കറുത്തവരോടുള്ള വിവേചനത്തിന്റെ പേരില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപെട്ട ജോര്‍ജ്ജ് ഫ്‌ളോയിഡിന് കേരളീയ സമൂഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഉള്ളിലൊളിപ്പിച്ച് നടക്കുന്ന കറുത്ത തൊലിയുള്ളവരോട് വെച്ചുപുലര്‍ത്തുന്ന ചില മുന്‍വിധികളുണ്ട്. അത് പലപ്പോഴും ആരും, പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ അഭിമുഖങ്ങളിലൊന്നും തുറന്നു പറയാറില്ലെന്ന് മാത്രം. എന്നാല്‍ കറുത്ത തൊലിനിറത്തിന്റെ പേരില്‍ കുട്ടിക്കാലത്തു താന്‍ അനുഭവിച്ച ട്രോമകളേക്കുറിച്ച് അടുത്തിടെ പല അവസരങ്ങളിലായി സംഗീതജ്ഞയായ സയനോര തുറന്നു പറഞ്ഞത് നാം കേട്ടിരുന്നു. നിറവുമായും തടിയുമായും ബന്ധപ്പെട്ട ചില സാമൂഹിക ഭ്രഷ്ടുകളെക്കുറിച്ച് വലിയ തുറന്നുപറച്ചിലുകളാണ് സയനോര നടത്തിയത്. അത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. അതിനിയും ആവര്‍ത്തിച്ചു പറയേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുകയാണ് സയനോര..
ഒരു കലാകാരിയെന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നതാണ് മര്യാദ. പക്ഷെ പൊതുവെയാരും പറയാന്‍ താത്പര്യപ്പെടാത്ത ചില തുറന്നുപറച്ചിലുകള്‍ സയനോര നടത്തിയത് കേട്ടിരുന്നു. അതും സെലിബ്രിറ്റികള്‍ പൊതുവെ ഉറക്കെ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത തൊലിനിറവുമായി ബന്ധപ്പെട്ട ഭ്രഷ്ടുകളേക്കുറിച്ചുള്ള ചില തുറന്നു പറച്ചിലുകള്‍. എന്തായിരുന്നു അത്തരമൊരു തുറന്നു പറച്ചിലിലേക്ക് നയിച്ചത്.
ഇക്കാലമത്രയും ഇന്‍ഫിരിയോരിറ്റി കോംപ്ലക്‌സ് ചുമന്നുകൊണ്ടു നടന്നയാളാണ് ഞാന്‍. അതിൽ നിന്ന് ഇപ്പോഴെങ്കിലും ഞാൻ മുക്തയായി. അത് നാം തുറന്നു പറയേണ്ടതില്ലേ. മിക്ക അഭിമുഖങ്ങളിലും ഞാന്‍ ഇത്തരം വിഷയങ്ങള്‍ പറയാറുണ്ട്. എപ്പോ നോക്കിയാലും ഈ നിറത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണെന്ന് ചിലരെന്നോട് ചോദിക്കാറുണ്ട്. പക്ഷെ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റുണ്ട്. സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട ആളാണ് ശരിയായ ആര്‍ട്ടിസ്റ്റ്.
കറുത്ത നിറത്തിന്റെ പേരില്‍ പ്രണയം നഷ്ടപ്പെട്ട, പാടാനുള്ള അവസരങ്ങള്‍ നഷ്ടപെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട എത്രയോപേര്‍ എന്നെ വിളിച്ചിട്ടുണ്ട്. നിറം പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാക്കുന്ന എത്ര സ്ത്രീകളുണ്ടെന്നോ. ചേച്ചി തുറന്നുപറഞ്ഞപ്പോള്‍ എനിക്കൊത്തിരി ധൈര്യംവന്നെന്നും സമാധാനമായെന്നും പറഞ്ഞ് എനിക്കെത്രയെത്ര മെയില്‍ വന്നെന്നോ. സയനോര ഇതൊക്കെ അനുഭവിച്ചിട്ടുണ്ടല്ലേ അപ്പോള്‍ ഇതിലൊന്നും വലിയ കാര്യമില്ലല്ലേ എന്ന ആത്മവിശ്വാസത്തിലേക്ക് ചിലര്‍ക്കെത്താന്‍ പറ്റുന്നുണ്ട്. ആ തിരിച്ചറിവ് വരാന്‍വേണ്ടിയാന്‍ ഞാന്‍ പറയുന്നത്. അല്ലാതെ വേവലാതിപ്പെടാനല്ല. ഞാന്‍ എന്റെ വര്‍ക്കില്‍ അത്തരം സോഷ്യല്‍ കമ്മിറ്റ്‌മെന്റുകള്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. അങ്ങനെ കൊണ്ടുവരണമെന്ന ആഗ്രഹമിന്നുണ്ടെനിക്ക്. ഗായികയില്‍ നിന്ന് സംഗീത സംവിധാനത്തിലേക്ക് ഞാനിപ്പോള്‍ കടക്കുകയാണ്. അത്തരം കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.
