കേളപ്പന്‍ എല്ലാ അര്‍ഥത്തിലും ഒരു മഹാപ്രസ്ഥാനമായിരുന്നു. ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ അനുഭവത്തില്‍ മറ്റുള്ളവരുടെ ആത്മാവിനെ തീപിടിപ്പിക്കുന്ന ഒരു പ്രക്ഷോഭകാരി.
 
മാതൃഭൂമി പത്രാധിപരായിരിക്കുമ്പോഴും കേളപ്പന്റെ മനസ്സില്‍ സ്വാതന്ത്ര്യസമരമാണ്. കേളപ്പന്‍, മഹാത്മഗാന്ധിയുടെ ബഹിശ്ചരപ്രാണമാണ്. ചിന്തയിലും വിചാരത്തിലും ശൈലിയിലും കേരളഗാന്ധി. വൈക്കം സത്യാഗ്രഹത്തിനുശേഷം ഈ പ്രക്ഷോഭകാരിയുടെ മനസ്സുനിറയെ, ആത്മാഭിമാനപ്രസ്ഥാനംപോലെ ഒരു മുന്നേറ്റമായിരുന്നു.
 
1931 മാര്‍ച്ച് 15ന് കേളപ്പന്‍ കെ.പി.സി.സി.യുടെ പ്രസിഡന്റും മാധവനാര്‍ സെക്രട്ടറിയുമായി. ആ വര്‍ഷത്തെ മാതൃഭൂമി വിശേഷാല്‍പ്രതിയില്‍, അയിത്തം, തീണ്ടല്‍, സാമൂഹികമായ സ്വാതന്ത്ര്യമില്ലായ്മ, ദാരിദ്ര്യം എന്നിവയെക്കുറിച്ച് അദ്ദേഹം എഴുതി. 'നമുക്ക് മനുഷ്യനാകണമെങ്കില്‍ വിദേശീയഭരണം അവസാനിപ്പിക്കുകതന്നെ വേണം.'
 
1931 മേയില്‍ കോണ്‍ഗ്രസിന്റെ അഞ്ചാം സംസ്ഥാനസമ്മേളനം വടകരയില്‍ ആരംഭിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് കേളപ്പന്റെ ആശീര്‍വാദത്താലാണ്. ക്ഷേത്രപ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു പുറമേ പ്രത്യക്ഷസമരത്തിന് തയ്യാറാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.
 
കേളപ്പന്‍ ബോംബെയിലേക്കുപോയി ഗാന്ധിജിയെ കണ്ടു. ജൂലായ് ഏഴിന് ബോംബെയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനം പ്രത്യക്ഷസമരത്തിന് കേളപ്പന് അനുമതി നല്‍കി. ''അടികൊള്ളുവാനും തൂക്കുമരത്തില്‍ കയറുവാനും തയ്യാറുള്ള കോണ്‍ഗ്രസുകാര്‍ സഹോദരന്മാരുടെ മതപരവും സാമൂഹികവുമായ സ്വാതന്ത്ര്യത്തിനുവേണ്ടി എന്താണ് ചെയ്തത്? സവര്‍ണരും അവര്‍ണരുമില്ലാത്ത സമസ്ത മലയാളദേശമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഗാന്ധിജിയും ആവശ്യപ്പെടുന്നത്.
എല്ലാവര്‍ക്കും ഭജനം ഇഷ്ടമാണ്. പക്ഷേ, വലിയൊരുവിഭാഗത്തിനു ക്ഷേത്രം കാണാനേ പാടില്ല'' വടകര സമ്മേളനത്തില്‍ ഉയര്‍ന്ന കേളപ്പന്റെ വാക്കുകള്‍ മാതൃഭൂമിയിലൂടെ കേരളം ശ്രദ്ധിച്ചു.
 
1931 നവംബര്‍ ഒന്നിനു സത്യാഗ്രഹം ആരംഭിക്കുന്നതായി കെ.പി.സി.സി. യോഗം ഓഗസ്റ്റ് 21നുതന്നെ പ്രഖ്യാപിച്ചു. അതിനു മുന്നോടിയായി പ്രചാരവേല നടത്തണം. ഈ പ്രചാരവേലയ്ക്ക് ഗുരുവായൂരിലെത്തിയപ്പോഴാണ് പടിഞ്ഞാറെ നടയില്‍വെച്ച് കേളപ്പനെ തടയുന്നത്. സത്യാഗ്രഹം ഗുരുവായൂരില്‍ത്തന്നെ വേണമെന്ന് ബോധ്യപ്പെടാന്‍ പിന്നെ മറ്റൊന്നും വേണ്ടിവന്നില്ല.
 
തുടര്‍ന്നുള്ള ദിവസങ്ങളിലൂടെ സത്യാഗ്രഹത്തിനായി 'മാതൃഭൂമി'യിലൂടെ നിലമൊരുക്കുകയാണ് കേളപ്പന്‍ ചെയ്തത്.
 
സെപ്റ്റംബര്‍ അഞ്ചുമുതല്‍ എല്ലാ ദിവസവും ക്ഷേത്രപ്രവേശ സത്യാഗ്രഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ മാതൃഭൂമി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. വന്‍ പ്രാധാന്യത്തോടുകൂടിയാണ് മാതൃഭൂമി കണ്ണൂരില്‍ നിന്ന് ആരംഭിക്കുന്ന പ്രചാരണജാഥ റിപ്പോര്‍ട്ട് ചെയ്തത്. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനോട് ജാഥ നയിക്കണമെന്ന് കേളപ്പന്‍ തന്നെയാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ആ ജാഥയുടെ വൊളന്റിയര്‍ ക്യാപ്റ്റനായിരുന്നു എ.കെ. ഗോപാലന്‍.
Content Highlights: K. Kelappan and Guruvayur sathyagraha