നങ്ങളുടെ നികുതിപ്പണവും പൊതുമേഖലാ ഫണ്ടും ഉപയോഗിച്ച്‌ വികസിപ്പിക്കുന്ന വാക്‌സിന്‍ അതേ ജനങ്ങള്‍ക്ക് തന്നെ വീണ്ടും വില്‍ക്കുന്നതിലൂടെ ജനങ്ങളെ മോദിസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. ആര്‍ രാംകുമാര്‍. ജനങ്ങളില്‍ നിന്ന് ഒരു വാക്‌സിന് രണ്ട് തവണ കാശ് വാങ്ങുന്നതിന് തുല്യമാണീ പരിപാടിയെന്നും രാം കുമാര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"സൗജന്യ വാക്സിന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കിയിട്ടുള്ള മൗലികാവകാശമാണ്. സൗജന്യ വാക്‌സിനേഷനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതയുടെ പല വിധികളില്‍ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. ആ മൗലികാവകാശ സങ്കല്‍പത്തിനാണ് സര്‍ക്കാര്‍ എതിര്‍ നില്‍ക്കുന്നത്". വാക്സിന്‍ നയം വഴി ആരോഗ്യകരമായ മത്സരവും കാര്യക്ഷമതയുമാണുണ്ടാവുക എന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

"കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ത്യയുടെ വാക്‌സിന്‍ മാര്‍ക്കറ്റിനെ ചിതറിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള മത്സരം, സ്വകാര്യ ആശുപത്രികൾ തമ്മിലുള്ള മത്സരം എന്നിവയാണ് ഇത്തരം ചിതറല്‍ കൊണ്ടുണ്ടാകുന്നത്. ഇത് മാര്‍ക്കറ്റിന്റെ കാര്യക്ഷമത കുറയ്ക്കുകയാണ് . അല്ലാതെ മുരളീധരന്‍ പറഞ്ഞപോലെ കാര്യക്ഷമത കൂട്ടുകയല്ല ചെയ്യുന്നത്. നാളെ ദൗര്‍ലഭ്യം മൂലം കേരളത്തിന് വാക്‌സിന്‍ കിട്ടാതെ വന്നാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേരളം ഓര്‍ഡര്‍ വാങ്ങിയില്ല എന്നേ  മുരളീധരനെപ്പോലുള്ളവര്‍ പറയൂ.  കേന്ദ്രത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും സ്റ്റേറ്റിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയും മാത്രമാണ് കേന്ദ്രം ഇപ്പണി ചെയ്തത്", രാം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സൗജന്യ വാക്‌സിന്‍ നയം എന്ന ഇന്ത്യയുടെ മഹത്തായ ആരോഗ്യനയത്തിലാണ് മോദിസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. അതും കോവിഡ് പോലുള്ള മഹാമാരിയുടെ കാലഘട്ടത്തില്‍. വാക്‌സിന്‍ സൗജന്യമല്ലാതെ ഇതുവരെ നല്‍കിയിരുന്ന അമേരിക്ക പോലും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണ്. എത്രത്തോളം ജനവിരുദ്ധമാണ് പുതിയ വാക്‌സിന്‍ നയം?

ലോകം മുഴുവന്‍ വാക്‌സിനുകളെ പൊതുചരക്ക് ആയാണ് അംഗീകരിക്കുന്നത്. എല്ലാവര്‍ക്കും എവിടെയും മിതമായ നിരക്കില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുവാകണം വാക്‌സിന്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ലോക രാജ്യങ്ങള്‍ വാക്‌സിന്‍ നയം രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നേരിട്ടും സൗജന്യമായും സാര്‍വ്വര്‍ത്രികമായും സങ്കീർണ്ണതകളില്ലാതെയും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ്  കാര്യക്ഷമമായ വാക്‌സിന്‍ വിതരണ വ്യവസ്ഥ എന്നത് . ഇതുകൊണ്ടാണ് അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ ലോക രാഷ്ട്രങ്ങള്‍ അവരുടെ മുഴുവന്‍ ജനതയ്ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ പ്രബുദ്ധമായ ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിന് വെല്ലുവിളിയാണ് ഇന്ത്യയുടെ പുതിയ വാക്‌സിന്‍ നയം. 

