റുപ്പ് നിറവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില സാമൂഹിക ഭ്രഷ്ടുകളെ കുറിച്ച് മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിന്റെ ആദ്യഭാഗത്തിൽ സംഗീതജ്ഞ സയനോര സംസാരിച്ചിരുന്നു. തന്റെ സംഗീതയാത്രയെക്കുറിച്ചും മാറേണ്ട​ കുടുംബസങ്കൽപങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സയനോര.

ആദ്യ ഭാഗം വായിക്കാം:   കറുത്ത നിറത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്തുകൊണ്ട്? സയനോരക്ക് പറയാനുള്ളത്

എല്ലാവരാലും ഇഷ്ടപ്പെടാനാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുക. പക്ഷെ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ എല്ലാവരാലും ഇഷ്ടപ്പെടുക എന്ന നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. വ്യക്തിപരമായും കരിയറിലും വലിയ റിസ്‌കുകളിലേക്കല്ലേ ആ അര്‍ഥത്തില്‍ സയനോരയെ ഈ തുറന്നു പറച്ചിലുകള്‍ കൊണ്ടുചെന്നെത്തിക്കുന്നത്.

പ്രതികരിക്കേണ്ട വിഷയത്തിൽ പ്രതികരിക്കേണ്ട രീതിയിൽ തന്നെ ഞാൻ പ്രതികരിക്കാറുണ്ട്. അതെന്റെ കരിയറിനെ ബാധിക്കുമോ എന്ന് നോക്കാറില്ല. ന്യായത്തിന്റെ കൂടെ നിൽക്കണമെന്നാണ് എന്നെ ഡാഡി പഠിപ്പിച്ചത്. 

അക്രമിക്കപ്പെട്ട നടി എന്റെ വളരെയടുത്ത സുഹൃത്താണ്. ആ സംഭവത്തിനു ശേഷം അവളെ കുറിച്ച് ഒരു എം.എൽ.എ. പറയാൻ പാടില്ലാത്ത പല കാര്യങ്ങളും പറഞ്ഞപ്പോൾ എനിക്ക് പ്രതികരിക്കേണ്ടി വന്നു. അന്ന് ഞാന്‍ എഫ്ബി പോസ്റ്റിലൂടെ പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. നീതിക്കൊപ്പം നിലകൊള്ളുമ്പോള്‍ തുറന്നു പറയാന്‍ സൈബര്‍ക്കൂട്ടങ്ങളെ ഭയപ്പെടുന്നതില്‍ അര്‍ഥമില്ല. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് തോന്നിവാസം പറഞ്ഞാല്‍ എനിക്കത് കേട്ട് പോരാന്‍ പറ്റില്ല. അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ എനിക്ക് പുല്ലാണ്.

(ആ വിഷയത്തില്‍ പിന്നീട് പല കാര്യങ്ങളും സയനോര പറഞ്ഞെങ്കിലും കേസിന്റെ വിചാരണ നടക്കുന്ന സമയമായതിനാല്‍ അവരുടെ അഭ്യര്‍ഥന മാനിച്ച് അതിവിടെ പ്രസിദ്ധീകരിക്കുന്നില്ല)

പ്രളയകാലത്ത് ട്രക്കുകളിലായി ആയിരക്കണക്കിനാളുകള്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ 'കൈകോര്‍ത്തു കണ്ണൂര്‍' എന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുകയുണ്ടായി. അതില്‍ വലിയ രീതിയില്‍ ഭാഗഭാക്കായ വ്യക്തിയാണ് സയനോര. രണ്ടാം പ്രളയത്തില്‍ സഹായമെത്തിക്കാന്‍ ബസ്സ് പിടിച്ച് കണ്ണൂരെത്തിയ കഥ കേട്ടിരുന്നു. ആ ഡെഡിക്കേഷനോട് വലിയ ബഹുമാനമാണ് തോന്നുന്നത്.

