കോഴിക്കോട്: അംഗീകൃതമായ യൂണിഫോം ചട്ടത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടതുണ്ട് എന്ന് ലോക്സഭാംഗവും കോൺഗ്രസ്സ് നേതാവുമായ ശശിതരൂര്‍ . ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് സ്‌കൂളുകള്‍ മാറേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള മാതൃഭൂമി കാമ്പയിനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോം ചട്ടത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടതുണ്ട്. യൂണിഫോം തിരഞ്ഞെടുക്കാനാവണം എന്ന അഭിപ്രായക്കാരനാണ് താനെന്നും ശശി തരൂർ പറഞ്ഞു.

Read More:ആൺകുട്ടികൾക്ക് പാന്റ്, പെൺകുട്ടികൾക്ക് പാവാട; യൂണിഫോമിൽ ജെൻഡർ ന്യൂട്രലാവണ്ടേ കേരളം

"ഉദാഹരണത്തിന് പാവാട, ധാവണി, ചുരിദാര്‍, ട്രൗസേര്‍, എന്നിവയില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവണം. പാവാട അവര്‍ക്ക് സൗകര്യപ്രദമല്ലെങ്കില്‍ അത് ധരിക്കാന്‍ ഒരു പെണ്‍കുട്ടിയെയും നിര്‍ബന്ധിക്കരുത്. അതുപോലെ തന്നെ ആണ്‍കുട്ടികള്‍ സാധാരണ ധരിക്കാറുള്ള പാന്റുകള്‍ ധരിക്കേണ്ടതും പെണ്‍കുട്ടികള്‍ക്ക് ബാധ്യതയായി മാറരുത്. യൂണിഫോമിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന കൊണ്ട് തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടതുണ്ട്", തരൂർ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ഉള്‍ക്കൊള്ളുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളിലേക്ക് സ്‌കൂളുകള്‍ മാറേണ്ടതുണ്ട് എന്ന ആവശ്യം മുന്‍നിര്‍ത്തി മാതൃഭൂമി ഡോട്ട്‌കോം തുടങ്ങിവെച്ച‌താണ് "അണിയാം തുല്യതയുടെ യൂണിഫോം" എന്ന കാമ്പയിന്‍.