മകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാർ. മോഷണസമയത്ത് താൻ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കള്ളന്‍ മണിയന്‍പിള്ളയുടെ തുറന്നു പറച്ചിലിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുട്യൂബ് ന്യൂസ് ചാനലുകളും എഫ്ബിമാധ്യമപ്രവർത്തകരും ഉള്ള കാലത്തെ മാധ്യമപ്രവർത്തനത്തെ കുറിച്ചും മാധ്യമപ്രവർത്തകർക്ക് വേണ്ട സെൽഫ് റെഗുലേഷനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

"സെക്ഷ്വല്‍ എലമെന്റ്സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തനം നടക്കുന്നതെന്നും ജേർണലിസ്റ്റുകള്‍ക്ക് ഒരു സെല്‍ഫ് റഗുലേഷന്‍ ബോഡിവേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

കള്ളന്‍ മണിയന്‍ പിള്ളയുമായി ഒരു യുട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തില്‍ അയാളോട് മാധ്യമപ്രവർത്തകൻ ചോദിക്കുന്ന ചോദ്യമുണ്ട്. "നിങ്ങള്‍ മോഷ്ടിക്കാനായി വീട്ടില്‍ കടന്നപ്പോള്‍ അവിടെ നഗ്‌നരായ സ്ത്രീകളെ കണ്ടിട്ട് എന്തെങ്കിലും തോന്നിയിരുന്നോ എന്ന്".താൻ ചെയ്ത കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്ത് ഒരാൾ സംസാരിക്കുമ്പോൾ അതിൽ ഒരിടപെടലും നടത്താതെ  അതിലെ ഹിംസ രസിച്ച് കേള്‍ക്കുന്നതരത്തിലുള്ള ജേർണലിസം എത്രത്തോളം അപകടകരമാണെന്നാണ് താങ്കൾ കരുതുന്നത് ?  ഈ അഭിമുഖത്തിനെതിരേ വനിതാ കമ്മീഷന്‍ നടപടിയെടുത്തിരിക്കുകയാണ് 

maniyan pilla
മണിയൻപിള്ള

എനിക്കത്ഭുതം തോന്നുന്നില്ല. സമകാലീന മാധ്യമങ്ങളില്‍ ജേർണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേർണലിസമാണ് കാണുന്നത്. സെക്ഷ്വല്‍ എലമെന്റ്സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തനം ഇപ്പോൾ കൂടുതലായുള്ളത്. ഇങ്ങനെ നടക്കുന്നത് മാധ്യമപ്രവര്‍ത്തനം അല്ല. തുറന്നു പറയുന്ന ആളും അത് കേൾക്കുന്ന മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഇവിടെ വലിയ വ്യത്യാസമില്ല.  തുറന്നു പറയുന്ന ആള്‍ക്കാണ് അല്‍പം കൂടി ആത്മാര്‍ഥത കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. ഇന്‍സെന്‍സിറ്റീവ് ആയാണെങ്കിലും അയാളത് തുറന്നു പറയുന്നു. എന്നാൽ മാധ്യമപ്രവർത്തകനോ, ഒരിടപെടലും നടത്താതെ അതിനെ അംഗീകരിച്ച മുന്നോട്ടു പോകുന്നു. കിട്ടുന്നതെന്തും അതേ രീതിയില്‍ അവതരിപ്പിക്കലോ, ജനങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും കൊടുക്കലോ അല്ല ജേണലിസം. അത് മയക്കുമരുന്ന് വില്‍പനയാണ്. ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ സെക്‌സ് ആണ് വേണ്ടതെങ്കില്‍ അത് നല്‍കുന്നതല്ല ജേണലിസ്റ്റുകള്‍ ചെയ്യേണ്ടത്. 

നിർഭാഗ്യവശാൽ നിലവിലുള്ള മാധ്യമപ്രവര്‍ത്തനം ഒരുപാടിങ്ങനെയാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. വളച്ചൊടിക്കണം എന്നല്ല, പകരം കോണ്‍ടെക്‌സറ്റ് കൊടുക്കുക, അതിനൊരു കാഴ്ച്ചപ്പാട് കൊടുക്കുക എന്നതൊക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേ പടി കൊടുക്കുന്നതല്ല മാധ്യമപ്രവർത്തനം. ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെ. 

