പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്കില്‍ കമ്മറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വിഎസ് വിജയന്. പ്രളയാനന്തര കേരളത്തില്‍ നാം കൂടുതലും പുനര്‍നിര്‍മ്മാണത്തെ കുറിച്ചും പ്രളയാന്തര വികസനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ അതു കൊണ്ടായില്ല. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്ന നയങ്ങളിലൂടെയും നിയമനിര്മ്മാണങ്ങളിലൂടെയുമേ പ്രളയാനന്തര നടപടികള്‍ പൂര്‍ണ്ണമാകൂ എന്നാണ് വിഎസ് വിജയന് പറയുന്നത്. മതില്‍കെട്ടുന്ന രീതി മുതല്‍ രണ്ട് പേര്‍ക്ക് താമസിക്കാനായി പതിനായിരക്കണക്കിന് സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിക്കുന്നതിനെതിരേ നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു
- ഗാഡ്കില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും പാലിക്കാതെ പോയതു കൊണ്ട് കേരളം നേരിട്ട പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്
ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളും ഗാഡ്കിലില് പറഞ്ഞ സോണ്‍ വണ്‍ സോണ്‍ ടു ഏരിയയില്‍ വരുന്നുണ്ട്. ഇത് ഗാഡ്കിലിന്റെ മാത്രം പഠനമല്ല. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് നേരത്തെ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മേഖലകളെ കുറിച്ച് പഠനം നടത്തിയിരുന്നു. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളും കൃത്യമായി മാര്‍ക്കും ചെയ്തിട്ടുണ്ടവര്‍. സോണ്‍ വണ്ണിലെയും സോണ്‍ ടുവിലെയും പാറമടകള്‍ നിരോധിക്കണം എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. നിരോധിക്കണം എന്ന് പറഞ്ഞാല്‍ ഉടനെ അടച്ചു പൂട്ടണം എന്നല്ല. സോണ്‍ വണ്ണില്‍ അഞ്ച് വര്‍ഷം കൊണ്ട് ഇപ്പോള്‍ ഉള്ള പാറമടകള്‍ അടച്ചു പൂട്ടണമെന്നാണ് പറഞ്ഞത് രണ്ടാമത് പെര്മിഷന് കൊടുക്കരുതെന്നും പറഞ്ഞു. സോണ്‍ ടുവില്‍ പുതിയതിന് ലൈസന്‍സ് കൊടുക്കണമെങ്കില്‍ എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ് ചെയ്യണം(പരിസ്ഥിതി ആഘാത വിലയിരുത്തല്‍). ഇപ്പോള്‍ ചെയ്യുന്ന പോലെയല്ല. ക്യുമിലിറ്റീവ് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ്(പരിസ്ഥിതിക്കു മേലുള്ള ആഘാതത്തിന്റെ സമഗ്രമായ വിലയിരുത്തല്‍) ചെയ്യണം. എന്നുവെച്ചാല്‍ മൊത്തതില്‍ എന്ത് നഷ്ടമാണെന്ന് പഠനം നടത്തണം.
പാറമട അനുവദിക്കുമ്പോള്‍ ഇത് ജൈവവൈവിധ്യമേഖലയാണോ എന്ന് നോക്കും ഇവിടെയുള്ള സ്പീഷീസുകള്‍ വേറെ മേഖലയിലും ഉണ്ടെങ്കിൽ കുഴപ്പമില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടും നല്‍കുന്നതാണ് പൊതുവെയുള്ള രീതി. സ്പീഷിസിനെ കുറിച്ചുള്ള വിലയിരുത്തല്‍ ഇംപാക്ട് അസെസ്മെന്റിന്റെ ഒരു ചെറു ഭാഗം മാത്രമാണ്. ഇതു കൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രശ്നം ഉണ്ടാകും എന്നുള്ളതാണ് വലിയ സംഗതി. അത്തരത്തില്‍ പഠിച്ച് ടോട്ടല്‍ ഇംപാക്ട് അനാലിസിസ് നടത്തി നഷ്ടം എന്താണെന്ന് പറയണം. അത്തരത്തില്‍ ക്യുമിലിറ്റീവ് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ നടത്തി മാത്രമേ സോണ്‍ ടുവില്‍ പാറമടകള്‍ക്ക് അനുമതി നല്‍കാവൂ എന്നാണ് ഗാഡ്കില്‍ കമ്മറ്റി പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും എങ്ങും ചെയ്തിട്ടില്ല. സോണ്‍ മൂന്നില്‍ ഇപ്പോള്‍ ഉള്ള നിയമം വെച്ച് പെര്മിഷന് കൊടുത്തോളാനും പറഞ്ഞിട്ടുണ്ട്. ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ട് ഖനനം വേണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സോണ്‍ തിരിക്കുമ്പോള്‍ അത് ഗ്രാമസഭകളിലും പഞ്ചായത്തിലും കണ്‍സള്‍ട്ട് ചെയ്തിട്ട് വേണം തീരുമാനിക്കാന്‍ എന്നാണ് പറഞ്ഞത്. നേരത്തെ നൂറ് മീറ്ററായിരുന്നു ക്വാറികള്‍ക്കും വീടുകള്‍ക്കും തമ്മില്‍ അനുവദിച്ചിരുന്ന ചുരുങ്ങിയ ദൂരം. എന്നാല്‍ അത് 200 മീറ്ററാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ബ്ലാസ്റ്റിങിന് ടൂ യൂണിറ്റാണ് പരിധി. എന്നാല്‍ രണ്ട് യൂണിറ്റില്‍ ചെയ്യുകയായിരുന്നെങ്കില്‍ ഇത്രവലിയ വിള്ളലുകളും നഷ്ടങ്ങളും പല വീടുകള്‍ക്കും സംഭവിക്കില്ല.
- ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം അംഗം വി നന്ദകുമാര്‍ പറഞ്ഞത് പാറപൊട്ടിക്കലും ഉരുള്‍പൊട്ടലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ്. മാത്രവുമല്ല ഗാഡ്കില്‍ സമിതിയില്‍ ഭൗമ ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയില്ല എന്നും ആരോപിക്കുന്നു.
നിങ്ങള്‍ ഒരു വസ്തുവിന്മേല് ശക്തിയായി അടിച്ചു കൊണ്ടിരിക്കുകയാണ്. ഒരുതവണയല്ല പലതവണയായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആദ്യം ഒന്നും കാണില്ല. പിന്നെയും അടി തുടര്‍ന്നാല്‍ അതിന് ചെറിയ കേടുപാടു പറ്റില്ലേ, ആ സാധാരണക്കാരന്റെ യുക്തിയില്‍ നിന്നു കൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും പാറപൊട്ടിക്കുന്ന പോലെയല്ല സ്ഥിരമായി ഒരു സ്ഥലത്ത് അനുവദനീയമായ യൂണിറ്റിലും അധികമായ പ്രഹരം നല്‍കുന്നത്. പ്രത്യേകിച്ച് പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണെങ്കില്‍ പരിക്ക് കൂടും.അനുവദനീയമായ അളവില്‍ കവിഞ്ഞുള്ള ബ്ലാസ്റ്റിന്റെ ശക്തിയനുസരിച്ച് പാറയ്ക്ക് വിള്ളലുണ്ടാകും.അപ്പോള്‍ അതിലൂടെ വെള്ളമിറങ്ങും. വെള്ളമിറങ്ങിയ ശേഷം മണ്ണിറങ്ങും. എന്നിട്ട് ഇപ്പോള്‍ പെയ്ത പോലെ മഴപെയ്യുകയാണെങ്കില്‍ ഇത് മൊത്തം കുത്തിയൊലിച്ച് വരും. ഇതാണ് പലയിടങ്ങളിലും സംഭവിച്ചത്. സോണ്‍ ത്രീ ഉരുള്‍പൊട്ടാന്‍ സാധ്യത കുറവുള്ള സ്ഥലമാണ്. അവിടെ ഖനനമാവാം. പക്ഷെ ഈ പറഞ്ഞ 2 യൂണിറ്റ് ബ്ലാസ്റ്റിങ്ങേ പാടുള്ളൂ.
ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഭൗമ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൂടി എടുത്തിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എലിഫെന്റ് എക്സ്പെര്‍ട്ട്, ജനറ്റിക് എക്സ്പെര്‍ട്ട് അങ്ങനെ പലരും കമ്മറ്റിയില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കാകെ ഒരു വര്‍ഷത്തെ സമയമേയുണ്ടായിരുന്നുള്ളൂ. 14 ശാസ്ത്രജ്ഞരും. എന്നാല്‍ 40 പേരെ കമ്മീഷന് ചെയ്തു. ഓരോ ഏരിയയിലും ജോലി ചെയ്യുന്നവരുടെ അഭിപ്രായം എഴുതി വാങ്ങി അവര്‍ അത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അവതരിപ്പിച്ചു. ഇതെല്ലാം കഴിഞ്ഞാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഇവരെല്ലാവരും കൂടി 56 അംഗങ്ങള്‍ ഉള്‍പ്പെട്ട് ഉണ്ടാക്കിയതാണ് ഗാഡ്കില്‍ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഭൗമശാസ്ത്രജ്ഞരെ കണ്‍സള്‍ട്ട് ചെയ്തിട്ടില്ല എന്ന് പറയുന്നത് ശരിയല്ല.
