ആലപ്പുഴ: ലിംഗഭേദമില്ലാത്ത യൂണിഫോം എന്ന ആശയത്തോടു യോജിച്ച് മാറ്റത്തിനായി ഒരുങ്ങുകയാണ് ജില്ലയിലെ നഗരസഭകളിലെ സ്‌കൂളുകളും. ജില്ലാ പഞ്ചായത്തിന്റെയും ആലപ്പുഴ നഗരസഭാപരിധിയിലെയും സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ പദ്ധതി ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മറ്റു നഗരസഭകളും വിഷയത്തില്‍ അനുകൂല നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.

മാതൃഭൂമി ഡോട്ട്‌കോമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന കാമ്പയിന് ചുവട് പിടിച്ച് നിരവധി സ്‌കൂളുകളാണ് പുതിയ യൂണിഫോം രീതി അവലംബിച്ചിരിക്കുന്നത്.

ചേര്‍ത്തലയില്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ യൂണിഫോം ഏകീകരണം നടപ്പാക്കും. നഗരത്തിലെ ആറു സ്‌കൂളുകളിലും ഇതിനുള്ള നടപടി തുടങ്ങി. മാവേലിക്കര നഗരസഭയില്‍ പതിനേഴോളം സ്‌കൂളുകളാണുള്ളത്. അധ്യയനവര്‍ഷം തീരാന്‍ മാസങ്ങള്‍ മാത്രമുള്ളതിനാല്‍ ഈ വര്‍ഷം പദ്ധതിയുണ്ടാകില്ല.

ഏകീകൃത യൂണിഫോം തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ചെങ്ങന്നൂര്‍ നഗരസഭയും. അടുത്ത അധ്യയനവര്‍ഷംമുതല്‍ പദ്ധതി നടപ്പാക്കുന്നത് ആലോചിക്കും. ഹരിപ്പാട് നഗരസഭയില്‍ 14 സ്‌കൂളുകളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ പി.ടി.എ.യുമായി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് അധികൃതര്‍.

കായംകുളം നഗരസഭയില്‍ 14 സര്‍ക്കാര്‍ സ്‌കൂളുകളും 13 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലുള്ള യൂണിഫോം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അധികൃതരുടെ പ്രതികരണങ്ങള്‍...

അധ്യയനവര്‍ഷം അവസാനിക്കാന്‍ ഏതാനും മാസം മാത്രമുള്ളതിനാല്‍ ഈ വര്‍ഷം നടപ്പാക്കില്ല. ഇതുസംബന്ധിച്ചു ചര്‍ച്ചചെയ്ത് അടുത്തവര്‍ഷം പരിഗണിക്കും

കെ.വി. ശ്രീകുമാര്‍

മാവേലിക്കര നഗരസഭാധ്യക്ഷന്‍

ഒരുപോലുള്ള യൂണിഫോം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആലോചിച്ചു തീരുമാനത്തിലെത്തും. അതിനായി യോഗംചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും

പി. ശശികല,

കായംകുളം നഗരസഭാധ്യക്ഷ

മാറ്റത്തെ സ്വാഗതംചെയ്യുന്നു. ഓവര്‍കോട്ടുകൂടി ഉള്‍പ്പെടുത്തുന്നത് നല്ലതെന്ന അഭിപ്രായമാണ്

മറിയാമ്മ ജോണ്‍ ഫിലിപ്പ്

ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ

Content Highlights: schools in alappuzha leap forward to gender neutral uniform