പിന്നെ തടിയാ, കറുമ്പാ എന്നൊക്കെ പലരും പറയുമ്പോള്‍ ചിരിച്ച് ശീലിച്ചിരിക്കുകയാണ് നമ്മള്‍. പണ്ട് ഞാനും വിഷമിച്ചിട്ടുണ്ട് ഇതൊക്കെ കേട്ട്. കറുപ്പും തടിയും മാത്രമല്ല പല്ലുന്തിയതിന്റെ പേരിലും ഉയരം കുറഞ്ഞതിന്റെ പേരിലും കളിയാക്കപ്പെട്ട എത്രയാളുകൾ. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കേട്ട് വിഷാദരോഗികളായവര്‍ക്ക് എന്റെ വാക്കുകള്‍ പ്രചോദനമാവണമെന്ന ആഗ്രഹമുണ്ടെനിക്ക്. തടി കുറക്കണം സയനോര എന്ന് എന്നെ കാണുമ്പോള്‍ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സിലെ സ്റ്റീരിയോടൈപ്പ് രൂപമാവേണ്ട എനിക്ക് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എനിക്ക് തോന്നിയാല്‍ ഞാന്‍ മെലിയും, തടിക്കും. പക്ഷെ നിങ്ങളുടെ പ്ലെഷറിനനുസരിച്ച് എനിക്കെന്റെ ശരീരത്തെ മാറ്റാനാവില്ല.
കറുപ്പുമായി ചേര്‍ത്തുള്ള എത്ര 'തമാശകളാണ്' കോമഡി ഷോകളില്‍ നിത്യേന നാം കണ്ട് ചിരിച്ചു ശീലിക്കുന്നത്, അസ്വസ്ഥയാക്കാറുണ്ടോ ഇതെല്ലാം?
ഒരിക്കല്‍ കോമഡി ഷോയ്ക്ക് ജഡ്ജായി പോയിരുന്നു. കറുത്ത പെണ്ണിനെ നോക്കി നിന്നെപ്പോലെ ഒരുത്തിയെ കെട്ടിയ എന്റെ കാര്യം എന്ന സ്കിറ്റിലെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു. എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഷോക്ക്ഡ് ആയി. എല്ലാവരും ഹാപ്പിയായിരിക്കുമ്പോള്‍ ഞാന്‍ എന്തിന് മൂഡ് കളയുന്നു എന്ന് തോന്നി പ്രതികരിച്ചില്ല. അങ്ങനെയെത്രയെത്ര സ്‌റ്റേജുകളില്‍ നിശബ്ദയാക്കപ്പെട്ടിട്ടുണ്ട്.
പലപ്പോഴും മറ്റുള്ളവരുടെ കംഫര്‍ട്ട് പോകേണ്ട എന്നുകരുതി പറയാതിരുന്ന സന്ദര്‍ഭങ്ങളാകും അല്ലെ ജീവിതത്തില്‍ കൂടുതലും ഉണ്ടായത്?
എത്രയെത്ര സംഭവങ്ങള്‍. എന്റെ മുന്നില്‍വെച്ച് ചെയ്ത സ്‌കിറ്റുകളൊക്കെ കാണുമ്പോള്‍ ഇതൊന്നും തമാശയല്ലെന്ന് ഇടയ്‌ക്കൊക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും അവര്‍ അസ്വസ്ഥരാവേണ്ട വിഷമിക്കേണ്ട എന്ന് കരുതി പലപ്പോഴും പറയാറില്ല. പക്ഷെ, അവര്‍ ആ സെന്‍സിറ്റിവിറ്റി പുലര്‍ത്താറില്ല പലപ്പോഴും. ഞാന്‍ പല അഭിമുഖങ്ങളിലൂടെയുമാണ് ആളുകളില്‍ സെന്‍സിറ്റിവിറ്റിയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇന്നെന്നെ മലയാളത്തിലെ അറിയപ്പെടുന്ന ഒരു ആങ്കർ വിളിച്ചിരുന്നു (പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ല), എത്രയെത്രയാളുകള്‍ തന്നെ തടിയാ തടിയാ എന്ന് വിളിച്ചിട്ടുണ്ട് എന്നറിയോ എന്നെന്നോട് പറഞ്ഞു.
