ജാതി രൂഢമായ കേരളത്തിന്റെ സാമൂഹികമണ്ഡലത്തെ പിടിച്ചുകുലുക്കിയ ചരിത്രസംഭവത്തിന്‌ നേതൃത്വം നൽകിയ മുന്നണിപ്പോരാളികൾ

kelappanകെ. കേളപ്പന്‍ (1889 ഓഗസ്റ്റ് 24 -1971 ഒക്ടോബര്‍ 7)

കേരള ഗാന്ധി. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറപാകുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. 1929ലും 1936ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. 1931ല്‍ വടകരവെച്ചുനടന്ന കോണ്‍ഗ്രസിന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പനാണ്. അധികനാള്‍ കഴിയുംമുമ്പ് മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഗുരുവായൂരെത്തി. ക്ഷേത്രത്തിനടുത്തുകൂടിപ്പോകവെ കേളപ്പനെയും സംഘത്തെയും പോലീസുകാര്‍ തടഞ്ഞു. കൂട്ടത്തില്‍ തീണ്ടല്‍ജാതിക്കാരില്ല എന്ന് ഉറപ്പാക്കിയശേഷമാണ് അവരെ കടത്തിവിട്ടത്. ഇതോടെ ക്ഷേത്രപ്രവേശനത്തിനായുള്ള സമരം ആരംഭിക്കേണ്ടത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്നാണെന്ന് കേളപ്പന്‍ ഉറപ്പിച്ചു. സത്യാഗ്രഹത്തിന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണയും മഹാത്മാഗാന്ധിയുടെ ആശിര്‍വാദവും സമ്പാദിച്ചത് കേളപ്പന്‍തന്നെയാണ്. 1931 നവംബര്‍ ഒന്നിന് സമരം ആരംഭിക്കാന്‍ തീരുമാനമായി. ആ മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായി കെ. കേളപ്പന്‍ മാറി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

സമരവേദി കെ. കേളപ്പന്‍ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ സമരോത്സുകതയുടെ പാരമ്യത്തിലെത്തി. പലരും സ്‌നേഹത്തോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കേളപ്പന്‍ അവരോട് പറഞ്ഞു: ''അധഃകൃതരോട് നാം ഇതുവരെയും കാണിച്ചുപോന്ന കടുംകൈകള്‍ ഓര്‍ത്താല്‍, ഈ അക്രമങ്ങളെ അവസാനിപ്പിക്കാന്‍ എത്രതന്നെ ജീവന്‍ ബലികഴിക്കേണ്ടിവന്നാലും അതധികമാവുകയില്ല''. 1932 സെപ്റ്റംബര്‍ 21ന് നിരാഹാരം ആരംഭിച്ചു. അതോടെ ഗുരുവായൂര്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. ഗാന്ധിജിയുള്‍പ്പെടെ എല്ലാവരുടെയും നിര്‍ബന്ധങ്ങള്‍ക്കുവഴങ്ങി ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തിന് താത്കാലികമായി സമരം അവസാനിപ്പിക്കേണ്ടിവന്നു.


Subramanian thirumunpടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് (1906 ജൂണ്‍ 12 -1984 നവംബര്‍ 29)

'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം/ തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍/ തലകുനിക്കാത്ത ശീലമെന്‍ യൗവനം' എന്നെഴുതിയ കവി. വടക്കേ മലബാറിലെ ഉയര്‍ന്ന ജന്മിത്തറവാടായ താഴക്കാട് മനയ്ക്കലെ അംഗമായിരുന്നു തിരുമുമ്പ്. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ശിക്ഷയനുഭവിച്ച് തിരികെയെത്തി അധ്യാപനവുമായി മുന്നോട്ടുപോകുമ്പോഴാണ് തിരുമുമ്പിനെത്തേടി കെ. കേളപ്പന്റെ കത്തുവരുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരുനിന്നും ഗുരുവായൂരേക്ക് ഹരിജന്‍ജാഥ സംഘടിപ്പിക്കണമെന്നായിരുന്നു സന്ദേശം. 1931 ഒക്ടോബര്‍ 21ന് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ജാഥ കണ്ണൂരുനിന്ന് പ്രയാണമാരംഭിച്ചു. ഒക്ടോബര്‍ 31ന് ജാഥ ഗുരുവായൂരെത്തി.