 

newsroom
ന്യൂസ് റൂം, getty images

വാര്‍ത്തകൾക്ക് നവീകരണ ശേഷി വേണമെന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത് ?

തീര്‍ച്ചയായും വേണം. മാത്രമല്ല വാർത്തകൾ സന്ദർഭോചിതം (contextualise) ആകണം. അതിന് കാഴ്ച്ചപ്പാട് (perspective) കൊണ്ടുവരണം. മോഡണൈസ് ചെയ്യാനുള്ള കഴിവ് വേണം. മീഡിയയുടെ പദോത്പത്തി തന്നെ മീഡിയേഷന്‍(ഇടപെടല്‍) ചെയ്യലാണ്. നമ്മള്‍ മാധ്യമപ്രവർത്തകർ ബ്രോക്കറോ ഏജന്റോ അല്ലെന്ന് മനസ്സിലാക്കണം. നമ്മള്‍ മീഡിയേറ്റര്‍മാർ(ഇടപെടല്‍ നടത്തുന്നവരാണ്) ആണ്. മീഡിയേറ്ററും ബ്രോക്കറും തമ്മില്‍ വ്യത്യാസമുണ്ട്. നിലവിൽ പലരും കൗതുകമുള്ള വാര്‍ത്തകള്‍ വില്‍ക്കാന്‍ നോക്കുകയാണ്. ഡ്രഗ് പെഡ്ഡലിങ് പോലെ പെഡ്ഡലിങ് ചെയ്യുകയാണ്. അൽപം കൂടി യുക്തി ബോധം കൊണ്ടുവരേണ്ടതുണ്ട് മാധ്യമപ്രവര്‍ത്തനത്തിൽ.

ഡോക്ടറും എന്‍ജിനീയറും അഭിഭാഷകരുമെല്ലാം ആ പ്രഫഷണില്‍ ഉന്നതവിദ്യാഭ്യാസം നേടിയാണ് വരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയല്ല. ആര്‍ക്കും മാധ്യമപ്രവര്‍ത്തകരാകാം എന്ന സ്ഥിതിവിശേഷമാണ്. ഇത് അപകടമല്ലേ. വെറ്റിറന്‍ ജേണലിസ്റ്റുകളില്‍ പലരും അത്തരം പശ്ചാത്തലം ഉള്ളവരല്ല. എങ്കില്‍ പോലും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൂണ് പോലെ മുളക്കുന്ന സാഹചര്യത്തില്‍ പല സ്വയം പ്രഖ്യാപിത ജേർണലിസ്റ്റുകളും പ്രൊഫഷന്റെ ഡിഗ്നിറ്റി കളയുന്ന സാഹചര്യത്തില്‍ അത്തരം ഒരു കാര്യം ചിന്തനീയമാണോ?


മാധ്യമപ്രവര്‍ത്തകനാവാന്‍ അഭിഭാഷകനാവുന്നതുപോലെയോ ഡോക്ടറാകുന്നതുപോലെയോ ഉള്ള ക്വാളിഫിക്കേഷന്‍ വേണമെന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. അങ്ങനെ വരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം തന്നെ റെഗുലേറ്ററി മെക്കാനിസമായി മാറും. മാധ്യമപ്രവര്‍ത്തനം എന്നത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാവണം, അത് സെല്‍ഫ് റെഗുലേറ്ററിയാണ് ആവേണ്ടത്. അതല്ലാതെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതാവരുത്. ബുദ്ധിജീവിയായ ഒരാൾ അത്ര നീചനാവാന്‍ സാധ്യതയില്ല എന്നതില്‍ അര്‍ഥമില്ല. ജനാധിപത്യത്തെ പോലും രക്ഷിച്ചിരിക്കുന്നത് സാധാരണക്കാരന്റെ വോട്ടാണ്. എപ്പോഴൊക്കെ ജനാധിപത്യം അപകടത്തില്‍പ്പെട്ടോ അപ്പോഴൊക്കെയും റിക്ഷ വലിക്കുന്നവരും, കൃഷിക്കാരും തൊഴിലാളികളുമായ സാധാരണക്കാരാണ് അതിനെ രക്ഷിച്ചെടുത്തത്. സാധാരണക്കാരുടെ ധാർമ്മികതാ സൂചി ഉയർന്നതാണ്. ലോകമൊട്ടുക്കുമുള്ള മികച്ച മാധ്യമപ്രവര്‍ത്തകര്‍ വലിയ പ്രൊപഷണൽ യോഗ്യത ഉള്ളവരല്ല. പലരും ന്യൂസ് പേപ്പര്‍ ബോയ്‌സ് ആണ്. മാധ്യമപ്രവർത്തനമെന്ന തൊഴിൽ വ്യത്യാസപ്പെട്ടിരിക്കുന്നതു തന്നെ ഇതെല്ലാം കൊണ്ടാണ്. ഐഎഎസ്- ഐപിഎസ് പോലെ പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ മാത്രം മാധ്യമപ്രവര്‍ത്തകരാക്കിയാല്‍ മതി എന്ന തരത്തിൽ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് മനീഷ് തിവാരി ഇത്തരമൊരാശയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് അപകടകരമാണ്. 

