കോഴിക്കോട്:  ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വരികയാണെങ്കില്‍ കുട്ടികളുടെ കഷ്ടപ്പാടിന് അറുതിയുണ്ടാകുമെന്ന് നടി റിമ കല്ലിങ്കല്‍. മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലുള്ള ' അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിന്റെ ഭാഗമായുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാതൃഭൂമി ഡോട്ട് കോം സീഡുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക രാജി. സി, അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമായ എം. സുല്‍ഫത്ത് എന്നിവരും വെബിനാറില്‍ പങ്കാളികളായി. ആണ്‍കുട്ടികള്‍ ധരിക്കേണ്ട വസ്ത്രം തന്നെ പെണ്‍കുട്ടികള്‍ ധരിക്കണമെന്നുള്ളതല്ല യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി, മറിച്ച് സൗകര്യമുള്ള വസ്ത്രമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എം.സുല്‍ഫത്ത് പറഞ്ഞു. 

Read more:ശിശുദിനത്തില്‍ മാതൃഭൂമി നല്‍കിയ സമ്മാനമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പയിൻ- റിമ കല്ലിങ്കൽ 

ജനിച്ചു വീഴുന്നത് തൊട്ട് നാം എന്ത് ചെയ്യണമെന്ന് ഡിസൈന്‍ ചെയ്ത ഇടത്തിലാണ് നാം ജീവിക്കുന്നതെന്ന് നടിയായ റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു. ജെന്‍ഡര്‍ ന്യൂട്രലായിട്ടുള്ള യൂണിഫോം വരികയാണെങ്കില്‍ കുട്ടികളുടെ കഷ്ടപ്പാടിന് അറുതിയുണ്ടാകും. നമ്മെ ജഡ്ജ് ചെയ്യുന്നതില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പുതിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സങ്കല്‍പ്പത്തിലൂടെ നമ്മുക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യം അറിഞ്ഞു വളരുന്ന തലമുറ സമൂഹത്തിന് മുതല്‍കൂട്ടാകും -  റിമ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ യൂണിഫോമെന്നത് കുട്ടികളുടെ ചലനസ്വാതന്ത്ര്യങ്ങളെയോ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെയോ പഠനപ്രവര്‍ത്തങ്ങള്‍ക്കോ തടസ്സമുണ്ടാകാത്തതായിരിക്കണമെന്ന് മുന്‍ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ എം.സുല്‍ഫത്ത് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികള്‍ ധരിക്കേണ്ട വസ്ത്രം തന്നെ പെണ്‍കുട്ടികള്‍ ധരിക്കണമെന്നുള്ളതല്ല യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി. മറിച്ച് സൗകര്യമുള്ള വസ്ത്രമെന്നതാണ് ഇത് കൊണ്ട ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

മാതൃഭൂമി കാമ്പനിയിനിലൂടെ വളയന്‍ചിറങ്ങര സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വീണ്ടും ചര്‍ച്ചാവിഷയമായതില്‍ സന്തോഷമുണ്ടെന്ന് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനധ്യാപിക രാജി.സി പറഞ്ഞു. ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികളെ ഉയര്‍ത്തികൊണ്ടു വരികയല്ല, രണ്ടു പേരെയും തുല്യതയോടെ ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് പ്രാഥമികമായി ജെന്‍ഡര്‍  ന്യൂട്രല്‍ യൂണിഫോമില്‍ തങ്ങള്‍ ചിന്തിച്ചതെന്നും രാജി അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷം മുമ്പാണ് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്.

സമൂഹത്തിന്റെ വളര്‍ച്ച സ്‌കൂളുകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമാണ് ആരംഭിക്കുന്നതെന്ന് മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ്സ് ഡയറക്ടറായ മയൂര ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍  നമ്മളായി തന്നെ ജീവിക്കാനാണ് പ്രാധാന്യം നല്‍കേണ്ടത്. അത്തരത്തിലുള്ള കാഴ്ചപാട് രൂപപ്പെടുത്താനുള്ള വലിയ ചുവടുവെയ്പ്പാണീ കാമ്പയിനെന്നും മയൂര പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യര്‍ത്ഥികളും അധ്യാപകരും പി.ടി.ഐ പ്രതിനിധികളും സീഡ് പ്രവര്‍ത്തകരും വെബിനാറില്‍ പങ്കാളികളായി.

Content Highlights: webinar conducted by mathrubhumi.com on 'gender neutral uniform'