ലോകമെമ്പാടും തന്നെ വാക്‌സിനുകളുടെ ഗവേഷണം വലിയൊരളവു വരെ സര്‍ക്കാരുകളാണ് ഫണ്ട് ചെയ്യുന്നത്. ഓക്‌സ്‌ഫോഡും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. ഇതിന്റെ വികസനത്തിനുള്ള 97 ശതമാനം ഫണ്ടിങ്ങും നല്‍കിയിട്ടുള്ളത് പൊതുമേഖലയില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമാണ്. പൗരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് സര്‍ക്കാരുകള്‍ വാക്‌സിന്‍ വികസനത്തിനായി ഫണ്ടു നല്‍കിയിട്ടുള്ളത്. അതിനാലാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ രാജ്യങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാതെ എല്ലാകാലത്തും നല്‍കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് പറഞ്ഞതും. ഇതിന് ഘടകവിരുദ്ധമായാണ് ഓക്സഫഡ് ആസ്ട്രാസെനക്കയുമായി കരാറിലേർപ്പെട്ടതും ആസ്ട്രസെനക്ക ഇന്ത്യയിൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമായി കോവിഷീല്‍ഡ് ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കിയതും. 97 ശതമാനം നികുതിപ്പണമുപയോഗിച്ച് വികസിപ്പിച്ച ഈ വാക്‌സിന്‍ ഇന്ത്യയില്‍ കൊള്ളലാഭത്തിന് വില്‍ക്കുന്നത് ജനങ്ങളില്‍ നിന്ന് രണ്ട് തവണ കാശു വാങ്ങുന്നതിന് തുല്യമാണ്. 

അതുപോലെ, ഫൈസറിന്റെ വാക്സിനുകളുടെ കാര്യത്തില്‍, അതിന്റെ പങ്കാളിയായ ബയോ-എന്‍-ടെക് ജര്‍മ്മന്‍ സര്‍ക്കാരില്‍ നിന്ന് 37.5 കോടി ഡോളർ ഗ്രാന്റും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 10 കോടി ഡോളര്‍ കടവും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വാക്‌സിനായ കോവാക്‌സിന്‍ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിര്‍മ്മിച്ച വാക്സിനാണ്. വാക്‌സിന്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും മാത്രമാണ് ഭാരത് ബയോടെക്കിന് ലൈസന്‍സ് ലഭിച്ചത്.

കോവാക്‌സിൻ കുത്തിവെപ്പിന് ഇനിയും ജനം പണം മുടക്കണമെന്നത് ഒരേ ഉത്പന്നത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്ന് രണ്ട് തവണ കാശുവാങ്ങുന്നതിന് തുല്യമാണ്. ഇതിനെല്ലാം പുറമെ ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണ്. സൗജന്യ വാക്‌സിനേഷനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതിയുടെ പല വിധികളില്‍ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. ആ മൗലികാവകാശ സങ്കല്‍പത്തിനാണ് സര്‍ക്കാര്‍ എതിര്‍ നില്‍ക്കുന്നത്.

മൗലികാവകാശലംഘനമായതുകൊണ്ടുതന്നെ സുപ്രീംകോടതിയെ സമീപിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാവില്ലേ?

ആരെങ്കിലും കേസ് കൊടുക്കുകയാണെങ്കില്‍ ഈ പുതിയ വാക്‌സിന്‍ നയത്തിന് നിലനില്‍പുണ്ടാവില്ല. 

ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ എന്നാണ് പറയപ്പെടുന്നത്. പക്ഷെ പുതിയ വാക്സിന്‍ നയം മൂലം നമ്മുടെ ജനസംഖ്യയുടെ ഒരു വലിയ ശതമാനം 2022 ആയാലും ഒരു തവണ പോലും വാക്സിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്ന് അങ്ങ് പറഞ്ഞതായി കേട്ടു. ഒന്നു വിശദീകരിക്കാമോ?