ഗുരുവായൂര്‍ കിഴക്കേനടയിലെ സമരാംഗണത്തില്‍ തിരുമുമ്പിന്റെ കവിതകള്‍ ആവേശത്തിരയിളക്കി. ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സത്തകുറുക്കിയ വരികളായിരുന്നു അത്. എന്നാല്‍, പെട്ടെന്നൊരു ദിവസം മുമ്പെപ്പോഴോ എഴുതിയ ഒരു കവിതയില്‍ രാജ്യദ്രോഹം ആരോപിച്ച് പോലീസ് തിരുമുമ്പിനെ സമരവേദിയില്‍നിന്ന് അറസ്റ്റുചെയ്തുകൊണ്ടുപോയി. പിന്നീട് ഒമ്പതുമാസത്തോളം അദ്ദേഹത്തിന് തടവില്‍ക്കഴിയേണ്ടിവന്നു. കേരളത്തില്‍ ഏറ്റവും ജനകീയനായിരുന്ന ഈ വിപ്ലവകവിയെ പാടുന്ന പടവാള്‍ എന്നാണ് ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുള്ളത്.


AKGഎ.കെ. ഗോപാലന്‍ (1904 ഒക്ടോബര്‍ 1 -1977 മാര്‍ച്ച് 22)

സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പോരടിച്ച പാവങ്ങളുടെ പടത്തലവന്‍. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എ.കെ.ജി. പിന്നീട് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുപാകുകയും ഇടതുപക്ഷത്തിന്റെ അനിഷേധ്യനേതാവായി മാറുകയുംചെയ്തു.

ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ വൊളന്റിയര്‍ ക്യാപ്റ്റനായിരുന്നു എ.കെ. ഗോപാലന്‍. തിരുമുമ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് ഗുരുവായൂര്‍ക്കുള്ള ആദ്യ സത്യാഗ്രഹജാഥയില്‍ വലത്തെ അണിയില്‍ ഒന്നാമന്‍ എ.കെ.ജി.യായിരുന്നു. പിന്നീട് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്വഭാവംതന്നെ മാറാന്‍ കാരണമായ സംഭവമുണ്ടായത് എ.കെ.ജി. നിമിത്തമാണ്.

സമരത്തിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പൊതുയോഗത്തിനുശേഷം ഭജനയും നാലു ഗോപുരങ്ങള്‍ ചുറ്റിയുള്ള ഘോഷയാത്രയും നടത്താമെന്നത് എ.കെ.ജി.യുടെ ആശയമായിരുന്നു. ഒരു ദിവസം ഘോഷയാത്ര പടിഞ്ഞാറെ ഗോപുരത്തില്‍ എത്തിയപ്പോള്‍ ക്ഷേത്രം കാവല്‍ക്കാര്‍ എ.കെ.ജി.യെ വളഞ്ഞിട്ട് ആക്രമിച്ചു. വൊളന്റിയര്‍മാര്‍ തിരിച്ചടിക്കാന്‍ തുടങ്ങി. പിന്നീട് സത്യാഗ്രഹികളുടെ അപേക്ഷകളും അഭ്യര്‍ഥനകളുമാണ് ക്ഷോഭിച്ചവരെ അഹിംസയിലേക്ക് തിരികെയെത്തിച്ചത്. എ.കെ.ജി.യെ മര്‍ദിച്ചതിനെത്തുടര്‍ന്ന് സമരരംഗം പ്രക്ഷുബ്ധമായെന്നറിഞ്ഞ സാമൂതിരിക്ക് ക്ഷേത്രം അടച്ചിടേണ്ടതായിപ്പോലും വന്നു.


മന്നത്തു പദ്മനാഭന്‍ (1878 ജനുവരി 21- 1970 ഫെബ്രുവരി 25)

നായര്‍ സമുദായത്തിന് സ്വയം നവീകരണത്തിലേക്ക് വഴിതെളിച്ച കര്‍മയോഗി. കേരള നവോത്ഥാനചരിത്രത്തില്‍ സവിശേഷസ്ഥാനീയനാണ് മന്നത്തുപദ്മനാഭന്‍. 1914ല്‍ അദ്ദേഹം നായര്‍ സമുദായ ഭൃത്യജനസംഘം രൂപവത്കരിച്ചു. തൊട്ടടുത്തവര്‍ഷം സംഘടനയുടെ പേര് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു മാറ്റി.

ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ സമരത്തിന്റെ നടത്തിപ്പുചുമതലയുള്ള പ്രത്യേക സമിതിക്ക് അധ്യക്ഷന്‍ എന്നതായിരുന്നു മന്നത്തിന്റെ ഉത്തരവാദിത്വം. കെ. കേളപ്പനായിരുന്നു കമ്മിറ്റിയുടെ സെക്രട്ടറി. സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലും സാമൂതിരിക്കുമുന്നില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിലുമൊക്കെ മന്നം കേളപ്പനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.

ക്ഷേത്രപ്രവേശ പ്രചാരണപരിപാടികളില്‍ മന്നത്തുപദ്മനാഭന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തിരുവിതാംകൂറില്‍ സത്യാഗ്രഹ പ്രചാരണത്തിന്റെ ചുമതല മന്നത്തുപദ്മനാഭനും സി.വി. കുഞ്ഞുരാമനും നേതൃത്വം നല്‍കിയ കമ്മിറ്റിക്കായിരുന്നു.

