Jai Bhim posterകലയ്ക്ക് സമൂഹത്തില്‍ ഏറെ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് ''ജയ് ഭീം'' നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സിനിമ ഇറങ്ങിയ ശേഷം സ്വന്തമായി ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്തവരെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഭൂരഹിതര്‍ക്ക് പട്ടയങ്ങളും വീടും നല്‍കിത്തുടങ്ങി. 

ടിയാളരുടെ അതിജീവന കഥ കച്ചവട സിനിമകളില്‍ നമ്മള്‍ കണ്ടത് വളരെ കുറച്ചാണ്. അഭിഭാഷകരുടേയും പോലീസുകാരുടേയും അതിഭാവുകത്വമുള്ള എത്രയെത്രയോ കഥകള്‍ നമുക്ക് മുന്നില്‍ വന്നു പോയിരിക്കുന്നു. തീരെ മോശപ്പെട്ടതെന്ന് മാത്രം അത്തരം സിനിമകളില്‍ മുദ്രകുത്തപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഭാവനകളും കച്ചവട സിനിമകളില്‍ വിഷയമാകാറില്ല. അവയെയെല്ലാം വകഞ്ഞു മാറ്റിയിരിക്കുന്നു സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച 'ജയ് ഭീം' എന്ന ചിത്രം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള കമ്മാപുരത്ത് 1993ല്‍ നടന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. സൂര്യ അവതരിപ്പിച്ച ചന്ദ്രുവക്കീല്‍ കഥാപാത്രം ജസ്റ്റിസ് ചന്ദ്രിവിന്റേതാണ്. ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ സിനിമയിലെ മര്‍മ്മപ്രധാന കഥാപാത്രമായ സെങ്കെനി വരച്ചു കാട്ടിയത് രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയുടെ ജീവിതമാണ്.  ഭര്‍ത്താവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഒരു ലക്ഷം രൂപ വെച്ചു നീട്ടിയിട്ടും തട്ടിയെറിഞ്ഞ് പോന്ന ധീര വനിതയാണവര്‍. ഒരു ദിവസം പണിയ്ക്ക് പോയാല്‍ 100 രൂപ പോലും തികച്ച് കിട്ടാന്‍ വഴിയില്ലാത്ത കാലത്ത്, നിങ്ങളുടെ പണമല്ല എനിക്ക് നീതിയാണ് വേണ്ടത് എന്ന് പ്രഖ്യാപിച്ച ആ സ്ത്രീ. 

Readmore: സിനിമയിലെ 95% കാര്യങ്ങളും നടന്നതാണ്; ജയ്ഭീമിലെ യഥാർഥ ചന്ദ്രു സംസാരിക്കുന്നു| Exclusive Interview......

പാര്‍വതി കടലൂരില്‍ നിന്ന് ചെന്നൈയ്ക്ക് സമീപം പോരൂരിലേക്ക് താമസം മാറിയിട്ട് കുറച്ച് വര്‍ഷമായി. കടലൂരിലെ സുഹൃത്തുക്കള്‍ തന്ന വിലാസമന്വേഷിച്ച് എത്തിയത് പോരൂരിലെ ചെറിയൊരു ഗ്രാമത്തില്‍. ഇവിടെ ഇങ്ങനെ ഒരാളില്ല, അപ്പുറത്തെ തെരുവില്‍ ചോദിക്കൂ എന്ന് പറഞ്ഞു അവിടെ കണ്ട നാലു പേരും. മൂന്നോട്ടു പോയി. മൂന്നും കൂടിയ കവല. ഒരു റോഡ് തീരെ തകര്‍ന്ന് തരിപ്പണമായത്. അവിടെ ചെളിയും മഴവെള്ളവും തളംകെട്ടി നില്‍ക്കുന്നു. പാര്‍വതിയുടെ ഒരു പടം കാണിച്ചപ്പോള്‍ ചായക്കടയിലിരുന്ന ചേട്ടന് ആളെ പിടികിട്ടി. ചെളിവെള്ളം കെട്ടിയ റോഡിലെ ചെറു വരമ്പുകളിലൂടെ അദ്ദേഹം മുന്നില്‍ നടന്നു. നടന്ന് നീങ്ങുന്തോറും വീടുകളുടെ വലുപ്പവും സൗകര്യങ്ങളുമെല്ലാം കുറഞ്ഞു വരുന്നപോലെ തോന്നി. ഒടുവില്‍ കണ്ടത് ഓലമെടഞ്ഞ് കെട്ടിയ കുറച്ചു കൂടിലുകള്‍. അതാ, അവിടെ. മഴവെള്ളം നിറഞ്ഞ ഒരു ഇടവഴിക്കപ്പുറത്തെ കൂര ചൂണ്ടിക്കാട്ടിത്തന്ന് അയാള്‍ തിരിച്ചു പോയി.