നൃത്തംചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കുഞ്ഞു സയനോരയെ നിറത്തിന്റെ പേരില്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്ന് അധ്യാപകര്‍ മാറ്റിനിര്‍ത്തിയ അനുഭവത്തെക്കുറിച്ച് സയനോര പറഞ്ഞത് കേട്ടിരുന്നു. ജീവിതത്തില്‍ നിറത്തിന്റെ പേരില്‍ ഏറ്റവുമധികം വേദനിച്ചതപ്പോഴാണോ?
അഞ്ചിലോ ആറിലോ ആണ് അന്ന് ഞാന്‍. മഞ്ജുവാര്യരുടെ ഗുരുവായ കൃഷ്ണന്‍മാഷുടെ കീഴിലാണ് ഞാന്‍ ഡാന്‍സ് പഠിച്ചിരുന്നത്. സ്‌കൂളിലെ പരിപാടിക്ക് എന്റെ അടവുകള്‍ വൃത്തിയുള്ളതാണെന്ന് പറഞ്ഞ് എന്നെയാണ് ഡാന്‍സ് മാഷ് ആദ്യം സെലക്ട് ചെയ്തത്. ആ എന്നെയാണ് കറുത്തനിറത്തിന്റെ പേരില്‍ അധ്യാപിക മാറ്റിനിര്‍ത്തിയത്. അതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് എന്റെ ഡാന്‍സ് പഠനം അവസാനിച്ചു. എനിക്ക് ഭരതനാട്യം ഒത്തിരി ഇഷ്ടമായിരുന്നു.
ആ ആത്മവിശ്വാസക്കുറവുകൊണ്ട് സ്‌കിന്‍ ലൈറ്റനിങ് ട്രീറ്റ്‌മെന്റുകള്‍ക്കും മേക്കപ്പില്‍ മുഖം വെളുപ്പിക്കാനുമൊക്കെ നിര്‍ബന്ധിതയായിട്ടുണ്ടോ?
നിറവുമായി ബന്ധപ്പെട്ട് സമൂഹം അടിച്ചേല്‍പിച്ച പല കാര്യങ്ങളിലും ഒരിക്കല്‍ ഞാനും വിശ്വസിച്ചിരുന്നു. ഞാനും സ്‌കിന്‍ ലൈറ്റനിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നമ്മള്‍ മാറും. മേക്കപ്പ് തേക്കുന്നത് വെളുക്കാനാണെന്ന ഒരു തെറ്റിദ്ധാരണ ഒരുപാടാളുകളുടെ ഇടയിലുണ്ട്. മേക്കപ്പ് നമ്മുടെ ഷേഡിനനുസരിച്ചിടാം. എന്നെ ദയവുചെയ്ത് വെളുപ്പിക്കരുതെന്ന് ഞാന്‍ ഷോകള്‍ക്ക് പോകുമ്പോള്‍ അവിടുത്തെ മേക്കപ്പ് ആർട്ടിസ്റ്റുകളോട് പറഞ്ഞിട്ടുണ്ട്. നിലവിലെ ഒരു പ്രമുഖ അവതാരക അവര്‍ക്കിഷ്ടമില്ലാതെ വെളുപ്പിക്കുന്ന മേക്കപ്പിടാന്‍ നിര്‍ബന്ധിതയാവുന്നുവെന്ന ഒരനുഭവം എന്നോട് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴും അവരത് തുടരുന്നു. ഒരു പരിപാടിക്ക് വേണ്ടി എന്റെ കളര്‍ടോണിനനുസരിച്ച് ബ്രൗണ്‍ ഷേഡില്‍ ആയിരുന്നു ഞാൻ മേക്കപ്പ് ചെയ്തത്. പക്ഷെ കാമറയില്‍ ശരിയാവുന്നില്ല എന്ന് പറഞ്ഞ് പിന്നീട് എന്റെ കൈയ്യും മുഖവുമെല്ലാം വെളുപ്പിച്ചെടുത്ത അനുഭവമുണ്ടായിട്ടുണ്ട് എനിക്ക്. ഇവിടെ മാത്രമേ ഇങ്ങനുള്ളൂ.
