കേരളത്തിലെ ശാസ്ത്രീയ നൃത്തകലാ മേഖലയിൽ ജാതീയമായും ലിംഗപരമായും നിലനിൽക്കുന്ന വിവേചനങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നര്‍ത്തകനും കലാകാരനുമായ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന്. സംഗീത നാടക അക്കാദമിയുടെ 'സര്‍ഗ്ഗ ഭൂമിക' പരിപാടിയില്‍ അവസരം നിഷേധിക്കപ്പെട്ട അവസരത്തില്‍, തന്നെ അധമനായി കണ്ടു കൊണ്ട് ഭരണസമിതി പറഞ്ഞ വാക്കുകളും അദ്ദേഹം വേദനയോടെ ഓര്‍ത്തെടുക്കുന്നു. ഈ പ്രശ്നത്തിന് ഇനി ഒരു പരിഹാരമേയുള്ളൂവെന്നും അത് സെക്രട്ടറിയെ പുറത്താക്കണമെന്നതാണെന്നും ആര്.എല്‍.വി. രാമകൃഷ്ണന് വ്യക്തമാക്കുന്നു.
കേരളം ഇത്രയധികം സാമൂഹികമായും വിദ്യാഭ്യാസഭരമായും ഔന്നത്യം നേടിയ സമൂഹമായിരുന്നിട്ടും ഒരു കലാകാരന് എന്ന നിലയില്‍ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് കലാ രംഗത്തേക്ക് കടന്നു വന്നതിനു ശേഷം നേരിട്ട വിവേചനങ്ങള്‍ എന്തൊക്കെയാണ്?
നൃത്തകലയില്‍ സവര്‍ണ്ണ മേധാവിത്വം ഒരു കാലത്ത് നിലനിന്നിരുന്നു. വേദങ്ങള്‍ പഠിക്കാനുള്ള അവകാശം സവര്ണ്ണര്ക്കേ ഉണ്ടായിരുന്നുള്ളൂ. നൃത്തമെന്നത് നാട്യവേദമാണെന്ന് പറഞ്ഞ് സാധാരണക്കാര്‍ക്കിടയില്‍നിന്ന് പണ്ട് മാറ്റിനിര്‍ത്തിയ കലാരൂപമാണ്. സാധാരണജനങ്ങളിലേക്ക് വിജ്ഞാനമെത്താന് വേണ്ടിയാണ് നാട്യശാസ്ത്രം ഉണ്ടാക്കിയതെന്ന് ഭരതമുനി പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കണ്ടും കേട്ടും വിജ്ഞാനം സ്വായത്തമാക്കുക എന്ന ഉദ്ദേശത്തോടെ സംഗീതവും നൃത്തവും ചെയ്ത് വരുന്നത്. പിന്നീടത് ആരാധനയുടെയും ഫ്യൂഡലിസത്തിന്റെ ഭാഗമായി. ദൈവങ്ങളെ ആരാധിച്ചിരുന്ന കല പിന്നീട് രാജാക്കന്മാരെയും ഭൂപ്രഭുക്കന്മാരെയും വാഴ്ത്തിപ്പാടാൻ ഉപയോഗിക്കപ്പട്ടു. അങ്ങനെ കല അധഃപതിച്ചു പോയി. പിന്നീട് നവ്വോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് അതിലെല്ലാം മാറ്റം വരുന്നത്. എന്നിരുന്നാലും നൃത്തത്തിലെ നര്‍ത്തകിയുടെ ശരീരത്തിന്റെ ചൂഷണത്തില്‍ മാറ്റമുണ്ടായില്ല. അതിന്റെ ഭാഗം കൂടിയായാണ് മി ടൂവിലൂടെ പല സ്ത്രീകളും പ്രതികരിച്ചത്. സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ഇപ്പോഴും നിലനില്ക്കുന്നു. കലകളെ പുനരാവിഷ്കരിച്ചത് പുരുഷന്മാരാണെങ്കിലും നര്‍ത്തകിമാര്‍ ചൂഷണത്തിന് വിധേയമാക്കപ്പെട്ടു. അതോടൊപ്പം തന്നെ ഉന്നതകുലജാതിയില്പ്പെട്ടവര് ചെയ്താലേ നൃത്തം ശരിയാവൂ എന്ന നിലവന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നവ്വോത്ഥാന പ്രസ്ഥാനങ്ങളും പല രീതിയിലും സമൂഹത്തിന് പുരോഗതി നല്‍കിയെങ്കിലും കലയില്‍ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടായില്ല.
