മൂന്നായിക്കിടന്ന മലയാളക്കര ഐക്യകേരളമായ നവംബര്‍ ഒന്നിനുതന്നെയാണ് ഇത്തവണ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നവതിയും കടന്നുവരുന്നത്. ഇന്ത്യയൊട്ടാകെയുള്ള ദേശീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ഗാന്ധിജിയും രവീന്ദ്രനാഥ് ടാഗോറും ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയുംചെയ്ത ഗുരുവായൂര്‍ സത്യാഗ്രഹം(1931'32) കേരള സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ചലനം വലുതാണ്.

വൈക്കം സത്യാഗ്രഹം സമസ്തഹിന്ദുക്കള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനായിരുന്നെങ്കില്‍, ഏഴുവര്‍ഷത്തിനുശേഷംനടന്ന ഗുരുവായൂര്‍ സത്യാഗ്രഹം ക്ഷേത്രത്തിനുള്ളില്‍ക്കടന്ന് ആരാധന നടത്താനുള്ള അനുവാദത്തിനുവേണ്ടിയായിരുന്നു.

ഗാന്ധിജിയുടെ അറസ്റ്റോടെ ഇന്ത്യയൊട്ടാകെ ഇളകിമറിഞ്ഞ പ്രതിേഷധത്തിനിടയില്‍, കോണ്‍ഗ്രസ് നിയമവിരുദ്ധ സംഘടനയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതോടെ കോഴിക്കോട് 'മാതൃഭൂമി' ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് ഓഫീസ് അവിടെനിന്ന് രഹസ്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. കോണ്‍ഗ്രസിനോടൊപ്പം അതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്രപ്രവേശനകമ്മിറ്റിയും പിരിച്ചുവിട്ടു. ഗുരുവായൂര്‍ സത്യാഗ്രഹം തുടരാന്‍ പന്ത്രണ്ട് അംഗങ്ങളുള്ള പുതിയ കമ്മിറ്റിയെ കേളപ്പന്‍ പ്രഖ്യാപിച്ചു.

കേളപ്പജി

1947 ജൂണ്‍ 2-ന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച് ജനങ്ങളെ
അഭിസംബോധന ചെയ്യുന്ന കേളപ്പജി. മകന്‍ ടി.പി.കുഞ്ഞിരാമന്‍ കിടാവ് എടുത്ത ചിത്രം

വട്ടമേശ സമ്മേളനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഗാന്ധിജി യെര്‍വാദാ ജയിലില്‍ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചത്. താനും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നിരാഹാരമനുഷ്ഠിക്കുന്നതായി കേളപ്പനും പ്രഖ്യാപിച്ചു. രണ്ടുപേരുടെയും നിരാഹാരം ഒരേ ദിവസമായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹം എത്രയും വേഗം ഒത്തുതീര്‍പ്പാക്കമെന്ന് കോഴിക്കോട് സാമൂതിരി രാജാവിനോട് അഭ്യര്‍ഥന നടത്തിക്കൊണ്ട് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ അയച്ച കത്തില്‍ ഇങ്ങനെ പറഞ്ഞു:

tagore'ഗുരുവായൂര്‍ അഭിമുഖീകരിച്ചുനടക്കുന്ന ഈ സമരം ഒരു പരീക്ഷണസമരമാകുന്നു. ഇതില്‍ നമുക്ക് ലഭിക്കുന്ന വിജയത്തിന്റെ തോതുനോക്കിയാണ് ലോകം മുഴുവന്‍ നമ്മുടെ നീതിനിഷ്ഠയെയും ധര്‍മബോധത്തെയും അളക്കുക. നമ്മുടെ നാട്ടിലും പുറമേയുമുള്ള കോടിക്കോടി ജനങ്ങളുടെ ശ്രദ്ധ ഗുരുവായൂരിനെയും അങ്ങയെയും കേന്ദ്രീകരിച്ചുനില്‍ക്കുന്നു. ഈ അവസരത്തില്‍ അങ്ങയുടെ കടമ എന്താണെന്നതില്‍ ഒരു സംശയത്തിനും അവകാശമില്ല. അത് എത്രയും വ്യക്തമായിക്കിടക്കുന്നു. അധഃകൃതവര്‍ഗക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം ഉടനെ തുറന്നുകൊടുക്കേണ്ടതാണ്.' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു, ഗാന്ധിജി തുടങ്ങിയവരെല്ലാം ഇതേപോലെ അഭ്യര്‍ഥന നടത്തിയിട്ടും സാമൂതിരിയുടെ മനസ്സുമാറിയില്ല.

യെര്‍വാദ ജയില്‍ ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ക്ക് നേതാക്കള്‍ ആലോചനതുടങ്ങി. 'പൂനാകരാര്‍' അംഗീകരിച്ചതിനെത്തുടര്‍ന്ന് ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു. പക്ഷേ, ഗുരുവായൂരില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാന്‍ കേളപ്പന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഗാന്ധിജിയെക്കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. കേളപ്പന്‍ മനഃസാക്ഷി ആവശ്യപ്പെട്ടതനുസരിച്ചാണ് സത്യാഗ്രഹം തുടരുന്നതെങ്കില്‍ അതില്‍ ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. എന്നാല്‍, കേളപ്പന്റെ ജീവന്‍തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മദന്‍മോഹന്‍ മാളവ്യ ഗാന്ധിജിയെക്കണ്ട് സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് ഉപവാസം അവസാനിപ്പിക്കാന്‍ കേളപ്പനോട്, ഗാന്ധിജി അഭ്യര്‍ഥിച്ചത്.

Gandhijiകേളപ്പന്‍ ഉപവാസം അവസാനിപ്പിച്ച് രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഗാന്ധിജിയുടെ ഒരു ടെലിഗ്രാം സാമൂതിരിക്ക് കിട്ടി. ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തില്ലെങ്കില്‍ കേളപ്പനോടൊപ്പം താനും ഉപവാസത്തിനുണ്ടാകുമെന്ന മുന്നറിയിപ്പായിരുന്നു അത്.

ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഹിന്ദുക്കളുടെ ഇടയില്‍ ഹിതപരിശോധനയ്ക്ക് കോണ്‍ഗ്രസ് നടപടി തുടങ്ങി. ഇതിന് നേതൃത്വം കൊടുക്കാന്‍ സി. രാജഗോപാലാചാരി മലബാറിലെത്തി. കെ.മാധവന്‍ നായരായിരുന്നു ഇതിന്റെ ഡയറക്ടര്‍. ഹിതപരിശോധനയില്‍ 77 ശതമാനം പേരും, ക്ഷേത്രങ്ങള്‍ എല്ലാഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ജാതിഭേദമെന്യേ കേരളത്തിലെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ പ്രധാന നേട്ടം. ഇതിന്റെകൂടി ഫലമായിരുന്നു 1936 നവംബര്‍ പന്ത്രണ്ടിന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രിചിത്തിര തിരുനാളിന്റെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം.

Content Highlights: Guruvayoor Sathyagraha, Gandhiji, Kelappan