chithran nampoothiri
ചിത്രൻ നമ്പൂതിരിപ്പാട്

കെ. കേളപ്പന്‍ മരണംവരെ ഉപവാസം തുടങ്ങിയിരിക്കുന്നു. ഗുരുവായൂര്‍ സത്യാഗ്രഹസമരം മൂര്‍ധന്യത്തിലേക്ക് കടക്കുകയാണ്. അന്നൊരു ദിവസമാണ് സത്യാഗ്രഹസമരവേദിയിലേക്കൊന്ന് പോകണമെന്ന ആഗ്രഹം എനിക്കുണ്ടാകുന്നത്'' -പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഓര്‍മകള്‍ പതുക്കെ ചികഞ്ഞെടുത്തു.

ഞങ്ങളുടെ മനയായ പകരാവൂര്‍ മനയ്ക്കലെ കുടുംബക്കാരില്‍പ്പലരും യാഥാസ്ഥിതികരായിരുന്നു. ക്ഷേത്രപ്രവേശന സത്യാഗ്രഹത്തോട് കടുത്ത എതിര്‍പ്പും. എന്നാല്‍, വല്യേട്ടന്‍ നാരായണന്‍ സോമയാജിപ്പാടിന് ഗാന്ധിജിയോടും കേളപ്പനോടും ഉണ്ടായിരുന്ന ആരാധന എന്നെയും സ്വാധീനിച്ചു. ഇതിനെല്ലാമപ്പുറം പ്രസിദ്ധീകരിച്ച് മൂന്നാംദിവസം കോഴിക്കോട്ടുനിന്ന് തപാലില്‍ വീട്ടിലെത്തിയിരുന്ന മാതൃഭൂമി പത്രം. ആ പത്രത്തില്‍നിന്ന് വായിച്ചറിഞ്ഞിരുന്ന സത്യാഗ്രഹ വാര്‍ത്തകള്‍. ആ വാര്‍ത്തകള്‍ സത്യാഗ്രഹവേദി കാണാനുള്ള എന്റെ ആഗ്രഹം ഇരട്ടിയാക്കി.

അച്ഛനോട് പറയാന്‍ ധൈര്യമില്ല. എന്നാല്‍, അനുവാദം വാങ്ങാതെ പോകവയ്യ. ഞാന്‍ വല്യേട്ടനോട് പറഞ്ഞു: ''എനിക്ക് കേളപ്പനെ കാണാന്‍ പോകണം.'' ജ്യേഷ്ഠന്‍ ചോദിച്ചു: ''അച്ഛന്‍ സമ്മതിക്കോ'' ഒട്ടും മുറിയാത്ത ഓര്‍മകള്‍ അടുക്കിവെച്ചുകൊണ്ട് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

മൂക്കുതലക്ഷേത്രംപോലെ പ്രധാനപ്പെട്ടതാണ് ഞങ്ങള്‍ക്ക് ഗുരുവായൂരും. മാസത്തില്‍ മൂന്നുദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുളിച്ചു തൊഴണം എന്നത് അച്ഛന് നിര്‍ബന്ധമാണ്. ഞാന്‍ വല്യേട്ടനോട് പറഞ്ഞു, ഗുരുവായൂര്‍ തൊഴണം എന്ന് അച്ഛനോട് പറയാം. അന്ന് എന്നെ വീട്ടില്‍ താമസിച്ച് ഇംഗ്‌ളീഷ് പഠിപ്പിച്ചിരുന്ന ശങ്കരയ്യര്‍ സാറുണ്ട്. അദ്ദേഹത്തിനെ അച്ഛന് വിശ്വാസമായിരുന്നു. കുട്ടികളെ അദ്ദേഹത്തോടൊപ്പം ധൈര്യമായി വിടുമായിരുന്നു. ഞാന്‍ സാറിനോടും വിവരം പറഞ്ഞു. അങ്ങനെ അച്ഛന്റെ അനുവാദത്തോടെ തലേന്നുതന്നെ ശങ്കരയ്യര്‍ സാറിനൊപ്പം ഗുരുവായൂരിലേക്ക് പുറപ്പെട്ടു.