1931 നവംബര്‍ ഒന്നിന് ഗുരുവായൂര്‍ നടതുറന്നപ്പോള്‍ മുന്നില്‍ സത്യാഗ്രഹത്തിന് അണിനിരന്ന ആദ്യ വൊളന്റിയര്‍ സംഘത്തിന് നേതൃത്വം നല്‍കാന്‍ മന്നത്തുപദ്മനാഭന്‍തന്നെ നേരിട്ടിറങ്ങി. ഒപ്പം ഡോക്ടര്‍ രുക്മിണിയമ്മയും എം. കാര്‍ത്യായനിയമ്മയുമുണ്ടായിരുന്നു.


കൃഷ്ണപിള്ള (1906 ഓഗസ്റ്റ് 19 - 1948 ഓഗസ്റ്റ് 19)

''ഉശിരുള്ള നായര്‍ മണിയടിക്കട്ടെ, എച്ചില്‍പെറുക്കി നായര്‍ അവരുടെ പുറം അടിക്കട്ടെ'' ഗുരുവായൂര്‍ സത്യാഗ്രഹചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ അധ്യായത്തിലേതാണ് പി. കൃഷ്ണപിള്ളയുടെ ഈ വാക്കുകള്‍. കോണ്‍ഗ്രസിലൂടെ സോഷ്യലിസ്റ്റുകളുടെയും പിന്നീട് കമ്യൂണിസ്റ്റുകാരുടെയും ഊര്‍ജസ്രോതസ്സായിമാറിയ നേതാവ്. കണ്ണൂരുനിന്ന് ടി.എസ്. തിരുമുമ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കാല്‍നടജാഥയുടെ വലതുനിരയുടെ മുന്നില്‍ എ.കെ.ജി. ആയിരുന്നെങ്കില്‍ ഇടത് അണിയത്ത് പി. കൃഷ്ണപിള്ളയായിരുന്നു. ദിവസങ്ങള്‍ പിന്നിട്ട സമരം തണുത്തുതുടങ്ങുന്നുവെന്ന് തോന്നിയപ്പോള്‍ കനലൂതിയുണര്‍ത്താന്‍ കൃഷ്ണപിള്ള തീരുമാനിച്ചു. ഡിസംബര്‍ 21ന് അദ്ദേഹം സോപാനത്തില്‍ക്കയറി മണിയടിച്ച് തൊഴുതു. അതുവരെ ബ്രാഹ്മണര്‍ക്കുമാത്രം അനുവദനീയമായ പ്രവൃത്തിയായിരുന്നു അത്. മാടമ്പിമാര്‍ ക്ഷേത്രമുറ്റത്തിട്ട് അദ്ദേഹത്തെ അടിച്ചു. കൃഷ്ണപിള്ള പിന്മാറിയില്ല. അദ്ദേഹം രണ്ടുദിവസം കഴിഞ്ഞ് വീണ്ടും മണിയടിക്കാനെത്തി. ഇത്തവണയും അദ്ദേഹത്തിന് മര്‍ദനങ്ങള്‍ സഹിക്കേണ്ടിവന്നു. കൃഷ്ണപിള്ള അതേക്കുറിച്ച് മാതൃഭൂമിയില്‍ എഴുതി: 'മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുകൂടി വിരുദ്ധമായിനില്‍ക്കുന്ന ആചാരങ്ങളെയും അതുകളെ നിലനിര്‍ത്തുവാനായി ഉണ്ടാക്കിവെച്ചിട്ടുള്ള ഗ്രന്ഥങ്ങളെയും നിയമങ്ങളെയും ചുട്ടെരിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നു'.

 

എന്‍.പി. ദാമോദരന്‍ (1913 മേയ് 14 - 1978 ഒക്ടോബര്‍ 11)

ഗുരുവായൂര്‍ സത്യാഗ്രഹ സമരകമ്മിറ്റിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള നേതാവായിരുന്നു എന്‍.പി. ദാമോദരന്‍. ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് 1932 ജനുവരി ഏഴിന് ഗുരുവായൂരില്‍നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് എ.കെ.ജി.യെയും എന്‍.പി. ദാമോദരനെയും എന്‍.എന്‍.ഡി.പി. സെക്രട്ടറിയായിരുന്ന കെ.എ. കുഞ്ഞികൃഷ്ണനെയും അറസ്റ്റുചെയ്തു. ആറുമാസം അവര്‍ക്ക് തടവുശിക്ഷ ലഭിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തിനുശേഷം എന്‍.പി. ദാമോദരന്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്തു.


