കോവിഡ് രോഗവ്യാപന ഘട്ടം മുതല്‍ ഒട്ടേറെവ്യാജവാർത്തകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. നിരന്തര ബോധവത്കരണത്തിലൂടെ ജനം തള്ളിക്കളഞ്ഞെങ്കിലും ഇന്നും കോവിഡുമായി ബന്ധപ്പെട്ട് തെെറ്റിദ്ധാരണയുളവാക്കുന്ന വാർത്തകൾ സമൂഹത്തിൽ പരക്കുന്നുണ്ട് . ഏറ്റവും ഒടുവിലായി റഷ്യയുടെ വാക്സിൻ വികസനവുമായി ബന്ധപ്പെട്ടും പല വാർത്തകൾ പുറത്തു വന്നു. റഷ്യ കണ്ടെത്തിയ കോവിഡ് വാക്‌സിന്‍ ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്ന മാധ്യമവാർത്തയെ പ്രതീക്ഷയോടെയാണ് ലോകം കണ്ടത്. പക്ഷെ എത്രത്തോളം പ്രായോഗികമാണത്? കോവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണങ്ങളില്‍ പലതിനെകുറിച്ചും ഡോ. ബി ഇക്ബാല്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വിദഗ്ധസമിതിയുടെ അധ്യക്ഷനാണ് ഡോ. ബി. ഇക്ബാൽ.
റഷ്യ കോവിഡിനെതിരേയുള്ള വാക്സിന്‍ വിപണിയിലെത്തിക്കാനുള്ള ഘട്ടത്തിലെത്തി നില്‍ക്കുന്നു. യു.എസ് വാക്സിന്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലും. ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിന് സാധരണഗതിയില്‍ മാസങ്ങളെടുക്കില്ലേ.. വാക്സിന്റെ സൈഡ് എഫക്റ്റുകള്‍ പഠിക്കാന്‍ ഇത്ര കുറഞ്ഞ സമയം മതിയോ...ഓഗസ്റ്റില്‍ വാക്‌സിന്‍ ലോഞ്ച് ചെയ്യുമെന്ന വാര്‍ത്ത എത്രത്തോളം ആശ്വാസദായകമാണ്?
മൂന്നാം ഘട്ടത്തിലെത്തി എന്നുള്ളത് നല്ല കാര്യമാണ്. സാധാരണ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. അതിനു ചുരുങ്ങിയത് നാലഞ്ചു മാസമെടുക്കും. ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യമോ മാത്രമേ വാക്സിൻ വിപണയിലെത്തൂ. മനുഷ്യപരീക്ഷണത്തിനു ശേഷവും നിരവധി ഘട്ടങ്ങളുണ്ട്. റെഗുലേറ്ററി ഏജന്‍സികളും പരീക്ഷിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ അനുവാദം നല്‍കേണ്ടതുണ്ട്. പിന്നെ ഉത്പാദനം നടത്താനും ബോട്ട്ലിങ്ങിനും സമയമെടുക്കും. അങ്ങനെ വരുമ്പോള്‍ വാകസിന്‍ വിപണിയിലെത്താന്‍ അടുത്ത വര്‍ഷമാദ്യമോ ഈ വര്‍ഷാവസാനമോ ആകും.
പക്ഷെ ഓഗസ്റ്റോടെ റഷ്യ വാക്‌സിന്‍ വിപണിയിലിറക്കുമെന്നാണ് വാര്‍ത്തകള്‍
അത് ബുദ്ധിമുട്ടാണ്. ജനുവരിയില്‍ കണ്ടെത്തിയ വൈറസിന് എതിരായ വാക്‌സിന്‍ അഞ്ചെട്ട് മാസം കൊണ്ട് എങ്ങനെയാണ് മാര്‍ക്കറ്റിലെത്തുക? അത് ബുദ്ധിമുട്ടാണ്. ആ വാര്‍ത്തകളിലൊന്നും കാര്യമില്ല. എന്തൊക്കെയായാലും ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷമാദ്യമോ മാത്രമേ വിപണിയിലെത്തിക്കാന്‍ പറ്റൂ. അപ്പോഴേക്കും രോഗം ലോകത്തുനിന്നു തന്നെ പിന്‍വലിഞ്ഞു തുടങ്ങും.