മോഹിനിയാട്ടത്തെ കൈരളി നൃത്തമെന്ന് പേരു മാറ്റാന്‍ വള്ളത്തോള്‍ നാരായണമേനോന് ശ്രമച്ചിരുന്നു. അത് ഇനിയെങ്കിലും സമൂഹമറിയണം. ആ കൈരളി നൃത്തമെന്ന പേര് എന്ത് കൊണ്ട് വിളിക്കപ്പെടാതെ പോയി? വള്ളത്തോളിന് തന്നെ നിശബ്ദത പാലിക്കേണ്ടി വന്നു. കഥകളി പോലുള്ള കലകളെ ഉദ്ധരിക്കുന്നതിനിടയില്‍ കഥകളിയാട്ടങ്ങള്ക്കിടയില് മോഹനിയാട്ടക്കാരികള് വന്നു നൃത്തം ചെയ്യുന്നു എന്നു കേട്ടാലേ സ്പോണ്‍സര്‍മാര്‍ വരൂ എന്നുള്ളതു കൊണ്ട് തന്നെ വള്ളത്തോളിനും നിശബ്ദത പാലിക്കേണ്ടി വന്നു.
മോഹിനിയാട്ടം കളിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ സ്ത്രീകളുടെ നൃത്തരൂപമാണ് അത് എന്ന് സംഗീതനാടകഅക്കാദമി പ്രതിനിധികള്‍ പറഞ്ഞിരുന്നോ?
അതെ, അങ്ങനെ പറഞ്ഞു. സ്ത്രീകളുടെ നൃത്തരൂപമാണെന്നും പുരുഷന് ലാസ്യം വരില്ലെന്നും വരെ പറഞ്ഞു. അങ്ങനെ ലാസ്യത്തെ മോഹിനിയാട്ടവുമായി കെട്ടിയിട്ടിരിക്കുകയാണ്. ഞാന്‍ ഈ വിഷയത്തിലാണ് പിഎച്ച്ഡി ചെയ്തത്. ലാസ്യ-താണ്ഡവ സങ്കല്പങ്ങള് മോഹിനിയാട്ടത്തില്‍ എന്നതാണ് എന്റെ വിഷയം. അത് പുരുഷന്മാര്ക്ക് അവതരിപ്പിക്കാം എന്നതുമാണ് എന്റെ പഠനം. ജന്മിത്ത വ്യവസ്ഥ ഇപ്പോഴും പലരുടെയും ഉള്ളില്‍ ഉറഞ്ഞു കിടക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന സേതു ലക്ഷ്മി ഭായ് ദേവദാസി സമ്പ്രദായം നിരോധിച്ചപ്പോള്‍ മോഹിനിയാട്ടവും നിരോധിച്ചിരുന്നു. ആ മോഹനിയാട്ടത്തെ വള്ളത്തോള്‍ പുനരുദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തിനാണ് വള്ളത്തോലിനെപ്പോലുള്ളവര് മോശപ്പെട്ട നൃത്തത്തെ പുനരുദ്ധരിക്കുന്നതെന്ന് ചോദിച്ചിരുന്നു. ഞാന്‍ മോഹിനിമാരുടെ ശരീരത്തെയല്ല, നൃത്തത്തെയാണ് കാണുന്നത് എന്നായിരുന്നു അന്ന് വള്ളത്തോള്‍ നല്കിയ മറുപടി. ഇത് മനസ്സിലാക്കാത്ത ഫ്യൂഡല്‍ പ്രഭുക്കന്മാര് ഇപ്പോഴും സാംസ്കാരിക കേരളത്തിന്റെ തലപ്പത്ത് വന്നിരുന്ന് മോഹിനിമാര്‍ ആടുന്നതാണ് മോഹിനിയാട്ടം എന്ന് വീണ്ടും പറയുകയാണ്. അധഃപതിച്ചിരുന്ന സമയത്ത് മോഹിനിയാട്ടം പുരുഷന്മാരെ പ്രീണിപ്പിച്ചിരുന്ന നൃത്തമായിരുന്നു. എന്നാല്‍ ഇത് ക്ലാസ്സിക്കല്‍ നൃത്തരൂപമാണെന്ന് പറഞ്ഞാണ് വള്ളത്തോള്‍ ഇതിനെ പുനരുദ്ധരിക്കുന്നത് തന്നെ.
