"ഞങ്ങളുടെ സ്‌കൂളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സ്‌കൂളുകളിലും താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അത് ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കാമോ സര്‍?", ചോദ്യവുമായി വിദ്യാർഥിനി


mithraകോഴിക്കോട് : മാതൃഭൂമി ഡോട്ട്‌കോം ഉയര്‍ത്തിവിട്ട അണിയാം തുല്യതയുടെ യൂണിഫോം എന്ന കാമ്പയിന്‍ വലിയ ചര്‍ച്ചക്കാണ് കേരളത്തില്‍ വഴിമരുന്നിട്ടത്. പല സ്‌കൂളുകളും അധ്യാപകരും ഉള്‍പ്പെടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം തന്നെ മാറി ചിന്തിച്ചു തുടങ്ങി. അതിനിടെ ശ്രദ്ധ നേടുകയാണ് പാലക്കാട് അട്ടപ്പാടി ഗവ. സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാര്‍ഥിയായ മിത്ര വിദ്യാഭ്യാസമന്ത്രിക്കയച്ച കത്ത്. തനിക്കും തന്റെ കൂട്ടുകാര്‍ക്കും ഷര്‍ട്ടും പാന്റ്‌സും ധരിക്കാനാണ് ഇഷ്ടമെന്നും വിഷയത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് മിത്രയുടെ ആഗ്രഹം.  സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എന്തിനാണ് പ്രത്യേക വസ്ത്രധാരണ രീതിയെന്നും മിത്ര മന്ത്രിയോട് കത്തില്‍ ചോദിക്കുന്നുണ്ട്.

ചുരിദാറും ഓവർക്കോട്ടുമാണ് തങ്ങളുടെ വേഷമെന്നും തനി്കും തന്റെ ചിലകൂട്ടുകാർക്കും പാന്റ്സും ഷർട്ടും ധരിക്കാനാണ് ഇഷ്ടമെന്നും ചുരിദാർ ധരിക്കാൻ ഇഷ്ടമുള്ള മറ്റ് കുട്ടികൾക്ക് അത് ധരിക്കാൻ അനുവാദം നൽകണമെന്നുമാണ് തന്റെ ആവശ്യമെന്ന മിത്ര മാതൃഭൂമി ഡോട്ടകോമിനോട് പറഞ്ഞു

മിത്ര മന്ത്രിക്കെഴുതിയ കത്ത്

ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രിക്ക്

ഞാന്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഒരു ഗവ. സ്‌കൂളിലെ 9-ാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ്. എന്റെ പേര് മിത്ര.

സര്‍ എനിക്ക് ഒരപേക്ഷയുണ്ട്. സര്‍ ഇത് വായിച്ച് ഒരു തീരുമാനമെടുക്കണം. 
എനിക്കും എന്റെ ചില കൂട്ടുകാര്‍ക്കും പാന്റ്സും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാനാണ് ആഗ്രഹം. എന്നാല്‍ ഞങ്ങളുടെ സ്‌കൂളില്‍ - പല സ്‌കൂളുകളിലും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വസ്ത്രധാരണ രീതിയാണ്.

എന്തിനാണ് സര്‍ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വേറെ വേറെ വസ്ത്രധാരണ രീതികള്‍? 
ലിംഗ സമത്വത്തെക്കുറിച്ച് ഞങ്ങള്‍ പഠിക്കുകയും അധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യ നീതിയും തുല്യ അവകാശവുമുള്ളപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വേര്‍തിരക്കരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.

പാന്റ്‌സും ഷര്‍ട്ടും ഏറെ സുഖകരവും മാന്യവുമായ വേഷവുമാണ്. അതിനാല്‍  സ്‌കൂളില്‍  അത് ധരിക്കാന്‍ ഞങ്ങള്‍ക്കും അവസരം വേണം സര്‍.

വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സര്‍ക്കാരിന്റെ പ്രതിനിധി കൂടിയായ അങ്ങയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ദയവായി എന്റെ ഈ അപേക്ഷ പരിഗണിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പാന്റ്സും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകുന്നതിന് അനുവാദം തരുമോ സര്‍.?

ഞങ്ങളുടെ സ്‌കൂളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സ്‌കൂളുകളിലും താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അത് ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കാമോ സര്‍?
ചുരിദാര്‍ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കുകയും ചെയ്യട്ടെ.

എന്റെ അപേക്ഷ പരിഗണിക്കുകയും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ അങ്ങ് ഒരു തീരുമാനമുണ്ടാക്കിത്തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

content highlights: Student writes to Education minister asking permission to wear pants for girls in Schools