ആലപ്പുഴ: ആലപ്പുഴ നഗരസഭയും അരൂക്കുറ്റിയിലെ മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി.എസ് സ്‌കൂളും സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം നടപ്പാക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആലോചന യോഗം ചേരും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ആലപ്പുഴ നഗരസഭ സ്വീകരിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ നഗരപരിധിയിലെ സ്‌കൂളുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധ്യക്ഷ സൗമ്യാ രാജ് പറഞ്ഞു. യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

പൂച്ചാക്കലില്‍ വളരെയധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് അരൂക്കൂറ്റി മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി.എസ്. സ്‌കൂള്‍ അധികൃതര്‍ യൂണിഫോം മാറ്റത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പി.ടി.എ.യോഗം വിളിക്കും.

സംസ്ഥാനത്തു വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍ പുതിയ രീതിയിലേക്കു മാറുകയാണ്.

ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും സ്വീകരിച്ചിരിക്കുന്നത്. മിക്‌സഡ് സ്‌കൂളുകളും കോളേജുകളും വേണമെന്ന തരത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

Content Highlights: school in arookutty plans to implement gender neutral uniform: Alappuzha municipality calls for discussion