രണ്ടാം പ്രളയകാലത്ത് ഞാന്‍ കൊച്ചിയില്‍ ഒരു വര്‍ക്കിലായിരുന്നു. കൈകോര്‍ത്ത് കണ്ണൂരിനു വേണ്ടി ഞാന്‍ ലൈവ് ഒക്കെ ചെയ്‌തെങ്കിലും വലിയ റെസ്‌പോണ്‍സ് ഉണ്ടായില്ല. സാധനങ്ങളൊക്കെ കുറവാണ്. നിങ്ങളിങ്ങോട്ട് വരുമോ എന്ന് പ്രവര്‍ത്തകര്‍ എന്നോടഭ്യര്‍ഥിച്ചു. തീവണ്ടി ഓടുന്നില്ലായിരുന്നു. അങ്ങനെയാണ് അന്ന് ബസ്സില്‍ നാട്ടിലേക്ക് പോകുന്നത്. ആദ്യ പ്രളയത്തില്‍ ഇരുപതോളം ട്രക്കുകളാണ് അയച്ചത്. ഓരോ പാക്കറ്റിന്റെയും കണക്ക് ഞങ്ങളുടെ പക്കലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഭാഗത്ത് പട്ടാളത്തിന്റെ സഹായത്തോടെയാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. ഓരോ ട്രക്കിന്റെ കൂടെയും ഓരോ വളണ്ടിയര്‍ പോയിരുന്നു.

വെസ്‌റ്റേണ്‍ ഗാനങ്ങള്‍ പാടുന്ന പാട്ടുകാരി എന്ന തരത്തിലാണ് കരിയറിന്റെ തുടക്കത്തില്‍ സയനോരയെ എല്ലാവരും റിലേറ്റ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ സംഗീത സംവിധാന രംഗത്തേക്ക് കടന്നതില്‍ പിന്നെ നാടന്‍ പാട്ടുകള്‍ ചെയ്തു എന്ന് മാത്രമല്ല പക്ക പ്രാദേശികമായ മോഡിലാണ് പല പാട്ടുകളും പിറന്നത്. ബാങ്കി ബാങ്കി ബും ബും പാട്ട് ഒരുദാഹരണമാണ്.

കര്‍ണാടിക് സംഗീതത്തില്‍ പരിശീലനം നേടിയ പാട്ടുകാരിയാണ്. 12 വര്‍ഷം കര്‍ണാടിക് പഠിച്ചിട്ടുണ്ട്. കോളേജെത്തും വരെ ഞാന്‍ വെസ്റ്റേൺ പാടിയിട്ടേയില്ല. അതില്‍ പിന്നെയാണ് ഹിന്ദുസ്ഥാനി പഠിക്കാന്‍ തുടങ്ങിയത്. കോളേജില്‍ ഞാന്‍ വെസ്‌റ്റേണ്‍ മാത്രമേ പാടിയിട്ടുള്ളൂ. ഞാന്‍ കര്‍ണാടിക് സിംഗറാണെന്ന് അവിടെയാര്‍ക്കും അറിയില്ല. മഞ്ഞുപോലൊരു പെണ്‍കുട്ടി സിനിമയലൂടെയാണ് എന്റെ വോയ്‌സ് ആദ്യമായി മലയാളി കേള്‍ക്കുന്നത്. അതൊരു ഇംഗ്ലീഷ് പാട്ടായിരുന്നു അങ്ങനെ ആളുകളെന്തോ എന്നെ അങ്ങ് ഇംഗ്ലീഷ് പാട്ടുകാരിയായി അങ്ങെടുത്തു.

ശിവാജിയിലെ തീ തീ പാട്ട് 'സയനോര തരംഗം' സൃഷ്ടിക്കേണ്ട പാട്ടായിരുന്നു. പക്ഷെ സയനോര പാടിയ പാട്ട് എന്ന തരത്തില്‍ അത് അധികം ചര്‍ച്ച ചെയ്യപ്പെടുകയോ അത്തരത്തിലുള്ള ഇന്റര്‍വ്യൂകളോ അധികം കണ്ടിട്ടില്ല. പി ആര്‍ വര്‍ക്കിന്റ കുറവ് കരിയറില്‍ നിഴലിച്ചിട്ടുണ്ടോ.