- പശ്ചിമ ഘട്ടത്തില്‍ നിലവില്‍ 5926 ക്വാറികളുണ്ട്. അതില്‍ 750 ക്വാറികള്‍ക്കേ അനുവാദമുള്ളൂ. എന്ത് കൊണ്ടാണ് ഇത്രയും എളുപ്പത്തില്‍ അനധികൃത ഖനനം ഈ സംസ്ഥാനത്ത് സാധ്യമാവുന്നത്.
അനധികൃത ഖനനം നടക്കുന്നത് അത് നിയന്ത്രിക്കാനാളില്ലാത്തതു കൊണ്ടാണ്. അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഉടനെ അടച്ചു പൂട്ടണം എന്ന് ഗാഡ്കില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കരിങ്കല്‍ ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. എന്തിന് ഇത് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുന്നു. കരിങ്കല്‍ എന്നത് പൊതുസ്വത്താണ്. പൊതു സ്വത്ത് കുറച്ച് പണമുള്ള ആളുകള്‍ക്ക് തോന്നും പോലെ എടുത്ത് കൊള്ളയടിക്കാനുള്ളതല്ല. അത്തരം നിയമം സര്‍ക്കാര്‍ കൊണ്ടുവരേണ്ട ആവശ്യം ഉണ്ട്. തുഛമായ തുക ഫീസടച്ചാണ് ഇവര്‍ ഇത് എടുത്തു കൊണ്ട് പോവുന്നത്. സര്‍ക്കാര്‍ തലത്തില്‍ പൊതു സ്ഥാപനങ്ങള്‍ ചെയ്യേണ്ടതാണ് ഖനനം.
- വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മലിനീകരണവും കുറയ്ക്കാന്‍ അക്കമിട്ട് ചില സുസ്ഥിര വികസന നയ നിര്‍ദേശങ്ങള്‍...
ഈ അവസരത്തില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാവും. കരിങ്കല്ലിന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്.
1. കേരളത്തില്‍ ഇനി വരാന്‍ പോവുന്ന പദ്ധതികളെല്ലാം പ്രകൃതി സൗഹൃദമായിരിക്കണം. കയ്യിലെ പൈസക്കനുസരിച്ചാണ് ഇപ്പോള്‍ വീട് കെട്ടുന്നത് .അത് മാറ്റിയേ പറ്റൂ. കാശ് സ്വന്തം പോക്കറ്റിലേതാണെങ്കിലും വിഭവങ്ങള്‍ എല്ലാ ജനതക്കും അവകാശപ്പെട്ടതാണ്. പൊതുസ്വത്താണ്.
2.വീടുകളുടെ പരമാവധി വലിപ്പമെത്രയാവാം എന്ന കാര്യത്തില്‍ ഇനിയെങ്കിലും നാം തീരുമാനത്തിലെത്തണം. ഇപ്പോഴത്തെ നിലയില്‍ ഒരു വീട്ടില്‍ രണ്ടംഗങ്ങളാണുള്ളത്. അച്ഛനും അമ്മയും രണ്ട് മക്കളും. അതിനു പറ്റിയ വീട്മതി. ഏറിയാല്‍ 2500 ചതുരശ്ര അടി.അതിന്റെ മുകളില്‍ പോവേണ്ട യാതൊരു കാര്യവുമില്ല. അപ്പോ തന്നെ ക്വാണ്ടിറ്റി ഓഫ് കണ്‍സംപ്ഷന്‍ കുറഞ്ഞു. അതിനാല്‍ തന്നെ വീടുണ്ടാക്കാന്‍ ഒരു നയം വേണം. നിയമം വേണം. അത് സ്ട്രിക്ട് ആയി നടപ്പാക്കുകയും വേണം. ലൈസന്‍സ് കൊടുക്കരുത്.
3.കാടു വെട്ടിയും, തണ്ണീര്‍ത്തടം നികത്തിയും, കണ്ടല്‍കാട് വെട്ടിയും കൃഷി ഭൂമി നശിപ്പിച്ചുമുള്ള വികസനം ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുക. ഇര് റിവോക്കബിള്‍ ആയുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്. പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുമ്പോള്‍ നിയമം മാറരുത്.