ഇനി റഷ്യ വിപണിയിലെത്തിച്ചാല്‍ തന്നെ അത് ഇന്ത്യന്‍ വിപണിയിലെത്താന്‍ എത്രകാലമെടുക്കും. എന്തെല്ലാം കടമ്പകളിലൂടെ പോകണം
നമ്മുടെ റഗുലേറ്ററി അതോറിറ്റിയുടെ അനുവാദത്തിനു ശേഷമേ നമ്മുടെ വിപണിയിലതു ലഭിക്കൂ. അമേരിക്കയില്‍ പരീക്ഷണഘട്ടം മുഴുനും കഴിയുന്നതിനു മുമ്പെ അവര്‍ മരുന്നുകള്‍ കുപ്പികളിലാക്കി വിപണനത്തിനു തയ്യാറാക്കി തുടങ്ങി. പരീക്ഷണം വിജയിച്ചില്ലെങ്കില്‍ അവരത് കളയും. എന്നാൽ പരീക്ഷണം വിജയിച്ചാൽ വിപണിയിലെത്താനുള്ള കാലതാമസം ഇതുമൂലം കുറയും. അതായത് റഗുലേറ്ററി അതോറിറ്റിയുടെ അനുവാദത്തിനു മുമ്പ് തന്നെ അവര്‍ കുപ്പിയിലാക്കി തുടങ്ങി. പരീക്ഷണം പരാജയപ്പെട്ടാല്‍ അതത്രയും നശിപ്പിക്കേണ്ടി വരും. അത് സാമ്പത്തിക നഷ്ടമുണ്ടാക്കും. അമേരിക്കയുടെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്' ബോട്ടലിങ്ങ് ഇപ്പോഴേ ആരംഭിച്ചു. പരീക്ഷണം കഴിഞ്ഞ ഉടനെ ജനങ്ങളിലെത്താന്‍ കാലതാമസം വരേണ്ട എന്ന് കരുതിയാണ് അവരങ്ങനെ വേഗം കുപ്പികളിലാക്കുന്നത്. പക്ഷെ എന്തൊക്കെ ചെയ്താലും ഈ വര്‍ഷമവസാനം ആകും വാക്‌സിന്‍ വിപണിയിലെത്താന്‍.
ക്ലിനിക്കല്‍ ട്രയലിന്റെ മൂന്ന് ഘട്ടങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെയും സങ്കീര്‍ണതകളെയും കുറിച്ചും ഒന്നു വിശദീകരിക്കാമോ?
സുരക്ഷിതമായിരിക്കണം, ഫലപ്രദമായിരിക്കണം, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകരുത്(സേഫ്റ്റി, എഫിക്കസി, സൈഡ് എഫക്റ്റ്‌സ്). ഇതിനു വേണ്ടിയാണ് വാക്സിൻ മൂന്ന് ഘട്ടങ്ങളായി പരീക്ഷിക്കുന്നത്. ഇതെല്ലാം കൂടി നോക്കുമ്പോള്‍ ചുരുങ്ങിയത് ഒന്നോ ഒന്നര വര്‍ഷമോ കഴിയാതെ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിയില്ല.
ഓഗസ്റ്റ് 15-ന് വാക്‌സിന്‍ ഇറക്കാനുള്ള കഠിനശ്രമത്തിലാണ് തങ്ങളെന്ന ഐ.സി.എം.ആര്‍. ഡയറക്ടര്‍ പറഞ്ഞിരുന്നു
അതൊക്കെ പിന്‍വലിച്ചല്ലോ.
കേരളത്തില്‍ അടുത്തത് സമൂഹവ്യാപന ഘട്ടമാണെന്നും ജനം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സമയത്തെ സമരങ്ങളും മറ്റ ഒത്തുചേരലുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കും. ഈ സമയത്ത് ജനം പുലര്‍ത്തേണ്ട ജാഗ്രതാ നടപടികള്‍ എന്തൊക്കെയാണ്
സമരങ്ങള്‍ അവസാനിച്ചല്ലോ. മൂന്ന് കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. ബ്രേക്ക് ദി ചെയിന്‍ പാലിക്കുക. അതായത് സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ സോപ്പിട്ടു കഴുകുക. ഗാര്‍ഹിക ക്വാറന്റീനിലുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും കര്‍ശനനിയന്ത്രണങ്ങള്‍ പാലിക്കണം. പ്രായാധിക്യമുള്ളവരും ചെറിയ കുട്ടികളും വീട്ടില്‍നിന്ന് പുറത്തിറങ്ങരുത്. റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കണം. കാരണം അവര്‍ രോഗം എളുപ്പം പിടിപെടാന്‍ സാധ്യതയുള്ളവരാണ്. ഈ മൂന്ന് കാര്യങ്ങളും നാം കര്‍ശനമായി പാലിത്താൽ തന്നെ കുറെയേറെ രോഗത്തെ പ്രതിരോധിക്കാം.
കോര്‍പ്പറേഷന്‍ വഴി ഹോമിയോ പ്രതിരോധ ഗുളികകള്‍ പലര്‍ക്കും ലഭിക്കുന്നുണ്ട്. പലരും കഴിക്കുന്നുമുണ്ട്.