Kelapapajiഗുരുവായൂരില്‍ അന്ന് ഞങ്ങള്‍ക്കൊരു സ്ഥലവും വീടുമുണ്ട്. അവിടെ താമസിച്ചാണ് മൂന്ന് ദിവസത്തെ ക്ഷേത്രദര്‍ശനം. അവിടെയെത്തി പിറ്റേന്ന് രാവിലെത്തന്നെ സാറിനൊപ്പം ക്ഷേത്രത്തിലെത്തി തൊഴുതു. പ്രഭാതഭക്ഷണം കഴിച്ചു. എന്നിട്ടായിരുന്നു സത്യാഗ്രഹ വേദിയിലേക്കുള്ള യാത്ര.

കിഴക്കേ നടയിലായിരുന്നു സത്യാഗ്രഹവേദി. അവിടത്തെ ആല്‍ത്തറയോട് ചേര്‍ന്ന് ചെറിയൊരു പന്തല്‍ കെട്ടിയിട്ടുണ്ട്. ചുറ്റും ഇരിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. സത്യാഗ്രഹവേദിയിലെ കട്ടിലില്‍ കേളപ്പന്‍ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നു. നെറ്റിയില്‍ നീട്ടി പ്രസാദം തൊട്ടിട്ടുണ്ട്. ഒന്നും മിണ്ടുന്നില്ല. ഉപവാസം തുടങ്ങിയിട്ട് കുറച്ച് ദിവസമായിരുന്നിരിക്കണം, അദ്ദേഹം ക്ഷീണിതനായിരുന്നു. കുറച്ച് സ്ത്രീകള്‍ നിലത്ത് പായ വിരിച്ചിരുന്ന് പ്രാര്‍ഥന ചൊല്ലുന്നു.

മാതൃഭൂമിയിലൂടെ ഞാന്‍ പരിചയപ്പെട്ട എ.കെ. ഗോപാലന്‍ വൊളന്റിയര്‍ ക്യാപ്റ്റനായി എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പന്തലിനുസമീപം ഇരുന്ന് അല്പനേരം ഈ കാഴ്ചകളെല്ലാം കണ്ടു. ഇടയ്ക്ക് കേളപ്പന്‍ സമരവേദിയിലേക്ക് എത്തുന്നവരോട് കൈകള്‍ ഉയര്‍ത്തി ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു കെ. കേളപ്പനെന്ന സമരഭടന്‍ ആ ബാലനിലുണ്ടാക്കിയ സ്വാധീനം ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളിലൂടെ വ്യക്തം.

സത്യാഗ്രഹവേദിയില്‍ കേളപ്പന്‍ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നു. നെറ്റിയില്‍ നീട്ടി പ്രസാദം തൊട്ടിട്ടുണ്ട്. ഒന്നും മിണ്ടുന്നില്ല. ഉപവാസം തുടങ്ങിയിട്ട് കുറച്ച് ദിവസമായിരുന്നിരിക്കണം...

ഉപവാസം തുടര്‍ന്നു. കേളപ്പന്‍ കൂടുതല്‍ ക്ഷീണിതനായി. ആ ഘട്ടത്തിലാണ് ബോംബെയില്‍ എ.ഐ.സി.സി. സമ്മേളനം നടക്കുന്നുണ്ട്. അപ്പോള്‍ ഇവിടെ നിന്ന് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ അങ്ങോട്ട് അയച്ചു. ഗാന്ധിജിയെക്കാണാന്‍. ഇത് ചരിത്രമാണ്. കുറൂര്‍ എന്നോട് നേരിട്ട് പറഞ്ഞതാണ്. മാളവ്യ കുറൂരിനെ ഗാന്ധിജിക്കരികിലേക്ക് കൊണ്ടുപോയി. വിവരങ്ങള്‍ പറഞ്ഞു. അപ്പോള്‍ ഗാന്ധിജി പറഞ്ഞു: ''He should not die.'' എന്നിട്ട് തന്റെ സ്റ്റെനോഗ്രാഫറെ വിളിച്ച് കമ്പിയടിക്കാന്‍ വരികള്‍ പറഞ്ഞുകൊടുത്തു: ''You stop the fast, I will take over''(താങ്കള്‍ ഉപവാസം നിര്‍ത്തണം. ഞാനത് ഏറ്റെടുക്കുകയാണ്). അങ്ങനെ കേളപ്പന്‍ ഉപവാസം നിര്‍ത്തി. സത്യാഗ്രഹം തുടര്‍ന്നു. രണ്ടുമാസത്തിനുശേഷം ഗാന്ധിജി നേരിട്ടെത്തുകയാണ്. ഞാന്‍ വീണ്ടും ശങ്കരയ്യര്‍ സാറിനൊപ്പം ഗുരുവായൂരിലെത്തി. ഗാന്ധിയെ ആദ്യമായി കാണാന്‍ പോകുകയാണ് ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ കണ്ണുകളില്‍ ആ പതിനൊന്നുകാരന്റെ തിളക്കം.

