കേരളത്തില്‍ കോവിഡ് വന്ന് മരിച്ചവരില്‍ മൂന്ന് ശതമാനം ആളുകള്‍ മാത്രമേ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ആരോഗ്യവാൻമാരായ ആളുകളുള്ളൂവെന്ന് തിരുവനമ്പുരം മെഡിക്കല്‍ കോളേജ് ഇന്‍ഫക്ഷ്യസ് ഡിസീസ വകുപ്പു മേധാവിയും സ്‌റ്റേറ്റ് ഡെത്ത് ഓഡിറ്റ് കമ്മറ്റി, സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗവുമായ ഡോ. ആർ. അരവിന്ദൻ.  ബാക്കി 97 ശതമാനം കോവിഡ് മരണങ്ങളും വൃക്കരോഗികളോ കാന്‍സര്‍ രോഗികളോ മറ്റ് ഗുരുതര രോഗങ്ങളുള്ളവരോ ആണ്. കേരളത്തിലെ കോവിഡ് മരണങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ വൃക്കരോഗികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മരണങ്ങളെ അപഗ്രഥിക്കാന്‍ കേരളത്തിനായി സ്വന്തമായി ഒരു കോവിഡ് ഡെത്ത് ഓഡിറ്റിങ് സംഘം തന്നെയുണ്ട്. എങ്ങനെയാണ് കോവിഡ് കണക്കെടുപ്പ് കേരളത്തില്‍ നടത്തുന്നത്  അതിന്റെ അപഗ്രഥന രീതിയെകുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഡോ. ആർ. അരവിന്ദൻ വിശദമായി സംസരിക്കുകയാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍.

കേരളത്തിലെ കോവിഡ് മരണം സംബന്ധിച്ച കണക്ക് വിവാദമായപ്പോള്‍ ബി.ബി.സി., വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ അത് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും. ആരോപണങ്ങള്‍ തെറ്റാണെന്ന് പിന്നീട് അവര്‍ക്ക മനസ്സിലായെന്നും ഡോ. ആർ. അരവിന്ദൻ പറഞ്ഞു.

?എങ്ങനെയാണ് ഒരു മരണം കോവിഡ് ആണോ അല്ലയോ എന്ന് സംസ്ഥാനം ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നത്.

ഒരു കോവിഡ് രോഗി ആശുപത്രിയില്‍ വെച്ച് മരിച്ചാല്‍ ഡെത്ത് ബുള്ളറ്റിന്‍ ആ ആശുപത്രി ഇറക്കും. അത് സ്‌റ്റേറ്റ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ പോയ ശേഷമാണ് കോവിഡ് മരണം പ്രഖ്യാപിക്കുന്നത്. പിന്നീട് ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ ഉണ്ടാകുന്ന മരണമെല്ലാം സ്റ്റേറ്റ് ഡെത്ത് ഓഡിറ്റ് കമ്മറ്റിയിലേക്ക് എത്തും. കോവിഡ് മരണമല്ല എന്ന് ഡെത്ത് ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയ പല മരണങ്ങളും സ്‌റ്റേറ്റ് ഡെത്ത് ഓഡിറ്റിങ്ങില്‍  കോവിഡ് മരണമായി പിന്നീട് മാറാറുണ്ട്.  

നിലവില്‍ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് നമ്മള്‍ കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ഒരാളുടെ മരണത്തില്‍ കോവിഡ് ഉണ്ടാക്കിയ സ്വാധീനം കണക്കിലെടുത്ത് മരണം നിശ്ചയിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അല്ലാതെ മരണപ്പെട്ടയാള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്നതല്ല, കോവിഡ് മരണമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കുന്നത്. കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി 14-ാം ദിവസം നെഗറ്റീവായി മരിച്ചാലും അത് കോവിഡ് മരണമായി തന്നെയാണ് കണക്കാക്കുന്നത്. രോഗി പിന്നീട് നെഗറ്റീവായാലും കോവിഡിന്റെ എന്തെങ്കിലും ചെറിയ അംശം മരണത്തിലുണ്ടെങ്കില്‍  കോവിഡ് മരണമായാണ് കണക്കാക്കുക. 