അത് നിങ്ങളുടെ സ്വന്തം റിസ്‌കിലെടുക്കുക. ഇന്നലെ ഹോമിയോ മരുന്ന് കഴിച്ചയാളാണ് ഗുരുതരാവസ്ഥയിലായി മരണമടഞ്ഞത്. പ്രതിരോധത്തിന് തരുന്ന മരുന്നുകള്‍ ഫലപ്രദമാകുമെന്നതിന് യാതൊരു തെളിവുമില്ല.
കോവിഡ് വാര്‍ത്ത പുറത്തു വന്ന കാലം മുതല്‍ നാരങ്ങാവെള്ളം കുടിക്കുന്ന രീതി പല കുടുംബങ്ങളും സ്വീകരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിലെ നഴ്‌സുമാരില്‍ ചിലര്‍ തന്നെ അങ്ങനെ പറയുന്നതായി പലയാളുകളും പറയുന്നുണ്ട്.
ആരോഗ്യ വകുപ്പ് അങ്ങനെ പറയില്ല. വ്യക്തിപരമായ അഭിപ്രായങ്ങളായിരിക്കും ഇവ. നാരങ്ങാ വെള്ളത്തില്‍ വൈറ്റമിന്‍ സി ഉണ്ട് എന്ന് മാത്രമേ ഉള്ളൂ.
കൊറോണയേക്കാള്‍ മാരകമായ വൈറസ് പോൾട്രിയില്‍ നിന്നാണ് ഇനി വരിക എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതില്‍ യാതാര്‍ഥ്യമുണ്ടോ.
അതൊക്കെ ഊഹാപോഹമാണ്. ഇത്തരം വാട്‌സാപ്പിലെ ഊഹാപോഹങ്ങളിലൊന്നും പെടരുത്. പത്രങ്ങളില്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെ എല്ലാ തരം വാര്‍ത്തയും ശരിയാവണമെന്നില്ല.
ജീവിവര്‍ഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റമാണല്ലോ ഇത്തരം പുതിയ വൈറസുകളുടെയും zoonotic വൈറസിന്റെയും വ്യാപനത്തിനു പിന്നില്‍. ആ തരത്തില്‍ മറ്റ് ജീവജാലങ്ങളെ കൂടി പരിഗണിച്ചുകൊണ്ടുള്ള ദീര്‍ഘകാല പദ്ദതികളും നയങ്ങളും ഇനി രാജ്യങ്ങളും ഭരണ കേന്ദ്രങ്ങളും ആവിഷ്‌കരിക്കേണ്ടതില്ലേ.
വണ്‍ ഹെല്‍ത്ത് എന്ന ആശയം തന്നെ അതാണ്. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടു പോകണം. ഏക ലോകം ഏക ആരോഗ്യം എന്ന ആശയം വികസിപ്പിച്ചതു തന്നെ അതിനാണ്. അത് നമ്മള്‍ പിന്തുടരണം. മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നമ്മള്‍ കയ്യേറുമ്പോഴാണ് അവര്‍ അവരുടെ ആവാസ വ്യവസ്ഥ വിട്ട് മനുഷ്യരുമായി ബന്ധപ്പെടുന്നത്. നിപ തന്നെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട വവ്വാലുകള്‍ മനുഷ്യ ഇടങ്ങളിലെത്തിയതിന്റെ ഭാഗമായി വ്യാപിച്ചതാണ്. കൊറോണയും വവ്വാലില്‍ നിന്നു തന്നെയാവാനാണ് സാധ്യത. മറ്റൊരു മൃഗത്തിലെത്തി പിന്നീട് അത് മനുഷ്യരിലെത്തുകയാണ് ചെയ്യുന്നത്. അതു കൊണ്ടാണ് മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നാം നശിപ്പിക്കരുതെന്ന് പറയുന്നത്. പരിസ്ഥിതി സംരക്ഷിക്കണം. അങ്ങനെയാണെങ്കില്‍ തന്നെ അനേകം മനുഷ്യരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാനാകും. ഇതാണ് ഏകാരോഗ്യം എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്. കോവിഡിന്റെയും നിപയുടെയും പശ്ചാത്തലത്തില്‍ നാം അത് ശക്തമായി പിന്തുടരേണ്ടതുണ്ട്.
ചൈനയിലെ വെറ്റ്മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് പടര്‍ന്നതെന്ന് ശാസ്ത്രലോകം പറയുന്നു. പക്ഷെ അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെയുള്ളവര്‍ ഇപ്പോഴും പറയുന്നത് ചൈനയുടെ ലാബില്‍ നിന്ന് വൈറസ് പുറത്തുകടന്നതാണെന്നാണ്.