ഇത്തരം കലാസാംസ്കാരിക ബോഡികളുടെ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിന്റെ മാനഡണ്ഡം എന്താണ്. നിലവിലെ സെക്രട്ടറിയുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്കളും അതിനു യോഗ്യനാണെന്ന് ഒരു അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞതായി കേട്ടു.
ഏതൊരു സര്‍ക്കാര്‍ വന്നാലും പെന്ഷന് പറ്റിയ കുറെയാളുകളെ ഇത്തരം സ്ഥാനങ്ങളിലേക്ക് അവരോധിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാട് കഴിവുള്ള പേരുള്ള കലാകാരന്മാര് പണിയും വരുമാനവുമില്ലാതെ കലാരംഗത്ത് കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട്. അവരെയെന്ത് കൊണ്ട് കൊണ്ടുവരുന്നില്ല? ഇത്തരമൊരു സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നതിന് എന്താണ് മാനദണ്ഡം? വൈസ് ചാന്‍സലര്‍മാരെയും മറ്റും നിയമിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടല്ലോ. എന്നാല്‍ ഇവിടെ അങ്ങിനെയൊന്നുമില്ല. ഈ സെക്രട്ടറിക്ക് 80 വയസ്സുണ്ട്. യു.ഡി. ക്ലര്‍ക്കായി പെന്ഷന് പറ്റിയ ആള്‍ക്ക് നിലവില്‍ രണ്ട് പെന്‍ഷനുണ്ട്. കലാമണ്ഡലം സെക്രട്ടറി സ്ഥാനവും കൊടുത്തു. അത് പെന്ഷന് പറ്റിയ ശേഷമാണ് ഇവിടെ കേരള സംഗീത നാടക അക്കാദമിയില്‍ സെക്രട്ടറിയായെത്തിയിരിക്കുന്നത്. കലാമണ്ഡലത്തിലെ ഭരണസമിതി നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും പെന്ഷന് പറ്റിയ പല ആളുകളുമാണ് ഇവിടെയുള്ളത്. കലാരംഗത്ത് പ്രവര്ത്തിച്ചവരെയൊന്നും പരിഗണിക്കാതെയാണ് ഇത്തരത്തിലുള്ളയാളുകള് എത്തുന്നത്. സാഹിത്യകാരനാണെങ്കില്‍ അദ്ദേഹം സാഹിത്യ അക്കാദമിയിലാണ് ഇരിക്കേണ്ടത്.
കലാപഠന കാലം തൊട്ടേ അവഗണനകള്‍ നേരിട്ടിരുന്നുവെന്ന് കേട്ടിരുന്നു. കലാമണ്ഡലത്തില്‍നിന്ന് കിട്ടിയ മാര്‍ക്ക് വെട്ടി കുറച്ച അനുഭവമുണ്ടായെന്നും പറഞ്ഞു കേട്ടു. ആ സംഭവത്തെ കുറിച്ച് വിശദീകരിക്കാമോ?