വാക്‌സിന്‍ ഹെസിറ്റന്‍സി(വാക്‌സിനെടുക്കാനുള്ള മടി) പൊതുവെ പൊതുജനത്തിനുണ്ട്.  അനാവശ്യമായ ആത്മവിശ്വാസം, ക്യൂ നില്‍ക്കാനുള്ള മടി, നിസ്സാരമാക്കല്‍ മനോഭാവം എന്നിവയാണ് ഈ മടിക്ക് ലോകവ്യാപകമായി കണ്ടുവരുന്ന കാരണങ്ങള്‍. പക്ഷെ ഇന്ത്യയില്‍ വാക്‌സിന്‍ ഹെസിറ്റന്‍സിക്ക് ഒരു നാലാമത്തെ കാരണം കൂടിയുണ്ട്. അഫോര്‍ഡബിലിറ്റി. വാക്‌സിനുകളുടെ വില ഒരു പരിധിയില്‍ കൂടുതലാണെന്ന് ഒരു ജനതയ്ക്ക് തോന്നുന്ന പക്ഷം ഒരുപാടാളുകള്‍ വാക്‌സിനോട് വിമുഖത കാണിക്കും. അപ്പോള്‍ നിലവിലെ വാക്‌സിന്‍ ഹെസിറ്റേഷന്‍ കുറച്ചു കൂടി ശക്തമാകും. 

ഒരു ഡോസിന് നാനൂറ് രൂപയാണ് വിലയെങ്കില്‍ 18 വയസ്സില്‍ കൂടുതലുള്ള നാല് പേരുള്ള കുടുംബത്തിന് രണ്ട് ഡോസ് വാക്‌സിനെടുക്കാന്‍ 3200 രൂപയാകും. ഇന്ത്യയില്‍ ശരാശരി കര്‍ഷകകുടുംബത്തിന്റെ മാസവരുമാനം 6426 രൂപയാണ്. അതായത് മാസവരുമാനത്തിന്റെ 50 ശതമാനത്തിലധികം വാക്‌സിനു വേണ്ടി ഒരു കുടുംബത്തിന് നല്‍കേണ്ടി വരികയാണ്. ഇതിനാല്‍ ലക്ഷക്കണക്കിന് പേര്‍ വാക്‌സിനെടുക്കാന്‍ പോവില്ല. സൗജന്യ വാക്‌സിന്‍ കൊടുത്താല്‍  ഈ ഹെസിറ്റന്‍സിയെ ഒരു പരിധിവരെ നമുക്ക് മറികടക്കാനാവും. ഇക്കാരണം കൊണ്ടു തന്നെ 2022 ജനുവരിക്കകം ജനസംഖ്യയുടെ 100 ശതമാനം പോയിട്ട് 60 ശതമാനത്തിനെ വാക്‌സിനേറ്റ് ചെയ്യാന്‍ ഇനി നമുക്ക് പറ്റില്ല. 

പുതിയ വാക്സിന്‍ നയം വഴി സുതാര്യമായ, ആരോഗ്യകരമായ മത്സരമാണുണ്ടാവുകയെന്നും കാര്യക്ഷമത കൂട്ടുമെന്നുമാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറയുന്നത്?

മുരളീധരന്റെ ഈ പ്രസ്താവന ഇന്ത്യയിലെ ഭരണഘടനാതത്വങ്ങളെയും ജനാധിപത്യവ്യവസ്ഥയെയും വെല്ലുവിളിക്കുന്നതാണ്. ഉള്ള സുതാര്യതയും നഷ്ടപ്പെടുത്തുന്നു എന്നു മാത്രമല്ല സംസ്ഥാനങ്ങള്‍ തമ്മില്‍ അനാവശ്യ മത്സരവും ഉണ്ടാക്കുന്നു.

