വിദ്യാലയകാലത്തൊക്കെയും പഠിപ്പിക്കുന്നത് നീയും ഞാനുമെന്ന വേര്‍തിരിവിന്റെ പാഠങ്ങളാണ്. പാഠപുസ്തകങ്ങളില്‍, ക്ലാസ് മുറികളില്‍, യൂണിഫോമില്‍, കലാകായിക വേദികളില്‍, മത്സരപരീക്ഷകളില്‍ ആണ്‍, പെണ്‍ ചിന്ത ഊട്ടിയുറപ്പിക്കുന്നു. മാറ്റത്തിനു തുടക്കം നമ്മുടെ വിദ്യാലയങ്ങളില്‍നിന്നുതന്നെയാവട്ടെ. വെവ്വേറെ സ്‌കൂളുകളും ക്ലാസ് മുറികളുമായി ഇനിയും അവരെ മതില്‍കെട്ടി വേര്‍തിരിക്കരുത് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രതികരിക്കുന്നു

ആണ്‍കുട്ടികള്‍ക്ക് തോക്കും കാറും, പെണ്‍കുട്ടികള്‍ക്ക് ബാര്‍ബി പാവകളും കിച്ചന്‍സെറ്റുകളും! അക്രമോത്സുകനായ യോദ്ധാവാകലാണ് തന്റെ ധര്‍മമെന്ന് ആണ്‍കുട്ടിയോടും അടുക്കളയുടെ പരിമിതവൃത്തമാണ് ആത്യന്തികമായി തന്റെ ലോകമെന്ന് പെണ്‍കുട്ടിയോടും പറയാതെ പറഞ്ഞുവെക്കല്‍-അത് നമ്മുടെ പൊതുശീലമാണ്.

അടിയന്തരമായി മാറണം

ബോധതലത്തില്‍ തന്നെക്കുറിച്ചും താന്‍ അംഗമായ സമൂഹത്തെക്കുറിച്ചുമുള്ള ധാരണകള്‍ രൂപപ്പെട്ടുതുടങ്ങുന്ന കാലം മുതല്‍ത്തന്നെ ലിംഗവിവേചനപരമായ സമീപനങ്ങളും ലിംഗപദവിയുമായി ബന്ധപ്പെട്ട വാര്‍പ്പുമാതൃകാ പെരുമാറ്റസംഹിതകളുമാണ് കുട്ടികളിലേക്ക് സന്നിവേശിക്കപ്പെടുന്നത്. മനുഷ്യരുടെ ഗഹനവും സങ്കീര്‍ണവുമായ സ്വഭാവസവിശേഷതകളെ ആണത്തം/പെണ്ണത്തം എന്ന ഗണങ്ങളായി നെടുകെ വിഭജിച്ച്, ആണത്തമാണ് മേന്മയേറിയത് എന്ന് പലരീതികളില്‍ ദ്യോതിപ്പിക്കല്‍; അങ്ങനെ ആണ്‍കുട്ടിയില്‍ മേധാവിത്വമനോഭാവവും പെണ്‍കുട്ടിയില്‍ അധമബോധവും സഹജമായി ഉറപ്പിക്കല്‍ -ഇവ ഭംഗിയായി കുടുംബങ്ങളില്‍ത്തന്നെ നിര്‍വഹിക്കപ്പെട്ടശേഷമാണ് നമ്മുടെ കുട്ടികളില്‍ മിക്കവാറുംപേര്‍ കലാലയങ്ങളില്‍ എത്തുന്നത്.

കുടുംബംതൊട്ടുതന്നെ തുടങ്ങുന്ന ഈ പ്രക്രിയയുടെ സ്വാഭാവിക തുടര്‍ച്ചയായി, സമൂഹത്തില്‍ പ്രബലമായ മേധാവിത്വബന്ധങ്ങളെ അതേ നിലയില്‍ പിന്തുടരുന്ന കേന്ദ്രങ്ങളാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും. വിദ്യാഭ്യാസരംഗത്താകെ പെണ്‍കുട്ടികളുടെ ദൃശ്യതയും പങ്കാളിത്തവും വര്‍ധിച്ചിട്ടും ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്ത്രീവിരുദ്ധപ്രവണതകള്‍ക്ക് അവസാനമായിട്ടില്ലെന്നത് പൊതു അനുഭവമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വബോധത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിബോധം സൃഷ്ടിച്ചെടുക്കുകയെന്നത് അതുകൊണ്ടുതന്നെ, ശ്രമകരമെങ്കിലും അടിയന്തരമായി ഏറ്റെടുക്കേണ്ട കടമയാണ്. 'സമഭാവനയുടെ സത്കലാശാലകള്‍' കാമ്പയിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് അതാണ് ഏറ്റെടുത്തിരിക്കുന്നത്.

