പെരുമ്പാവൂര്‍: 'ജെന്റര്‍ ന്യൂട്രല്‍' യൂണിഫോം ചര്‍ച്ചകള്‍ സജീവമായിരിക്കെ മൂന്നു വര്‍ഷം മുമ്പേ വളയന്‍ചിറങ്ങര സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഈ രീതിയില്‍ യൂണിഫോം തയ്യാറാക്കാനായതിന്റെ അഭിമാനത്തിലാണ് വിദ്യാ മുകുന്ദന്‍.

പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായതും ആണ്‍-പെണ്‍ ഭേദമില്ലാത്തതുമായ യൂണിഫോം എന്ന ആശയം 2018-ലാണ് വളയന്‍ചിറങ്ങര സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റും സുഹൃത്തുമായ ബിനോയ് പീറ്റര്‍ അവതരിപ്പിച്ചത്. അന്ന് കതൃക്കടവില്‍ ബൊട്ടിക് നടത്തുകയായിരുന്നു വിദ്യ. പാവാടയ്ക്ക് പകരം ത്രീഫോര്‍ത്തും ടീഷര്‍ട്ടുമാണ് അന്ന് തയ്യാറാക്കിയത്.

എല്‍.പി. സ്‌കൂളില്‍ പഠിച്ചിരുന്ന മകള്‍ ദേവുവിനെ മോഡലാക്കി തയ്യാറാക്കിയ യൂണിഫോം ഫോട്ടോയെടുത്ത് സ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന സി. രാജിക്ക് അയച്ചുകൊടുത്തു.

ടീച്ചര്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തു. 2018-ല്‍ സ്‌കൂളില്‍ പുതിയ യൂണിഫോം പരിചയപ്പെടുത്തിയെങ്കിലും അത്ര വിജയിച്ചിരുന്നില്ല.

എന്നാല്‍, അതോടൊപ്പം സ്‌കൂളില്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി തയാറാക്കിയ പാഠപുസ്തകം യൂണിഫോം പരിഷ്‌കരണത്തെ സഹായിച്ചുവെന്ന് ബിനോയ് പീറ്റര്‍ പറഞ്ഞു. ഈ പുസ്തകത്തിലൂടെ 'ജെന്റര്‍ ന്യൂട്രല്‍' എന്ന ആശയം സ്‌കൂളിലെ അധ്യാപകരിലും രക്ഷിതാക്കളിലും എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

പിന്നീട് 2019 മുതല്‍ വളയന്‍ചിറങ്ങര സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഷര്‍ട്ടും ത്രീഫോര്‍ത്തും പുതിയ യൂണിഫോം പ്രാവര്‍ത്തികമായി.

കണ്ണൂര്‍ സ്വദേശിയാണ് വിദ്യ .സിനിമാ മോഹവുമായാണ് കുടുംബസമേതം എറണാകുളത്ത് വന്നത്. 2017-ല്‍ 'ഞാനറിയാതെ' എന്ന കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. മലയാള സിനിമയിലെ വസ്ത്രാലങ്കാര ചരിത്രത്തെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധം 2020-ല്‍ പുറത്തിറക്കിയിരുന്നു. സ്വന്തമായി തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ്. ഭര്‍ത്താവ്: മുകുന്ദന്‍ (കാന്‍ക്യുയര്‍ ഫൗണ്ടേഷന്‍). സൂര്യനാരായണന്‍, ദേവനന്ദ എന്നിവര്‍ മക്കളാണ്.

Content Highlights: uniform in valayanchirangara school have been designed by vidhya mukundan