2006-ല്‍ കേരള കലാമണ്ഡലത്തില്‍ എം.ഫില്‍. വിത്ത് പിഎച്ച്ഡിക്ക് ഞാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ നാല് സീറ്റു മാത്രമാണ് അലോട്ട് ചെയ്തിരുന്നത്. റിസര്‍വേഷന്‍ സീറ്റ് അലോട്ട് ചെയ്തിട്ടില്ലായിരുന്നു . പിന്നീട് പരാതിയെത്തുടര്‍ന്ന് അത് എട്ട് സീറ്റാക്കി വര്‍ധിപ്പിച്ചു. അങ്ങനെയാണ് പ്രവേശനം ലഭിച്ചത്. നാലു സീറ്റില്‍ ഒരു സീറ്റ് എസ്.സി. വിഭാഗത്തിന് നല്‍കേണ്ടതായിരുന്നു. അത് തന്നില്ല. പിന്നീട് പരാതി നല്കി. ചേട്ടന് കലാഭവന്‍ മണിയോട് പറഞ്ഞ്, അദ്ദേഹം ഇടപെട്ടിട്ടാണ് അലോട്ട്മെന്റ് ലഭിക്കുന്നത്.
എം.ഫില്‍. എക്സാമില്‍ ഞാനടക്കം രണ്ട് പേര് ടോപ് സ്കോററായിരുന്നു. അതില്‍ ചില വിദ്യാര്‍ഥികള്‍ തോറ്റിരുന്നു. ഇവരെ ജയിപ്പിക്കാനായിരിക്കാം റിസള്‍ട്ട് വന്ന ശേഷം ഇതിന്റെ മാനദണ്ഡങ്ങള്‍ മാറ്റി. അങ്ങനെ ചേട്ടന് ഇടപെട്ടു. ആദ്യ റിസള്‍ട്ട് തന്നെ ഔദ്യോഗികമാക്കി. പ്രവേശന സമയത്തും റിസള്‍ട്ടിലും മാത്രമല്ല പഠിക്കുന്ന കാലത്തും പല ജാതീയവിവേചനങ്ങളും നേരിട്ടു. മോഹനിയാട്ട സെമിനാര്‍ സമയത്ത് എഴുന്നേറ്റ് പോകാന്‍ എന്നോടു പറഞ്ഞിരുന്നു.
ആ സംഭവം കുറച്ചുകൂടി വിശദമായി പറയാമോ?
സെമിനാര്‍ നടന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് എന്നെ തഴഞ്ഞത്. റിസര്‍ച്ച് സ്കോളര്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ആദ്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഞാന്‍ പങ്കെടുക്കാന്‍ പോവുന്നത്. അങ്ങനെ ആണ്‍കുട്ടികള്‍ക്ക് റജിസ്ട്രേഷന് ഇല്ലെന്ന് പറഞ്ഞ് മൈക്കിലൂടെ എന്നോടു പുറത്തു പോവാന്‍ പറഞ്ഞു. ഞാന്‍ മാത്രമേ ആണ്‍കുട്ടിയായി അവിടെ ഉണ്ടായിരുന്നുള്ളൂ.
ജാതീയമായ വിവേചനമാണോ അതോ ലിംഗപരമായ വിവേചനമാണോ ആ ഇറക്കിവിടലില് താങ്കള്‍ കാണുന്നത്?
ഇതില്‍ രണ്ടുമുണ്ട്. നമുക്ക് കിട്ടേണ്ടത് തുല്യതാസങ്കല്പത്തില്‍ നിന്നു കൊണ്ടു തരുന്നില്ല. ജാതി എന്നത് വ്യംഗമായേ ഇവിടെ കാണാന്‍ കഴിയൂ. വാക്കുകളിലൂടെ കാണാന്‍ കഴിയില്ല. തുല്യതാ മനസ്സുള്ളയാളാണെങ്കില് അദ്ദേഹം പട്ടിക ജാതിവിഭാഗത്തില്‍ നിന്ന് പഠിച്ചു വര്ന്നു വന്ന മനുഷ്യനാണ്. നല്ലൊരു അവസരം കൊടുക്കണമെന്ന് അവര്‍ കരുതണ്ടേ.
കലാഭവന്‍ മണിയുടെ അനിയനായതിനാല്‍ താങ്കള്‍ പ്രിവിലേജ്ഡ് വിഭാഗമാണെന്നു പറയുന്നവരുമുണ്ട്.