കോവിഡ് പോസിറ്റീവായ ശേഷവും ചില മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കാറില്ല. ആ സാഹചര്യം വിശദീകരിക്കാമോ.

ഒരാള്‍ പോസിറ്റീവായിട്ടും കോവിഡ് മരണം അല്ലാതിരിക്കാന്‍ രണ്ട് മൂന്ന് സാഹചര്യം മാത്രമേയുള്ളൂ. 1. റോഡപകടത്തില്‍ മരിച്ച ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് അയാള്‍ കോവിഡ് പോസിറ്റീവായാൽ അതിനെ കോവിഡ് മരണമായി കണക്കാക്കേണ്ടതില്ലെന്നാണ് ആരോഗ്യ സംഘടന പറയുന്നത്. 
2. ആത്മഹത്യ ചെയ്ത ഒരാള്‍ കോവിഡ് പോസിറ്റീവാണെങ്കിലും അയാളുടേത് കോവിഡ് മരണമായി കണക്കാക്കില്ല.
3. തലച്ചോറില്‍ രക്തസ്രാവമുണ്ടായ(സ്‌ട്രോക് അല്ല) ആള്‍ കോവിഡ് പോസിറ്റീവായാലും അതിനെ കോവിഡ് മരണമായി കണക്കാക്കാനാവില്ല. 

?വൃക്കരോഗികള്‍ കാന്‍സര്‍ രോഗികള്‍ എന്നിവര്‍ കോവിഡ് വന്ന് മരിച്ചാലും, കോവിഡ് രോഗി നെഗറ്റീവ് ആയ ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ചാലും അത് കോവിഡ് മരണമായി നമ്മള്‍ കണക്കാക്കുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. 

കോവിഡ് പോസിറ്റീവായ വൃക്കരോഗികള്‍ക്ക് ശ്വാസംമുട്ടല്‍ വന്നാല്‍ അത് കോവിഡ് കാരണം വന്നതാവണമെന്നില്ല. കാരണം ഡയാലിസിസ് കൃത്യസമയത്ത് നടത്തിയിട്ടില്ലെങ്കില്‍ ശ്വാസകോശത്തില്‍ വെള്ളം കെട്ടി ശ്വാസതടസ്സമുണ്ടാകാം. കോവിഡ് വന്നിട്ട് രോഗം മൂര്‍ച്ചിച്ചതാണോ അല്ലയോ എന്ന് എല്ലായ്‌പ്പോഴും കൃത്യമായി ഡോക്ടര്‍മാര്‍ക്ക് രേഖപ്പെടുത്താന്‍ പറ്റണമെന്നില്ല. ആശുപത്രി അത് കോവിഡ് മരണമായോ കോവിഡ് മരണമല്ലാതെയോ രേഖപ്പെടുത്തിയാലും സ്‌റ്റേറ്റ് ഡെത്ത് ഓഡിറ്റിങ് കമ്മറ്റി വീണ്ടും പരിശോധിച്ചാണ് മരണത്തെ കുറിച്ചുള്ള അന്തിമനിര്‍ണ്ണയം നടത്തുന്നത്. നേരത്തെ കേസ് കൂടിയപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡെത്ത് ഓഡിറ്റിങ് നടത്തിയിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം ചെയ്യുന്നുണ്ട്. ആശുപത്രി കോവിഡ് മരണമായി കണക്കാക്കിയത് പിന്നീട് കോവിഡ് മരണമല്ല എന്ന് ഡെത്ത് ഓഡിറ്റിങ് കമ്മറ്റി കണക്കാക്കുകയാണെങ്കില്‍ അതിന്റെ കാരണവും കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. 

