രമ്പരാഗത യൂണിഫോം സമ്പ്രദായങ്ങളില്‍ നിന്നു ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോമെന്ന ആശയത്തിലേക്ക് കേരളം മാറണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുകയാണ് മാതൃഭൂമി ഡോട്ട്‌കോമിന്റെ 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന ക്യാമ്പയിനിലൂടെ. ചർച്ചയുടെ ചുവട് പിടിച്ച് കേരളത്തിലെ പല സ്‌കൂളുകളിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിന് പിന്തുണയേകി സംസാരിച്ച ചില സ്കൂൾ പ്രതിനിധികളുടെ അഭിപ്രായങ്ങളിലേക്ക്.

മോളിയമ്മ ചെറിയാന്‍, പ്രിന്‍സിപ്പാള്‍
മരിയ ഭവന്‍ ഇ.എം.യു.പി.എസ്, കോട്ടയം

'ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം രീതിയെന്നത് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ബുധനാഴ്ചകളില്‍ ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാക്ക് സ്യൂട്ടാണ്. മറ്റ് ദിവസങ്ങളില്‍ മാത്രമാണ് വ്യത്യസ്ത യൂണിഫോം. ബുധനാഴ്ച കായികപരമായ കാര്യങ്ങള്‍ക്കുള്ള ദിവസമെന്ന നിലയിലാണ് ഇരുവര്‍ക്കും ട്രാക്ക് സ്യൂട്ടആാക്കിയത്. ഭാവിയില്‍  എല്ലാ ദിവസങ്ങളിലും ജെന്‍ഡര്‍ ന്യൂട്രലായ യൂണിഫോം പാറ്റേണ്‍ എന്നത് ഞങ്ങളുടെ പരിഗണനയിലാണ്.'


മുഹമ്മദ് അഷ്‌റഫ്, മാനേജര്‍
എസ്.എന്‍.എം.എച്ച്.എസ്.എസ്, മലപ്പുറം

'ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്, ഷര്‍ട്ട് എന്നുള്ള രീതിയില്‍ പ്രശന്ങ്ങളുണ്ടാവില്ല. കാരണം പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വസ്ത്രമെന്നത് സൗകര്യപ്രദമാണ്. ചുരിദാറിനെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം തരുന്ന വസ്ത്രം പാന്റും ഷര്‍ട്ടും തന്നെയാണ്. വേണമെങ്കില്‍ ഓവര്‍കോട്ടും നല്‍കാം. അധ്യാപകര്‍ സാരി തന്നെ ധരിക്കണമെന്നുള്ള രീതിക്ക് മാറ്റം വന്നില്ലേ, ഇപ്പോള്‍ ചുരിദാറും അനുവദനീയമാണ്. ഭാവിയില്‍ തീര്‍ച്ചയായും യൂണിഫോം രീതികളില്‍ മാറ്റമുണ്ടാകും'

ജോസ് കെ.എ , വൈസ് പ്രിന്‍സിപ്പാള്‍
രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം

'ലിംഗനീതി, തുല്യത എന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണല്ലോ. വിവേചനങ്ങളുണ്ടാകാതിരിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഉതകും. കുട്ടികള്‍ക്ക് തീര്‍ച്ചയായും സന്തോഷം പകരുന്ന കാര്യമായിരിക്കും യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി. നമ്മുടെ ഭരണഘടന നിലകൊള്ളുന്നത് തുല്യതയ്ക്ക് വേണ്ടിയാണല്ലോ. അപ്പോള്‍ യൂണിഫോമിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്, അഭിനന്ദിക്കപ്പെടേണ്ടതാണ്'

ഫാ.ജോണ്‍, പ്രിന്‍സിപ്പാള്‍
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കോഴിക്കോട്

' സെല്‍ഫ് ഡിഫന്‍സ് പരിശീലകന്‍ കൂടിയായ എനിക്ക് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായ യൂണിഫോമിന്റെ ആവശ്യകതയെ പറ്റി തോന്നിയിട്ടുണ്ട്. അതിനാലാണ് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്. ഷാളുകളും മറ്റും പൂര്‍ണമായി ഒഴിവാക്കി. രക്ഷിതാകളും സൗകര്യപ്രദമായ വസ്ത്രത്തിന് പൂര്‍ണ പിന്തുണയേകി.'

ഫാ.ജോണിന്റെ നേത്യത്വത്തിലാണ് ദേവഗിരി പബ്ലിക് സ്‌കൂള്‍ 2005 ല്‍ സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്‌കൂള്‍ തുടങ്ങിയപ്പോള്‍ അഞ്ചാം ക്ലാസ് വരെയാണുണ്ടായിരുന്നത്. സ്‌കൂളിന്റെ തുടക്കകാലം മുതലേ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം സമ്പ്രദായമാണിവിടെ. ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ  പ്രതിഫലനമായിട്ടാണ് ഫാ.ജോണ്‍ ദേവഗിരിയിലെ സേവനത്തിന് ശേഷമെത്തിയ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലും സമാന വസ്ത്രരീതി കൊണ്ടുവന്നത്. 


ജയശ്രീ കൈമള്‍, പ്രിന്‍സിപ്പാള്‍
ശ്രീശങ്കര ഇ.എം.എസ്, തൃശ്ശൂര്‍

'യൂണിഫോമില്‍ ജെന്‍ഡര്‍ ന്യൂട്രലാവുന്നത് വളരെ നല്ല കാര്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാകുന്നത് തുല്യത ഉറപ്പാക്കും. സമത്വം ഊട്ടിയുറപ്പിക്കാനും ഇത് ഉതകും'

Content Highlights: the need of gender neutral uniform in kerala; discussion and views