4.ഒരു കാരണവശാലും തണ്ണീര്‍ത്തടവും നെല്‍പ്പാടവും ഇനി നികത്തരുത്. 1975ല്‍ നമുക്ക് 8.75 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടം ഉണ്ടായിരുന്നത് 1700 ഹെക്ടര്‍ ആയി കുറഞ്ഞു. നമുക്ക് ഒരു വര്‍ഷം ആവശ്യമുള്ള അരി 40 ലക്ഷം ടണ്‍ ആണ്.നാം കഷ്ടി ഉത്പാദിപ്പിക്കുന്നത് ആറ് ലക്ഷം ടൺ ആണ്. നെല്‍പ്പാടം നികത്തുന്നത് തെറ്റായ സംഗതിയാണ്. തിരിച്ച് നെല്‍പ്പാടം സംരക്ഷിക്കുന്നവരോട് സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കണം. നെല്‍പ്പാടത്ത് നിന്ന് പൊതുജനങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അടുത്തുള്ള കിണറുകളില്‍ റീ ചാര്‍ജിങ് നടക്കും. ഭൂഗര്‍ഭ ജലനിരപ്പ് ഉയരും. ജല ശുദ്ദീകരണം നടക്കും. എല്ലാ ഗുണങ്ങള്‍ക്കും കൂടി വിലയിട്ടാല്‍ 98ലക്ഷം രൂപ വരും. അതായത് ഒരു ഹെക്ടര്‍ നെല്‍പ്പാടം നിലനിര്‍ത്തിയാല്‍ 98ലക്ഷം രൂപയുടെ പരോക്ഷമായുള്ള ഗുണം ലഭിക്കുന്നുണ്ട്. അതിന്റെ ചെറുശതമാനം നെല്‍പ്പാടത്തിന്റെ ഉടമയ്ക്ക് നല്‍കണം. ഉടമ കൃഷി ചെയ്യാതെ ഇട്ടാലും കുഴപ്പമില്ല. ഉടമയ്ക്ക് നെല്പ്പാം സംരക്ഷിക്കുന്നതിന് ചെറു തുക വര്‍ഷം ലഭിക്കുന്ന വ്യവസ്ഥയിലേക്ക് വരണം. പല രാജ്യങ്ങളും ചെയ്യുന്നുണ്ട്.
5. തീരദേശത്ത് ഒരുപാട് കാര്യം ചെയ്യാനുണ്ട്. അവിടെ 1991ല്‍ ഉണ്ടായിരുന്ന തീരദേശ ആക്ട് പ്രകാരം 500മീറ്റര്‍ അകലത്തിലേ കെട്ടിടങ്ങള്‍ പാടുള്ളൂ. 1996ല്‍ അത് 200 മീറ്ററാക്കി ചുരുക്കി. മോദി സര്‍ക്കാര്‍ അത് 50 മീറ്ററാക്കിയിരിക്കുകയാണ്. വലിയ തെറ്റാണ് ആ ചെയ്തത്. തീരദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാത്രമല്ല. മൊത്തം നാടിനോടു ചെയ്ത വലിയ പാതകമാണത്.
- വീടിന്റെ വലിപ്പത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടലായി വ്യാഖ്യാനിക്കില്ലേ
വ്യക്തി സ്വാതന്ത്ര്യം എന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യമല്ലേ. ഇവിടെ സംഭവിക്കുന്നത് പൈസ കൂടുതലുള്ള അംബാനി തന്റെ വ്യക്തിസ്വാതന്ത്ര്യം അനുസരിച്ച് 28 നിലയുള്ള വീടുണ്ടാക്കുകയാണ്. പക്ഷെ ഈ വ്യക്തിസ്വാതന്ത്ര്യം നിങ്ങള്‍ക്ക് അനുവദിക്കുന്നതിലൂടെ പൊതു സ്വത്താണ് കൊള്ളയടിക്കപ്പെടുന്നത്. പൊതു സ്വത്ത് നിയന്ത്രണമില്ലാതെ ഉപയോഗിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ അതിന്റെ വില കുത്തനെ കൂടുകയാണ്. സാധാരണക്കാരനായ ഒരാള്‍ക്ക് വീടുവെക്കാന്‍ പറ്റാതെ വരുന്നു. അത്തരത്തില്‍ സാധാരണക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടയ്ക്കലാണ് നിങ്ങള്‍ കത്തിവെച്ചത്.