വൃക്കരോഗികളോ മറ്റ് ഗുരുതര അസുഖമുള്ളവരോ പോസിറ്റീവായ ശേഷം മരിക്കുന്നത് കോവിഡ് കൊണ്ടാണോ, അതോ അവരുടെ നിലവിലെ രോഗാവസ്ഥ മൂര്‍ച്ചിച്ചതു കൊണ്ടാണോ എന്നെല്ലാം കൃത്യമായി ഗണിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്.  വൃക്കരോഗികളുടെ ഹൃദയത്തിന്റെ പമ്പിങ് മോശമാവും. പലപ്പോഴും അവര്‍ ഡയബറ്റിക്കായിരിക്കും. അവര്‍ക്ക് പ്രഷറുണ്ട്, ഹൃദയത്തിന്റെ നിലവിലെ അവസ്ഥ മോശമായിരിക്കും. അങ്ങനെയുള്ളവര്‍ ശ്വാസംമുട്ടി മരിക്കുന്നതിന് പല കാരണങ്ങളുണ്ടാവാം. അവര്‍ കോവിഡ് പോസിറ്റീവും കോവിഡ് രോഗ ലക്ഷണവുമുള്ളവരാണെങ്കിൽ അതിനെ കോവിഡ് മരണമായാണ് കണക്കാക്കാറ്. എന്നാല്‍ പോസിറ്റീവായി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മരണകാരണം കോവിഡ് ആണോ അല്ലയോ എന്ന് ഗണിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഏറ്റവും ഒടുവില്‍ സ്‌റ്റേറ്റ് ഓഡിറ്റ് കമ്മറ്റിയാണ് അന്തിമ നിര്‍ണ്ണയം നടത്തുന്നത്. 

കേരളത്തില്‍ കോവിഡ് വന്ന് മരിച്ചതില്‍ മൂന്ന് ശതമാനം ആളുകള്‍ മാത്രമേ മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരായുള്ളൂ. കേരളത്തിലെ കോവിഡ് മരണങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ വൃക്കരോഗികളാണ്. കോവിഡ് മരണങ്ങളില്‍ ധാരാളം കാന്‍സര്‍ രോഗികളുമുണ്ട്. ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തി ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിച്ച് ഒന്ന് രണ്ട് മാസം കഴിഞ്ഞ് സ്റ്റേറ്റ് ഓഡിറ്റ് കമ്മറ്റിയുടെ ഓഡിറ്റിങ് വഴി പിന്നീട് കോവിഡ് മരണമായി കണക്കാക്കിയ കേസുകള്‍ വരെ ആ കൂട്ടത്തിലുണ്ട്. 

?ക്ലാരിറ്റിക്കു വേണ്ടിയാണീ ചോദ്യം. കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി രോഗം ഭേദമായി എന്ന് കരുതുക. എന്നാല്‍ ശ്വാസകോശത്തിന് കോവിഡ് ബാധമൂലം വലിയ പ്രശ്ങ്ങനളുണ്ടായി എന്നും വെക്കുക. ഈ രോഗി ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് മരണപ്പെട്ടാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമോ.

ആശുപത്രിയില്‍ കിടക്കുന്ന ഒരാള്‍ കോവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തി പിന്നീട് നെഗറ്റീവായ ശേഷവും റിക്കവറി ഇല്ലാതെ ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ അത് കോവിഡ് മരണമായാണ് കണക്കാക്കുക. അതേസമയം, കോവിഡ് നെഗറ്റീവായ രോഗി 48 മണിക്കൂറെങ്കിലും ടോട്ടലി റിക്കവര്‍ ആയ ശേഷമാണ് മരിക്കുന്നതെങ്കില്‍ അതിനെ കോവിഡ് മരണമായി കണക്കാക്കേണ്ട എന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

