''ഇതേവരെ ആ ക്ഷേത്രത്തില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് മേലിലെങ്കിലും അവിടെ ആ സ്വാതന്ത്ര്യം അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അങ്ങേയ്ക്ക് ഭാവി ചരിത്രകാരന്‍ വിശാലഹൃദയനും അനുകമ്പാപൂര്‍ണനുമായ സാമൂതിരിപ്പാടെന്ന മഹനീയമായ അഭിധാനം നല്‍കി, ബഹുമാനിക്കും. അല്ലാതിരുന്നാല്‍ ഇന്നത്തെ ഈ ദുഷ്‌കൃതത്തിനുള്ള ഫലം, ഒരുപക്ഷേ, അനുഭവിക്കാനിടവന്നേക്കാവുന്ന അങ്ങയുടെ അനന്തരഗാമികള്‍ ശവക്കല്ലറകളിലോളംവന്ന് അങ്ങയെ പഴിക്കുവാനിടവരും. ഗുരുവായൂരപ്പനെ അടച്ചുപൂട്ടി പൊതിഞ്ഞുവെച്ച വാതിലുകള്‍ തുറക്കുമോ?''

1931 നവംബര്‍ ഒന്നാം തീയതി, ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരം ആരംഭിക്കാന്‍ പോകുന്ന ദിവസം, ക്ഷേത്രത്തിന്റെ അന്നത്തെ അധികാരിയായ സാമൂതിരിപ്പാടിനോട് 'വാതിലുകള്‍ തുറക്കുമോ?' എന്നു ചോദിച്ചുകൊണ്ട് കര്‍ക്കശമായി നിലപാടുകള്‍ വ്യക്തമാക്കിയുള്ള മുഖപ്രസംഗവുമായാണ് അന്നത്തെ മാതൃഭൂമി പുറത്തിറങ്ങിയത്.

കേളപ്പജിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ അതിന്റെ വിജയത്തിനായി മാതൃഭൂമി സംഘടിത പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു. മാതൃഭൂമിയുടെ ചരിത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനുവേണ്ടി എഴുതപ്പെട്ട അത്രയും മുഖപ്രസംഗങ്ങള്‍ മറ്റൊരു വിഷയത്തിനും ചെയ്തിട്ടില്ല.

mathrubhumi
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്തെ മാതൃഭൂമി പത്രം

മാതൃഭൂമി പ്രകടിപ്പിച്ച ഈ അതിതാത്പര്യം യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനു കാരണമായി. ആ നയത്തെ ആക്ഷേപിച്ചുകൊണ്ട് ഒട്ടേറെ കത്തുകള്‍ വന്നു. ആ കത്തുകളും മാതൃഭൂമിയില്‍തന്നെ പ്രസിദ്ധീകരിച്ചു. ഗുരുവായൂരിലെ അന്നത്തെ അവസ്ഥയെക്കുറിച്ച് മാതൃഭൂമിയുടെ പ്രത്യേക ലേഖകന്‍ എഴുതിയ വാര്‍ത്ത 1931 ഒക്ടോബര്‍ 29-ാം തീയതി മാതൃഭൂമിയില്‍ കാണാം.

'സത്യാഗ്രഹികളെ തടയാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം ക്ഷേത്രഭാരവാഹികള്‍ ചെയ്തുതുടങ്ങിയിരിക്കുന്നു. നാലു നടയിലും വണ്ണമുള്ള തെങ്ങുതടി നാട്ടി മുള്ളുവേലി കെട്ടിത്തുടങ്ങിയിരിക്കുന്നു. റോഡിന്റെ മധ്യത്തിലായി ഒരു കാറിനു പോകുവാന്‍ മാത്രം വഴിയും, അതിനു വാതിലും ഉണ്ട്. കിഴക്കേ നടയിലുള്ള ആലിനു സമീപംവരെ തിയ്യര്‍ പോവുക പതിവാണ്. എന്നാല്‍, ഇപ്പോള്‍ വേലികെട്ടിയിട്ടുള്ളത് അവിടെനിന്ന് ചുരുങ്ങിയത് ഇരുപതു വാര കിഴക്കുമാറിയാണ്. ഇത് ദേവസ്വം അധികൃതര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല.

മാതൃഭൂമിയുടെ സാരഥികളായ കെ. മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, പി. അച്യുതന്‍ എന്നിവര്‍ക്ക് പുറമെ എ.കെ. ഗോപാലന്‍, വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, കെ.എന്‍. കുഞ്ഞുകൃഷ്ണന്‍, എം. കാര്‍ത്യായനി അമ്മ തുടങ്ങി നിരവധി ഉത്പതിഷ്ണുക്കള്‍ കേളപ്പജിയുടെ പിന്നില്‍ അണിനിരന്നു.