കലാഭവന്‍ മണി എങ്ങനെ കലാഭവന്‍ മണിയായെന്ന് നമുക്കറിയാം. കലാഭവന്‍ മണിക്കെവിടെ അംഗീകാരങ്ങള്‍ ലഭിച്ചിരിക്കുന്നു. അദ്ദേഹം ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എളുപ്പത്തില്‍ കഴിയുന്ന നാടന്‍പാട്ട് എന്ന മാധ്യമമുള്ളതുകൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. പകരം ശാസ്ത്രീയ സംഗീതമാണ് എടുത്തിരുന്നതെങ്കിലോ ഇങ്ങനെ ആയിത്തീരുമായിരുന്നില്ല. സിനിമാ മേഖലയിലും തിലകന് സാര്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്തെല്ലാമായിരുന്നു. കലാഭവന്‍ മണിക്ക് അവസാന സമയത്ത് സിനിമാ സംഘടനകളുമായി വല്ല ബന്ധവും ഉണ്ടായിരുന്നോ?
കലാഭവന്‍ മണി എപ്പോഴെങ്കിലും സിനിമാ രംഗത്ത് നേരിട്ട് ജാതീയ വിവേചനങ്ങളെ കുറിച്ച് പറഞ്ഞിരുന്നോ?
തീര്‍ച്ചയായും എല്ലായ്പ്പോഴും സംസാരിച്ചിരുന്നിരുന്നു. അദ്ദേഹം ഇതൊന്നും മൈന്‍ഡ് ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന് സിനിമാ ലോകത്ത് ഇടം കിട്ടി. ഇവിടെ ഞങ്ങളെപ്പോലുള്ള കലാകാരന്മാര് ജനകീയമാവുന്നില്ല. അതാത് മേഖലകളില്‍ ഒതുക്കപ്പെട്ട് പോവുകയാണ്.
നൃത്തമേഖലയിലെ പുരുഷന്മാരോട് ചില മുന്‍വിധികളും പരിഹാസം കലര്‍ന്ന മനോഭാവവും സമൂഹം വെച്ചു പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ടോ?
കേരളത്തില്‍ മാത്രമേ അങ്ങനെ അനുഭവപ്പെട്ടിട്ടുള്ളൂ. തമിഴ്നാട്ടില്‍ നര്‍ത്തകരായി പേരെടുത്ത എത്ര മലയാളികളുണ്ട്. ഗുരു ഗോപിനാഥ്, ജയശങ്കര്‍ എന്നിവരൊക്കെ കേരളത്തിനു പുറത്തുള്ള നൃത്തവേദികളില്‍ പേരെടുത്ത ശേഷമാണ് കേരളത്തില്‍ അവസരം ലഭിക്കുന്നത്. കേരളത്തിലെ നര്‍ത്തകര്‍ക്ക് പൊതുവേദിയില്ല. സംഗീത നാടക അക്കാദമിയുടെ ചരിത്രം എടുത്തു നോക്കുകയാണെങ്കില്‍ കേരളത്തില്‍ പഠിച്ച നര്‍ത്തകര്‍ക്ക് വേദിയോ അവാര്‍ഡുകളോ കിട്ടിയിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ഒരു ടിവി ഷോ താരം താങ്കളെ തത്തമ്മച്ചുണ്ടന്‍ എന്ന് പറഞ്ഞ് പരിഹസിക്കുകവരെയുണ്ടായി
അതെല്ലാം അധിക്ഷേപിക്കലാണ്. ചാന്ത്പൊട്ട് സിനിമ ഇറങ്ങിയ സമയത്ത് അത്തരത്തില്‍ എത്ര നര്‍ത്തകര്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. അതിനോടൊന്നും മറുപടിയില്ല.
ആത്മഹത്യ എന്നത് ചിലര്‍ക്ക് പ്രതിഷേധമാണ്, ചിലര്‍ക്കത് വ്യവസ്ഥിതികളോടുള്ള പോരാട്ടമാണ്, അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ചിലപ്പോള്‍ നിസ്സഹായതയും നിരാശയും വിഷാദത്തിലേക്കെത്തിച്ച് ചിലര്‍ ആത്മഹത്യയെകുറിച്ചാലോചിക്കും. അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് താങ്കളെ കൊണ്ടു ചെന്നെത്തിച്ചത് എന്താണ്?
