മാതൃഭൂമി ഡോട്ട് കോമിന്റെ നേത്യത്വത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ കാമ്പയിന് പിന്തുണയുമായി ടി. പത്മനാഭന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോം എന്ന ബാലുശ്ശേരി ഗവ. സ്‌കൂളിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ സൗകര്യം പാന്റ്‌സും ഷര്‍ട്ടുമാണ്. എല്ലാ സ്‌കൂളുകള്‍ക്കും ഈ തീരുമാനത്തെ സ്വാഗതം ചെയ്യാവുന്നതുമാണ്. ഇരുപത്തിയഞ്ച് കൊല്ലത്തോളം തുടര്‍ച്ചയായി കാര്‍ ഡ്രൈവ് ചെയ്ത ആളാണ് ഞാന്‍. തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോള്‍ സാരിയുടുത്ത സ്ത്രീകളും ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് പാന്റ്‌സും ഷര്‍ട്ടുമിട്ട് കാറോടിക്കുന്ന എന്റെ സൗകര്യവും സാരിയുടുത്ത് ഗിയറും ക്ലച്ചും മാറ്റുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുമാണ്. എനിക്ക് എന്തൊരു എളുപ്പമാണ് പാന്റ്‌സും ഷര്‍ട്ടുമിട്ട് യാത്രകള്‍ ചെയ്യാന്‍! അപ്പോള്‍ സ്ത്രീകള്‍ കൂടി ഈ വേഷത്തിലായിരുന്നെങ്കില്‍ അവര്‍ക്ക് യാത്ര എളുപ്പമായേനെ. പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം. പക്ഷേ സ്‌കൂളില്‍ അണിഞ്ഞൊരുങ്ങി പോകേണ്ടതിന്റെ ആവശ്യത്തേക്കാള്‍ ആയാസമില്ലാതെ പോകുക എന്നതിനാണ് പ്രാധാന്യം. അപ്പോള്‍ അവര്‍ എളുപ്പത്തില്‍ നടക്കാനും വാഹനങ്ങളില്‍ ചാടിക്കയറാനും പറ്റുന്ന തരത്തിലുള്ള വേഷങ്ങള്‍ തന്നെ ധരിക്കട്ടെ. അണിഞ്ഞൊരുങ്ങാന്‍ അവസരങ്ങള്‍ ധാരാളം വരും. സ്‌കൂളില്‍ കുട്ടികള്‍ ആയാസമില്ലാതെ നടക്കട്ടെ. 

പെണ്‍കുട്ടികളേ, നിങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനുമേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ല. മൊരട്ടു ന്യായീകരണങ്ങളും മതപരവും വിശ്വാസപരവുമായ വിലക്കുകളും വന്നുചേരുന്നത് സ്വാഭാവികം. ഇത്തരക്കാര്‍ കൂടി കഴിഞ്ഞുകൂടുന്ന ഇടമാണല്ലോ ഈ കേരളം.

പണ്ട് നമ്പൂതിരി സമുദായത്തില്‍ നിന്നും അന്തര്‍ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയാണല്ലോ  മറക്കുട വലിച്ചെറിഞ്ഞത്‌. ഇന്ന് മറക്കുടയും ചൂടിപ്പോകുന്ന പെണ്ണിനെ നമുക്ക് സങ്കല്‍പിക്കാന്‍ പറ്റുമോ? അതുപോലെ ഇതെല്ലാം ചരിത്രമാകും.

പെണ്‍കുട്ടികള്‍ ഏതു സമുദായക്കാരുമായിക്കൊള്ളട്ടെ അവര്‍ വളരെ ധീരകളാണ്. രണ്ടനുഭവങ്ങള്‍ ഞാന്‍ പങ്കുവെക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് മഞ്ചേരിയിലെ ഒരു വനിതാകോളേജിലേക്ക് എന്നെ ക്ഷണിക്കുകയുണ്ടായി. ആ പെണ്‍കുട്ടികളുടെ ഉല്‍പതിഷ്ണുത്വം, അവരുടെ വിചാരധാരയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, സംഘടനാ പാടവത്വം.. ഇവയെല്ലാം കണ്ട് ഞാന്‍ അതിയായി സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. അവരൊക്കെ എന്നോ മറക്കുടകള്‍ കാറ്റില്‍ പറത്തിയവരാണ്. 

മറ്റൊരു സംഭവം കൂടി പറയാം. ഇവിടെ കണ്ണൂരില്‍ മാട്ടൂല്‍ എന്നൊരു സ്ഥലമുണ്ട്. നൂറുശതമാനുവും ഒരു മതസമുദായത്തിന് മേല്‍ക്കോയ്മയുള്ള ദ്വീപ് പോലുള്ള സ്ഥലമാണ്. ഈയടുത്ത കാലത്ത് ഒരു പ്രഭാഷണത്തിനായി അവിടെ പോകേണ്ടതുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ വളരെ ഫോര്‍വേഡ് ആയി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. അവരുടെ വസ്ത്രധാരണവും അതിനോട് കിടപിടിക്കുന്നതാണ്. പെണ്‍കുട്ടികളില്‍ എല്ലാവരും ഡിഗ്രി കഴിഞ്ഞതാണ്. അവിടത്തെ പ്രശ്‌നം മറ്റൊന്നാണ്. അവര്‍ക്ക് അനുയോജ്യരായ വരന്മാരെ ലഭിക്കുന്നില്ല! പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഡിമാന്റ് ചെയ്യുന്നത് പണത്തെയല്ല മറിച്ച തുല്യയോഗ്യത വരനുമുണ്ടോ എന്നുള്ളതാണ്. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമര്‍ശിക്കുന്നവരെക്കുറിച്ച് എന്തുപറയണം? എന്തുപറഞ്ഞാലും കുറഞ്ഞുപോകും!

Content Highlights :T. Padmanabhan reacts on Gender Neutral Uniform Campaign