karatte kids
കരാട്ടയിൽ ബ്ലാക്കബെൽറ്റ് നേടിയ പ്രായം കുറഞ്ഞ ആൺകുട്ടിയും പെൺകുട്ടിയും | ANI

വസ്ത്രധാരണസ്വാതന്ത്ര്യമടക്കമുള്ള കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റവും സഞ്ചാരസ്വാതന്ത്ര്യത്തിലുള്ള അപ്രഖ്യാപിത വിലക്കുകളും സ്ത്രീധന-ലൈംഗിക പീഡനങ്ങളുംപോലെ നിത്യജീവിതത്തിലും സാമൂഹികജീവിതത്തിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ അനന്തമാണ്. ഒരുപാട് അരുതുകളിലൂടെയാണ് കലാലയങ്ങളിലും നമ്മുടെ പെണ്‍കുട്ടികളുടെ ദൈനംദിനങ്ങള്‍. പുരുഷമേധാവിത്വപരമായ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവിടെയും അര്‍ഹവും നീതിയുക്തവും ആനുപാതികവുമായ ഇടമോ ശബ്ദമോ ദൃശ്യതയോ അനുവദിക്കുന്നവയല്ല. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും ഓരോ തരം മെരുക്കല്‍ പ്രക്രിയയിലൂടെ കടന്നുപോവേണ്ടിവരുന്ന ദാരുണത കലാലയങ്ങളിലും ആവര്‍ത്തിക്കുന്നത് മറച്ചുപിടിക്കാനാവാത്തത്രയും പ്രകടമാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. അതിന്, ഒഴിവാക്കിനിര്‍ത്തലുകളുടെയും അതിക്രമങ്ങളുടെയും ഹിംസാത്മകതയുടെയും അവമതിപ്പുകളുടെയുമൊക്കെ വിഷയങ്ങള്‍ അതതവസരങ്ങളില്‍ അഭിസംബോധന ചെയ്യപ്പെടണം. ഇവയില്‍ സാധാരണയായി പുലര്‍ത്തിപ്പോരുന്ന കുറ്റകരമായ മൗനങ്ങളും അലംഭാവങ്ങളും നിസ്സംഗതകളും ചോദ്യംചെയ്യപ്പെടണം.

ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും ആശയങ്ങളുള്‍ക്കൊണ്ട്, കൂടുതല്‍ ജനാധിപത്യപരമായും തുല്യപങ്കാളിത്തത്തോടെയും ഇടപെടാനുള്ള അന്തരീക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളിലുണ്ടാകേണ്ടത് സമത്വപൂര്‍ണമായ സമൂഹസൃഷ്ടിക്കുള്ള മുന്നുപാധിയാണ്. ദൃശ്യവും അദൃശ്യവുമായ ഋണാത്മകാന്തരീക്ഷത്തെ തിരസ്‌കരിക്കാന്‍, അതിക്രമങ്ങളെ പ്രതിരോധിക്കാന്‍, സ്വതന്ത്രമായ ജീവിതവും ആവിഷ്‌കാരവും ഉറപ്പാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ചുറ്റുപാട് എങ്ങനെയുണ്ടാക്കണം? ആരാണിതില്‍ മുന്‍കൈയെടുക്കേണ്ടത്? ഈ ചോദ്യങ്ങളാണ് നമുക്കുമുന്നിലുള്ളത്.

ആണ്‍കുട്ടിയെ അധികാരിയായും പെണ്‍കുട്ടിയെ വിനീതവിധേയയായും രൂപപ്പെടുത്തുന്ന സാമൂഹികപാഠങ്ങളല്ല കലാലയങ്ങളില്‍ അവര്‍ക്കു ലഭിക്കേണ്ടത്. പകരം, നിര്‍ഭയം പെരുമാറാന്‍ കഴിയുന്ന അന്തരീക്ഷം കലാലയങ്ങളില്‍ അവര്‍ക്ക് ഉറപ്പാക്കണം