gandhiji and k kelappan
കേളപ്പൻ, ഗാന്ധിജി| വര: മദനൻ

ഗുരുവായൂരിലെ ഞങ്ങളുടെ വീടിനുമുന്നിലൂടെ പുലര്‍ച്ചെ മുതല്‍ ജനങ്ങളൊഴുകാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളും പുരുഷന്മാരും. ഞാനത് നോക്കിനിന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അവരുടെ വരവ്. എന്താണ് പറയുന്നതെന്ന് എനിക്ക് വ്യക്തമായില്ല. ക്ഷേത്രദര്‍ശനത്തിനുശേഷം ഞങ്ങളുംപോയി. ഇന്നത്തെ കിഴക്കേനടയൊന്നുമല്ല. കെട്ടിടമൊന്നുമില്ല. മുഴുവന്‍ കൃഷിയൊഴിഞ്ഞ നെല്‍പ്പാടമാണ്. ആ പാടത്ത് ജനസമുദ്രം. തൃശ്ശൂര്‍ പൂരത്തിന്റെയത്ര ജനക്കൂട്ടം. ഇത്രയധികം ആളുകളെ ജീവിതത്തിലാദ്യമായി ഞാന്‍ കാണുന്നത് അന്നാണ്. അവര്‍ക്കിടയില്‍ ഞങ്ങളും ഇരുന്നു. കിഴക്കോട്ട് തിരിഞ്ഞായിരുന്നു വേദി. കേളപ്പനും ഗാന്ധിജിയുമാണ് വേദിയിലുണ്ടായിരുന്നത്. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മൈക്കില്ലായിരുന്നു. വളരെ പതുക്കെയായിരുന്നു സംസാരം. തൊട്ടടുത്തുനിന്ന് ഒരാള്‍ വലിയ കോളാമ്പിയിലൂടെ മലയാള തര്‍ജമ പറയുന്നുണ്ടായിരുന്നു. കുട്ടിയല്ലേ ഞാന്‍, എന്താണ് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലായില്ല. പക്ഷേ, അദ്ദേഹത്തെ ആദ്യം കണ്ടതും ആ രംഗങ്ങളും മനസ്സില്‍ നിറച്ച ആവേശം വലുതായിരുന്നു.

കെ. കേളപ്പനും ഗാന്ധിജിയും മനസ്സില്‍ പകര്‍ന്ന നവോത്ഥാന ചിന്തകള്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനെ പിന്നെയും മുന്നോട്ടുനടത്തി

മലപ്പുറം ജില്ലയിലെ മൂക്കോലയിലെ പകരാവൂര്‍ മനയിലെ അംഗമാണ് അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്രഗോപുരം എല്ലാവര്‍ക്കുമായി തുറന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മനവകയായുള്ള മൂക്കോല ക്ഷേത്രത്തിലേക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാവരെയും വിളിച്ചുകയറ്റി. ''അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. അച്ഛനെ എനിക്ക് ഭയമായിരുന്നു. ഏട്ടന്മാരുടെ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്റെ ഈ നടപടിക്കുശേഷം ഏറെക്കാലം ഇല്ലത്തിനകത്തേക്ക് പ്രവേശനമനുവദിച്ചില്ല. ഏറെക്കാലം പുറത്തിരുന്നാണ് ഊണ് കഴിച്ചിരുന്നത്.

പിന്നീടുള്ള ജീവിതത്തില്‍ നവോത്ഥാന ചിന്തകള്‍ മുളപൊട്ടിയതിന് ഗുരുവായൂര്‍ സത്യാഗ്രഹ വേദിയിലെ കാഴ്ചകള്‍ തന്നെയാണ് കാരണം. ആ കാഴ്ചകള്‍ കാണാന്‍ എന്റെ കണ്ണ് തുറപ്പിച്ചത് മാതൃഭൂമി വായനയും.'' -ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍ സമ്പന്നമായ ജീവിതയാത്രയുടെ നിറവ്.

content highlights : Chithran nampoothirippadu remembering his memmories of Guruvayoor sathyagraha