ആശുപത്രിയില്‍ കിടന്ന് മരിക്കുന്നവർ നെഗറ്റീവായാലും കോവിഡ് മരണം ആയാണ് കണക്കാക്കുന്നത്. കാരണം അവർക്ക് രോഗം ഭേദമാകുന്നില്ലല്ലോ. ഒരു കോവിഡ് രോഗി നെഗറ്റീവായ ശേഷം അതുമൂലമുണ്ടായ രോഗത്തില്‍നിന്ന് മുക്തി നേടി വീട്ടില്‍വെച്ച്‌ മരിക്കുകയാണെങ്കില്‍ ഒരു പക്ഷെ ആ മരണം രേഖപ്പെടുത്തപ്പെടണമെന്നില്ല. ആ മരണം സിസ്റ്റത്തില്‍ വരണമെന്നില്ല. അതു നമ്മുടെ മാത്രം പ്രശ്‌നമല്ല. ലോകമാകെയുള്ള പ്രശ്‌നമാണ്. അതുകൊണ്ടാണ് ടോട്ടല്‍ കോസ് ഓഫ് ഡെത്ത് ആണ് ഇനി നാം പരിഗണിക്കേണ്ടതെന്ന് പറയുന്നത്. പല രാജ്യങ്ങളിലും വീട്ടില്‍വെച്ചുള്ള മരണങ്ങള്‍ കോവിഡ് മരണമായി രേഖപ്പെടുത്തിയിരുന്നില്ല. അങ്ങനെ വന്നപ്പോഴാണ് ആകെയുള്ള മരണങ്ങള്‍ എത്രയാണെന്ന് കണക്കാക്കി  മുൻവർഷങ്ങളുമായി താരതമ്യം ചെയ്യണമെന്ന രീതി മിക്ക രാജ്യങ്ങളും ഇപ്പോള്‍ പിന്തുടരുന്നത്. 

?അതായത് സിസ്റ്റത്തിന് മിസ് ചെയ്ത കോവിഡ് മരണങ്ങള്‍ കോവിഡേതര മരണങ്ങളില്‍ കാണും എന്നാണോ

ഏറ്റവും വലിയ മാനദണ്ഡം ഓള്‍ കോസ് മോര്‍ട്ടാലിറ്റിയാണ്. അതായത് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ ഓള്‍ കോസ് ഡെത്തിനെ കോവിഡ്- കോവിഡേതര മരണവുമായി താരതമ്യം ചെയ്ത് കുറവാണോ കൂടുതലാണോ ഉണ്ടായത് എന്ന് നോക്കുകയാണ് ഇനി ചെയ്യേണ്ടത്. 2015 മുതല്‍ 2019 വരെയുള്ള മരണങ്ങളുമായി 2020-ലെ കേരളത്തിലെ മരണങ്ങളെ താരതമ്യം ചെയ്തപ്പോള്‍ ഓള്‍ കോസ് ഡെത്ത് പൊതുവില്‍ കുറയുകയാണ് ചെയ്തത്. ആയിരത്തില്‍ 7.5 പേര്‍ മരിച്ച സ്ഥാനത്ത് 2020-ല്‍  ആയിരത്തില്‍ 7.2 പേരെ മരിച്ചിട്ടുള്ളൂ.  വികസിത രാജ്യങ്ങളെല്ലാംം തന്നെ ഓള്‍ കോസ് മോര്‍ട്ടാലിറ്റി കണക്കാക്കുന്നതിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തില്‍ ഡെത്ത് റജിസ്‌ട്രേഷന്‍ കൃത്യമായി നടക്കുന്നതുകൊണ്ട് തന്നെ ഓള്‍ കോസ് മോര്‍ട്ടാലിറ്റി അറിയാന്‍ നമുക്കെളുപ്പമാണ്. 

?മറ്റ് സസ്ഥാനങ്ങളില്‍ ഡെത്ത് ഓഡിറ്റിങ് ഇതുപോലെ നടക്കുന്നുണ്ടോ.

എല്ലാ സംസ്ഥാനത്തിനും ഡെത്ത് ഓഡിറ്റിങ് കമ്മറ്റി വേണമെന്ന് ഐ.സി.എം.ആര്‍. ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഡെത്ത് ഓഡിറ്റിങ് അനലൈസ് ചെയ്ത് പബ്ലിഷ് ചെയ്തിട്ടില്ല. 