സ്റ്റേജ് ഷോകളില്‍ നിന്ന് അത്തരത്തില്‍ മാറ്റിനിര്‍ത്തിയ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?
എന്റെ സ്‌റ്റേജ് ഷോകളില്‍നിന്ന് എന്നെ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല. യുഎസ്സിലും യുകെയിലും യുഎഇയിലുമൊക്കെ ഞാന്‍ ഒരുപാട് ഷോ ചെയ്തിട്ടുണ്ട്. എന്നാൽ വലിയ വലിയ ചാനല്‍ ഷോകളേക്കുറിച്ചാണ് എനിക്ക് പരാതി പറയാനുള്ളത്. അതില്‍ ഞാനില്ലേയില്ല. എന്നെ വിളിക്കാറേയില്ല. എല്ലാം നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ "കുട്ടന്‍പിള്ളയുടെ ശിവരാത്രി" സിനിമയുടെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചത് ഞാനായിരുന്നു. മലയാളത്തിലാദ്യമായാണ് ഒരു സ്ത്രീ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അതിൽ എത്ര ആധികാരികത ഉണ്ടെന്നറിയില്ല. എന്നിട്ടും അതിനു ശേഷം ഒരു അവാർഡ് ഷോക്കും എന്നെ പരിഗണിച്ചിട്ടില്ല. പ്രോത്സാഹന സമ്മാനം പോലും തന്നിട്ടില്ല.. പുഷ്പാവതിയും രശ്മി സതീഷുമൊക്കെ എത്ര നല്ല ഗായകരാണ്. പക്ഷെ വലിയ സ്റ്റേജ് ഷോകളിലൊന്നും അവരെ കാണാറേയില്ല. സ്റ്റേറ്റേജ് ഷോകളിലെല്ലാം ഞാന്‍ നിറത്തിന്റെ സ്വാധീനം കണ്ടുതുടങ്ങി. എല്ലാം നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാന്‍ പറയില്ല. പക്ഷെ ചിലതെങ്കിലും അങ്ങനെയൊക്കെയാണ്.
കോസ്‌മെറ്റിക്‌സില്‍ ബ്രൗണ്‍ ഷേഡുകള്‍ വരാന്‍ തന്നെ കാലങ്ങളെടുത്തു. എന്നിട്ടും വൈറ്റ് ഷേഡുകള്‍ ആവര്‍ത്തിച്ചുപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നത് പ്രിവിലജ് ഉള്ള നിങ്ങളെപ്പോലുള്ളവരാണെന്നത് അത്ഭുതപ്പെടുത്തുന്നു?
ഇന്ത്യന്‍ കോസ്‌മെറ്റിക്‌സില്‍ ബ്രൗണ്‍ ഷേഡുകള്‍ കുറവാണ്. കോറലും ഹണിയും ഒക്കെയുള്ളൂ. മേക്കപ് മാന്‍മാര്‍ വരെ വെളുപ്പിക്കാനുള്ള സംഭവമാണ് മേക്കപ് എന്നാണു ധരിച്ചുവെച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ സജീവമായതുകൊണ്ടുതന്നെ ആഫ്രിക്കന്‍ മോഡലുകളെ എനിക്ക് ഫോളോ ചെയ്യാന്‍ പറ്റുന്നുണ്ട്. അവരുപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഷേഡുകളുമെല്ലാം നിരീക്ഷിക്കാറുണ്ട്. അവരുടെ ഡാര്‍ക്ക് കളറിനെ കൂടുതല്‍ എന്‍ഹാന്‍സ് ചെയ്യുന്ന മേക്കപ്പ് കിറ്റുകള്‍ ഫോളോ ചെയ്യാറുണ്ട്.
ജോര്‍ജ്ജ് ഫ്‌ളോയിഡ് അനുഭവിച്ച വിവേചനത്തിനെതിരേ മലയാളീസമൂഹം പ്രതികരിച്ചിട്ടുണ്ട്. ഫ്‌ളോയിഡിന്റെ ദുരവസ്ഥയോട് അനുഭാവം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷെ, ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത് നമ്മളെല്ലാം പിന്തുടരുകയാണ്..
