കൊച്ചി: രണ്ട് വര്‍ഷം മുമ്പേ യൂണിഫോമില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കി കാലത്തിന് മുന്‍പേ നടന്ന സ്‌കൂളായിരുന്നു വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍. ഒരിടവേളയ്ക്ക് ശേഷം സ്‌കൂള്‍ ചര്‍ച്ചാവിഷയമായതോടൊപ്പം യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തിന്റെ പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ സ്‌കൂള്‍ യൂണിഫോമില്‍ മാത്രമല്ല മാറ്റങ്ങളുണ്ടാകേണ്ടത്, കുട്ടികള്‍ മാതൃകയാകുന്ന പാഠപുസ്തകങ്ങളില്‍ നിന്നു പോലും മാറ്റങ്ങളുടെ തുടക്കമുണ്ടാവേണ്ടതുണ്ട്.

പാഠപുസ്തകങ്ങള്‍ പലതും വാർപ്പു മാതൃകകളാണ് പ്രതിഫലിപ്പിക്കുന്നത്. പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ അമ്മ അടുക്കള ജോലികള്‍ നോക്കുന്നു. അച്ഛന്‍മാര്‍ക്ക് അടുക്കള ജോലി എന്തോ നിഷിദ്ധമെന്ന മട്ടിലുള്ള പ്രതീതി ജനിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചോ അവരുടെ ചിത്രങ്ങളോ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താറില്ല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പത്രവായനയില്‍ മുഴുകിയിരിക്കുന്ന അച്ഛന്‍, ചായ ഉമ്മറത്തേക്ക് കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ട അമ്മ. ചില സ്‌കൂളുകളില്‍ വെളിയിലും മറ്റും പ്രതീകാത്മകമായി സ്ഥാപിച്ചിരിക്കുന്ന ശില്‍പ്പങ്ങളില്‍ പെണ്‍കുട്ടികള്‍ വിരളം. എന്നാല്‍ ഈ പാതകളില്‍ നിന്നും വ്യത്യസ്തമായതും വേറിട്ടതുമായ വഴി അവലംബിക്കുകയാണ് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍.

dr.binoy peter
ഡോ. ബിനോയ് പീറ്റർ

വളയന്‍ചിറങ്ങര സ്‌കൂള്‍ 2019 ല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമിന്റെ ' അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിന്റെ  ഭാഗമായി പ്രസിദ്ധീകരിച്ചപ്പോള്‍ സ്‌കൂള്‍ വീണ്ടും ചര്‍ച്ചാവേദികളില്‍ ഇടം നേടി. കാലാനുസൃതമായ പല മാറ്റങ്ങള്‍ക്കും സ്‌കൂള്‍ വേദിയായിട്ടുണ്ട്. ഈ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് സ്‌കൂളിലെ അക്കാദമിക് കമ്മിറ്റി ചെയര്‍മാനും മുന്‍ പി.ടി.ഐ പ്രസിഡന്റുമായ ഡോ.ബിനോയ് പീറ്റര്‍.

സ്കൂളിന്റെ പ്രവർത്തന രീതികളെ കുറിച്ച് ഡോ. ബിനോയ് പീറ്റർ സംസാരിക്കുന്നു....

"തുടക്കം ലോഗോയില്‍ നിന്ന് 
സ്‌കൂളിന്റെ ലോഗോയിലാണ് മാറ്റത്തിന്റെ തുടക്കം. പണ്ട് സ്‌കൂളില്‍ ആണ്‍കുട്ടിയെ മാത്രം ഉള്‍പ്പെടുത്തിയൊരു ലോഗോ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇതിലെ പൊരുത്തകേട് കണ്ടെത്തിയ സ്‌കൂള്‍ തന്നെ മുന്‍കൈ എടുത്തു പെണ്‍കുട്ടിയെ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്.  സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടു പോലും സ്‌കൂളുകളില്‍ ആണ്‍ പെണ്‍ കുട്ടികളെ ഇടകലര്‍ത്തിയല്ല ഇരുത്തുന്നത്. ഇത്തരത്തിലുള്ള രീതി പിന്തുടരാത്തത് മൂലം കുട്ടികള്‍ക്ക് പരസ്പരം ഇടപഴകാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. കുട്ടികള്‍ സോഷ്യലൈസ് ചെയ്യപ്പെടുന്നില്ല. ശാരീരികമായ വ്യത്യാസങ്ങളൊഴിച്ചാല്‍ അവരൊന്നാണെന്ന ചിന്തയാണ് ഉടലെടുക്കേണ്ടത്. 