ശിവജി ഇറങ്ങുമ്പോള്‍ അമേരിക്കയില്‍ റഹ്മാന്‍ സറിന്റെ ഷോ ചെയ്യുകയായിരുന്നു. നാട്ടിലില്ലായിരുന്നു. അങ്ങനെ സംഭവിച്ചതാണ്. എന്റെ പി.ആര്‍. മോശമാണ്. എനിക്കെന്നെ പി.ആര്‍. ചെയ്യാനറിയില്ല. ശിവാജി ചെയ്യുമ്പോള്‍ എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലും ഉണ്ടായിട്ടില്ല. ആദ്യം കുട്ടന്‍പിള്ളയുടെ ശിവരാത്രി സിനിമയുടെ വര്‍ക്ക് എനിക്ക് കിട്ടിയപ്പോള്‍ അതിലെ സംഗീത സംവിധായകനോട് വലിയ സംഗീത സംവിധായകരെ പാട്ടേൽപിക്കാനാണ് ഞാന്‍ പറഞ്ഞത്. പക്ഷെ സുഹൃത്ത് എന്നോട് ചോദിച്ചത് "നിന്നെ ഞാനല്ലാതെ ആദ്യമായി സംഗീതസംവിധാനം നിർവ്വഹിക്കാൻ ആരാ വേറെ വിളിക്ക്യാ" എന്നാണ്. ആദ്യ കാലങ്ങളില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒന്നും ഇല്ലാത്തത് ബാധിച്ചിരുന്നു. പിന്നെ ഒരിടക്ക് ഐറ്റം സോങുകാരിയായി ചില കൂട്ടുകാര്‍ കളിയാക്കിയിരുന്നു. രാത്രിയില്‍ ചാനലുകളില്‍ വരുന്ന സിനിമകളില്‍ എന്റെ ചില പാട്ടുകള്‍ വന്നതോടെ അവരത് ഹരമാക്കി പറയാറുണ്ടായിരുന്നു. ആയിടക്കാണ് റഹ്മാന്‍ സറിന്റെ കീഴില്‍ അവസരം ലഭിക്കുന്നത്. ജാനേ തൂ യാ ജാനേനാ, തീ തീ എന്ന പാട്ട് തുടങ്ങി തമിഴിലും ഹിന്ദിയിലും അവസരം ലഭിച്ചിരുന്നു. ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ തന്നെ നില്‍ക്കണമായിരുന്നു. മാനേജറെ വെക്കണമായിരുന്നു പക്ഷെ ഗൈഡ് ചെയ്യാനൊന്നും ആളുകള്‍ ഉണ്ടായിരുന്നില്ല.

നിങ്ങളെങ്ങനെ കുടുംബവും വീടും ബാലന്‍സ് ചെയ്യുന്നെന്ന് പൊതുവെ സ്ത്രീകളായ സെലിബ്രിറ്റികളോട് ചോദിച്ചു വരുന്ന ചോദ്യമാണ്. ആണുങ്ങളായ സെലിബ്രിറ്റികളും കുടുംബം ബലന്‍സ് ചെയ്യേണ്ടവരാണല്ലോ. പക്ഷെ അവരോട് ആരും അത്തരം ചോദ്യങ്ങള്‍ ചോദിക്കാറില്ല. പാട്രിയാര്‍ക്കല്‍ ആയ ഈ സമൂഹത്തില്‍ കുഞ്ഞ് ജനിച്ച ശേഷം ഫീല്‍ഡ് ഔട്ട് ആവാതെ എങ്ങനെ നിന്നു