ഉദാഹരണത്തിന് അസ്സാമിന് ഇന്നു വാക്സിൻ കൊടുക്കണോ വേണ്ടയോ, മഹാരാഷ്ട്രയ്ക്ക് എന്ന് കൊടുക്കണം, കേരളത്തിന് ഒരാഴ്ച കഴിഞ്ഞു മതിയോ എന്ന തീരുമാനമെല്ലാം ഇനി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാണിജ്യ താത്പര്യപ്രകാരമാവും നടക്കുക. സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ടൂള്‍ ആയും ഈ പുതിയ നയത്തെ വേണമെങ്കില്‍ ഉപയോഗിക്കാം. മാത്രവുമല്ല ഭാരമെല്ലാം സംസ്ഥാനങ്ങളുടെ തലയിലേക്ക് വെച്ച കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ കൈയ്യൊഴിയുന്നത് ഉള്ള കാര്യക്ഷമതയും നഷ്ടപ്പെടുത്തും. നാളെ ദൗര്‍ലഭ്യം ഉണ്ടായി കേരളത്തിന് കിട്ടിയില്ല എന്ന് വെക്കുക അപ്പോള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേരളം ഓര്‍ഡറെടുത്തില്ല എന്ന് മുരളീധരനെപ്പോലുള്ളവർ പറയും . അത് പിണറായി വിജയന്റെ കുഴപ്പമാണെന്നും. കേന്ദ്രത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും സ്റ്റേറ്റിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയും മാത്രമാണ് കേന്ദ്രം ഇപ്പണി ചെയ്തത്. സംസ്ഥാനം ഇനി കൃത്യസമയത്ത് വാക്‌സിനായി ഓര്‍ഡറെടുത്താല്‍ പോലും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉത്പാദന ശേഷി കൂട്ടാന്‍ പറ്റില്ലല്ലോ. നിലവിലെ അത്രയധികം ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മ മൂലം കെട്ടി കിടക്കുകയല്ലേ. 

മാത്രവുമല്ല കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ത്യയുടെ വാക്‌സിന്‍ മാര്‍ക്കറ്റിനെ ചിതറിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള മത്സരം സ്വകാര്യ ആശുപത്രികൾ തമ്മിലുള്ള മത്സരം എന്നിവയാണ് ഇത്തരം ചിതറല്‍ കൊണ്ടുണ്ടാകുന്നത്. ഇത് മാര്‍ക്കറ്റിന്റെ കാര്യക്ഷമത കുറക്കും. അല്ലാതെ മുരളീധരന്‍ പറഞ്ഞപോലെ കാര്യക്ഷമത കൂട്ടുകയല്ല ചെയ്യുന്നത്. വാക്‌സിന്‍ വിതരണമെന്ന വലിയ ദൗത്യത്തിന്റെ വേഗത കുറയ്ക്കാനെ ഇതുകൊണ്ടാവൂ. വാക്‌സിന്‍ ദൗര്‍ലഭ്യം നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തിനും എത്ര കിട്ടുമെന്നതിലൊന്നും വ്യക്തതയില്ല. വിപണികളുടെ അനാവശ്യ വികേന്ദ്രീകരണമാണ് സംഭവിച്ചത്.

വിപണിയെ സംബന്ധിച്ച് വികേന്ദ്രീകരണ സംവിധാനമാണ് പൊതുവെ നല്ലതെന്നല്ലേ നമ്മൾ പറയാറ്?

അല്ല. വാക്‌സിന്‍ നല്‍കുമ്പോള്‍ ഏകീകൃത സംവിധാനം ഉണ്ടാകുന്നതാണ് എപ്പോഴും നല്ലത്. ലളിതവും എളുപ്പത്തില്‍ നല്‍കാവുന്നതുമായ സംവിധാനം. മാത്രവുമല്ല എത്രയും പെട്ടെന്ന് നല്‍കുന്നതാണ് നിലവിലെ കോവിഡ് വ്യാപനത്തെ തടയാനുള്ള പ്രായോഗികമായ മാര്‍ഗ്ഗങ്ങളിലൊന്ന്. ആ എളുപ്പമാക്കുന്നതിന്റെ നേര്‍ വിപരീതമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റിനെ ചിതറിപ്പിക്കുന്നതോടെ ഒരു മാര്‍ക്കറ്റും നേരാംവണ്ണം പ്രവര്‍ത്തിക്കില്ല. 400 രൂപയ്ക്ക് സര്‍ക്കാരും 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികളും എന്നാണല്ലോ നയം. ഈ രണ്ട് വിഭാഗങ്ങളെയും വാക്‌സിന്‍ നല്‍കുന്ന കമ്പനി ഒരുപോലെയാവുമോ കാണുക. അദാര്‍ പൂനാവാല തന്നെ പറഞ്ഞത് എനിക്ക് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ വില്‍ക്കാനാണ് കുറച്ചു കൂടെ താത്പര്യം എന്നാണ്. 400 രൂപയ്ക്ക് സംസ്ഥാനത്തിന് കൊടുക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. അവിടെ വിവേചനം ഉണ്ടാകുന്നു. ഇത് സംസ്ഥാനങ്ങള്‍ തമ്മില്‍ അനാവശ്യ മത്സരമുണ്ടാക്കും.

