കോഴിക്കോട് : ശിശുദിനത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയാവുന്ന ഏറ്റവും നല്ല സമ്മാനമാണ് മാതൃഭൂമി ഡോട്ട്‌കോം മുന്നോട്ടുവെച്ച് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പയിനും വെബിനാറുമെന്ന് നടി റിമ കല്ലിങ്കല്‍. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ആവശ്യകത മുന്‍നിര്‍ത്തി മാതൃഭൂമി ഡോട്ട് കോം മുന്നോട്ടു വെച്ച കാമ്പയിന്റെ ഭാഗമായുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു റിമ.

സ്‌കര്‍ട്ടിനു പകരം ത്രീഫോര്‍ത്ത് എന്നത് പ്രത്യക്ഷത്തില്‍ ചെറിയ വിഷയമായി തോന്നാമെങ്കിലും വലിയ ഒരു മാറ്റത്തിനായുള്ള ചുവടുവെപ്പായാണ് ഞാനീ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പയിനെ കാണുന്നതെന്നും റിമ പറഞ്ഞു.

റിമയുടെ വാക്കുകളിലേക്ക്

"ജനിച്ചു വീഴുന്നത് തൊട്ട് നാം എന്ത് ചെയ്യണമെന്നത് ഡിസൈന്‍ ചെയ്ത ഇടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ സ്വപ്‌നങ്ങളെന്താവണം, നമ്മള്‍ എങ്ങനെ വളരണം, എന്ത് വസ്ത്രം ധരിക്കണം എന്നെല്ലാം മുമ്പേ നിശ്ചയിക്കപ്പെട്ടിരിക്കയാണ്. 14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതമെന്നത് ഒരു വലിയ കാലയളവാണ്. യൂണിഫോമില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ കോഡ് കൊണ്ടുവരുന്നതിന്റെ കൂടെ നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നത് പ്രായോഗികതയുടെയും സൗകര്യത്തിന്റെയും എല്ലാം സമ്മാനമാണ്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പഠിക്കുന്ന കാലത്ത് ഞാന്‍ സ്‌പോര്‍ട്‌സില്‍ വളരെ ആക്ടീവ് ആയ വ്യക്തിയായിരുന്നു. ആ ചൂടുള്ള കാലാവസ്ഥയിലും സ്കര്‍ട്ടിനു താഴെ അന്ന്പാന്റിടേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ഇതെല്ലാം നാം അണ്‍ലേണ്‍ ചെയ്യണം. നമ്മള്‍ തന്നെ ധൈര്യമായി മുന്നോട്ടു വരണം. പാന്റിടേണ്ട ആവശ്യമില്ല എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടതായി വന്നു. ആ മാറ്റം അത്ര എളുപ്പമായിരുന്നില്ല. മനസ്സിന് സംഘര്‍ഷങ്ങളിലൂടെ കടന്നു പോവേണ്ടിയും വന്നു. എന്നാല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആയ യൂണിഫോം വരികയാണെങ്കില്‍ ഞാനൊക്കെ കടന്നു പോയപോലുള്ള ഈ കഷ്ടപ്പാടിലൂടെ കുട്ടികള്‍ക്കൊന്നും തന്നെ കടന്നു പോകേണ്ടി വരില്ല. 

1
ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് റിമ കല്ലിങ്കല്‍

നമ്മെ ജഡ്ജ് ചെയ്യുന്നതില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പുതിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സങ്കല്‍പത്തിലൂടെ നമുക്ക് ലഭിക്കുന്നത്. അതുപോലെ വലിയ ആത്മവിശ്വാസവും ഇത് പെണ്‍കുട്ടികള്‍ക്ക് നല്‍കും.

ചുരിദാര്‍ ധരിക്കേണ്ടി വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഷാള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകും. ഷാള്‍ ഇടുമ്പോള്‍ പ്രത്യേക തരത്തില്‍ ധരിക്കണം, ഇത്ര പ്ലീറ്റ്‌സ് ഇടണം എന്നുമുള്ള നിബന്ധനകളും വരും. നമ്മുടെ ശരീരം ഒളിച്ചുവെക്കേണ്ടതാണ് എന്നതായിരുന്നു അതിലൂടെ നമുക്കുണ്ടായ ചിന്താഗതി. യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലല്ലെങ്കില്‍ നിഴലടിക്കുന്നുണ്ടോ, സ്ട്രാപ് കാണുന്നുണ്ടോ എന്ന തരത്തിലുള്ള അനാവശ്യ ചിന്തകളിലേക്ക് വിദ്യാലയ കാലം ഒരു പെണ്‍കുട്ടിക്ക് ചിലവഴിക്കേണ്ടി വരും.  ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഈ ആശങ്കകളെയെല്ലാം അകറ്റും. പെണ്‍കുട്ടികള്‍ അല്‍പം കൂടി സ്വതന്ത്രരാകും. 

പരിപൂര്‍ണ്ണമായും യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാവണമെങ്കില്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും കംഫര്‍ട്ടബിള്‍ ആയ വേഷം തിരഞ്ഞെടുക്കുന്ന സംസ്‌കാരത്തിലേക്ക് നമ്മള്‍ വളരേണ്ടതുണ്ട്.

ജെന്‍ഡര്‍ ന്യൂട്രലോ ജെന്‍ഡര്‍ എക്‌സ്പ്രസ്സീവോ ആയ തരത്തില്‍ വേഷം തിരഞ്ഞെടുക്കാനുള്ള ചുരുങ്ങിയ ഓപ്ഷനുകള്‍ കുട്ടികള്‍ക്ക് കൊടുക്കണം. അത് കൊടുത്താല്‍ സമൂഹത്തിന്റെ ഫാബ്രിക് തന്നെ മാറും. സ്വാതന്ത്ര്യം അറിഞ്ഞു വളരുന്ന, മാനസ്സിക സംഘര്‍ഷങ്ങളില്ലാതെ വളരുന്ന പുതിയ തലമുറ  മനോഹരമായിരിക്കും.

മാതൃഭൂമി ഡോട്ട്‌കോമിന്റെ ഈ ദൗത്യം പുതിയ ജനറേഷന് വലിയ കാഴ്ച്ചപ്പാടുകള്‍ കൊടുത്തിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ തന്നെ വളയന്‍ചിറങ്ങര വിദ്യാലയത്തിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും. പെണ്‍കുട്ടികളെ അസഭ്യം പറയാത്ത, സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികളെ രൂപത്തിന്റെയോ വസ്ത്രധാരണത്തിന്റെയോ പേരില്‍ വേട്ടയാടാത്ത ഒരു പുതിയ ജെനറേഷനെ ആണ് നിങ്ങള്‍ രൂപപ്പെടുത്തിയെടുത്തത്. മീഡിയയ്ക്ക് ചെയ്യാവുന്ന റോള്‍ എന്താണെന്ന് മാതൃഭൂമി കാണിച്ചു തന്നു". 

content highlights: Rima Kallingal praises Mathrubhumi campaign on Gender neutral uniform