വിഷ്ണു ഭാരതീയന്‍ (1892-1980)

1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ വിഷ്ണു ഭാരതീയന്‍ എന്ന വി.എം. വിഷ്ണുനമ്പീശന്‍ മലബാറില്‍ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യനേതാക്കളില്‍ ഒരാളാണ്. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസില്‍ സജീവമായിരുന്ന ഭാരതീയന്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരാധനാസ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച അണികളില്‍ ഭക്തിനിറച്ചത് ഭാരതീയന്റെ ഭാഗവതപാരായണവും വ്യാഖ്യാനവുമാണ്.

 

കെ. മാധവന്‍ (1915 ഓഗസ്റ്റ് 26- 2016 സെപ്റ്റംബര്‍ 25)

വളരെ ചെറുപ്പത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് കടന്നുവന്നയാളാണ് കെ. മാധവന്‍. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായ മാധവന്‍ ഗാന്ധിയന്‍ കമ്യൂണിസ്റ്റ് എന്ന് അറിയപ്പെട്ടു.

ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോള്‍ കെ. മാധവന് വെറും 16 വയസ്സാണ്. അക്കാലത്ത് ദിവസേന രണ്ടുനേരം തിടമ്പെഴുന്നള്ളത്തിന് ആനയെ അമ്പലത്തിലേക്ക് കൊണ്ടുപോവുക പതിവാണ്. സമരം പൊളിക്കാനായി ഒരു ദിവസം ആനയെ ചെറിയ നടയിലൂടെ അകത്തുകടത്തണമെന്ന് ക്ഷേത്രം ഭരിച്ചിരുന്നവര്‍ വാശിപിടിച്ചു. ആ പിടിവാശിയെ എതിര്‍ക്കാന്‍ ഗജത്തിനുമുന്നില്‍ കെ. കേളപ്പന്‍ രണ്ടുപേരെ നിയോഗിച്ചു. അതില്‍ ഒരാള്‍ കെ. മാധവനായിരുന്നു. രണ്ടാമത്തെയാള്‍ കോണ്‍ഗ്രസ് നേതാവായ കുഞ്ഞിശങ്കരമേനോന്റെ അനുജന്‍ ഉണ്ണിയും. അചഞ്ചലരായി ആനയ്ക്കുമുന്നില്‍നിന്ന ആ കുട്ടികള്‍ മുഴുവന്‍ സത്യാഗ്രഹികളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു.

വി.ടി. ഭട്ടതിരിപ്പാട് (1896 മാര്‍ച്ച് 26-  1982 ഫെബ്രുവരി 12)

നമ്പൂതിരിസമുദായത്തില്‍നിന്നുള്ള വിപ്ലവകാരികളായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാള്‍. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം വി.ടി.യുടെ പ്രസിദ്ധമായ രചനയാണ്. അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന നമ്പൂതിരി യുവജനസംഘവും ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും ഗുരുവായൂര്‍ സത്യാഗ്രഹത്തിലേക്ക് ഒരുപാട് സംഭാവനകള്‍ നല്‍കി. ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് റഫറണ്ടം നടന്നപ്പോള്‍ സ്വന്തം ഭവനമായ രസികസദനം തന്നെ വി.ടി. പ്രവര്‍ത്തകര്‍ക്കായി വിട്ടുനല്‍കി.

ആര്യ പള്ളം (1908- 1989)

പുരുഷാധിപത്യം കൊടികുത്തിവാണകാലത്ത് സ്ത്രീവിമോചന സമരങ്ങളുടെ മുന്നണിപ്പോരാളി. മിശ്രവിവാഹം, വിധവാവിവാഹം, പന്തിഭോജനം തുടങ്ങിയ പുരോഗമന ആശയങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ആര്യ, മാറുമറയ്ക്കല്‍ സമരത്തിനും മറക്കുടബഹിഷ്‌കരണത്തിനും നേതൃത്വം നല്‍കി. ഗുരുവായൂര്‍ സത്യാഗ്രഹവേദിയിലും ആര്യ പള്ളം പ്രസംഗിച്ചു. കെ. കേളപ്പനുശേഷം താന്‍തന്നെ നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ചു. 1931 ഡിസംബറില്‍ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് യോഗക്ഷേമസഭ പ്രമേയം പാസാക്കി. ആ സമ്മേളനത്തിന് അധ്യക്ഷതവഹിച്ചത് ആര്യ പള്ളമായിരുന്നു.

കടപ്പാട്: ഗുരുവായൂര്‍ സത്യാഗ്രഹം- ഇ. രാജന്‍, എന്റെ ജീവിതകഥ- എ.കെ. ഗോപാലന്‍

Content Highlights: Guruvayur Sathyagraha