ലേലരീതി അവലംബിച്ചാലല്ലേ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കേണ്ട സാഹചര്യം വരൂ?

ലേലമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതാണല്ലോ രീതി.. അതൊരു ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. ഇനി മുതല്‍ ഏത് സ്‌റ്റേറ്റിന് ആദ്യം നല്‍കണം എന്നതിനൊന്നും യാതൊരുവിധ സാമൂഹിക നിയന്ത്രണവും ഉണ്ടാവില്ല. വാണിജ്യ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അത് നല്‍കുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ പുനെയിലാണ്. വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ ദരിദ്രമായ സംസ്ഥാനങ്ങള്‍, പെട്ടെന്ന് കാശുകൊടുക്കാന്‍ പറ്റാത്ത സംസ്ഥാനങ്ങള്‍ എന്നിവക്ക് വിവേചനം നേരിടേണ്ടി വരും. 

നേരത്തെ പറഞ്ഞതുപോലെയുള്ള വിപണിയുടെ ചിതറല്‍ അനാവശ്യമായുള്ള അഴിമതിക്കും കാരണമാകും. കേരളത്തില്‍ അത്രമാത്രം ഒരു പക്ഷെ സംഭവിക്കില്ലായിരിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു പക്ഷെ 400 രൂപയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ വഴി വില്‍ക്കേണ്ട വാക്‌സിനുകള്‍ അവിടെ നിന്ന് അടിച്ചുമാറ്റി കണക്കെഴുതി വെച്ച് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ വില്‍ക്കാനുള്ള നിയമവിരുദ്ധ കാര്യങ്ങളും നടക്കാനുള്ള സാധ്യത കൂടും. 

വാക്‌സിന്‍ പാഴാക്കുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് പുതിയ വാക്‌സിന്‍ നയമെന്ന ന്യായം കൂടി മുരളീധരന്‍ മുന്നോട്ടു വെച്ചിട്ടുണ്ട്?

ഇന്ത്യയില്‍ വാക്‌സിന്‍ ഏറ്റവും കുറവ് പാഴാക്കുന്നത് കേരളമാണ്. സീറോയാണ് കേരളത്തിൽ പാഴാക്കുന്ന വാക്സിൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഒന്‍പത് ശതമാനം വാക്‌സിനാണ് പാഴാക്കിയിരിക്കുന്നത്.

ഇന്ത്യ പുറത്തേക്ക് വാക്സിനയച്ചതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുണ്ട്. പക്ഷെ അത് അന്താരാഷ്ട്ര തലത്തിലെ പ്രതിബദ്ധതയുടെ ഭാഗമായല്ലേ ചെയ്യുന്നത്. ഇന്ത്യന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് വിദേശത്തേക്ക് വാക്‌സിനുകള്‍ അയക്കാനുള്ള വാണിജ്യപരമായ പ്രതിബദ്ധത, ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമുള്ള വാക്സിനയക്കല്‍ എന്നിവയൊന്നും ഒഴിവാക്കാൻ സാധിക്കുന്നതല്ലല്ലോ?