ഞാനെത്ര കുങ്കുമപ്പൂ കഴിച്ചിട്ടുണ്ട്. എനിക്ക് പേടിയായിരുന്നു എന്റെ മോള്‍ കറത്തുപോവുമോയെന്ന്. പല ബന്ധുക്കളും കുട്ടി വെളുക്കണേ എന്ന ആഗ്രഹത്തിലായിരുന്നു. അതൊക്കെ ടെന്‍ഷനുണ്ടാക്കിയിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ ആണോ പെണ്ണോ എന്നല്ല ആരെപ്പോലെയാണ് കുഞ്ഞെന്നാണ് ഞാനാദ്യം ചോദിച്ചത്. പക്ഷെ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. മോള്‍ കറുത്തതായിരുന്നെങ്കില്‍ അവളെ കുറച്ചു കൂടി ആത്മവിശ്വാസത്തോടെ വളര്‍ത്താമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെനിക്ക്.
അറിയപ്പെടുന്ന കലാകാരിയാണ് പക്ഷെ സ്ത്രീകളെ സംബന്ധിച്ച് പറിച്ചുനടലാണ് വിവാഹം. വ്യത്യസ്തമായ സംസ്‌കാരത്തിലേക്കാണല്ലോ അവർ കാലെടുത്തുവെക്കുന്നത്. വിവാഹ ശേഷം നിറവുമായി ബന്ധപ്പെട്ട ക്ലീഷേ ഡയലോഗുകള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടോ?
ഒരിക്കല്‍ വിവാഹം ഉറപ്പിച്ച സമയം വീട്ടുകാരെ കാണാന്‍ പോയപ്പോള്‍ ഒരകന്ന ബന്ധു ചോദിച്ചത് "അനിയത്തി നല്ലകളറുണ്ടല്ലപ്പാ നമ്മളെന്താ ഇങ്ങനായിപ്പോയത്" എന്നാണ്. അതും എല്ലാവരുടെയും മുന്നില്‍ വെച്ച്. ഇത്തരം പലകാരണങ്ങളാൽ എത്ര കുടുംബഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്തിരിക്കുന്നു. സ്വപ്‌ന സുരേഷിന്റെ കാര്യം നോക്ക്. എത്ര ട്രോളുകളാണ് സ്വപ്‌നസുരേഷിനെ കുറിച്ച് വന്നത്. ഇത്രവലിയ അഴിമതിയിലും സ്വപ്‌ന മാത്രമാണോ ഫോക്കസ് ആവേണ്ടത്. മറ്റെത്ര തട്ടിപ്പുകാരുണ്ട്. പക്ഷെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സ്വപ്‌ന മാത്രമാണ് വാര്‍ത്താവിഭവം. കാണാന്‍ ഭംഗിയുള്ള മുഖവും അവരൊരു സ്ത്രീയുമായതുകൊണ്ട് മാത്രമാണ് അവരെ ഇങ്ങനെ ഫോക്കസ് ചെയ്തത്. എത്ര ന്യൂസ് പോര്‍ട്ടലുകളെ ഞാന്‍ അണ്‍ഫോളോ ചെയ്തെന്നറിയാമോ.
അപ്പോൾ നിലപാടുകളുടെ പേരില്‍ ഒരുപാട് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്തിട്ടുണ്ടെന്നർഥം?
ഒരുപാട് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്തിട്ടുണ്ട്. ഓണം എന്ന് പറയുന്നത് ഹിന്ദുക്കളുടെ ആഘോഷമാണെന്ന് വര്‍ഗ്ഗീയത പറഞ്ഞ ഗ്രൂപ്പില്‍ നിന്നും ഞാന്‍ എക്‌സിറ്റ് ചെയ്തിരുന്നു. എല്ലാ മലയാളികളും മതഭേദമില്ലാതെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം എന്നു പറഞ്ഞായിരുന്നു എക്‌സിറ്റ് ചെയ്തത്. പിള്ളാരെ പ്രണയത്തില്‍ നിന്നകറ്റും എന്നുപറഞ്ഞുകൊണ്ട് പ്രണയത്തിനെതിരേ സംസാരിച്ച ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. പ്രണയവും സ്‌നേഹവും പ്രണയ നൈരാശ്യവുമെല്ലാം അവരറിഞ്ഞ് വളരേണ്ടേ എന്നൊക്കെ ചോദിച്ചുനോക്കി. ഒടുവിൽ എക്‌സിറ്റ് ചെയ്യുകയായിരുന്നു.
അഭിമുഖം തുടരും....