fb

സോഷ്യല്‍ മീഡിയയില്‍ ആർക്കും മാധ്യമപ്രവര്‍ത്തകരാവാം. അത് സോഷ്യല്‍ മീഡിയയുടെ പ്രത്യേകതയാണ്. പലരും ബ്ലോഗെഴുതുന്നില്ലേ, ഫെയസ്ബുക്ക് പോസ്റ്റിടുന്നില്ലേ. അത് സോഷ്യല്‍ മീഡിയയുടെ സ്വഭാവമാണ്. ആര്‍ക്കും എന്തും അവിടെ എഴുതാം. കണ്ടന്റുകൾ ഉണ്ടാക്കാം. വിദ്വേഷ പ്രസംഗം, അശ്ലീലത  അങ്ങനെ പലതും സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. അതിനെ മാധ്യമപ്രവര്‍ത്തനമല്ലെന്ന് തിരിച്ചറിയുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനെ മാധ്യമപ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കാതിരിക്കുക. നിര്‍ഭാഗ്യവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അത്തരക്കാരുണ്ട്. അവരെ നമ്മള്‍ എടുത്തു പറഞ്ഞ് മാറ്റിനിര്‍ത്തണം. 

മാധ്യമപ്രവര്‍ത്തകരോ മാധ്യമസ്ഥാപനങ്ങളോ പരസ്പരം വിമര്‍ശിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം വിമര്‍ശിക്കാന്‍ സന്നദ്ധരാകാത്തതുകൊണ്ട് അവര്‍ക്ക് പ്രത്യേക ഇമ്മ്യൂണിറ്റിവരികയാണ്. എന്ത് വേണമെങ്കിലും പറയാം എന്ന ഇമ്മ്യൂണിറ്റിയും  ധിക്കാരവുമാണ് മാധ്യമപ്രവര്‍ത്തനത്തെ തന്നെ അപകടത്തിലാക്കുന്നത്. 

ന്യൂസ് എന്ന് അവസാനിക്കുന്ന രീതിയിലാണ് പല പോര്‍ട്ടലുകളുടെയും പേര് തന്നെ.  ചിലരൊക്കെ ഒരുതരം പോലീസിങ്ങാണ് ചെയ്യുന്നത്. വെരിഫൈഡ് ജേർ‍ണലിസം ,വെരിഫൈഡ് ജേർണലിസ്റ്റ്, വെരിഫൈഡ് മാധ്യമസ്ഥാപനം എന്ന സാധ്യതയുണ്ടോ?