- ഗാഡ്കില്‍ കമ്മറ്റി മുന്നറിയിപ്പു തന്ന ചില പ്രവചനങ്ങള്‍ ഈ പ്രളയകാലത്ത് യാഥാര്‍ഥ്യമായല്ലോ. ആ പ്രവചനങ്ങള്‍ എന്തൊക്കെയായിരുന്നു.
ഗാഡ്കില്‍ കമ്മറ്റിയുടേത് പ്രവചനങ്ങളല്ലായിരുന്നു. അത് ശുപാര്‍ശകളാണ്. ഈ ശുപാര്‍ശകള്‍ ഗ്രാമസഭയിലും പഞ്ചായത്തിലും ചര്‍ച്ചചെയ്ത് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമേ ഫൈനലൈസ് ചെയ്യാവൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 500ലധികം പേജുള്ള റിപ്പോര്‍ട്ടിലെ ഓപ്പറേഷന് പാര്‍ട്ട് മലയാളത്തിലാക്കി എല്ലാ പഞ്ചായത്തിലേക്കും ഗ്രാമസഭയിലേക്കും അയച്ച് ചര്‍ച്ച ചെയ്യണമെന്നും അതിന് എംഎല്‍എയും പഞ്ചായത്തംഗങ്ങളും മുന്‍കൈയ്യെടുക്കണമെന്നും അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് മാത്രമേ റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്യാവൂ എന്ന് കമ്മറ്റി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ നല്‍കിയത് ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ മാത്രമാണ്.
ഗാഡ്കില്‍ കമ്മറ്റിയോട് ജനങ്ങള്‍ക്ക് വിരോധം വരാനുള്ള പ്രത്യേക കാരണം ഇക്കളോജിക്കലി സെന്‍സിറ്റീവ് ഏരിയ എന്ന് പറയുന്നത് ആര്‍ക്കും മനസ്സിലാവാത്തത് കൊണ്ടാണ്. ഇക്കളോജിക്കലി ഫ്രജൈല്‍ ലാന്‍ഡ് ആക്ട് വേറെയുണ്ട്. അതും ഇക്കളോജിക്കലി സെന്‍സിറ്റീവ് ഏരിയയും തമ്മില്‍ കൂട്ടി കുഴച്ച് ആശയക്കുഴപ്പുമുണ്ടാക്കിയിട്ടുണ്ട്. അത് മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്നാണ് എന്റെ തോന്നല്‍. ഇക്കളോജിക്കലി ഫ്രജൈല്‍ ലാന്‍ഡ് ആക്ടില്‍ പറയുന്നത് സംരക്ഷണ മേഖലക്ക് പുറത്തുള്ള കാടുകള്‍ കൂടി സംരക്ഷിച്ചാലാണ് സംരക്ഷണ മേഖല നിലനില്ക്കുകയുള്ളൂ എന്നാണ്. അല്ലെങ്കില്‍ അത് ഇല്ലാതാവും. അവിടെ ആളുകള്‍ കയറി താമസിച്ചാല്‍ പ്രശ്നങ്ങള്‍ വരും. അതു കൊണ്ട് ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കണമെന്നാണ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് ആക്ടില്‍ പറയുന്നത്.