rajakannu charecterആ വീട്ടില്‍ രാജാകണ്ണിന്റെ ഒരു ഫോട്ടോപോലുമില്ല

Lijomol
സിനിമയിൽ പാർവ്വതിയെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സെങ്കെനിയെന്നാണ്. ഭർത്താവ് രാജാകണ്ണിന്റെ പേര് രാജാകണ്ണ് എന്ന് തന്നെയാണ് സിനിമയിലും. ഇവരുടെ മൂത്തമകൾ വിവാഹം കഴിച്ച് ഇപ്പോൾ രണ്ട് മക്കളുമായി

ആ കൂരയ്ക്ക അകത്തേക്ക് കയറുന്നതിന്റെ വലതു ഭാഗത്തിരുന്ന് ഒരാള്‍ പാത്രം മോറിവയ്ക്കുന്നു. 

പാര്‍വതിയമ്മയല്ലേ?

അതെ, ആരാണ്?

കേരളത്തില്‍ നിന്നാണ്. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍.

ഇരിക്കൂ, മോളേ കസേരയെടുക്കു. - പാര്‍വതി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ഒരു യുവാവാണ് കൂരയില്‍ നിന്ന് പുറത്തു വന്നത്. മഴ നനഞ്ഞ് കിടന്ന കസേരയില്‍ തുണിവെച്ച് തുടച്ച് വൃത്തിയാക്കി അവനത് എനിക്ക് സമീപം കൊണ്ടിട്ടു.

അപ്പഴേക്കും അകത്ത് നിന്ന് ഒരു മധ്യ വയസ്‌കന്‍ ഇറങ്ങി വന്നു. അദ്ദേഹം എന്നോട് വിവരങ്ങള്‍ തിരക്കി. അഭിമുഖങ്ങള്‍ ഒന്നും അനുവദിക്കുന്നില്ല എന്ന് ആദ്യമേ പറഞ്ഞു.

അതെന്തുകൊണ്ട് എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. ആ കൂരയ്ക്കടുത്ത പാറക്കെട്ടിലേക്കി നീങ്ങി നിന്ന് അദ്ദേഹത്തോട് കാരണം തിരക്കി.

'' സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് രണ്ട് ചാനലുകാര്‍ വന്ന് അഭിമുഖം എടുത്തിരുന്നു. അവര് പഴയ കാര്യമെല്ലാം ചോദിച്ചു, അമ്മയ്ക്ക് അത് വലിയ വിഷമമായി. അന്ന് നടന്ന കാര്യമെല്ലാം ആലോചിച്ച് സങ്കടപ്പെട്ടു. കുറച്ച് ദിവസം ഭക്ഷണം പോലും കഴിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ കുടുംബം ഒരുമിച്ചെടുത്ത തീരുമാനമാണ് അഭിമുഖങ്ങള്‍ നല്‍കേണ്ടാ എന്ന്. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു, അത് മതി.''

ഒരു സ്ത്രീ കൂരയ്ക്കകത്തു നിന്ന് പുറത്തേക്ക് വന്നു.

ഇതാരാണ്?

ചിന്നപ്പൊണ്ണ്. പാര്‍വതി അമ്മയുടെ മകള്‍.

രണ്ടാമതൊരു കുഞ്ഞ് കൂടി ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു.

അവന്‍ മരണപ്പെട്ടു എന്ന് മറുപടി.

ഇടയ്ക്ക് മഴ ചാറിയപ്പോള്‍, അകത്തേയ്ക്ക് കയറിയിരിക്കൂ എന്ന് പാര്‍വതിയമ്മ വിളിച്ച് പറയുന്നുണ്ടായിരുന്നു. അത്ര വലിയ മഴയല്ലാത്തതിനാല്‍ ഞങ്ങള്‍ പുറത്ത് നിന്ന് തന്നെ സംസാരിച്ചു.

