മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ കാമ്പയിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വസ്ത്രധാരണം വ്യക്തികളുടെ ചോയ്‌സ് ആയി മാറുന്നതാണ് ജനാധിപത്യത്തിന് കൂടുതല്‍ ഭംഗിയെന്നും അദ്ദേഹം പ്രതികരിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ചരിത്രം, സോഷ്യല്‍ ആസ്‌പെക്ട്‌സ് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം എന്ന നിലയ്ക്ക് തീര്‍ച്ചയായും ഇത്തരത്തിലുള്ള കാമ്പയിനുകള്‍ സ്വീകരിക്കപ്പെടണം. 

"ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം 'ജെന്‍ഡര്‍' എന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കും. ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാനും ഇത് സഹായകരമാകും. ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. 

അധ്യാപകരുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പാറ്റേണ്‍ നടപ്പാക്കുന്നതായി ആക്ഷേപങ്ങളുണ്ട്. പി.ടി.ഐ, രക്ഷിതാക്കള്‍, മാനേജ്‌മെന്റുകള്‍ എന്നിവര്‍ ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ പാടുകയുള്ളൂ. രാഷ്ട്രീയ സമൂഹത്തില്‍ സ്ത്രീ സംവരണങ്ങള്‍ പോലെയുള്ള മാറ്റങ്ങള്‍ കടന്നുവരണം. പതിയെ സാമൂഹിക ചിന്താഗതികളും മാറി തുടങ്ങുന്നത് കാണാം.

രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച പ്രകടന പത്രികയിലുള്ള ഒരു പ്രധാന ആശയമാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്നത്. എന്നാല്‍ ഇത് ചര്‍ച്ച പോലും ചെയ്യപ്പെടുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത.  ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ഫ്രീഡം ഓഫ് ചോയ്‌സ് എന്നീ രണ്ട് ഘടകങ്ങളും ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളാണ്. ഇതിനെ സമന്വയിപ്പിച്ചു വേണം മുന്നോട്ട് പോകാന്‍. വസ്ത്രധാരണരീതി അത് ആണ്ണിനായാലും പെണ്ണിനായാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതാകരുത്. ഈ വിഷയം ആഴത്തില്‍ അഡ്രസ്സ് ചെയ്യപ്പെടണം. ജനാധിപത്യപരമായി വേണം ഈ മാറ്റങ്ങളുണ്ടാകാന്‍.  

Content Highlights: v.t balram on gender neutral uniform pattern