നമ്മള്‍ അമ്മ റോളുകളെ വല്ലാതെ മഹത്വവത്കരിക്കുന്നുണ്ട്. എന്റെ അമ്മയുണ്ടാക്കിയ ചോറ് എന്നെല്ലാം പറഞ്ഞ് സംഭവമാക്കും. പെണ്‍കുട്ടികള്‍ മെല്ലെ ഇതെല്ലാം കേട്ട് കണ്ടീഷന്‍ഡ് ആവും. കല്ല്യാണം കഴിക്കണമെങ്കില്‍ പാചകം ചെയ്യാന്‍ അറിയണമെന്നൊക്കെ തെറ്റായി ധരിക്കും. ആണും പെണ്ണും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യമെന്നേ പാചകത്തെ പറ്റി നമ്മള്‍ ശരിക്കും പറയാന്‍ പാടുള്ളൂ. എന്റെ മകള്‍ അറിയണം അവളുടെ അമ്മ സിംഗറാണെന്ന്. അമ്മയ്ക്ക് അമ്മയുടേതായ തിരക്കുകളുണ്ടെന്ന്. എനിക്ക് ഒരു ഫ്രസ്‌ട്രേറ്റഡ് മദറായി ജീവിക്കണ്ട. അവളെ പിരിഞ്ഞിരിക്കുന്നത് എനിക്കും നല്ല വിഷമമുണ്ട്. ഇങ്ങനെ പിരിഞ്ഞിരിക്കുന്നതും കലര്‍ന്നതാണ് ജീവിതം എന്ന് അവള്‍ മനസ്സിലാക്കണ്ടെ. കുട്ടിയെ നോക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും തുല്യ ഉത്തരവാദിത്തമാണ്. എന്റെ ഭാഗ്യം കൊണ്ട് എന്റെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും നന്നായി മകളെ നോക്കുന്നുണ്ട്. ആരെങ്കിലുമൊക്കെ നോക്കാനുമുണ്ട്. അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന മാത്രമേ കുട്ടി വളരാന്‍ പാടുള്ളൂ എന്നൊന്നില്ല. അവര്‍ അമ്മയെ മിസ് ചെയ്യണം. അങ്ങനെ അവര്‍ മനസ്സിലാക്കണം അമ്മയ്ക്ക് ജോലിത്തിരക്കുണ്ടെന്ന്. വീട്ടില്‍ എത്തുമ്പോള്‍ അധികം സമയവും ഞാന്‍ അവളുടെ കൂടെ ചിലവഴിക്കും. ആണ്‍കുട്ടികളെ വീടുകളില്‍ പണിയെടുപ്പിക്കാന്‍ അമ്മമാര്‍ മുന്‍കൈയ്യെടുക്കണം. കുട്ടികളെ നോക്കാനും അവര്‍ പഠിക്കണം. എന്റെ സഹോദരന്‍ വളരെ ഫോര്‍വേഡ് ആണ്. അവന്‍ എല്ലാ പണികളും ചെയ്യും. ഇപ്പോഴത്തെ ജനറേഷന്‍ ഒരു പാട് മാറി.

ഞാന്‍ എന്റെ മോളുടെയടുത്ത് അവക്ക് ഒരു പ്രായമെത്തിയാല്‍ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കും.  എനിക്ക് ആദ്യമായി പിരീഡ്‌സ് ആയ സമയത്ത് ഞാന്‍ ബ്ലഡ് കാന്‍സറാണെന്നാണ് കരുതിയത്. അന്നെത്ര മാത്രം വിഷമിച്ചെന്നോ.. അതിനു ശേഷമാണ് മമ്മി ആർത്തവത്തെ കുറിച്ചെല്ലാം പറഞ്ഞു തരുന്നത്. ശരിക്കും മുന്നേ പറഞ്ഞുതരേണ്ടതായിരുന്നു. എന്നാൽ അന്നനുഭവിച്ച ട്രോമ ഒഴിവാക്കാമായിരുന്നു

ഇന്ദ്രജിത്ത് നായകനായ ആഹയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സയനോരയാണെന്ന് കേട്ടു. അതിന്റെ വിശേഷങ്ങള്‍ എന്തെല്ലാമാണ്.

ആഹയിലെ ഒരു പാട്ട് അര്‍ജ്ജുന്‍ അശോകനാണ് പാടിയത്. ആഹയില്‍ ഞാനും വിജയും(വിജയ് യേശുദാസ്) കൂടി പാടിയ ലവ് സോങ്ങുണ്ട്. ആഹയിലെ മിക്ക പാട്ടുകളിലും എന്റെ വോയ്‌സുണ്ട്. ലോക്ക് ഡൗണായതു കൊണ്ട് മ്യൂസിക്ക് ലോഞ്ച് ഉണ്ടാവില്ല. അതാണ് സങ്കടം. കുട്ടന്‍ പിള്ളയുടെ ശിവരാത്രി, മാംഗല്യം തന്തുനാനെ എന്നിവയ്ക്ക് ശേഷമുള്ള എന്റെ മൂന്നാമത്തെ പടമാണ്. സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ

content highlights: Interview With Sayanora Philip Second part, She speaks about career and family