ബാലുശ്ശേരി(കോഴിക്കോട്): ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടക്കം ലിംഗസമത്വത്തിനുവേണ്ടിയുള്ള 'മാതൃഭൂമി' കാമ്പയിനുകള്‍ക്ക് മന്ത്രി ആര്‍. ബിന്ദുവിന്റെ അഭിനന്ദനം.

''ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നല്ലപിന്തുണ നല്‍കുന്നുണ്ട്. അതില്‍ മാതൃഭൂമി നടത്തുന്ന ഇടപെടലുകള്‍ക്ക് പ്രത്യേക അഭിനന്ദനം'',മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ കാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരുന്നു. മന്ത്രി ആര്‍.ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്. 

ശരീരവേവലാതിയില്ലാതെ ഏതുയരെച്ചാടാനും കുതിച്ചോടാനും ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഇനി വേഷം ഒരു പരിമിതിയാവില്ല. ധരിക്കാനിഷ്ടമുള്ള, സൗകര്യപ്രദമായ വേഷം യൂണിഫോമായി കിട്ടിയതിലുള്ള ആഹ്ലാദത്തിലാണവര്‍. ലിംഗഭേദമില്ലാത്ത യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണിത്. മാറ്റങ്ങളോടുള്ള എതിര്‍പ്പിനെ ഭയക്കേണ്ട കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also:ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും

60 ആണ്‍കുട്ടികളടക്കം 260 കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ക്ലാസിലാണ് പുതിയ തുടക്കം. സംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായ വേളയിലാണ് മാറ്റത്തിനു തുടക്കമിടാന്‍ സ്‌കൂള്‍ പി.ടി.എ. തീരുമാനിച്ചത്. സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒരേയൂണിഫോം നിലവിലുണ്ടെങ്കിലും ഉയര്‍ന്ന ക്ലാസുകളിലിതാദ്യമാണ്.

പി.ടി.എ. പ്രസിഡന്റ് കെ. ഷൈബു അധ്യക്ഷനായ ചടങ്ങില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., സിനിമാതാരം റിമ കല്ലിങ്കല്‍ എന്നിവരുടെ സന്ദേശം വായിച്ചു. പോലീസിലെ വസ്ത്രവിവേചനത്തിനുനേരെ പോരാടി വിജയിച്ച തൃശ്ശൂര്‍ വനിതാസെല്ലിലെ എസ്.ഐ. വിനയ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് , ജില്ലാപഞ്ചായത്തംഗം പി.പി. പ്രേമ, ഗ്രാമപ്പഞ്ചായത്തംഗം ഹരീഷ് നന്ദനം, പ്രഥമാധ്യാപിക ഇ. പ്രേമ, അധ്യാപകരായ രജിത, ശോഭന, പി. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: minister r.bindhu supports mathrubhumi campaign