അനാവശ്യമായ വാക്‌സിന്‍ ദേശീയത എന്നത് ആരോഗ്യകരമല്ല. അന്താരാഷ്ട്ര സഹകരണം നമുക്ക് വേണം. പക്ഷെ അതിന് ആസൂത്രണം വേണം. നമ്മുടെ ആഭ്യന്തര ആവശ്യം കണക്കുകൂട്ടണം. മൂന്ന് തരത്തില്‍ ആസൂത്രണമാകാമായിരുന്നു. 1) നമുക്ക് കൂടുതല്‍ വാക്‌സിനുകള്‍ക്ക് നേരത്തെ അനുമതി നല്‍കാമായിരുന്നു. സ്പുട്‌നിക് വാക്സിന് ഫെബ്രുവരിയിൽ തന്നെ ഇന്ത്യയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്ന് അപേക്ഷ കേന്ദ്രസർക്കാർ നിരസിക്കുകയായിരുന്നു. നമുക്ക് മെയിഡ് ഇന്ത്യ വാക്സിൻ മതി എന്ന അഹങ്കാരമായിരുന്നു ഇന്ത്യയ്ക്ക്. എന്നാൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ആവശ്യത്തിന് തികയുന്നില്ല എന്ന് കടുത്ത വാക്സിൻ ദൗർലഭ്യം അനുഭവപ്പെട്ടപ്പോഴാണ് കേന്ദ്രസർക്കാർ മനസ്സിലാക്കിയത്. ഏപ്രിലിൽ തിരക്കിട്ട് അനുമതി നൽകുകയും ചെയ്തു. അത് ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നെങ്കിൽ ഇന്ന നമുക്ക് സ്പുട്നിക് വാക്സിനുകൾ വിപണിയിൽ ലഭ്യമായേനെ. എന്നാൽ ഇനി അത് ജൂലൈയിലേ ലഭിക്കൂ. ഇന്ത്യയുടെ സാഹചര്യത്തിന് അനുകൂലമായ വാക്‌സിനാണ് സ്പുട്‌നിക്.  റെഫ്രിജറേഷന്‍ വല്ലാതെ വേണ്ട. പൗഡര്‍ രൂപത്തിലാണത് സൂക്ഷിക്കുന്നത്. 

2)വാക്‌സിന്‍ കമ്പനികള്‍ക്ക് നേരത്തെ തന്നെ വാക്‌സിന്‍ ഉത്പാദനത്തിനുള്ള ഓര്‍ഡര്‍ നല്‍കുന്നതില്‍ ഇന്ത്യക്ക് വലിയ പാളിച്ചയുണ്ടായി. അഡ്വാന്‍സ് ആയി ഓര്‍ഡര്‍ ചെയ്ത് വാക്‌സിന്‍ ബുക്ക് ചെയ്തില്ല. വാക്‌സിന്‍ ഓര്‍ഡര്‍ നമ്മള്‍ വളരെ സാവധാനത്തിലാണ് നല്‍കിയത്. ജനുവരി മാസത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യ ആദ്യത്തെ ഓര്‍ഡര്‍ നല്‍കിയത്. ബാക്കിയുള്ളവരൊക്കെ കഴിഞ്ഞ ജൂണ്‍ മാസം തന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓര്‍ഡര്‍ നല്‍കി. അതിലും ആസൂത്രണപ്പാളിച്ചയുണ്ടായി.

3) കഴിഞ്ഞ വര്‍ഷം തന്നെ വാക്‌സിനുത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആസൂത്രണം ഇന്ത്യ ചെയ്തില്ല. അതിനുള്ള നിക്ഷേപവും നടത്തിയിട്ടില്ല. അമേരിക്ക, ബ്രിട്ടണ്‍ ജര്‍മ്മനി ചൈന എന്നിവരൊക്കെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിക്ഷേപം നടത്തി.

പക്ഷെ ലോകത്തില്‍ തന്നെ ഏറ്റവും അധികം വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടല്ലേ. അതില്‍ കൂടുതല്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കപ്പാസിറ്റി ഉണ്ടാക്കാന്‍ പറ്റുമോ, മാത്രവുമല്ല ബുക്ക് ചെയ്യണമെങ്കില്‍ മൂന്നാം ഘട്ട പരീക്ഷണവും കഴിയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടല്ലോ ഇന്ത്യയ്ക്ക്