siddique kappan
സിദ്ദിഖ് കാപ്പൻ

അങ്ങനെ ഒരു ചട്ടക്കൂട്ടില്‍ മാധ്യപ്രവര്‍ത്തനത്തെ നിര്‍ത്തുമ്പോള്‍ പ്രീ സെന്‍സറിങ് എന്ന അവസ്ഥയാണ് സംജാതമാകുന്നത്. നമുക്ക് പ്രീ സെന്‍സറിങ് ഇല്ല. പക്ഷെ പോസ്റ്റ് സെന്‍സര്‍ഷിപ് സംവിധാനം ഉണ്ട്. ഇന്ത്യയില്‍ നമുക്ക് ഫ്രീഡം ഓഫ് സ്പീച്ചുണ്ട്. പക്ഷെ ഫ്രീഡം ആഫ്റ്റര്‍ സ്പീച്ചില്ല. ദേശവിരുദ്ധത ആരോപിച്ച് സെഡിഷൻ കേസിൽപ്പെടുത്തി പല മാധ്യമപ്രവർത്തകരെയും പിടിച്ചകത്തിടുകയാണ്. കാപ്പനെ പോലുള്ളവര്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നു. വി ഷുഡ് നോട്ട് ത്രോ ദി ബേബി ഔട്ട് വിത്ത് ദി ബാത്ത്വ് വാട്ടര്‍ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഒരു പ്രശ്‌നത്തിന്റെ പരിഹാരം ആ സംവിധാനത്തെ തന്നെ നശിപ്പിക്കുന്നതാവരുത്. പ്രശ്‌നത്തേക്കാള്‍ നശീകരണസ്വഭാവവുമുള്ളതാവരുത് പരിഹാരം....

പക്ഷെ സ്വേഛാധിപത്യ ഭരണകൂടങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ വിശ്വസ്യത തകര്‍ക്കുക എന്നതും അവയെ വിശ്വസിക്കാന്‍ കൊള്ളാത്തതാക്കുന്നതും അവരുടെ ആവശ്യം കൂടിയല്ലേ....വിശ്വസിക്കാന്‍ കൊള്ളാത്തതെന്ന പേര് ദോഷം കളയാന്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ആവശ്യമല്ലേ?

ആ ട്രാപ്പിലേക്ക് നമ്മള്‍ വീഴുന്നുണ്ട്. ഡിഗ്രിയില്ലാത്ത ഡോക്ടര്‍ അപൂര്‍വമേ കേള്‍ക്കാറുള്ളൂ. മെഡിക്കല്‍ കൗണ്‍സില്‍ അയാളെ പുറത്താക്കും. അത് സ്വതന്ത്ര ബോഡിയാണ്. അതുപോലെ ജേർണലിസ്റ്റുകള്‍ക്ക് ഒരു സെല്‍ഫ് റഗുലേഷന്‍ ബോഡിവേണം. അല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സർക്കാർ നിയന്ത്രിത ബോഡി ആവശ്യമില്ല. സംസ്ഥാന തലത്തിലെല്ലാം അത്തരം ബോഡി കൊണ്ടുവരാവുന്നതാണ്. Peer ഗ്രൂപ്പില്‍ അപമാനിക്കപ്പെട്ടാല്‍ ആളുകള്‍ കുറച്ചുകൂടെ ഉത്തരവാദിത്വബോധത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തും. മുഴുവന്‍ മാധ്യമമേഖലയുടെയും വിശ്വാസ്യത നഷ്ടപ്പെടാതിരിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ കൂടെ ആവശ്യമാണ്. 

റിപ്പോര്‍ട്ടര്‍ ബേസ്ഡ് ജേർണലിസത്തില്‍ നിന്ന് മാറി അവതാരകര്‍ ബേഡ്‌സ് ആയ ജേർണലിസത്തിലേക്ക് മലയാള ദൃശ്യ മാധ്യമ മേഖല വല്ലാതെ പോകുന്നു എന്ന് തോന്നുന്നില്ലേ. പ്രശ്നങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്ന തരത്തിൽ അവതാരകർ ജേർണലിസത്തിലെ അപ്പോസ്തലന്‍മാര്‍ ആകുന്ന രീതിയെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