വെറ്റ്മാര്‍ക്കറ്റില്‍ നിന്നാണ് വന്നതെന്നതില്‍ സംശയമില്ല. ലാബില്‍ നിന്നൊന്നുമല്ല. അത് അവഗണിക്കാം.
വവ്വാലില്‍ നിന്ന് ജനിതകമാറ്റം വഴി കൊറോണ വൈറസിനെ മനുഷ്യരിലെത്തിച്ചതില്‍ ഇടനിലക്കാരായ ജീവി വര്‍ഗ്ഗം ഈനാംപേച്ചിയാണെന്ന് പറയുന്നു. അതെത്രത്തോളം ശരിയാണ്.
പാന്‍ഗോലിന്‍(ഈനാംപേച്ചി)ആവാന്‍ സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടന അതു പഠിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തിനു ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയൂ. അതിന് സാധ്യതയുണ്ട് എന്നേ പറയാനാവൂ.
കേരളത്തില്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമോ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെ കാണുന്നുന്നു നമ്മുടെ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ
കേരളത്തില്‍ രോഗികളുടെ എണ്ണം ഓഗസ്‌റ്റോടെ കുറഞ്ഞു തുടങ്ങും. കേരളത്തില്‍ മാത്രമായി രോഗം കെട്ടടങ്ങാന്‍ കഴിയില്ല. ഇന്ത്യയില്‍നിന്നും ലോകത്തില്‍നിന്നും തന്നെ രോഗം പോയാലേ വ്യാപനം ഇല്ലാതാവൂ. രോഗം കെട്ടടങ്ങൂ. അടുത്ത വര്‍ഷാരംഭത്തോടു കൂടി മാത്രമേ ഇതില്‍നിന്നുള്ള മുക്തി പ്രതീക്ഷിക്കേണ്ടതുള്ളൂ. പിന്നെ താരതമ്യത്തിന്റെ കാര്യം. അതിനെതിരാണ് ഞാൻ. ഓരോ പ്രദേശത്തിനും ഓരോ പ്രത്യേകതയാണുള്ളത്. ഡല്‍ഹി നന്നായി നിയന്ത്രിച്ചു. അവിടെ എത്രയാളുകള്‍, എങ്ങനെ വരുന്നു എന്നൊന്നും കണ്ടുപിടിക്കാന്‍ പോലും പറ്റില്ല. ധാരാവിയില്‍ എത്ര മികച്ച രീതിയിലാണ് രോഗവ്യാപനം തടഞ്ഞത്.
എല്ലാവരും വാക്‌സിന്‍ വികസനത്തിനു പിന്നാലെയാണല്ലോ മരുന്ന് വികസിപ്പിക്കുന്നതിന്റെ അധിക വാര്‍ത്തകളൊന്നും കാണുന്നില്ല.
ഇത് നിസ്സാര രോഗമല്ല എന്നാല്‍ നിലവിലുള്ള മരുന്നുകള്‍ കൊണ്ടുതന്നെ അത് പിടിച്ചു നിര്‍ത്താം. ലോകാരോഗ്യ സംഘടനയും മറ്റും ഔഷധ പരീക്ഷണം നടത്തുന്നുണ്ട്. രോഗം വന്നു കഴിഞ്ഞ ശേഷമെ ചികിത്സിക്കാന്‍ പറ്റൂ. തടയലാണു പ്രധാനം അതിനു വാക്‌സിന്‍ വേണം. ഈ രോഗത്തിന്റെ പ്രധാന പ്രശ്‌നം ഇത് പകരുന്നതും വ്യാപിക്കുന്നതുമാണ്. വ്യാപനം ഉണ്ടാവുമ്പോള്‍ സിസ്റ്റത്തിനു കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാതെ വരും. അതാണ് ഏറ്റവും വലിയ വെല്ലുവിളി. പിന്നെ പ്രായമായവരെയാണ് ഈ രോഗം കൂടുതൽ ബാധിക്കുക എന്നതാണ് പ്രശ്നം. അതുകൊണ്ട് മരുന്നിനേക്കാൾ പ്രാധാന്യം നൽകേണ്ടത് വാക്സിനാണ്. വരാതിരിക്കാതെ നോക്കുന്നതിലാണ് കാര്യം. നമ്മുടെ കേരളത്തല്‍ റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമായതിനാലാണ് പ്രായാധിക്യമുള്ളവരുടെ ഇടയില്‍ രോഗബാധ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും.
content highlights: Interview with Dr B Ekbal on Covid 19 vaccine challenges and fake news