രാജാക്കണ്ണിന്റെ ഫോട്ടോ കാണാന്‍ പറ്റുമോ എന്ന് ചിന്നപ്പൊണ്ണിനോടാണ് ചോദിച്ചത്.

''കോടതിയില്‍ ഉണ്ടെങ്കിലേ ഉള്ളു. അന്നൊക്കെ ആര് പടമെടുത്തുവെയ്ക്കാനാണ്''

parvathy and family
പാർവ്വതിയും മകളും ഭർത്താവും പേരക്കുട്ടിയും ലേഖകനൊപ്പം,
പുറകിൽ അവർ താമസിക്കുന്ന കൂരയും കാണാം

പഴയ സംഭവങ്ങളെക്കുറിച്ച് ചിന്നപ്പൊണ്ണിന്റെ ഓര്‍മ്മയില്‍ ഒന്നുമില്ല. പലരും പറഞ്ഞു കേട്ട ചില കാര്യങ്ങല്‍ മാത്രമേ അറിവുള്ളു. പഴയവ ഓര്‍മ്മിപ്പിച്ച് പാര്‍വതിയമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി, അവരോട് കാര്യങ്ങളൊന്നും തിരക്കിയുമില്ല.

ReadMore : എലിയെ വേട്ടയാടിപ്പിടിച്ച് തിന്നു, വിഷചികിത്സ പഠിച്ചു; ജയ് ഭീം അനുഭവങ്ങളെക്കുറിച്ച് ലിജോ മോൾ

ചിന്നപ്പൊണ്ണിനും ശരവണനും അവരുടെ മക്കളായ ഗോവിന്ദിനും സതീഷിനുമൊപ്പമാണ് പാര്‍വതിയുടെ ജീവിതം. ശരവണന്റെ ജോലി ആവശ്യാര്‍ത്ഥം ചെന്നൈയിലേക്ക് വന്നതാണ്. കൂലിപ്പണിക്കാരനായ ശരവണന്‍ രണ്ട് വര്‍ഷം കേരളത്തില്‍ പണിയെടുത്തതിനെക്കുറിച്ചെല്ലാം പറഞ്ഞു.

വിവേചനത്തിന്റേയും പോരാട്ടത്തിന്റേയും ഒടുവില്‍ പാര്‍വതി വിജയിച്ചുവെന്ന് സിനിമയില്‍ അടയാളപ്പെടുത്തുമ്പോഴും, അവര്‍ക്ക് നീതി ലഭിച്ചുവെന്ന് നമ്മള്‍ കരുതുമ്പോഴും മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ വേദനയില്‍ തന്നെ കഴിയുന്നു എന്നതാണ് വാസ്തവം.

കുറവ വിഭാഗത്തില്‍ നടന്ന സംഭവം എന്തുകൊണ്ട് ഇരുളരെക്കുറിച്ചുള്ള കഥയാക്കി മാറ്റിയെഴുതി എന്ന ചോദ്യത്തിന് റിട്ട:ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞ മറുപടി പ്രസക്തമാണ്. ''ഇരുള ജനത സമാനതകളില്ലാത്ത അടിച്ചമര്‍ത്തലും പ്രശ്നങ്ങളും നേരിടുന്നുണ്ട്. അവരുടെ ജീവിതത്തില്‍ വെളിച്ചം വരണം.'' ആ ആഗ്രഹം ഏറെയെല്ലാം സാധ്യമായി എന്ന് പറയാം. പാര്‍വതിയുടെ ജീവിതം അറിഞ്ഞവര്‍ ഇരുളരെക്കുറിച്ച് അറിഞ്ഞു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരെക്കുറിച്ച്, വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്തവരെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഭൂരഹിതര്‍ക്ക് പട്ടയങ്ങളും വീടും നല്‍കിത്തുടങ്ങി. കലയ്ക്ക് സമൂഹത്തില്‍ ഏറെ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് ''ജയ് ഭീം'' നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

content highlights: JaiBhim Sengini Charecter is Parvathy in real Life, She is still living in a hut