കോവിഡ് കണക്ക് കൂടുമ്പോൾ ഹൃദ്രോഗ ചികിത്സയ്ക്ക് സൗകര്യം ലഭിക്കാതെ  ഹൃദ്രോഗം വന്ന് മരിക്കുന്ന അവസ്ഥ വരും. അത് കോവിഡ് മരണമല്ലെങ്കിലും കോവിഡിന്റെ സ്വാധീനം ആ മരണത്തിനിടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എത്ര പേര്‍ കോവിഡ് വന്ന മരിച്ചു എന്നല്ല ഇനി നമ്മുടെ രാജ്യം നോക്കേണ്ടത്. പകരം 2020-ല്‍ എത്ര പേര്‍ കൂടുതലായി മരിച്ചു എന്നാണ് ഇനി നോക്കേണ്ടത്.  യു.എസ്സില്‍ നാല് ലക്ഷം അധികമരണം കോവിഡ് വ്യാപനകാലത്തുണ്ടായി. കോവിഡിന്റെ ആധിക്യം മൂലം മറ്റ് മരണങ്ങൾക്കുള്ള ചികിത്സ കിട്ടാതെ മരിച്ചവർ ഇതിലുണ്ടാവാം. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. മുൻവർഷങ്ങളിലേതിനേക്കാൾ ലോകത്ത് ഏറ്റവും കുറവ് ഓള്‍ കോസ് ഡെത്ത് രേഖപ്പെടുത്തിയത് കേരളത്തിലാണ്. 2021-ലെ സാഹചര്യം എന്താകും എന്ന് നമുക്കുറപ്പില്ല. രണ്ടാം തരംഗത്തില്‍ യു.കെ. വകഭേദം വ്യാപിച്ചതിനാൽ മരണസംഖ്യ കൂടിയേക്കും. 

?ഒരു കോവിഡ് രോഗി ആശുപത്രിയില്‍നിന്ന് രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം പിന്നീട് വീണ്ടും അനുബന്ധരോഗങ്ങള്‍ വന്ന് ആരോഗ്യനില വഷളായി മറ്റൊരു ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നതെങ്കില്‍ ആ മരണം രേഖപ്പെടുത്തപ്പെടാതെ പോകാന്‍ സാധ്യതയില്ലേ. 

ഉണ്ട്. അതിന് സാധ്യതയുണ്ട്. പക്ഷെ പൊതുവെ മിക്കവരും അതേ ആശുത്രിയില്‍ പോകുന്ന രീതിയിയാതിനാല്‍ വല്ലാതെ മിസ് ആകില്ല. കണക്കുകളില്‍ നാം മിസ് ചെയ്യാന്‍ സാധ്യതയുള്ള മരണങ്ങള്‍ ഇതുപോലുള്ളത് മാത്രമാണ്. ഇക്കാരണങ്ങള്‍ പലതും കൊണ്ടാണ് നിലവില്‍ പല വികസിത രാജ്യങ്ങളും കോവിഡ് മരണങ്ങളെ കുറിച്ച് പറയാറില്ല. ആകെയുള്ള മരണങ്ങളെ കുറിച്ചാണ് അവര്‍ പറയുന്നത്. കേരളമാണ് ഇന്ത്യയിലാദ്യമായി ആള്‍ കോസ് മോര്‍ട്ടാലിറ്റി(ആകെയുള്ള മരണം) പബ്ലിഷ് ചെയ്തത്. കേരളത്തെ മാതൃകയാക്കി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും ഓള്‍ കോസ് മോര്‍ട്ടാലിറ്റിയെ കുറിച്ച് പറയണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 

? മരിച്ച ശേഷം ആശുപത്രിയിലെത്തുന്ന ഒരാളുടെ മരണം കോവിഡ് മൂലമാണോ അല്ലയോ എന്ന് എങ്ങനെയാണ് കണക്കാക്കുന്നത്.

