സ്‌കൂള്‍ യൂണിഫോമില്‍ ആണ്‍പെണ്‍ വ്യത്യാസം ഒഴിവാക്കുന്നത് ആരോഗ്യകരമായ ഒരു സാമൂഹിക ചിന്തയ്ക്ക് തന്നെ കാരണമാവുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി .ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണരീതി സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ തുടങ്ങിവെച്ച കാമ്പയിനിന്റെ ഭാഗമായി സംസാരിക്കുക.യായിരുന്നു അദ്ദേഹം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

''ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം സ്വാഗതാര്‍ഹമാണ്. ജന്റര്‍ ഈക്വാലിറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് വസ്ത്രധാരണത്തില്‍ വലിയ വ്യത്യാസം ലോകത്ത് ഒരിടത്തുമില്ല. ജീന്‍സും ടീഷര്‍ട്ടുംമെല്ലാം ആണുങ്ങളും പെണ്‍കുട്ടികളും ധരിക്കും. ഈ ലോകം അങ്ങനെ വല്ലാതെ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ കാലത്ത് സ്‌കൂള്‍ യൂണിഫോമില്‍ ആണ്‍പെണ്‍ വ്യത്യാസം ഒഴിവാക്കുന്നത് ആരോഗ്യകരമായ ഒരു സാമൂഹിക ചിന്തയ്ക്ക് തന്നെ കാരണമാവും. പലപ്പോഴും വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിവ് ഉണ്ടാവുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.

മാറ്റം ആരംഭിക്കേണ്ടത് സ്‌കൂള്‍ യൂണിഫോമില്‍ നിന്ന്

വിമാനത്തിലും തീവണ്ടിയിലും ബസിലും പോലും ഒരേ സീറ്റില്‍ ഇരിക്കുന്ന കാലമാണിത്. സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് തന്നെ മാറ്റം ആരംഭിക്കണം. ആ മാതൃക സര്‍ക്കാര്‍ തന്നെ താല്‍പര്യമെടുത്ത് അങ്ങനെ ഒരു മാര്‍ഗ നിര്‍ദേശം നല്‍കണം. അടുത്ത അധ്യയന വര്‍ഷമെങ്കിലും എല്ലാ കുട്ടികള്‍ക്കും ഒരേ യൂണിഫോം ആക്കുന്നതിനുള്ള ശ്രമമുണ്ടാവണം. 

മാറിയ ലോകസാഹചര്യത്തിനും സാമൂഹിക സാഹചര്യത്തിനും അനുസരിച്ച് ഇത്തരം ഒരു കാമ്പയിന്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതില്‍ മാതൃഭൂമിയെ അഭിനന്ദിക്കുന്നു.''

Content Highlights: T.N Prathapan MP about Gender Neutral uniform