ലോകത്തില്‍ തന്നെ ഏറ്റവും അധികം വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നത് ശരിതന്നെ. പക്ഷെ ലോകത്തുത്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിനുകളുടെ ഇരുപത് ശതമാനം മാത്രമേ ഇന്ത്യയിലുത്പാദിപ്പിക്കുന്നുള്ളൂ. ഇത്രയധികം ജനസംഖ്യയും ഇത്രയധികം രോഗവ്യാപനവും ഉള്ള സ്ഥലത്ത് ഇത്ര കുറഞ്ഞ ഉത്പാദനം മതിയോ. മൂന്നാം ഘട്ട പരീക്ഷണം കഴിയുന്നത് വരെ കാത്തിരിക്കാത്ത രാജ്യങ്ങളിലൊന്നാണ് അമേരിക്ക, അമേരിക്കയെ പ്പോലുള്ള രാജ്യങ്ങള്‍ വലിയൊരു ലക്ഷ്യത്തിനായി റിസ്‌ക് എടുത്തു. അറ്റ് റിസ്‌ക് ഇന്‍വെസ്റ്റ്‌മെന്റ് എന്നാണ് അതിനെ പറയുക. അവരാ റിസ്‌ക് എടുത്ത് ബുക്ക് ചെയ്തു. നമ്മള്‍ ജനുവരിയില്‍ ഓര്‍ഡറെടുക്കുമ്പോഴേക്കും ബാക്കിരാജ്യങ്ങളെല്ലാം എടുത്ത ഓര്‍ഡറനുസരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദനം നടത്തുകയായിരുന്നു. പക്ഷെ ഇന്ത്യ ബുക്ക് ചെയ്തതാവട്ടെ അവസാനവും.  അവര്‍ക്ക് മറ്റ് രാജ്യങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് വാക്‌സിന്‍ ഉത്പാദിപ്പിക്കേണ്ടി വന്നു. പക്ഷെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയോട് കമ്മിറ്റ്‌മെന്റുണ്ട് ആ സ്ഥാപനത്തിന്. പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവര്‍ നേരത്തെയുള്ള ബുക്കിങ് പ്രകാരമുള്ള കയറ്റുമതി തത്ക്കാലം നിര്‍ത്തി.  അപ്പോള്‍ അന്താരാഷ്ട്ര സമൂഹം കരാര്‍ ലംഘിച്ചു എന്ന് പറഞ്ഞ് കുറ്റപ്പെടുത്താന്‍ തുടങ്ങി. 

കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തിൽ നിന്ന് ഭാഗികമായി പിന്തിരിഞ്ഞതോടെ  ജനത്തെ വാക്സിനേറ്റ് ചെയ്യുകയെന്നത് സംസ്ഥാനങ്ങളുടെ മാത്രം ഉത്തരവാദിത്വമായെന്ന് താങ്കൾ നേരത്തെ പറഞ്ഞിരുന്നല്ലോ. എത്രമാത്രം ഭാരമാണ് പുതിയ സംസ്ഥാനങ്ങളുടെ മേൽ ഏൽപിക്കുന്നത്.

 2020ലെ ഇന്ത്യയിലെ ജനസംഖ്യ 18 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കിയാല്‍ ഏകദേശം 96.6 കോടി പേര്‍ വരും. ഇത്രയും പേര്‍ക്ക് കുത്തിവെപ്പ് നല്‍കേണ്ടതുണ്ട്. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന നിരക്കില്‍ ഇന്ത്യക്ക് ഏകദേശം 193.2 കോടി ഡോസുകള്‍ ആവശ്യമാണ്. വാഗ്ദാനം ചെയ്തതു പോലെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയെങ്കിലും 30 കോടി ആളുകള്‍ക്ക് 60 കോടി ഡോസ് സൗജന്യമായി കുത്തിവയ്പ് നല്‍കുമെന്ന് കരുതുക. അവശേഷിക്കുന്നത് 133.2 കോടി ഡോസാണ്. ഒരു ഡോസിന് 400 രൂപ എന്ന കണക്കിന്, സംസ്ഥാന സര്‍ക്കാരുകളുടെ ആകെ ചെലവ് 53,280 കോടി രൂപ വരും. അതായത്, ഒരു മാസത്തെ ഇന്ത്യയിലെ മൊത്തം ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം പകുതി.

സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഇത്രയും വില നല്‍കി വാക്‌സിനുകള്‍ വാങ്ങുന്നത് തീര്‍ച്ചയായും താങ്ങാനാവില്ല. പകര്‍ച്ചവ്യാധി പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ അധിക ചിലവുകള്‍ ഉണ്ട്. അവരുടെ വരുമാനം കുറയുന്നു. ഒരുഭാഗത്ത് കൂടുതല്‍ വായ്പയെടുക്കല്‍ കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. അവര്‍ കടം വാങ്ങിയാലും, കേന്ദ്രം വായ്പയെടുക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരുന്നു. മറുവശത്ത്, കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 53,280 കോടി രൂപ എന്നത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുച്ഛമായ തുകയാണ്. ഇത് ജിഡിപിയുടെ 0.26 ശതമാനം മാത്രമാണ് വരിക. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഈ തുക ചെലവഴിക്കുകയാണെങ്കില്‍ ഏറ്റവും അഭികാമ്യമമതാണ്.

നിലവിലെ രീതി വെച്ച് ഇന്ത്യ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാന്‍ എത്രകാലമെടുക്കും എന്നാണ് താങ്കള്‍ കരുതുന്നത്?

നമ്മള്‍ ഒരു ദിവസം 37 ലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിച്ചാല്‍ മാത്രമേ 2022 ജനുവരി ആകുമ്പോള്‍ 60 ശതമാനം ജനസംഖ്യയെ കവര്‍ ചെയ്യാന്‍ പറ്റൂ. ഒരു ദിവസം 68 ലക്ഷം ഡോസ് ഉത്പാദിപ്പിച്ചാലേ നൂറ് ശതമാനം ആളുകളെ 2022 ജനുവരിയോടെ വാക്‌സിനേറ്റ് ചെയ്യാന്‍ പറ്റൂ. നിലവില്‍ ഏറിയാല്‍ 30 ലക്ഷം ഡോസ് മാത്രമേ ഒരു ദിവസം ഉത്പാദിപ്പിക്കുന്നുള്ളൂ.. മൊത്തം ഉത്പാദനത്തില്‍ നിന്ന് 20  ശതമാനം നമ്മള്‍ പുറത്തുള്ള രാജ്യങ്ങള്‍ക്ക് കൊടുക്കേണ്ടതുണ്ട്. അതിനാലാണ് ജനുവരി ആകുമ്പോള്‍ വലിയൊരു ശതമാനത്തെ നമുക്ക് വാക്‌സിനേറ്റ് ചെയ്യാന്‍ കഴിയാതെ പോവുന്നത്. സ്പുട്‌നിക് വലിയ തോതില്‍ ഇറക്കുമതി ചെയ്താല്‍ ഒരുപക്ഷെ മറികടക്കാനായേക്കും. പക്ഷെ ഇനി അതിന്റെ പ്രൊസസ്സിങ്ങിന് കാലതാമസമെടുക്കും. 

2014ല്‍ മോദിസര്‍ക്കാാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ ചെയ്ത കാര്യങ്ങളിലൊന്നാണ് ആസൂത്രണ കമ്മീഷനെ പിരിച്ചുവിടല്‍. ആസൂത്രണ കമ്മീഷന്‍ ഉണ്ടായിരുന്നെങ്കില്‍  കോവിഡ് മഹാമാരിയെനേരിടുന്നതില്‍ ഏത് തരത്തിലുള്ള സംഭാവന അത് നല്‍കിയേനെ?

പൊതുവെയുള്ള പ്ലാനിങ്ങിന്റെ തകര്‍ച്ച തന്നെയാണ് കോവിഡിനെ നേരിടുന്നതില്‍ ഉടനീളം നാം കാണുന്നത്. പ്ലാനിങ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ ആദ്യം ചെയ്തിരുന്നത് മുന്‍കൂട്ടി പ്രശ്‌നങ്ങള്‍ കണ്ട് അതില്‍ നിക്ഷേപം നടത്തി ആസൂത്രണം ചെയ്യുക എന്നതായിരുന്നു . പ്ലാനിങ്ങിനെതിരായുള്ള നവലിബറല്‍ സമീപനത്തിന്റെ ഭാഗമായാണ് സർക്കാർ അത് എടുത്തു കളഞ്ഞത്. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ വലിയ അപകടം ചെയ്തു.