മാറണം ഈ ഘടന

കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനതന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിഭജിച്ചു നിര്‍ത്തുന്നതാണ്. ഇരിപ്പിടങ്ങളുടെ ക്രമീകരണംമുതല്‍ കളിസ്ഥലങ്ങളില്‍വരെ ഈ വിഭജിത സമീപനമുണ്ട്. നിലവിലുള്ള അസമമായ ലിംഗപദവിബന്ധങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നവയും അവയിലെ ലിംഗ വിവേചനതലങ്ങള്‍ വെളിപ്പെടുത്താന്‍ പോന്നവയും അല്ല നിലവിലെ പാഠഭാഗങ്ങളും പഠനപ്രോഗ്രാമുകളും. പുരുഷാധിപത്യമൂല്യങ്ങളെ ചെറുക്കാനോ മാറ്റിത്തീര്‍ക്കാനോ പ്രേരിപ്പിക്കത്തക്ക രീതിയില്‍ കാര്യമായ ഒന്നുംതന്നെ കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടാകുന്നില്ല.

നിലവിലുള്ള ലിംഗപദവിബന്ധങ്ങളെ അപനിര്‍മിക്കാനും സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകളുറപ്പിക്കുന്ന ഗുണാത്മകമാറ്റങ്ങള്‍ ലിംഗപദവിബന്ധങ്ങളില്‍ ഉണ്ടാക്കാനും ഉതകുന്ന കാമ്പസുകള്‍ പെണ്‍കുട്ടികളുടെ മൗലികാവകാശ പരിധിയില്‍ വരുന്നതാണ്. അതു നേടണമെങ്കില്‍ ആണ്‍കുട്ടിയെ അധികാരിയായും പെണ്‍കുട്ടിയെ വിനീതവിധേയയായും രൂപപ്പെടുത്തുന്ന സാമൂഹികപാഠങ്ങളല്ല കലാലയങ്ങളില്‍ അവര്‍ക്കു ലഭിക്കേണ്ടത്. പകരം, നിര്‍ഭയം പെരുമാറാന്‍ കഴിയുന്ന അന്തരീക്ഷം കലാലയങ്ങളില്‍ അവര്‍ക്ക് ഉറപ്പാക്കണം. അന്യവത്കരണത്തിന്റെയും അപരിചിതത്വത്തിന്റെയും വേലിക്കെട്ടുകള്‍ തകരുമ്പോഴേ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യത്വപരമായ തുറസ്സുകള്‍ ഉണ്ടാകൂ.

BINDU
ആർ. ബിന്ദു

അധ്യാപകരുടെ പങ്ക്

സമഭാവനയുടെ കേരളം സൃഷ്ടിക്കാന്‍ ഏറ്റവും സാധ്യതയും ഉത്തരവാദിത്വവും ഉള്ളവര്‍ കലാലയങ്ങളിലെ അധ്യാപകര്‍തന്നെയാണ്. എന്നാല്‍, സ്വന്തം അധികാരത്തിന്റെ കാര്യത്തില്‍ വളരെയധികം ജാഗരൂകരാണവര്‍. കുട്ടികളോട് സൗഹാര്‍ദപരമായി സംസാരിച്ചാല്‍പ്പോലും തന്റെ അധികാരനില ഇല്ലാതാകുമെന്ന് ആശങ്കപ്പെടുന്നവരാണ് നമ്മുടെ അധ്യാപകരില്‍ നല്ലൊരുപങ്കും. ഇത് മാറ്റാറായി. പ്രാഥമികവിദ്യാലയങ്ങളില്‍ പഠിതാക്കളും അധ്യാപകരും തമ്മില്‍ നിലവില്‍വന്നുകഴിഞ്ഞ ജനാധിപത്യാന്തരീക്ഷത്തിന്റെ മുന്നോട്ടുപോക്കാണ് കലാലയങ്ങളില്‍ കാണേണ്ടത്. ഒപ്പം, വിദ്യാര്‍ഥിപ്രസ്ഥാനങ്ങളിലെയും തൊഴില്‍സംഘടനകളിലെയും ലിംഗപരമായ ബന്ധങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും ഓര്‍ക്കേണ്ടതുണ്ട്.

എല്ലാവര്‍ക്കും അവരുടേതായ ഇടങ്ങള്‍ വേണം, അംഗീകാരം വേണം. കലാലയങ്ങളെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനും നിര്‍ഭയമായും സ്വച്ഛന്ദമായും സ്വതന്ത്രമായുമുള്ള അറിവന്വേഷണത്തിന്റെ കേന്ദ്രങ്ങളായി മാറ്റാനുമുള്ള കാല്‍വെപ്പാണ് 'സമഭാവനയുടെ സത്കലാശാലകള്‍' കാമ്പയിന്‍

content highlights: need of mixed gender education schools