സത്യാഗ്രഹസമരം ആരംഭിക്കുന്നതിന് രണ്ടുദിവസം മുന്‍പ് 'സത്യശക്തിയുടെ ഗീതം' എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ലേഖനം അക്കാലത്തെ കേരളീയ ജീവിതത്തിന്റെ നേര്‍ചിത്രമാണ്. ''ഗുരുവായൂരമ്പലത്തെയും ഗുരുവായൂരപ്പനെയും ചുറ്റിപ്പിണഞ്ഞിരിക്കുന്ന മുള്ളുവേലി മാത്രമല്ല, കേരളത്തില്‍ ഇന്നു പലസ്ഥലത്തും വളര്‍ന്നു കാടുകെട്ടി ഇരുട്ടുറഞ്ഞു കിടക്കുന്ന അക്രമമായ യാഥാസ്ഥിതിക മുള്ളുപടലങ്ങളെയെല്ലാം ദഹിപ്പിക്കാന്‍ പോരുന്ന സത്യാഗ്രഹ വഹ്നിയാണ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നവംബര്‍ ഒന്നാം തീയതി കൊളുത്താന്‍ പോകുന്നതെന്ന് ഇവരറിയുന്നില്ല. ഈ മഹാവഹ്നി, ഈ യാഗാഗ്‌നി, പുലയന്റെയും ബ്രാഹ്‌മണന്റെയും ഹൃദേശത്തില്‍ ഭേദമന്യെ കുടികൊള്ളുന്ന സത്യശക്തിതന്നെയാണെന്നും ഇവരോര്‍ക്കുന്നില്ല.''

AKG1931 നവംബര്‍ എട്ടിന് രാവിലെ സത്യാഗ്രഹമനുഷ്ഠിച്ച എ.കെ.ജി.യെയും പരമേശ്വരനെയും എതിരാളികള്‍ ഇടിച്ചുവീഴ്ത്തി. എ.കെ.ജി.യെ കൊല്ലണമെന്ന് ആക്രോശിച്ചുകൊണ്ട് അഞ്ചാറാളുകള്‍ വളഞ്ഞു തല്ലി. ഡിസംബര്‍ 30-ാം തീയതി ''ഗുരുവായൂരിലെ കഠോരസംഭവം, നൂറോളം യാഥാസ്ഥിതികര്‍ കൂടി എ.കെ. ഗോപാലനെ ചവിട്ടിഞെരിച്ചു'' എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കേരളത്തെ ഞെട്ടിച്ചു.

ഗുരുവായൂരിലെ വടക്കെ നടയൊഴിച്ച് മറ്റെല്ലാ നടകളും പൊതുജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാണെന്ന് പാലക്കാട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സാമൂതിരി മദിരാശി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിവിധി വിചിത്രമായിരുന്നു. 1932 ജൂണ്‍ പതിനാറാം തീയതി ഹൈക്കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 'ഗുരുവായൂര്‍ ക്ഷേത്ര റോഡുകള്‍' എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമിയെഴുതിയ മുഖപ്രസംഗം അക്കാലത്തെ കോടതികളുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്.

'...വിധികഴിഞ്ഞു ജസ്റ്റിസ് രമേശം പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളില്‍ പല യുക്തിഭ്രമങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്... മതം ഏതൊരു വ്യക്തിയുടെയും സഞ്ചാരസ്വാതന്ത്ര്യത്തെയോ മറ്റേതെങ്കിലും പൗരാവകാശത്തെയോ പ്രതിബന്ധിക്കുന്ന ഒരു സംഘടിതശക്തിയായി വര്‍ത്തിക്കാന്‍ അനുവദിച്ചുകൂടെന്നാണ് ഞങ്ങളുടെ അഭിപ്രായം'.

1932 സപ്തംബര്‍ 21-ന് രാവിലെമുതല്‍ കേളപ്പജി, ലക്ഷ്യപ്രാപ്തികണ്ടില്ലെങ്കില്‍ മരണംവരെ തുടരാനുള്ള നിരാഹാരസത്യാഗ്രഹം ആരംഭിച്ചു.

'കേളപ്പന്‍ വ്രതമാരംഭിച്ചു, ഗുരുവായൂര്‍ കിഴക്കേനടയിലെ കടുംതപം' എന്ന ശീര്‍ഷകത്തില്‍ 22-ാം തീയതിയിലെ പത്രത്തിന്റെ നാലാംപേജില്‍ ഈ വാര്‍ത്ത സര്‍വപ്രധാനമായി പ്രസിദ്ധീകരിച്ചു. 'യാഥാസ്ഥിതികഹൃദയം ഉരുകുകയില്ലേ' എന്ന ശീര്‍ഷകത്തില്‍ അന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഭീകരരൂപം വെളിപ്പെടുത്തുന്നതായിരുന്നു.

മാതൃഭൂമി പത്രം മാത്രമല്ല, ആഴ്ചപ്പതിപ്പും അയിത്തത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തി.

content highlights: Guruvayur sathyagraham and Mathrubhumi