valayanchirangara school logo
വളയന്‍ചിറങ്ങര സ്‌കൂളിന്റെ ലോഗോയില്‍ പെണ്‍കുട്ടിയെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍


മാറേണ്ട പുസ്തകരീതികള്‍
പ്രീപ്രൈമറിക്ക് വേണ്ടി സ്‌കൂളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നു. അന്ന് സര്‍ക്കാര്‍ പുസ്തകങ്ങളോ മറ്റോ ഇല്ല. സി.ബി.എസ്.ഇ സിലബസ്സിനനുസരിച്ച് പടച്ചു വിടുന്ന സ്റ്റീരിയോ ടൈപ്പ് പുസ്തകങ്ങളായിരുന്നു ഏറിയ പങ്കും. സ്വകാര്യ പ്രസാധകരായിരുന്നു ഇതുണ്ടാക്കിയിരുന്നത്. എന്നാല്‍ വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ വളരെ വ്യത്യസ്തമായ മാതൃകയാണ് പിന്തുടര്‍ന്നത്. പ്രീപ്രൈമറിക്ക് വേണ്ട പുസ്തകങ്ങളെല്ലാം സ്‌കൂളിന്റെ നേത്യത്വത്തില്‍ തയ്യാറാക്കി. പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ പോലും പൂര്‍ണമായും വേര്‍തിരിവ് ഒഴിവാക്കിയ രീതിയാണ് സ്വീകരിച്ചത്. പുസ്തകത്തില്‍ കളിക്കാന്‍ പോകുന്ന കുട്ടികളില്‍ വികലാംഗരായ കുട്ടികളുമുണ്ട്. ജെന്‍ഡര്‍ റോള്‍, ഡിസെബിലിറ്റി തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. 

ആത്മവിശ്വാസം പ്രധാനം
പാവാടയ്ക്ക് അടിയിലെന്തോ കാണാന്‍ പാടില്ലാത്ത, പൊതിഞ്ഞു വെയ്‌ക്കേണ്ട എന്തോ ഉണ്ടെന്ന തോന്നലൊഴിവാക്കാന്‍ വേണ്ടിയല്ല ത്രീ ഫോര്‍ത്തുകളാക്കി മാറ്റിയത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന യൂണിഫോം രീതി കൊണ്ടുവരിക എന്നത് മാത്രമായിരുന്നു അജണ്ട. ആത്മവിശ്വാസവും വസ്ത്രധാരണവും തമ്മിലുള്ള ബന്ധം മനസ്സിലാകാത്തവരോട് പാവാട പൊന്തുന്ന കാര്യം തന്നെ ചൂണ്ടിക്കാട്ടിയാണ് മാറ്റം കൊണ്ടുവന്നത്. 

മാറ്റത്തിന്റെ മുന്നൊരുക്കം
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ടുവരുന്നതിന് മുമ്പുള്ള വര്‍ഷം കൊച്ചിയിലുള്ള ഒരു ഡിസൈനറെ സമീപിച്ച് ഒരു പ്രോട്ടോടൈപ്പും മറ്റും ഉണ്ടാക്കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് ആ വര്‍ഷം അത്തരമൊരു മാറ്റം കൊണ്ടുവരുന്നതില്‍ ആത്മവിശ്വാസം തോന്നിയില്ല. അതിനാലാണ് 2019 ല്‍ പ്രീപ്രൈമറിയിലാദ്യം നടപ്പാക്കിയത്. പ്രീപ്രൈമറിയില്‍ പൈലറ്റ് പ്രൊജക്ട് ആയിട്ടാണിത് അവതരിപ്പിക്കപ്പെട്ടത്. അവിടെ വിജയമായതിന് പിന്നാലെയാണ് മറ്റ് ക്ലാസുകളിലേക്കും അത് എക്സ്റ്റന്‍ഡ് ചെയ്തത്.  വളയന്‍ചിറങ്ങര സ്കൂളിൽ പണ്ടു മുതല്‍ക്കേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയാണ് ഇരുത്തിയിരുന്നത്. 

textbook in valayanchirangara school
സ്‌കൂളിലെ പാഠപുസ്തകം

അക്കാദമിക് കമ്മിറ്റിയുള്ള സ്‌കൂള്‍
ഒരു സ്‌കൂളുകളിലും അക്കാദമിക് കമ്മിറ്റികളില്ല. സ്‌കൂള്‍ അക്കാദമിക് കാര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് സ്‌കൂളിലെ അക്കാദമിക് കമ്മിറ്റി. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷവും ലേണിങ് ഔട്ട്കമ്മിന്റെ സോഷ്യല്‍ ഓഡിറ്റ് നടത്തുമായിരുന്നു. പുറത്ത് നിന്നുമാളുകള്‍ വന്നിട്ട് കുട്ടികളെന്താണ് പഠിച്ചതെന്ന് അന്വേഷിക്കുന്നു. കുട്ടികളുടെ പഠനനിലവാരം അറിയാന്‍ ഇത് ഉപകരിച്ചിരുന്നു. 