മരിച്ച് കൊണ്ടുവരുന്നവരുടെ സ്രവം ആര്‍.ടി.പി.സി.ആറില്‍ പോസിറ്റീവായാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വീണ്ടും പരിശോധനയ്ക്കായി വിടും. വെര്‍ബല്‍ ഓട്ടോപ്സി ചെയ്താണ് കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നത്. അതായത് രോഗി മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് ബന്ധുക്കളില്‍നിന്ന് ചോദ്യാവലി വഴി ചോദിച്ചറിഞ്ഞ് നിഗമനത്തിലെത്തുന്നു. പൊതുവെ കോവിഡ് മരണമായി തന്നെയാണ് ഇത്തരം മിക്ക മരണങ്ങളും രേഖപ്പെടുത്തുന്നത്. പക്ഷെ, മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ഇത്തരം കേസുകളില്‍ വെര്‍ബല്‍ ഓട്ടോപ്‌സി നടത്തുക

ഒരാള്‍ക്ക് നെഞ്ചുവേദന വന്ന് പെട്ടെന്ന മരിച്ചു ആശുപ്രിയില്‍ കൊണ്ടുവന്നു എന്ന കരുതുക. രോഗിക്ക് പനിയില്ല, ചുമയില്ല. എന്നാല്‍ മരണശേഷം നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവുമായി. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വന്ന് മരിച്ചതിനാല്‍  ഒരു പക്ഷെ കോവിഡുമായി ബന്ധം കാണണമെന്നില്ല. പോരാത്തതിന്‌ ഹൃദയാഘാതം സര്‍വ്വസാധാരണമാണല്ലോ. എന്നാല്‍ പനിയോ ക്ഷീണമോ ചുമയോ ഉണ്ടായ ശേഷമാണ് ഹൃദയാഘാതം ഉണ്ടായതെങ്കില്‍ അത് കോവിഡ് മരണം തന്നെയാണ്.

ലക്ഷണങ്ങളൊന്നുമല്ലാതെ കുഴഞ്ഞുവീണ് ഹൃദയാഘാതം വന്നാണ് മരിക്കുന്നതെങ്കിൽ ഡെത്ത് ഓഡിറ്റിങ് കമ്മറ്റി വെര്‍ബല്‍ ഓട്ടോപ്‌സി ചെയ്യും. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത ഇത്തരം ഹൃദയാഘാതങ്ങള്‍ കോവിഡ് മരണമായി സ്‌റ്റെറ്റ് ഡെത്ത് ഓഡിറ്റ് കമ്മറ്റി പിന്നീട്  രേഖപ്പെടുത്തിയിട്ടുമുണ്ട്. 

?കേരളത്തിലെ മരണങ്ങള്‍ നിലവില്‍രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണ് എന്ന തരത്തില്‍ ചില പാരലല്‍ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. 

കോവിഡ് മരണം സംബന്ധിച്ച കണക്ക് ഇടക്ക് വിവാദമായപ്പോള്‍ ബി.ബി.സി., വാഷിങ് ടണ്‍ പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ അത് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നമ്മുടെ ഡെത്ത് ഓഡിറ്റിങ് റിപ്പോർട്ട് വായിച്ചു മനസ്സിലാക്കിയാണ് അവര്‍ സംശയങ്ങളെല്ലാം തീര്‍ത്തത്. ആരോപണങ്ങള്‍ തെറ്റാണെന്ന് പിന്നീട് അവര്‍ക്കു മനസ്സിലായി. മാത്രവുമല്ല, നേരത്തെ പറഞ്ഞപോലെ സംസ്ഥാനം രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളില്‍ 20 ശതമാനവും ഡയാലിസിസിന് വിധേയരായ ക്രോണിക് കിഡ്‌നി രോഗികളുടെ മരണമാണ്. നമ്മുടെ മാധ്യമപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഈ ഡെത്ത് ഓഡിറ്റിങ് റിപ്പോര്‍ട്ടു പോലും കാണാതെയാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 

