെ പ്രവര്‍ത്തിക്കും. കമ്മിറ്റിയുടെ നിരീക്ഷണം എന്തായിരിക്കും എന്നതില്‍ മുന്‍വിധി പാടില്ലല്ലോ. പലരോടും ചോദിച്ചപ്പോള്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ പലരും ബുദ്ധിമുട്ട് പറഞ്ഞെന്ന് ഇടക്കൊരു ഹിയറിങ്ങില്‍ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നു. ചിലര്‍ക്ക് കോണ്‍ഫ്‌ലിക്ട് ഓഫ് ഇന്ററസ്റ്റ് ഉണ്ടായിരുന്നു. ചിലര്‍ പൊതു മധ്യത്തില്‍ ഈ വിഷയത്തിലെ നിലപാട് എന്തെന്ന് നേരത്തെ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറഞ്ഞവരാണ്. അതെല്ലാം മറികടന്ന് ബുദ്ധിമുട്ടിയെങ്കിലും റെക്കോഡ് ടൈമില്‍ സമിതി രൂപീകരിച്ചു എന്നത് നല്ല കാര്യമായാണ് കാണുന്നത്.

kannanthanam
അൽഫോൺസ് കണ്ണന്താനം

 

കേന്ദ്രത്തിന് തിരിച്ചടയല്ല വിധിയെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്?

ഒരു ബിജെപി വക്താവ് അതല്ലേ പറയൂ. തീര്‍ച്ചയായും കേന്ദ്രത്തിന് തിരിച്ചടി തന്നെയാണ് ഈ ഉത്തരവ്. ബെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന മറുപടി കേന്ദ്രത്തിന് നല്‍കാമായിരുന്നല്ലോ. സോളിസിറ്റല്‍ ജനറല്‍ ഇത്തരമൊരു സമിതിക്കെതിരേ ഒരുപാട് വാദിച്ചിരുന്നു. "പെഗാസസ് ഉപയോഗിച്ച് സര്‍ക്കാര്‍ വിവരം ചോർത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നമ്മുടെ കയ്യില്‍ പെഗാസസ് ഉണ്ടെന്ന് തീവ്രവാദികള്‍ മനസ്സിലാക്കും. അതിനെ മറികടക്കാനുള്ളത് അവര്‍ ചെയ്യും. ചോർത്തിയിട്ടില്ലെന്ന് പറഞ്ഞാല്‍ നമ്മുടെ കയ്യില്‍ പെഗാസസ് ഇല്ല എന്ന് തീവ്രവാദികള്‍ മനസ്സിലാക്കും അവര്‍ ക്ഷുദ്ര പ്രവൃത്തികള്‍ ചെയ്യും" എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. പിള്ളേരോട് പറയുന്ന പോലൊരു വാദമാണത്. 

ജനാധിപത്യരാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്തിന് ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടു പോകാനാവില്ലെന്ന  സൂചനയായി ഈ ഉത്തരവിനെ കാണാമോ

ഇല്ല. അങ്ങനെ അഭിപ്രായപ്പെട്ടാൽ അതൊരു പൊളിറ്റിക്കല്‍പ്രസ്താവനയാകും.. കോടതി ഫാഷിസമാണോ അല്ലയോ എന്ന നോക്കിയല്ല ഉത്തരവിറക്കിയത്. അവര്‍ തെളിവ് അധിഷ്ടിതമായി കാര്യങ്ങളെ സമീപിച്ചാണ് ഉത്തരവിറക്കുന്നത്. ഐഡിയോളജിക്കല്‍ തലത്തിലേക്ക് നിലവില്‍ നാം പോകുന്നത് ശരിയാവില്ല. 

Read More : ജനങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും കൊടുക്കലല്ല ജേണലിസം; അത് മയക്കുമരുന്ന് വില്‍പനയാണ്-ശശികുമാർ

content highlights: Journalist Sasikumar response to Supremecourt's Pegasus case interim order