MODI
നരേന്ദ്രമോദി | PTI

മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി തന്നെ വല്ലാതെ മാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി എപ്പോഴെങ്കിലും വാർത്താ സമ്മേളനം നടത്തിയിട്ടുണ്ടോ. അദ്ദേഹത്തിന് മാധ്യമങ്ങളെ പുച്ഛമാണ്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 7.2 കോടി ആണ്. അതിലും വലിയ മാധ്യമം അദ്ദേഹത്തിന് ലഭിക്കുമോ. ട്രംപ് വൈറ്റ് ഹൗസ് പ്രസ് കോണ്‍ഫറന്‍സ് പൊടുന്നനെ നിര്‍ത്തിയിരുന്നല്ലോ. ഞങ്ങള്‍ക്ക് മാധ്യമങ്ങളെ ആവശ്യമില്ല എന്ന തലത്തിലേക്ക് നേതാക്കള്‍ മാറി. പ്രമുഖ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മാധ്യമങ്ങളുടെ ആവശ്യമില്ല. അതിനാല്‍ തന്നെ പൊളിട്ടിക്കല്‍ ജേർണലിസത്തിന് മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പ്രാധാന്യം ദൃശ്യമാധ്യമങ്ങളില്‍ പഴയതിനേക്കാള്‍ കുറഞ്ഞു.

സാധാരണ വാര്‍ത്തകള്‍ നമുക്ക് റിപ്പോർട്ടർമാരുടെ ആവശ്യമില്ലാതെ തന്നെ കൊണ്ടിരിക്കുകയാണ്. എക്‌സ്‌ക്ലൂസീവ് ബ്രേക്കുകളാണ് റിപ്പോര്‍ട്ടര്‍മാര്‍ ഇനി കൊണ്ടുവരേണ്ടത്. എന്നാല്‍ പ്രൈംടൈം ന്യൂസിൽ ചാനലുകൾ ഒരേ സമയം ഒരേ തരത്തിലുള്ള വിഷയങ്ങളാണ് എയര്‍ ചെയ്യുന്നത്. മാത്രവുമല്ല പാനലിസ്റ്റുകള്‍ നാല് ചാനലില്‍ ഒരേ സമയം വന്നിരിക്കുന്ന കാഴ്ചയുമുണ്ട്. പക്ഷെ ലൈവ് എന്ന് പറഞ്ഞാണ് കൊടുക്കുന്നത്. അങ്ങനെയുള്ള ആഭാസങ്ങളാണ് കാണുന്നത്. ചാനല്‍ ന്യൂസ് എന്നാല്‍ പ്രൈംടൈം ന്യൂസ് എന്ന അവസ്ഥയായി മാറി. ഈ ന്യൂസ് അവറാണ് ചാനലുകളെ സംബന്ധിച്ചുള്ള റവന്യു. അവിടെ വെറുതെ വാര്‍ത്ത കൊടുത്താല്‍ അഡ്വര്‍ടൈസര്‍മാര്‍ വരില്ല. അവിടെ ഡ്രാമ വേണം. പോര്‍വിളിയും വെല്ലുവിളിയും വേണം.

പക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള വാഗ്വാദ ചര്‍ച്ചകള്‍ക്ക് നിലനിൽപുണ്ടോ?

സീരിയല്‍ കാണുന്ന പോലെയാണ് ജനം അത് കാണുന്നത്. ഇത് റിയാലിറ്റി ഷോയല്ലേ. 1991- 92ലെ ലിബറലൈസേഷനു ശേഷം പരിപൂർണമായും മാര്‍ക്കറ്റ് മോഡല്‍ ആയി മാധ്യമങ്ങള്‍ മാറി. മാധ്യമങ്ങള്‍ ലാഭമുണ്ടാക്കാന്‍ പാടില്ലെന്നല്ല. ലാഭമുണ്ടെങ്കിലേ നിലനില്‍പുള്ളൂ. പക്ഷെ പ്രൊഫിറ്റ് മാക്‌സിമൈസേഷനിലേക്ക് പോകുകയാണ്.വലിയ മാധ്യമങ്ങൾ ഒരുപാട് ലാഭമുണ്ടാക്കുമ്പോൾ ചെറിയ മാധ്യമങ്ങൾ അവരുടെ നിലനില്‍പിനായി ബ്ലാക്ക് മെയില്‍ ജേണലിസവും സെന്‍സേഷണല്‍ ജേണലിസവും ചെയ്യുകയാണ്. വോയറിസം(ഒളിഞ്ഞുനോട്ടം) ഉൾപ്പെടെയുള്ളവ കടന്നു വരുന്നു. മാര്‍ക്കറ്റ് പോളറൈസ്ഡ് ആയി. എന്തിന്, ആര്‍ക്കുവേണ്ടി, ആരുടെ മാധ്യമപ്രവര്‍ത്തനം എന്നുള്ള വലിയ ചോദ്യങ്ങളാണ് നമ്മുടെ മുന്നില്‍.