എന്നെ സംബനധിച്ച് വിഷാദമായിരുന്നു കാരണം. അവസരം നിഷേധിച്ചത് മാത്രമല്ല; എന്നെ നുണയനെന്ന് വരെ ചിത്രീകരിച്ചു. അവസരം നിഷേധിച്ച സമയത്ത് എനിക്ക് സമൂഹത്തിന്റെ പല ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചിരുന്നു. ആ പിന്തുണ ഇല്ലാതാക്കാനാണ് ചെയര്‍പേഴ്സന്റെ പേരില്‍ കത്തിറങ്ങുന്നത്. കെ.പി.എ.സി. ലളിത അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് ഞാന്‍ കരുതുന്നില്ല. സെക്രട്ടറിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അത് ചെയ്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കെ.പി.എ.സി. ലളിത പറഞ്ഞതില്‍ ഏറ്റവും വിഷമിപ്പിച്ച കാര്യം എന്താണ്?
9 തവണ ഞാന്‍ കെ.പി.എ.സി. ലളിതയുമായി സംസാരിച്ചിരുന്നു. ഞാന്‍ അവരെ കണ്ടതും അപേക്ഷ കൊടുത്തതുമടക്കം ഞാന്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്ന് പറയുന്നു. പത്രങ്ങള്‍ക്കയച്ചു കൊടുത്ത ഇ മെയില്‍ സ്റ്റേറ്റ്മെന്റാണത്. അത് അവര്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ സമൂഹം തെറ്റിദ്ധരിച്ചല്ലോ എന്ന വിഷമം എന്നെ വേട്ടയാടിയിരുന്നു. അതാണങ്ങനെയെല്ലാം സംഭവിച്ചത്.
ഈ വിഷമഘട്ടത്തില്‍ ചേട്ടന് ഉണ്ടായിരുന്നെന്ന് ചിന്തിച്ചു പോയിട്ടുണ്ടാവുമല്ലോ?
അന്ന് ബസ്സിലിരുന്ന് ഞാന്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. ചേട്ടന് ഉണ്ടായിരുന്നെങ്കില്‍ ഇതെല്ലാം നിസ്സാരമാക്കി വിടണമെന്ന തരത്തില്‍ ഊര്‍ജ്ജം ലഭിക്കുമായിരുന്നു. എനിക്കാരുമില്ലെന്ന തോന്നലാണ് പലര്‍ക്കും. ഞാന്‍ ഒരു റെക്കമെന്റേഷനും പോയിരുന്നില്ല. പകരം നേര്‍മാര്‍ഗ്ഗത്തിലാണ് അപേക്ഷിച്ചത്.
സംഗീതനാടക അക്കാദമിയുടെ സര്‍ഗ്ഗഭൂമി പരിപാടിയില്‍ പ്രഭാഷണത്തിന് അവസരം ലഭിച്ചിരുന്നല്ലോ. നൃത്തത്തിനു പകരം പ്രഭാഷണത്തിന് അവസരം നല്‍കിയത് ഡോക്ടറേറ്റ് നേടി മേഖലയില്‍ ഗവേഷണം നടത്തിയെന്ന ആളെന്ന നിലയിലാണെങ്കിലോ ?
ഒരിക്കലുമല്ല. പെണ്‍കുട്ടികള്‍ക്കേ മോഹിനിയാട്ടം അവസരം നല്‍കൂ. നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ സംഭാഷണത്തിന് അവസരം നല്‍കാമെന്നാണ് അക്കാദമി പറഞ്ഞത്. രാമകൃഷ്ണന് അവസരം നല്കുകയാണെങ്കില് സംഗീത നാടക അക്കാദമിക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. ഞാന്‍ അധഃകൃതനായതുകൊണ്ടാണോ ഈ വിമര്‍ശനം ഉണ്ടാകുന്നത്. അതോ ഞാന്‍ കളവുകേസിലെ പ്രതി ആണോ?