രക്ഷിതാക്കളുടെ റോളുകള്‍ ഏറ്റെടുത്തപ്പോള്‍  

textbook in valayanchirangara
സ്‌കൂളിലെ മാറ്റം വരുത്തിയ പാഠപുസ്തകത്തിലെ മാറ്റം

നേരത്തെ സ്‌കൂളിലെ അധ്യാപകര്‍ക്ക് സ്ഥിരം രക്ഷിതാക്കളില്‍ നിന്നും കോളുകളെത്തിയിരുന്നു. അന്ന് ഹോം വര്‍ക്ക് കൊടുത്തില്ലലോ എന്നുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. ഇത് അധ്യാപകരുടെ ആത്മവിശ്വാസത്തെ ഗുരുതമായി തന്നെ ബാധിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളയന്‍ചിറങ്ങര സ്‌കൂളിന്റെ നടത്തിപ്പിനും നേത്യത്വത്തിനുമുള്ളത് വനിതാ അധ്യാപകരാണ്. അതിനാല്‍ വളയന്‍ചിറങ്ങര സ്‌കൂളിലെ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ വനിതാ അധ്യാപകരുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. 26 വനിതാ അധ്യാപികരാണ് ആകെ സ്‌കൂളിലുള്ളത്. സ്‌കൂളില്‍ പുരുഷ അധ്യാപകരോ അനധ്യാപകരോ ഇല്ല. ആകെയുള്ളത് ഒരു പുരുഷ ഡ്രൈവര്‍ മാത്രമാണ്. മിക്ക സ്‌കൂളുകളിലും പി.ടി.ഐ ഉണ്ടെങ്കില്‍ എസ്.എം.സി (സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി) പ്രവര്‍ത്തിക്കില്ല, എസ്.എം.സി ഉണ്ടെങ്കില്‍ പി.ടി.ഐ പ്രവര്‍ത്തിക്കില്ല അങ്ങനെയാണ്. എന്നാല്‍ വളയന്‍ചിറങ്ങര സ്‌കൂളില്‍ രണ്ടും ശക്തമാണ്.

നാടിന്റെ പ്രിയ സ്‌കൂള്‍
സ്‌കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ നാസ ശാസ്ത്രഞ്ജര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. അവരൊക്കെ ഇപ്പോഴും കരുതലോടെയാണ് സ്‌കൂളിനെ നോക്കി കാണുന്നത്. വളയന്‍ചിറങ്ങര സ്‌കൂള്‍ മതില്‍ പങ്ക് വെയ്ക്കുന്നത് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളുമായിട്ടാണ്. എന്നിട്ടും നാലാം ക്ലാസ് വരെയുള്ള സ്‌കൂളിലിന്ന് എഴുനൂറോളം വിദ്യാര്‍ത്ഥികളുണ്ട്. കമ്മ്യൂണിറ്റി ഓണ്‍ഡ് സ്‌കൂള്‍ എന്നൊക്കെ വേണമെങ്കില്‍ സ്‌കൂളിനെ വിശേഷിപ്പിക്കാം. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ തുടക്കകാലത്ത് പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുത്തി പഠിപ്പിക്കാന്‍ വിടാന്‍ മടിച്ചിരുന്ന ഒരു സമൂഹം നിലനിന്നതിന്റെ ഫലമായിട്ടാണ് ബോയ്‌സ് സ്‌കൂള്‍ ഗേള്‍സ് സ്‌കൂള്‍ എന്നൊരു സമ്പ്രദായം നിലവില്‍ വന്നത്. എന്നാല്‍ ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ പ്രസക്തിയുമില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അംഗസംഖ്യ കുറയുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോഴും വളയന്‍ചിറങ്ങര സ്‌കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുകളുണ്ടായിട്ടില്ല".

Content Highlights: valayanchirangara lp school breaks all stereotypes in academic level