?കഴിഞ്ഞ ദിവസം ഇറങ്ങിയ തൃശ്ശൂര്‍ മാതൃഭൂമി പത്രത്തില്‍ 49 കോവിഡ് മരണങ്ങളുടെ വാര്‍ത്ത ഫോട്ടോ അടക്കം കൊടുത്തിരുന്നു. ഒറ്റ ദിവസം ഉണ്ടായ കോവിഡ് മരണങ്ങളാണിവ. അതേസമയം ശരാശരി 60 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ പ്രതിദിനം ഉണ്ടാകുന്നത്. ഒരു ജില്ലയില്‍ 49 മരണം വരെ  വന്ന സ്ഥിതിക്ക് ദിവസേനയുള്ള ഔദ്യോഗിക കണക്കിൽ ഈ മിസ്സിങ് സംഭവിക്കുന്നതെങ്ങനെയാണ്.

നേരത്തെ പറഞ്ഞതുപോലെ ഒരു സ്ഥാപനത്തില്‍ കോവിഡ് ആയി രേഖപ്പെടുത്തുന്ന മരണവും കോവിഡായി രേഖപ്പെടുത്താത്ത മരണവും പിന്നീടാണ് സംസ്ഥാന കോവിഡ് ഡെത്ത് ഓഡിറ്റിങ് കമ്മറ്റിയിലെത്തുന്നത്. ഡെത്ത് ഓഡിറ്റിങ് കമ്മറ്റി ദിവസവും കൂടുന്ന സംവിധാനമല്ല.ആഴ്ടയിലേ കൂടാറുള്ളൂ. ഈ ആഴ്ചയിലെ ഡെത്ത ആവണമെന്നില്ല ഈ ആഴ്ച ഓഡിറ്റ് ചെയ്യുന്നത്. അതിന്റെ വ്യത്യാസം കണക്കുകളില്‍ കാണിക്കാം

കോവിഡ് ബ്രോങ്കോ ന്യൂമോണിയ എന്ന രേഖപ്പെടുത്തിയ മരണങ്ങളെല്ലാം അന്ന് തന്നെ സ്ഥാപനങ്ങള്‍ കോവിഡ് മരണമായി രേഖപ്പെടുത്തും. അത് സറ്റേറ്റ് ഡെത്ത ഓഡിറ്റിങ് കമ്മറ്റി കാണുന്നതിനു മുമ്പ് തന്നെ കോവിഡ് മരണമായി പ്രഖ്യാപിക്കപ്പെടും. അതാണ് അതാത് ദിവസം മുഖ്യമന്ത്രി വായിക്കുന്നത്. 

ആദ്യം ഡെത്ത് ഓഡിറ്റ് ചെയ്യപ്പെടുന്നത് ആശുപത്രിയിലാണ്. എന്നിട്ട് മൊത്തം ഇന്‍ഫക്ഷ്യസ് മരണങ്ങളുടെ കണക്കുകള്‍ സ്റ്റേറ്റ് ഡെത്ത് ഓഡിറ്റിങ് കമ്മറ്റിയിലേക്ക് വരും. ആദ്യമുതലേ കേരളത്തില്‍ ഡെത്ത് ഓഡിറ്റിങ് കമ്മറ്റിയുണ്ട. ആ കമ്മറ്റി തന്നെയാണ് ഇപ്പോള്‍ കോവിഡ് ഡെത്തും ഓഡിറ്റ് ചെയ്യുന്നത്. ഈ മരണമെല്ലാം ആശുപത്രികള്‍ WHO പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയാണോ ഓഡിറ്റ് ചെയ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ഡെത്ത് ഓഡിറ്റിങ് കമ്മറ്റി പരിശോധിക്കും. അങ്ങനെ ഒരുപാട് കോവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടാറുണ്ട്

content highlights: Interview with Dr R Aravind, State death auditing committee member