അന്തിയാവുംവരെ വെള്ളം കോരീട്ടു കുടമുടക്കണ്ടല്ലോ എന്ന് വരെ പറഞ്ഞു. അത്രക്കും അധമനായാണ് അവരെന്നെ കാണുന്നത്. ഇങ്ങനെയൊക്കെയാണ് സെക്രട്ടറി പറഞ്ഞതെന്നാണ് കെ.പി.എ.സി. ലളിത ചേച്ചി എന്നോട് പറഞ്ഞത്. അതൊന്നും ഫോണിലല്ല സംസാരിച്ചത്. പകരം നേരിട്ടാണ്.
ഓട്ടോമാറ്റിക് റെക്കോഡിങ്ങ് ഫോണിലുണ്ട്. മറ്റ് ഫോൺ സംഭാഷണങ്ങൾ അങ്ങനെ റെക്കോഡ് ചെയ്യപ്പെട്ടതാണ്. അല്ലാതെ ഇതിനു വേണ്ടി റെക്കോഡ് ചെയ്തതൊന്നുമല്ല.
ഭരണസമിതി അംഗങ്ങള്‍ക്കും അവരുടെ ശിഷ്യഗണങ്ങള്ക്കുമാണ് എല്ലായ്പ്പോഴും അവസരം. എല്‍.എല്‍.ബിയും എം.ബി.ബി.എസ്സും കഴിഞ്ഞ് വെല്‍സെറ്റില്‍ഡ് ആയവരും നൃത്തത്തെ സൈഡ് പ്രൊഫഷനായി കൊണ്ടു നടക്കുന്നവരും വളകളും മറ്റും കൊണ്ടുവന്ന് കൊടുത്ത് അമ്മമാരെ പ്രീതിപ്പെടുത്തി വേദികളും അവസരങ്ങളും വാങ്ങുകയാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും അങ്ങനെ തന്നെ. കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരെ മാറ്റി നിര്‍ത്തി മറ്റു സാമ്പത്തികശേഷിയുള്ളവര്‍ക്കാണ് കൂടുതലും അവസരം നല്‍കുന്നത്.
ഇനി രാമകൃഷ്ണന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലല്ലോ?
ഒരിക്കലുമില്ല. ഇങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായി. പിന്തുണക്കുന്ന ഒരുപാട് പേരുണ്ടെന്ന തിരിച്ചറിവുണ്ടായി. പു.ക.സയടക്കം നിരവധി സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഉപഘടകങ്ങളായുള്ള സംഘടനകളാണ് പിന്തുണയുമായി വന്നിരിക്കുന്നത്.
റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടിയടുക്കുമെന്നുമാണ് മന്ത്രി എകെ ബാലന് പറയുന്നത്.
ഇനി എനിക്ക് അവസരം വേണ്ട. അതന്ന് എനിക്ക് തരേണ്ടതായിരുന്നു. ഈ കോവിഡ് കാലത്ത് എനിക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും മാനഹാനി വരുത്തുകയുമുണ്ടായി. ഇതെല്ലാം നേരത്തെ ഒഴിവാക്കാമായിരുന്നു. എനിക്കൊപ്പം നില്ക്കുന്ന സംഘടനകളെ എതിര്‍ത്ത് ഇനി അവസരത്തിനായി ഞാന്‍ പോകില്ല. താത്ക്കാലിക ജോലിക്കു പോലും കഴിഞ്ഞ ഒരാഴ്ചയായി പോകാന്‍ പറ്റിയിട്ടില്ല. ശാരീരികമായും മാനസ്സികമായും ഞാനാ ആഘാതത്തിൽനിന്നു മുക്തമായിട്ടില്ല. സെക്രട്ടറി ഒരു മാടമ്പിയാണെന്നും എല്ലാവരെയും അടക്കി ഭരിക്കുന്നയാളാണെന്നും അക്ഷേപമുണ്ട്. കലാമണ്ഡലം ഗോപിയാശാന് അടക്കമുള്ളവര്‍ ഭരണസമിതിയില്‍ നിന്ന രാജിവെച്ചു പോയത് എന്തുകൊണ്ടാണെന്ന അന്വേഷിക്കേണ്ടതാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരമേയുള്ളൂ. സെക്രട്ടറിയെ പുറത്താക്കണം.
content highlights: Interview with Dr RLV Ramakrishnan Interview, On sangeetha Nadaka academy controversies