പ്രൈം ടൈമുകളുടെ ഭാവി ഇനി എന്താവും?

media freedom
Photo: AP

മാധ്യമപ്രവര്‍ത്തനത്തിന് ഏതെങ്കിലും രീതിയില്‍ കോസ്റ്റ് സബ്‌സിഡൈസ് ചെയ്യേണ്ടതുണ്ട്. ന്യൂസ് ചാനലിന് അഡൈ്വര്‍ടൈസ്‌മെന്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. പണ്ട് ഏഷ്യാനെറ്റിന്റെ തുടക്കകാലത്തില്‍ ന്യൂസ് ചാനല്‍ വേറെയായിരുന്നില്ല. സ്ത്രീ പോലുള്ള ജനപ്രിയ പരമ്പരകള്‍ കൊണ്ടാണ് ന്യൂസിലെ ചെലവുകള്‍ നടത്തിപ്പോയത്. എന്നാല്‍ 24 * 7 ലേക്ക് ന്യൂസ് ചാനലുകള്‍ മാറുമ്പോള്‍ പരസ്യം കിട്ടേണ്ട ചില പരിപാടികള്‍ ആവശ്യമാണ്. ഇക്കോളജിക്കല്‍ പ്രോഗ്രാമുകളൊന്നും സ്‌പോണ്‍സര്‍മാരില്ലാതെ നിലനിര്‍ത്തിക്കൊണ്ടു പോവുക ബുദ്ധിമുട്ടാണ്. അതിനാൽ പ്രൈംടൈം പോലുള്ള ഡ്രാമകൾ വേണ്ടി വന്നേക്കും. പക്ഷെ അത് ദീർഘകാലാടിസ്ഥാനത്തിൽ കൊണ്ടുപോകണമെങ്കിൽ അതിന്റെ ഗുണമേൻമ വർധിപ്പിക്കുക തന്നെ വേണം. 

സന്നദ്ധ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സിൽ 142ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമങ്ങളെ വേട്ടയാടുന്ന 37 ലോക നേതാക്കളില്‍ ഒരാളായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ  വിശേഷിപ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ പേടിപ്പിച്ച് നിര്‍ത്തുന്ന സ്ഥിതിവിശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ മാധ്യമപ്രവർത്തത്തിന്റെ വർത്തമാനം പരിതാപകരമാണ്. എന്താണ് ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന്റെ ഭാവി?

പേടിപ്പിച്ച് നിർത്തുന്ന രീതി തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഇക്കാര്യം വീട്ടിലെ രഹസ്യമാണ്. മാധ്യമങ്ങള്‍ തുറന്നു പറയുന്നില്ല. ചാനലുകളുടെ അഡ്വട്ടൈസേഴ്‌സിനെ അവര്‍ ആദ്യം വിളിച്ച് പേടിപ്പിക്കും. വീണ്ടും വിമര്‍ശനം തുടർന്നാല്‍ സിബിഐ, ഇന്‍കം ടാക്‌സ് റെയ്ഡ് അടക്കം നടത്തും. ദൈനിക് ഭാസ്‌കര്‍, സിഎന്‍എന്‍ എന്‍ഡിടിവി എന്നിവര്‍ ഇത് നേരിട്ടിട്ടുണ്ട്. പ്രിഡേറ്റര്‍ പട്ടികയിൽ മോദിയുണ്ടെന്നത് വാര്‍ത്തയല്ല. ഒരത്ഭുതമേ അല്ല അത്. പട്ടികയിൽ ഇല്ലായിരുന്നെങ്കില്‍ മാത്രമാണ് അത് വാർത്തയാവുക.

content highlights: Interview with sasikumar on media ethics, Modi media, Journalism