ഇക്കളോജിക്കലി സെന്‍സിറ്റീവ് ഏരിയ എന്ന പറയുന്നത് ജനതാമസം ഉള്ള സ്ഥലമാണ്. അവിടെ തോട്ടങ്ങളാവാം കൃഷിഭൂമിയാവാം പശ്ചിമ ഘട്ടത്തിലെ ജനവാസമുള്ള മേഖലയെയാണ് ഇക്കളോജിക്കലി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കുന്നത്. സെന്‍സിറ്റീവ് ഏരിയയില്‍ നിന്ന് ഫ്രജൈല്‍ ഏരിയയിലേതു പോലെ ജനങ്ങള്‍ പുറത്തു പോവേണ്ട ആവശ്യമില്ല. ഇത്തരം മേഖലകളില്‍ മണ്ണൊലിപ്പ് കൂടുതലായിരിക്കും. ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാവും അങ്ങനെ ഇക്കളോജിക്കലി ഒരു പാട് പ്രശ്നങ്ങളുള്ള സ്ഥലമാണ്. അത് റിവൈവ് ചെയ്ത് കൊണ്ടു വരണം. ആ റിസ്റ്റോറേഷന്‍ പ്രക്രിയയ്ക്ക് പ്രാധാന്യം നല്കാന് വേണ്ടിയാണ് ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ എന്ന് വര്‍ഗ്ഗീകരിക്കുന്നത് തന്നെ. ഇതാര്‍ക്കും മനസ്സിലായിട്ടില്ല. ഇക്കാേളജിക്കലി സെന്‍സിറ്റീവ് ഏരിയ ലോകത്തില്‍ ആദ്യമായി പ്രഖ്യാപിച്ചത് ഇംഗ്ലണ്ടിലാണ്. അവിടെ ഒരു പ്രദേശത്ത് കൃഷി ഭൂമി മുഴുവനായും നശിച്ചു. അപ്പോള്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു ആ മേഖല മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിട്ട് അവിടെ മണ്ണൊലിപ്പ് തടയാനും മറ്റുമുള്ള കാര്യങ്ങള്‍ ചെയ്തു. 1957ല്‍ ആണത്. ഇന്ത്യയില്‍ 45 സ്ഥലങ്ങള്‍ ഇക്കളോജിക്കലി സെന്‍സിറ്റീവ് മേഖലയില്‍ വരുന്നുണ്ട്. അവിടുന്നൊന്നും ആളുകളെ ഇറക്കി വിട്ടിട്ടില്ല. കൃഷി ചെയ്യരുതെന്ന് പറഞ്ഞിട്ടുമില്ല. ആകെ പറഞ്ഞത് കൃഷി ചെയ്യാം കൃഷി ജൈവമായിരിക്കണമെന്ന് മാത്രമാണ്.
- ജൈവ കൃഷി കര്‍ഷകര്‍ക്ക് വലിയ ഏരിയയില്‍ കൃഷി ചെയ്ത് വിജയിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടാവില്ലേ
ജൈവ കൃഷി നയം ഞങ്ങള്‍ പുതുതായി കൊണ്ടുവന്നതല്ല. കേരളം ജൈവ കൃഷി നയമുള്ള സംസ്ഥാനമാണ്. ആ നയത്തിനോട് ചേര്‍ന്ന് ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയില്‍ നടപ്പിലാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജൈവ കൃഷി നയം എല്ലാ പാര്‍ട്ടികളും സമ്മതിച്ച കാര്യവുമാണ്. അഞ്ഞൂറിലധികം പേജുള്ള റിപ്പോര്‍ട്ടില്‍ കര്ഷക്കര്ക്കെതിരായി ഒരു വാക്യം ഉണ്ടെങ്കില്‍ ഞാന്‍ ഈ പരിപാടി നിര്‍ത്തും പരസ്യമായി മാപ്പ് പറയാനും തയ്യാറാണ്. അതേസമയം കര്‍ഷകര്‍ക്കനുകൂലമായ ഒരുപാട് കാര്യങ്ങള്‍ ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതാരും പറയുന്നില്ല.
ജൈവ കൃഷിയിലേക്ക് വരികയാണെങ്കില്‍ ആദ്യ രണ്ട് വിളകള്‍ കുറയുമെന്നത് യാഥാര്‍ഥ്യമാണ്. പാലക്കാട് എരുമയൂര്‍ പഞ്ചായത്തില്‍ ഞങ്ങള്‍ നൂറേക്കറില്‍ ജൈവ കൃഷി ചെയ്ത് കാണിച്ചു. അന്ന് കൃഷിക്കാര്‍ ഞങ്ങളെ കാലുകുത്താന്‍ സമ്മതിച്ചിട്ടില്ല. ആദ്യം വിളവെടുത്തപ്പോള്‍ ഒരേക്കറില്‍ ഇരുനൂറ് കിലോ നെല്ല് കുറവായിരുന്നു. ആ നഷ്ടം ആര് കൊടുക്കും എന്നായിരുന്നു അവരുടെ ചോദ്യം. ബയോഡൈവേഴ്സിറ്റി ബോര്‍ഡ് തരുമെന്ന് അന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു. അങ്ങനെയാണ് അവിടെ ജൈവകൃഷി തുടങ്ങുന്നത്. ഓരോ വീട്ടിലും 38 വീടുകളില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങി.1.25 ലക്ഷം രൂപയുടെ ജൈവ പച്ചക്കറി കൃഷിയുണ്ടാക്കി.അങ്ങനെ ജനങ്ങള്‍ ബോധവാന്മാരായി.
content highlights: Interview with Environmental activist V S Vijayan, speaks about gadgil report in detail